This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഏഴാമത്തുകളി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഏഴാമത്തുകളി
ഒരു കേരളീയ നാടന്‍വിനോദം. നായന്മാർ, നമ്പൂതിരിമാർ, അമ്പലവാസികള്‍ എന്നിവരുടെയെല്ലാം ഇടയിൽ പ്രചാരത്തിലുണ്ടായിരുന്ന ഹാസ്യരസപ്രദാനമായ ഒരു വിനോദകലയാണിത്. ഇന്ന് ഈ വിനോദം പ്രായേണ നാമാവശേഷമായിക്കഴിഞ്ഞിരിക്കുകയാണ്. ഏഴാമത്തിക്കളി, ഏഴാമത്തുകളി, ഏഴാമുത്തിക്കളി, ഏഴാം മട്ടുകളി എന്നീ പേരുകളിലും ഇത് അറിയപ്പെട്ടിരുന്നു. ഏഴാം ഗ്രാമത്തിൽ തുടങ്ങിയതുകൊണ്ടാകാം ഏഴാമത്തുകളി എന്ന പേരുവന്നത്. യാത്രക്കളിയിൽ നിന്നും രൂപമെടുത്ത ഒരു വിനോദമായിട്ടാണ് ഇതിനെ കരുതിവരുന്നത്.
അനുഷ്‌ഠാന നാടകങ്ങളിലൊന്നായ ഏഴാമത്തുകളി പത്തുമുപ്പതുപേർ സംഘം ചേർന്നാണ് അവതരിപ്പിക്കുക. നമ്പൂതിരിമാർക്കിടയിൽ പ്രചാരത്തിലിരുന്ന സംഘക്കളിയിലെന്നപോലെ ഇതിലും വിളക്കിനു ചുറ്റും വട്ടമിട്ടിരുന്നാണ് പാട്ടുപാടുന്നത്. ഗൃഹാങ്കണത്തിൽ സജ്ജമാക്കിയ പന്തലിന്റെ മധ്യത്തിൽ അത്താഴത്തിനുശേഷം നിലവിളക്കു കത്തിച്ചുവച്ച് ആരംഭിക്കുന്ന ഏഴാമത്തുകളി നേരം പുലരുവോളം നീണ്ടുനില്‌ക്കാറുണ്ടായിരുന്നു. മദ്ദളം, ചേങ്ങല, ഇലത്താളം എന്നീ വാദ്യോപകരണങ്ങളുടെ താളമേളങ്ങളോടുകൂടി ആരംഭിക്കുന്ന ഗണപതിസ്‌തുതിയോടെ കളി തുടങ്ങുന്നു. അതിനുശേഷം സംഘനേതാവ് കളിയിൽ പങ്കെടുക്കുന്ന ഓരോ വ്യക്തിക്കും നർമരസപ്രദവും പരിഹാസദ്യോതകവുമായ പുതിയ പേരുകള്‍ നല്‌കും. മോപ്പാള കേശവന്‍, ഒഴുക്കത്തു വാലാട്ടി, അയക്കോലിൽ കാക്ക തുടങ്ങിയവ ഉദാഹരണങ്ങളാണ്. അതിനുശേഷമാണ് പാട്ടു തുടങ്ങുക. ആദ്യത്തെയാള്‍ അടുത്തുള്ള വ്യക്തിയെ നോക്കി ഇങ്ങനെ ചോദിക്കും:
"ഞാന്‍ കുളിക്കും കുളമല്ലോ ഏറ്റുമാനൂർത്തേവർകുളം നീ കുളിക്കും കുളത്തിന്റെ പേരു ചൊൽക മാരാ.'
അടുത്തയാളിന്റെ മറുപടിയും ചോദ്യവും ഇപ്രകാരമായിരിക്കും.
"ഞാന്‍ കുളിക്കും കുളമല്ലോ ശ്രീ വൈക്കത്തു തേവർകുളം നീ കുളിക്കും കുളത്തിന്റെ പേരു ചൊൽക മാരാ'.
ഇങ്ങനെ പോകുന്നു പ്രശ്‌നോത്തരരീതിയിലുള്ള ഗാനശൈലി. ഇപ്രകാരം ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് പ്രസിദ്ധിയാർജിച്ച ഏതെങ്കിലും കുളത്തിന്റെ പേരാണ് ഉത്തരമായി നല്‌കേണ്ടത്. പെട്ടെന്ന് ഉത്തരം നല്‌കാന്‍ കഴിയാത്തയാള്‍ തോറ്റതായി പ്രഖ്യാപിക്കപ്പെടുന്നു. തോറ്റവ്യക്തി കള്ളന്റെയോ കള്ളുകുടിയന്റെയോ വേഷംകെട്ടി മറ്റുള്ളവരെ രസിപ്പിക്കാന്‍ ബാധ്യസ്ഥനാണ്. വഞ്ചിപ്പാട്ടിന്റെ മട്ടിലുള്ള കള്ളുകുടിയന്‍ പാട്ട് കേള്‍ക്കാന്‍ രസമുണ്ട്. ഉദാ.
"കണ്ടവർക്കു പിറന്നോനേ, കാട്ടുമാക്കാന്‍ കടിച്ചോനേ, കടവിൽ കല്യാണി നിന്റെ അച്ചിയല്യോടാ, ചിപ്പം ചിപ്പം ചിരട്ടയും ചിരട്ടയ്‌ക്കൽ തരിപ്പണം വട്ടമൊത്ത കുറിച്ചിയും പതഞ്ഞ കള്ളും ഇഷ്‌ടമൊത്ത ജനമൊത്തു വട്ടമിട്ടു കുടിച്ചപ്പോള്‍ വട്ടപ്പട്ടിക്കൂട്ടം വന്നു കിറിയും നക്കി...'
ഉത്തരകേരളത്തിൽ പൊതുവേ പ്രചാരത്തിലിരുന്ന ഈ വിനോദം തിരുവിതാംകൂറിലെ ചില പ്രദേശങ്ങളിലും നിലവിലുണ്ടായിരുന്നു. കൊച്ചിയിൽ അമ്പലവാസികള്‍ക്കിടയിൽ മാത്രം പ്രചാരത്തിലിരുന്ന കൂട്ടപ്പാഠകം ഏഴാമത്തു കളിക്കു സമാനമായ വിനോദമാണ്.