This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഏഷ്യാകപ്പ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:33, 20 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഏഷ്യാകപ്പ്‌

Asiacup

ഏഷ്യന്‍ ക്രിക്കറ്റ്‌ കൗണ്‍സിൽ സംഘടിപ്പിക്കുന്ന ഏകദിന ക്രിക്കറ്റ്‌ ടൂർണമെന്റ്‌. ടെസ്റ്റ്‌ ക്രിക്കറ്റ്‌ കളിക്കുന്ന ഏഷ്യന്‍ രാഷ്‌ട്രങ്ങളായ ഇന്ത്യ, പാകിസ്‌താന്‍, ശ്രീലങ്ക, ബാംഗ്ലദേശ്‌ എന്നീ ടീമുകളാണ്‌ ഇതിൽ പങ്കെടുക്കുന്നത്‌. സമീപകാലത്ത്‌ യു.എ.ഇ., ഹോംങ്കോങ്‌ എന്നീ ടീമുകളും പങ്കെടുക്കുന്നുണ്ട്‌. 1983-ൽ ഏഷ്യന്‍ ക്രിക്കറ്റ്‌ കൗണ്‍സിൽ പ്രവർത്തനം (എ.സി.സി) ആരംഭിച്ചതോടനുബന്ധിച്ചാണ്‌ ഈ ടൂർണമെന്റ്‌ ആരംഭിച്ചത്‌. എ.സി.സിയുടെ ആസ്ഥാനമായിരുന്ന ഷാർജയിലാണ്‌ ആദ്യ ടൂർണമെന്റ്‌ 1984-ൽ നടന്നത്‌. ഇന്ത്യ, പാകിസ്‌താന്‍, ശ്രീലങ്ക എന്നീ ടീമുകള്‍ മത്സരിച്ച ആദ്യ ഏഷ്യാകപ്പിൽ രണ്ടു വിജയങ്ങളോടെ ഇന്ത്യ ചാമ്പ്യന്മാരായി. രണ്ടാമത്‌ ടൂർണമെന്റ്‌ നടന്നത്‌ 1986-ൽ ശ്രീലങ്കയിലായിരുന്നു. ശ്രീലങ്കയുമായുള്ള ക്രിക്കറ്റ്‌ ബന്ധം വഷളായതിനെത്തുടർന്ന്‌ ഇന്ത്യ പങ്കെടുത്തില്ല. ബാംഗ്ലദേശ്‌ ആദ്യമായി പങ്കെടുത്തു. പാകിസ്‌താനെ ഫൈനലിൽ പരാജയപ്പെടുത്തി ശ്രീലങ്ക വിജയിച്ചു. 1988-ൽ ബാംഗ്ലദേശിൽ നടന്ന മൂന്നാമത്തെ ഏഷ്യാകപ്പിൽ ആറ്‌ വിക്കറ്റിന്‌ ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യ ചാമ്പ്യന്മാരായി. 1990-91-ൽ നാലാം ഏഷ്യാകപ്പ്‌ ഇന്ത്യയിൽ നടന്നപ്പോള്‍ ഇന്ത്യയുമായുള്ള രാഷ്‌ട്രീയബന്ധത്തിലെ സംഘർഷത്തെത്തുടർന്ന്‌ പാകിസ്‌താന്‍ പങ്കെടുത്തില്ല. ശ്രീലങ്കയെ ഫൈനലിൽ പരാജയപ്പെടുത്തി ഇന്ത്യ വീണ്ടും കപ്പ്‌ നേടി. 1993-ൽ നടക്കേണ്ടിയിരുന്ന അടുത്ത ഏഷ്യാകപ്പ്‌ ഇന്ത്യ-പാകിസ്‌താന്‍ പ്രശ്‌നങ്ങളെത്തുടർന്ന്‌ റദ്ദാക്കി. 1995-ൽ ഏഷ്യാകപ്പ്‌ വീണ്ടും ഷാർജയിൽ നടത്തി. ശ്രീലങ്കയെ തോല്‌പിച്ച്‌ ഇന്ത്യ കപ്പ്‌ നിലനിർത്തി. 1997-ൽ ആറാം ഏഷ്യാകപ്പ്‌ ശ്രീലങ്കയിൽ നടന്നപ്പോള്‍ ശ്രീലങ്കയാണ്‌ ചാമ്പ്യന്മാരായത്‌. ഫൈനലിൽ അവർ ഇന്ത്യയെ പരാജയപ്പെടുത്തി. ഏഴാമത്‌ ഏഷ്യാകപ്പ്‌ നടന്നത്‌ ബാംഗ്ലദേശിലായിരുന്നു. പാകിസ്‌താനാണ്‌ ഇത്തവണ ഏഷ്യാകപ്പ്‌ ഉയർത്തിയത്‌. 2004-ൽ ശ്രീലങ്കയിൽ നടന്ന ഏട്ടാമത്‌ ഏഷ്യാകപ്പിൽ യു.എ.ഇ. ഹോങ്കോങ്‌ എന്നീ ഏഷ്യന്‍ ടീമുകളും മത്സരിച്ചു. ഫൈനലിൽ ഇന്ത്യയെ 25 റണ്‍സിന്‌ പരാജയപ്പെടുത്തി ശ്രീലങ്ക വിജയിച്ചു. 66 റണ്‍സ്‌ നേടുന്നതിനിടയിൽ നാല്‌ വിക്കറ്റ്‌ നഷ്‌ടപ്പെട്ട ശ്രീലങ്കയെ 114 പന്തുകളിൽനിന്ന്‌ 125 റണ്‍സ്‌ നേടിയ സനത്‌ ജയസൂര്യയുടെ പ്രകടനമാണ്‌ രക്ഷിച്ചത്‌. ശ്രീലങ്കയുടെ പുത്തന്‍ സ്‌പിന്‍ അവതാരമായി മാറി അജാന്ത മെന്‍ഡിസ്‌ 13 റണ്‍സ്‌ മാത്രം വിട്ടുകൊടുത്തുകൊണ്ട്‌ ആറ്‌ വിക്കറ്റ്‌ എടുത്ത്‌ ഇന്ത്യന്‍ ബാറ്റിങ്‌ നിരയെ തകർത്തു. 2010-ൽ ശ്രീലങ്കയിൽ നടന്ന പത്താമത്‌ ഏഷ്യാകപ്പ്‌ ഇന്ത്യയിൽ വീണ്ടും എത്തി.

അഞ്ചു തവണ കപ്പുനേടിയ ഇന്ത്യയാണ്‌ ഏറ്റവും കൂടുതൽ പ്രാവശ്യം ഏഷ്യന്‍ ചാമ്പ്യന്മാരായത്‌. ടൂർണമെന്റിലെ മികച്ച റിക്കോർഡുകള്‍ ശ്രീലങ്കന്‍ കളിക്കാരുടെ പേരിലാണ്‌. ഏറ്റവും കൂടുതൽ റണ്‍സ്‌ (1209) സനത്‌ ജയസൂര്യയും ഏറ്റവും കൂടുതൽ വിക്കറ്റ്‌ (27) മുത്തയ്യാമുരളീധരനും നേടി. 2012-ൽ ബാംഗ്ലദേശിൽ നടന്ന ഏഷ്യാകപ്പിൽ ബാംഗ്ലദേശിനെ തോൽപിച്ചുകൊണ്ട്‌ പാക്കിസ്‌താന്‍ ചാമ്പ്യന്മാരായി. അടുത്ത ഏഷ്യാകപ്പ്‌ 2014-ൽ ബാംഗ്ലദേശിൽ നടക്കും.

(രവിശങ്കർ എസ്‌. നായർ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍