This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഏഴിലംപാല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:28, 20 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഏഴിലംപാല

Devil tree

അപ്പോസൈനേസി (Apocynaceae) കുടുംബത്തിൽപ്പെട്ട ഒരു നിത്യഹരിതവൃക്ഷം. ശാ.നാ. ആൽസ്റ്റോണിയാ സ്‌കോളേരിസ്‌ (Alstonia scholaris).എഡിന്‍ബറോ സർവകലാശാലയിലെ സസ്യശാസ്‌ത്രപ്രാഫസറായിരുന്ന ഡോ. ആൽസ്റ്റണിന്റെ ബഹുമാനാർഥമാണ്‌ "ആൽസ്റ്റോണിയ' എന്ന പേര്‌ ഇതിനു നല്‌കപ്പെട്ടത്‌. തണ്ടിൽ മുട്ടുതോറും ചുറ്റുമായി ഏഴേഴ്‌ ഇലകള്‍ ഉള്ളതിനാൽ ഏഴിലംപാല (ഏഴിലപ്പാല) എന്ന പേരു ലഭിച്ചു. മുക്കംപാല, മംഗളപ്പാല, ദൈവപ്പാല എന്നു ഭാഷയിലും വിശാലത്വക്ക്‌, വിഷമഛദം, ശാരദം, സപ്‌തപർണി എന്ന്‌ സംസ്‌കൃതത്തിലും ഇതിന്‌ പര്യായങ്ങളുണ്ട്‌.

ഇന്ത്യയിൽ എല്ലായിടത്തും വളരുന്ന ഏഴിലംപാല 1000 മീ. വരെ ഉയരമുള്ള പ്രദേശങ്ങളിൽ സുലഭമാണ്‌; ബംഗാളിലും ദക്ഷിണേന്ത്യയിലും ഏറ്റവും കൂടുതലായി കണ്ടുവരുന്നു. 17 മുതൽ 30 വരെ മീറ്റർ ഉയരം വയ്‌ക്കുന്ന ഈ വൃക്ഷത്തിന്റെ ഇലകള്‍ക്ക്‌ 10-20 സെ. മീ. നീളവും 2.5-3.5 സെ.മീ. വീതിയുമുണ്ട്‌. ഇലകള്‍ കട്ടിയും മിനുസവും ഉള്ളവയാണ്‌. ഇലയുടെ അടിവശം വെളുപ്പാകുന്നു. ഒരു പത്രമണ്ഡല(whorl)ത്തിൽ നാലു മുതൽ ഏഴു വരെ ഇലകള്‍ ഉണ്ടാകാറുണ്ട്‌; എന്നാൽ അധികവും ഏഴ്‌ ഇലകളുള്ളവയാണ്‌. കുലകളായി പ്രത്യക്ഷപ്പെടുന്ന പൂക്കള്‍ ചെറുതും മൃദുവുമായ രോമത്താൽ ആവൃതമായിരിക്കും (pubescent). ഇവയുടെ രൂക്ഷമായ ഗന്ധം വളരെ ദൂരം വ്യാപിക്കുന്നു. അണ്ഡാശയം താരതമ്യേന പരുപരുത്ത്‌ രോമത്താൽ ആവൃതമാണ്‌ (hirsute).

ഏഴിലംപാലയുടെ ഇലയും തൊലിയും പാൽപോലെയുള്ള കറയും (latex) ഔഷധഗുണമുള്ളവയാണ്‌. തൊലിയിൽ അടങ്ങിയിരിക്കുന്ന ആൽക്കലോയ്‌ഡുകള്‍ ഗ്യാസ്‌ട്രബിള്‍ ഇല്ലാതാക്കുന്നതും ഉത്തേജകവും സ്‌തംഭകവും കാമോദ്ദീപകവും ചുമസംഹാരകവും പനിനാശകവും ആകുന്നു. പനിയുടെ ശമനത്തിനായി ഇപ്പോള്‍ ഉപയോഗിക്കുന്ന ക്വയിന(quinine)യുടെ വിഷഗുണങ്ങള്‍ ഇല്ലാത്ത ഒന്നാണ്‌ ഏഴിലംപാലത്തൊലിയിലെ ആൽക്കലോയ്‌ഡ്‌; ഇതിന്റെ പ്രവർത്തനസമയം, താരതമ്യേന ഹ്രസ്വവുമാകുന്നു. ഏഴിലംപാലക്കറ പുണ്ണുകളിൽ പുരട്ടുന്നതിനും വാതസംബന്ധിയായ വേദനകള്‍ക്കും നല്ലതാണ്‌; എണ്ണയുമായി ചേർത്ത്‌ ചെവിയിലൊഴിക്കുന്നത്‌ ചെവിവേദന ശമിക്കുന്നതിനുപകരിക്കുന്നു. ഇലപിഴിഞ്ഞെടുത്ത ചാറ്‌, ഇഞ്ചിനീരുമായി ചേർത്ത്‌ പ്രസവാനന്തരം സ്‌ത്രീകള്‍ക്കു നല്‌കുന്നത്‌ നല്ലതാണ്‌; പാമ്പു വിഷത്തിനും പ്രത്യൗഷധമായി പ്രയോഗിക്കാറുണ്ട്‌.

ഏഴിലംപാലയുടെ തടി മൃദുവായതിനാൽ തീപ്പെട്ടി, വീഞ്ഞപ്പെട്ടി എന്നിവയുടെ നിർമാണത്തിന്‌ ഉപയോഗിക്കുന്നു. ഇതിന്റെ കരി വെടിക്കെട്ടിനും ഉപയോഗിക്കാം. വീടിന്റെ കിഴക്ക്‌ ഇലഞ്ഞിയും പേരയും, തെക്ക്‌ അത്തിയും പുളിയും, പടിഞ്ഞാറ്‌ അരയാലും ഏഴിലം പാലയും, വടക്ക്‌ ഇത്തിയും നാഗമരവും ഉത്തമമാണെന്ന്‌ ചില പ്രമാണഗ്രന്ഥങ്ങളിൽ കാണുന്നു. ഏഴിലം പാല യക്ഷികളുടെ ആവാസസ്ഥാനമാണെന്ന അന്ധവിശ്വാസം ഒരു കാലത്ത്‌ പ്രചാരത്തിലുണ്ടായിരുന്നതിനാൽ ഈ മരത്തിനടുത്തുകൂടി രാത്രികാലങ്ങളിൽ ഒറ്റയ്‌ക്കു സഞ്ചരിക്കുവാന്‍ ആളുകള്‍ ഭയപ്പെട്ടിരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍