This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഏകാദശരുദ്രന്മാർ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഏകാദശരുദ്രന്മാർ
രുദ്രനിൽ നിന്നുണ്ടായ പതിനൊന്നു പുരുഷരൂപങ്ങള്‍. രുദ്രന്‍ ബ്രഹ്മാവിൽനിന്നു ജനിച്ചുവെന്നാണ് പുരാണത്തിൽ കാണുന്നത്. രുദ്രന്‍ ശിവരൂപമാണ്. രുദ്രന്‍ ജനിച്ചപ്പോള്‍ തനിക്ക് പേരു കിട്ടാത്തതുകൊണ്ട് കരഞ്ഞതായും അങ്ങനെ കരയുന്നവന്‍ എന്നർഥംവരുന്ന "രുദ്രന്‍' എന്ന പേർ നല്‌കപ്പെട്ടതായും ബ്രാഹ്മണത്തിൽ കാണുന്നു. കൊടുങ്കാറ്റ്, പകർച്ചവ്യാധി ഉണ്ടാക്കുന്ന കാറ്റ് എന്നീ പ്രകൃതിയുടെ ക്രൂരതയെ പ്രതിനിധീകരിച്ച് കാട്ടുപന്നിയെ വാഹനമാക്കിയിരിക്കുന്നവനായും രുദ്രനെ ചിത്രീകരിച്ചിട്ടുണ്ട്. നാശവും വ്യാധിയും; സംരക്ഷണവും രോഗശാന്തിയും രുദ്രന്റെ വൈരുധ്യാത്മക വ്യക്തിത്വത്തിന്റെ ഘടകങ്ങളാണ്. കാലക്രമത്തിൽ രുദ്രന്‍ പുരാണങ്ങളിലെ ശിവനായി രുപാന്തരപ്പെട്ടു. ശിവന്റെ സംഹാരപരമായ വശത്തെക്കുറിക്കുന്ന പദമാണ് രുദ്രനെന്നും പറയാം.
രുദ്രന്റെ ഉദ്‌ഭവത്തെപ്പറ്റിയുള്ള മറ്റൊരു കഥ ഇപ്രകാരമാണ്. ബ്രഹ്മാവിന്റെ പുത്രന്മാരായ സനന്ദന്‍, സനകന്‍, സനാതനന്‍, സനൽകുമാരന്‍ എന്നിവർ ലോകസൃഷ്‌ടിയിൽ തത്‌പരരല്ലാതിരുന്നതിനാൽ ബ്രഹ്മാവിന് അത്യധികം കോപമുണ്ടാവുകയും അതിൽനിന്ന് അഗ്നി ആളിക്കത്തുകയും ചെയ്‌തു. ആ കോപാഗ്നിയിൽനിന്ന് അതിഭയങ്കരനായ രുദ്രന്‍ പിറന്നു. രുദ്രന്റെ പകുതി സ്‌ത്രീരൂപവും പകുതി പുരുഷരൂപവുമായിരുന്നു. ശരീരത്തെ വിഭജിക്കാന്‍ രുദ്രനോട് ബ്രഹ്മാവ് ആജ്ഞാപിച്ചു. ഉടന്‍ രുദ്രന്‍ സ്‌ത്രീയായും പുരുഷനായും വേർതിരിഞ്ഞു. പുരുഷരൂപത്തെ വീണ്ടും പതിനൊന്നായി വിഭജിച്ചു. അവരാണ് ഏകാദശരുദ്രന്മാർ. മത്യു, മനു, മഹിനസന്‍, മഹാന്‍, ശിവന്‍, ഋതുധ്വജന്‍, ഉഗ്രരേതസ്, ഭപന്‍, കാമന്‍, വാമദേവന്‍, ധൃതവ്രതന്‍ എന്നിങ്ങനെയാണ് അവരുടെ പേരുകള്‍. ചില പുരാണങ്ങളിൽ നാമനിർദേശം താഴെപ്പറയുന്ന വിധത്തിലാണ്. അജൈകപാത്ത്, അഹിർബുദ്ധന്യന്‍, വിരൂപാക്ഷന്‍, സുരേശ്വരന്‍, ജയന്തന്‍, ബഹുരൂപന്‍, അപരാജിതന്‍, സാവിത്രന്‍, ത്യംബകന്‍, വൈവസ്വതന്‍, ഹരന്‍. സ്‌ത്രീകളായി വേർതിരിഞ്ഞവർ ധീ, വൃത്തി, ഉശന, ഉമ, നിയുത, സർപ്പിസ്, ഇള, അംബിക, ഇരാവതി, സുധ, ദീക്ഷ എന്നു പതിനൊന്നു രുദ്രാണികളുമായി. ഇവർ പതിനൊന്നു രുദ്രന്മാരുടെയും ഭാര്യമാരായിത്തീർന്നു. ഹൃദയവും പഞ്ചേന്ദ്രിയങ്ങളും ജ്ഞാനേന്ദ്രിയങ്ങളും ഉള്‍ക്കൊള്ളുന്ന പതിനൊന്നു സ്ഥാനങ്ങളും രുദ്രന്‍, പ്രാണന്‍, ആകാശം, വായു, അഗ്നി, ജലം, ഭൂമി, സൂര്യന്‍, ചന്ദ്രന്‍ എന്നീ എട്ടു സ്ഥാനങ്ങളും ബ്രഹ്മാവ് അവർക്ക് നല്‌കിയെന്നാണ് പുരാണങ്ങള്‍ ഉദ്‌ഘോഷിക്കുന്നത്.