This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഏനീഡ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:58, 19 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഏനീഡ്‌

Aeneid

റോമന്‍ മഹാകാവ്യം. ക്രി.മു. 30-നും 19-നും ഇടയ്‌ക്ക്‌ 12 വാല്യങ്ങളിലായി വെർജിൽ രചിച്ച വിശ്വോത്തരമായ ഈ മഹാകാവ്യം ട്രായിയിൽ നിന്നുമുള്ള ഈനിയസിന്റെ 16 വർഷം നീണ്ട വീരസാഹസികയാത്രയിലൂടെ റോമാസാമ്രാജ്യത്തിന്റെ ഉദ്‌ഭവവും വളർച്ചയും വിവരിക്കുന്നു. ഏനീഡിലെ പ്രധാന കഥാകേന്ദ്രവും റോം തന്നെയാണ്‌.

ആദ്യത്തെ ആറുവാല്യങ്ങള്‍ ഈനിയസിന്‌ അഭിമുഖീകരിക്കേണ്ടിവന്ന വർഷങ്ങളോളം നീണ്ട ക്ലേശപൂർണമായ യാത്രയുടെയും അലച്ചിലിന്റെയും കഥ വിവരിക്കുന്നു. വീനസ്സിന്റെയും അങ്കിസസിന്റെയും പുത്രനായ ഈ ട്രാജന്‍യോദ്ധാവിന്‌ ഈശ്വരേച്ഛ മാനിച്ച്‌ ട്രായിനഗരം വിട്ടുപോകേണ്ടിവരുന്നു. കടൽകടക്കുന്ന ഈനിയസും അനുയായികളും കപ്പൽച്ഛേദത്തിൽപ്പെട്ട്‌ കാർത്തേജിന്റെ തീരത്തണയുന്നതു മുതലാണ്‌ ഒന്നാം വാല്യത്തിന്റെ ആരംഭം. കാർത്തേജിലെ രാജ്ഞിയും വിധവയുമായ ഡിഡോ ട്രാജന്‍കാർക്ക്‌ സ്വാഗതമരുളുന്നു. അഗ്നിനാളങ്ങള്‍ക്കിടയിലൂടെ സ്വപിതാവിനെയും തോളിലേറ്റി നഗരത്തിൽനിന്നു രക്ഷപ്പെട്ട്‌ ത്രാച്ചെ, ക്രീറ്റ്‌, എപ്പീറിയുസ്‌ എന്നീ രാജ്യങ്ങള്‍ ചുറ്റി സിസിലിയിലെത്തുന്നതും അവിടെവച്ച്‌ ആകസ്‌മികമായി മരണമടഞ്ഞ അങ്കിസസിന്റെ ശവസംസ്‌കാരത്തിനുശേഷം വീണ്ടും യാത്രയാകുന്നതും കടൽക്ഷോഭത്തിലകപ്പെടുന്നതും വരെയുള്ള സംഭവവികാസങ്ങള്‍ ഈനിയസ്‌ ഡിഡോ രാജ്ഞിക്കു വിവരിച്ചുകൊടുക്കുന്നു. അനുരാഗബദ്ധരാകുന്ന ഡിഡോയും ഈനിയസും രഹസ്യമായി വിവാഹിതരായെങ്കിലും തന്റെ ലക്ഷ്യത്തെക്കുറിച്ച്‌ ബോധവാനാകുന്ന ഈനിയസ്‌ യാത്ര തുടരുവാന്‍ നിർബന്ധിതനാകുന്നു. വീണ്ടും സിസിലിയിലെത്തുന്ന യാത്രികർ അങ്കിസസിന്റെ ചരമാഘോഷങ്ങളിൽ പങ്കുചേരുന്നു. വിശുദ്ധനഗരമായ ക്യൂമയിലെത്തുന്ന ഈനിയസ്‌ അദ്‌ഭുതസിദ്ധികളുള്ള ഒരു സന്ന്യാസിനിയുടെ സഹായത്തോടെ പാതാളം സന്ദർശിക്കുന്നു. അവിടെവച്ച്‌ അങ്കിസസ്‌ സ്വപുത്രനായ ഈനിയസിന്‌ മണ്‍മറഞ്ഞുപോയതും ഇനി പിറവിയെടുക്കാനിരിക്കുന്നതുമായ റോമന്‍ നേതാക്കളുടെ ആത്മാക്കളെ കാണിച്ചുകൊടുക്കുന്നു.

ക്യൂമെയിൽ നിന്ന്‌ ട്രബർ നദീമുഖത്തെത്തുന്നതുമുതലാണ്‌ ഏഴാം വാല്യത്തിന്റെ തുടക്കം. അവിടത്തെ രാജാവായ ലാറ്റിനസ്‌ ട്രാജന്‍ പോരാളികളെ സ്വീകരിച്ചാദരിക്കുന്നു. ലാറ്റിനസിന്റെ പുത്രി ലാനിനയും ഈനിയസുമായുള്ള വിവാഹം നിശ്ചയിക്കപ്പെടുന്നതോടുകൂടി ട്രാജന്‍കാരുടെ വരവ്‌ ഇഷ്‌ടപ്പെടാതിരുന്ന ലാവിനയുടെ കമിതാവായ ടർണസ്‌ ഈനിയസിനെതിരെ യുദ്ധം പ്രഖ്യാപിക്കുന്നു. ടർണസ്‌ കൊല്ലപ്പെട്ടതിനുശേഷം സന്ധിയിലേർപ്പെടുമ്പോള്‍ വംശഭേദമന്യേ ഇരുഗോത്രക്കാരും ചേർന്ന്‌ ഒരു പുതിയ രാജ്യം കെട്ടിപ്പടുക്കുവാന്‍ ഈണോദേവി ആവശ്യപ്പെടുന്നു. തന്റെ വിജയത്തിന്റെ ഓർമയ്‌ക്കായി ഈനിയസ്‌ ലാവിനിയം നഗരം സ്ഥാപിക്കുന്നു.

ഹോമറിന്റെ ഇലിയഡിനോടും ഒഡീസിയോടും അനല്‌പമായ സാദൃശ്യം ഉണ്ടെങ്കിലും ഏതെങ്കിലും ഒരു കൃതിയെമാത്രം ആസ്‌പദമാക്കിയല്ല ഏനീഡ്‌ രചിക്കപ്പെട്ടത്‌. ശ്രഷ്‌ഠമായ സംസ്‌കാരത്തിനും ധിഷണാശക്തിക്കും ഉടമയായിരുന്ന വെർജിലിന്‌ തന്റെ രചനയിൽ ഒരു ദേശീയലക്ഷ്യമാണു പ്രചോദനമായിത്തീർന്നത്‌. അദ്ദേഹത്തിന്‌ വളരെമുമ്പുതന്നെ നിലവിലുണ്ടായിരുന്ന ഐതിഹ്യമനുസരിച്ച്‌ ട്രാജന്‍ യുദ്ധവീരനും വീനസ്സിന്റെയും അങ്കിസസിന്റെയും പുത്രനും, ജൂലിയസിന്റെയും അഗസ്റ്റസിന്റെയും മുന്‍ഗാമിയും അസ്‌കാനിയസിന്റെ പിതാവുമായിരുന്ന ഈനിയസാണ്‌ റോമാസാമ്രാജ്യത്തിന്റെ സ്ഥാപകന്‍. ഈ ഐതിഹ്യത്തിനു രൂപവും ഭാവവും നല്‌കി അതിനെ ആധികാരികവും നിയമാനുസൃതവും ആക്കിത്തീർക്കുവാന്‍ ഈ മഹാകാവ്യത്തിനു കഴിഞ്ഞു.

അഗസ്റ്റസിന്റെ അഭിലാഷമനുസരിച്ച്‌ എഴുതപ്പെട്ട ഏനീഡ്‌ പുനഃപരിശോധിക്കുംമുമ്പ്‌ അന്ത്യമടുത്തുവെന്നു മനസ്സിലാക്കിയ വെർജിൽ കൈയെഴുത്തുപ്രതി നശിപ്പിക്കണമെന്നു തന്റെ മരണപത്രത്തിൽ നിഷ്‌കർഷിച്ചിരുന്നുവെങ്കിലും ഈ നിർദേശം നിരാകരിച്ചുകൊണ്ട്‌ അഗസ്റ്റസ്‌ അതപ്പാടെ പ്രസിദ്ധീകരിക്കുകയാണുണ്ടായത്‌. പലയിടങ്ങളിലായി 60-ഓളം അപൂർണമായ വരികളും നക്കൽരൂപത്തിലുള്ള ഖണ്ഡികകളും ഉണ്ടായിരുന്നുവെങ്കിലും ആ ന്യൂനതകള്‍ മറന്ന്‌ അഭ്യസ്‌തവിദ്യരും സാധാരണക്കാരും ഒരുപോലെ ഏനീഡ്‌ സ്വാഗതം ചെയ്‌തു. റോമിന്റെ ദേശീയകാവ്യമായി ഉയർന്ന ഈ മഹോന്നതകൃതി വെർജിലിനു ചുറ്റും ഒരു പ്രകാശവലയംതന്നെ സൃഷ്‌ടിച്ചു.

നായകനായ ഈനിയസിനെതിരെ അയാള്‍ അരസികനും ചഞ്ചലചിത്തനുമാണെന്നുള്ള ആരോപണങ്ങള്‍ ഉയർന്നുവന്നിട്ടുണ്ട്‌. എന്നാൽ കൃതി ആദ്യാവസാനം വായിച്ചുകഴിയുമ്പോള്‍ മാനുഷികമായ ദൗർബല്യങ്ങളുണ്ടെങ്കിലും വ്യക്തിതാത്‌പര്യങ്ങളെ ബലികഴിച്ചുകൊണ്ട്‌ മഹത്തായ ലക്ഷ്യത്തിനുവേണ്ടി അക്ഷീണം യത്‌നിക്കുന്ന ധീരയോദ്ധാവാണ്‌ ഈനിയസെന്നു മനസ്സിലാക്കാന്‍ കഴിയും.

അമാനുഷികശക്തിയുള്ള ഒഡീസിസിനെക്കാള്‍ മാനുഷിക ദൗർബല്യങ്ങളുള്ള ഈനിയസ്സുമായാണ്‌ അനുവാചകർ താദാത്മ്യം പ്രാപിക്കുന്നത്‌.ലോകസാഹിത്യത്തിലെ പ്രധാനപ്പെട്ട മൂന്നോ നാലോ ഇതിഹാസകാവ്യങ്ങളിലുള്‍പ്പെടുന്ന ഏനീഡ്‌ സെനേക്ക, ലൂക്കന്‍, ജൂവനൽ ഹോറസ്‌ തുടങ്ങിയവരുടെ രചനകളെ ഗഹനമായി സ്വാധീനിക്കുകയും ദാന്തേ, റ്റാസോ, സ്‌പെന്‍സർ, മിൽറ്റണ്‍, ടെന്നിസണ്‍ തുടങ്ങിയ കവികള്‍ക്കു പ്രചോദനമാകുകയും ചെയ്‌തു. ലത്തീനിൽ ഷട്‌പദികളിൽ എഴുതപ്പെട്ട ഏനീഡിൽ ഈ വൃത്തത്തിന്റെ സാങ്കേതികതയും താളാത്മകതയും വൈദഗ്‌ധ്യപൂർവം സന്നിവേശിപ്പിച്ചിരുന്നു.

ഏനീഡിന്റെ ആദ്യത്തെ ഇംഗ്ലീഷ്‌ പരിഭാഷ 1923-ൽ ജെ.റോഡ്‌സ്‌ പുറത്തിറക്കിയെങ്കിലും 1951-ൽ പ്രസിദ്ധീകരിക്കപ്പെട്ട റോള്‍ഫ്‌ ഹംഫ്രിയുടെ വിവർത്തനമാണ്‌ സാർവത്രികമായി അംഗീകരിക്കപ്പെട്ടിട്ടുള്ളത്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%8F%E0%B4%A8%E0%B5%80%E0%B4%A1%E0%B5%8D%E2%80%8C" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍