This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഐക്യത്രയം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:24, 21 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഐക്യത്രയം

കഥാവസ്‌തു, സമയം, സ്ഥലം എന്നിവയെക്കുറിച്ച്‌ ഗ്രീക്കുനാടകങ്ങളെ അടിസ്ഥാനപ്പെടുത്തി അരിസ്റ്റോട്ടൽ രേഖപ്പെടുത്തിയ ആകസ്‌മികമായ അഭിപ്രായങ്ങളാണ്‌ ഐക്യത്രയം എന്ന പേരിൽ ഇന്ന്‌ അറിയപ്പെടുന്നത്‌. നാടകത്തിലെ കഥ സംഭവിക്കുന്ന സമയത്തിന്റെ ദൈർഘ്യം, സംഭവസ്ഥലം, കഥാവസ്‌തു എന്നിവയെപ്പറ്റി ആദ്യമായി ചിന്തിക്കുകയും ചില അഭിപ്രായങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്‌തത്‌ യവനാചാര്യനായ അരിസ്റ്റോട്ടലാണ്‌. കഥാവസ്‌തു ഒരു സംഭവത്തിന്റെ അനുകരണമായിരിക്കും. അതിലെ നടപടി വിവരണങ്ങളുടെ ഏതെങ്കിലും ഭാഗത്തിനു സ്ഥാനവ്യത്യാസം വരുത്തുകയോ ഏതെങ്കിലും വിവരണം എടുത്തുകളയുകയോ ചെയ്‌താൽ അതു മുഴുവനും തന്നെ വിഭിന്നമായി തീരത്തക്കവണ്ണം മൊത്തമായും അതിന്റെ ഭാഗങ്ങളും ക്രമീകരിക്കേണ്ടതാണ്‌. സമയദൈർഘ്യത്തെപ്പറ്റി അരിസ്റ്റോട്ടൽ ഇങ്ങനെയാണ്‌ പറഞ്ഞിരിക്കുന്നത്‌. "ഒരു ദിവസത്തിന്റെയോ അല്‌പം കൂടി നീണ്ട സമയത്തിന്റെയോ പരിധിക്കുള്ളിൽ ഒതുങ്ങി നില്‌ക്കുവാന്‍ ദുരന്തനാടകം യത്‌നിക്കുന്നു'. സംഭവസ്ഥലത്തെപ്പറ്റി ഇത്രതന്നെ വ്യക്തമായി അദ്ദേഹം പ്രസ്‌താവിക്കുന്നില്ല. പരിമിതമായ പരിധിക്കുള്ളിൽ അത്‌ ഒതുങ്ങിനില്‌ക്കുന്നു എന്നുമാത്രമേ പറയുന്നുള്ളു. ഇങ്ങനെ ഇവയെ ഇതിവൃത്തൈക്യം, സമയൈക്യം, സ്ഥലൈക്യം (unity of action, time and place)എന്ന്‌ യഥാക്രമം നാമകരണം ചെയ്യാം.

ഗ്രീക്കുഭാഷയിലെ ദുരന്തനാടകങ്ങളിൽപ്പോലും ഐക്യത്രയം അതേപടി ദീക്ഷിക്കപ്പെട്ടിരുന്നില്ല. അക്കാരണത്താൽ തന്നെ അവ അലംഘനീയങ്ങളായ നിയമങ്ങളല്ലതാനും. നവോത്ഥാനകാലത്തെ ഇറ്റാലിയന്‍ ഹ്യൂമനിസ്റ്റുകളാണ്‌ അവയ്‌ക്കു നിയതമായ രൂപം നല്‌കിയത്‌. അവിടെ നിന്ന്‌ അവ ഫ്രാന്‍സിലേക്കു വ്യാപിച്ചു. ഫ്രാന്‍സിൽ റൊമാന്റിക്‌ റിവോള്‍ട്ടിന്റെ കാലം അവയ്‌ക്ക്‌ സ്വേച്ഛാധിപത്യം പുലർത്താന്‍ കഴിഞ്ഞു. ഇടയ്‌ക്കിടയ്‌ക്ക്‌ പ്രതിഷേധങ്ങളും വിട്ടുവീഴ്‌ചയ്‌ക്കുള്ള ശ്രമങ്ങളും നടന്നുകൊണ്ടിരുന്നു എന്നുമാത്രം. ആദ്യത്തെ പ്രശസ്‌ത ഫ്രഞ്ചു ദുരന്തനാടകകർത്താവായ കോർണെലിയുടെ ലെചിഡ്‌ തുടങ്ങിയ നാടകങ്ങളിൽ നിന്നുതന്നെ ഐക്യത്രയത്തിന്റെ അപ്രായോഗികതയും അസ്വാഭാവികതയും വ്യക്തമായി. റൊമാന്റിക്‌ നാടകകൃത്തുക്കള്‍ സ്ഥലൈക്യം, സമയൈക്യം എന്നിവയെപ്പറ്റി തികച്ചും ഉദാസീനന്മാരായിരുന്നു. ഷെയ്‌ക്‌സ്‌പിയർ തന്റെ നാടകങ്ങളിലെ രംഗങ്ങള്‍ ഇഷ്‌ടംപോലെ ഒരു പട്ടണത്തിൽനിന്നു മറ്റൊന്നിലേക്ക്‌ മാറ്റുകയും പല വർഷങ്ങളിൽ പരന്നുകിടക്കുന്ന സംഭവങ്ങളെ മണിക്കുറുകളിൽ ഒതുക്കിനിർത്തുകയും ചെയ്‌തിട്ടുണ്ട്‌. കോമഡി ഒഫ്‌ എറേഴ്‌സ്‌, ദ്‌ ടെംപസ്റ്റ്‌ എന്നീ രണ്ടു നാടകങ്ങളിൽമാത്രം ഒരു ദിവസം കൊണ്ടു നടക്കുന്ന സംഭവങ്ങള്‍ ഒരു സ്ഥലത്തുവച്ചു നടക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നു.

ഇതിവൃത്തൈക്യത്തിന്റെ കാര്യത്തിൽ നിയോക്ലാസ്സിക്‌ സാഹിത്യകാരന്മാർ കൂടുതൽ ശാഠ്യം പിടിച്ചു. അക്ഷരാർഥത്തിൽത്തന്നെ അതു നടപ്പാക്കാനായിരുന്നു അവരുടെ ശ്രമം. ഉപകഥകളെയോ അപ്രധാന കഥാപാത്രങ്ങളെയോ അംഗീകരിക്കാന്‍ അവർ തയ്യാറില്ല. മുകളിൽ സൂചിപ്പിച്ച ലെചിഡ്‌ എന്ന നാടകത്തിൽ മുഖ്യകഥാതന്തുവിൽനിന്നു ശ്രദ്ധയെ വ്യതിചലിപ്പിക്കുന്ന ഒരു ഉപകഥ ഉണ്ടായിരുന്നു എന്ന കാരണത്താൽ അവർ ആ നാടകത്തെ അപലപിച്ചു. റൊമാന്റിക്‌ നാടകങ്ങളെ അനുകൂലിച്ചവരാകട്ടെ, ഉപകഥകളെയും അപ്രധാന കഥാപാത്രങ്ങളെയും ഉള്‍പ്പെടുത്തുന്നതിൽ അങ്ങേയറ്റത്തെ സ്വാതന്ത്യ്രം കാണിക്കുകയാണു ചെയ്‌തത്‌. അവരുടെ അഭിപ്രായത്തിൽ ഇതിവൃത്തൈക്യനിയമം സങ്കീർണതയോടു പൊരുത്തപ്പെടാത്തതല്ല. അതിനാൽ മുഖ്യസംഭവത്തിന്റെ പരിണാമത്തിനു സഹായകരമാകത്തക്കവണ്ണം ഉപാഖ്യാനങ്ങള്‍ അതിന്റെ അഭേദ്യ ഘടകങ്ങളാക്കാവുന്നതാണ്‌. ഇങ്ങനെ ഉപാഖ്യാനങ്ങളെ സമഞ്‌ജസമായി കോർത്തിണക്കിയിരുന്ന ഒരു നാടകമാണ്‌ ഷെയ്‌ക്‌സ്‌പിയറുടെ മച്ച്‌ അഡോ എബൗട്ട്‌ നതിങ്‌. പക്ഷേ, മറ്റു പല നാടകങ്ങളിലും അദ്ദേഹം ഈ ഐക്യനിയമത്തെ പ്രകടമായി ലംഘിച്ചിട്ടുണ്ട്‌. ദ്‌ വിന്റേഴ്‌സ്‌ ടെയ്‌ൽ വാസ്‌തവത്തിൽ രണ്ടു കഥകള്‍ കൂട്ടിച്ചേർത്തതാണ്‌. പക്ഷേ, അതിനുശേഷവും ആംഗലസാഹിത്യത്തിൽ ഐക്യത്രയ നിയമത്തെ പൂർണമായി പിന്തുടരുന്ന പ്രശസ്‌തമായ ഒരു നാടകമെങ്കിലും ഉണ്ടായിട്ടുണ്ട്‌. മിൽറ്റന്റെ സാംസണ്‍ ആഗനീസ്റ്റിസ്‌.

ഭാരതീയരുടെ നാടകസങ്കല്‌പം പല അംഗങ്ങളിലും വ്യത്യസ്‌തമാണല്ലോ. അതിനാൽ നമ്മുടെ നാടകങ്ങളിൽ ഐക്യത്രയത്തിനു പൊതുവേ സ്ഥാനമില്ല. എങ്കിലും ഐക്യത്രയത്തിന്റെ പ്രതീതി ഉണ്ടാകത്തക്കവണ്ണം ഒരു ഉപായം ചില സാഹിത്യശാഖകളിൽ അടുത്തകാലത്തു പ്രയോഗിച്ചു തുടങ്ങിയിട്ടുണ്ട്‌. മർമപ്രധാനമായ ഒരു ബിന്ദുവിനെ ആധാരമാക്കി ആരംഭിക്കുന്ന കഥ പൂർവകാല സംഭവങ്ങളെ യഥാവസരം അനാവരണം ചെയ്യുന്ന രീതിയാണിത്‌. ഇതുകൊണ്ട്‌ പ്രത്യേകിച്ചും അനുഭവപ്പെടുന്നത്‌ കാലൈക്യമാണ്‌.

(പ്രാഫ. കെ. ശങ്കരന്‍ നമ്പൂതിരി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍