This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഏവ്സ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഏവ്സ്
Aves
കശേരുകി(vertebrate)കളിൽ പക്ഷികളെ ഉള്‍പ്പെടുത്തിയിട്ടുള്ള ഒരു വർഗം (class). അംനിയോട്ടിക് കശേരുകികളിൽ ഏറ്റവും വിശേഷവത്കൃതരൂപികളാണ് പക്ഷികള്‍. ശരീരം മുഴുവന്‍ ആവരണം ചെയ്തിരിക്കുന്ന തൂവലുകളും പറക്കാന്‍ പര്യാപ്തമായ തരത്തിൽ ചിറകുകളായി രൂപാന്തരപ്പെട്ടിരിക്കുന്ന മുന്‍കാലുകളും കപാലമുള്ള മറ്റെല്ലാ ജീവികളിലും നിന്ന് പ്രഥമ വീക്ഷണത്തിൽത്തന്നെ ഇവയെ വേർതിരിച്ചു നിർത്തുന്ന രണ്ട് സവിശേഷതകളാണ്. തൂവലുകള്‍ പക്ഷികളുടേതുമാത്രമായ പ്രത്യേകതയാകുന്നു. മണിബന്ധാസ്ഥികള് (carpal bones) മറ്റു കശേരുകികളിൽനിന്നും എണ്ണത്തിൽ കുറവായിരിക്കും; ഇവയിൽ എപ്പോഴും തൂവലുകളുണ്ടായിരിക്കുകയും ചെയ്യും. കാലിൽ നാലു വിരലുകള്‍ വീതമേ കാണുകയുള്ളൂ.
ശുദ്ധരക്തത്തെ അശുദ്ധരക്തത്തിൽ വേർതിരിക്കുന്ന ഒരു രക്തപര്യയനവ്യൂഹം പരിണാമചരിത്രത്തിൽ ആദ്യമായി കാണുന്നത് പക്ഷികളിലാണ്. അതുകൊണ്ടുതന്നെ ഓക്സിജന്‍ കൂടുതലായി ആഗിരണം ചെയ്യുകയും ശരീരത്തിന്റെ താപനില കുറേക്കൂടി ഉയർത്തി സ്ഥിരമാക്കി നിർത്തുകയും ചെയ്യുന്നതിന് പര്യാപ്തമായ തരത്തിൽ പക്ഷികളിലെ ശ്വസനവ്യൂഹം ഇഴജന്തുക്കള്‍ വരെയുള്ള കശേരുകികളിൽനിന്ന് വ്യത്യസ്തമായിരിക്കുന്നു. മുട്ടയിടുന്ന ഈ ഉഷ്ണരക്തജീവികളുടെ ശരീരത്തിന് സാധാരണയിലും ഉയർന്ന താപനിലയാണ് ഉള്ളത്. അപൂർവം ചില പക്ഷികളൊഴികെ മറ്റെല്ലാം തങ്ങളുടെ മുട്ടകള്‍ അടയിരുന്ന് വിരിച്ചിറക്കുന്നു.
ഏവ്സ് വർഗത്തെ ആർക്കെയോർനിത്തെസ്, നിയോർനി ത്തെസ് എന്നിങ്ങനെ രണ്ട് ഉപവർഗങ്ങളായി തിരിച്ചിരിക്കുന്നു.
1. ആർക്കെയോർനിത്തെസ് ഉപവർഗം. ജുറാസിക് ഘട്ടത്തിൽ ജീവിച്ചിരുന്നതും പല്ലുകളുണ്ടായിരുന്നതുമായ പക്ഷികള്‍ (ആർക്കെയോപ്റ്റെറിക്സ്) അടങ്ങുന്ന ആർക്കെയോപ്റ്റെറിജഫോർമീസ് ഗോത്രമാണ് ഇതിനെ പ്രതിനിധാനം ചെയ്യുന്നത്. ഈ ഉപവർഗത്തിൽ മേല്പറഞ്ഞ ഒരു ഗോത്രം മാത്രമേയുള്ളൂ.
2. നിയോർനിത്തെസ് ഉപവർഗം. മേല്പറഞ്ഞതൊഴിച്ച്, ജീവിച്ചിരിക്കുന്നതും നാമാവശേഷമായതുമായ എല്ലാത്തരം പക്ഷികളും ഇതിൽപ്പെടുന്നു. നാല് ഉപരിഗോത്ര(super order)ങ്ങളിലായാണ് ഈ എല്ലായിനം പക്ഷികളെയും ഉള്‍പ്പെടുത്തിയിട്ടുള്ളത്.
i. ഓഡന്റോനാതേ ഉപരിഗോത്രം. ഹെസ്പെറോർനിത്തിഫോർമീസ്, ഇക്തിയോർനിത്തിഫോർമീസ് എന്നീ രണ്ടുഗോത്രങ്ങള്‍ ഇതിലുണ്ട്. ഇവ രണ്ടിലെയും അംഗങ്ങള്‍ ക്രറ്റേഷ്യസ് ഘട്ടത്തിൽ ജീവിച്ചിരുന്ന പക്ഷികളാണ്.
ii. പാലിയോനാതേ ഉപരിഗോത്രം. സ്റ്റ്രൂത്തിയോണിഫോർമീസ്, റീയിഫോർമീസ്, കാഷ്വാറിഫോർമീസ്, എപ്റ്റെറിജഫോർമീസ്, ഡൈനോർനിത്തിഫോർമീസ്, ഏയ്പിയോർനിത്തിഫോർമീസ്, റ്റിനമിഫോർമീസ് എന്നിങ്ങനെ അഞ്ച് ഗോത്രങ്ങള്‍ ഇതിൽപ്പെടുന്നു. ഈ ഉപരിഗോത്രത്തിലെ മിക്കവാറും എല്ലാ പക്ഷികളും വലുപ്പം വളരെയുള്ളതും പറക്കാന്‍ കഴിവില്ലാത്തതുമാണ് (ഉദാ. ഒട്ടകപ്പക്ഷി, എമു, കാസവേറി, റീയ എന്നിവ).
iii. ഇംപെന്നേ ഉപരിഗോത്രം. പെന്ഗ്വിന് ഗോത്രമായ സ്ഫെനസിഫോർമീസ് മാത്രമാണ് ഇതിലെ ഏകഗോത്രം. ചില ശാസ്ത്രജ്ഞർ ഇവയെ നിയോനാതേ ഉപരിഗോത്രത്തിൽ ഉള്‍പ്പെടുത്താറുണ്ട്.
iv. നിയോനാതേ ഉപരിഗോത്രം. വൈവിധ്യമാർന്ന പക്ഷികളുള്പ്പെടുന്നതാണ് ഈ ഉപരിഗോത്രം. മുങ്ങൽ വിദഗ്ധരായ ഗാവിഫോർമീസ് ഗോത്രാംഗങ്ങള്‍ തുടങ്ങി തത്തയും മൈനയും വാനമ്പാടിയും മരംകൊത്തിയും വരെ ഇതിലാണ് ഉള്‍പ്പെടുത്തപ്പെട്ടിരിക്കുന്നത്. 22 വിവിധ ഗോത്രങ്ങള്‍ ഇതിൽ ഉള്ളതായി കാണാം. നോ. പക്ഷികള്‍