This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എറിഡു

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:35, 18 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

എറിഡു

Eridu

സുമേറിയന്‍ സാമ്രാജ്യത്തിലെ ഒരു പ്രാചീന നഗരം. ആധുനിക ഇറാഖിൽ നാസിറിയ ജില്ലയിലെ ഊർ നഗരത്തിന്‌ 24 കി.മീ. തെക്ക്‌ അബുഷാഹ്‌റെയിന്‍ പർവതനിരയുടെ സമീപത്താണ്‌ എറിഡു സ്ഥിതി ചെയ്‌തിരുന്നത്‌. ഇയാ അഥവാ എങ്കി ആയിരുന്നു ഈ നഗരത്തിന്റെ അധിദേവത. അതിപ്രാചീനമായ ഈ പ്രദേശം യൂഫ്രട്ടീസ്‌ നദീ പ്രവാഹത്തിൽപ്പെട്ടാണ്‌ നശിച്ചു പോയത്‌. ഹാമാസ്‌ തടാകത്തിന്റെ തീരത്തു സ്ഥിതിചെയ്‌തിരുന്ന പ്രദേശമാണിതെന്ന്‌ ക്യൂനിഫോം ലിഖിതങ്ങളിൽ പരാമർശമുണ്ട്‌. ബി.സി. 2050-ൽ അമർസിന്‍ പണികഴിപ്പിച്ച ഗോപുര(സിഗുറത്ത്‌)ത്തിന്റെ അവശിഷ്‌ടങ്ങള്‍ ഇപ്പോഴും അവിടെ കാണാം. 25 ഹെക്‌ടർ വിസ്‌തീർണം വരുന്ന ഈ പ്രദേശം 1946-നും 1949-നും ഇടയ്‌ക്ക്‌ ഫുവാഡ്‌ സഫർ, സെറ്റണ്‍ ലോയ്‌ഡ്‌ എന്നിവരുടെ നേതൃത്വത്തിൽ ഇറാഖിലെ പുരാവസ്‌തു വകുപ്പ്‌ ഉത്‌ഖനനം ചെയ്യുകയുണ്ടായി. ബാബിലോണിയയിലെ ചരിത്രാതീത നഗരങ്ങളിൽ ഏറ്റവും പ്രമുഖമാണ്‌ എറിഡു. ബി.സി. 5000-ത്തോടടുത്ത കാലത്ത്‌ സ്ഥാപിക്കപ്പെട്ടതായി കരുതപ്പെടുന്ന ഈ നഗരത്തിൽ ചിത്രാങ്കിതമായ കളിമണ്‍ പാത്രങ്ങള്‍ ധാരാളം നിർമിച്ചിരുന്നതായി തെളിവുകളുണ്ട്‌. ജ്യാമിതീയ രൂപങ്ങളും പുഷ്‌പങ്ങളുടെയും മൃഗങ്ങളുടെയും ചിത്രങ്ങളും കൊണ്ട്‌ പാത്രങ്ങള്‍ അലങ്കരിച്ചിരുന്നു. കളിമണ്ണും ഇഷ്‌ടികയും ചേർത്തു നിർമിച്ച ദേവാലായങ്ങളും ഇവിടെ കണ്ടെത്തിയിട്ടുണ്ട്‌. സുമേറിയന്‍ ക്ഷേത്ര നിർമാണരീതിയുടെ രൂപകല്‌പന ഇവിടെയും ദൃശ്യമാണ്‌. ഇയാ ദേവതയ്‌ക്കു സമർപ്പിക്കപ്പെട്ട മീനുകളുടെ മുള്‍ക്കൂമ്പാരം ഇവിടെ കാണാന്‍ കഴിഞ്ഞിട്ടുണ്ട്‌. കാർഷിക വൃത്തിയിലും മത്സ്യബന്ധനത്തിലും ഏർപ്പെട്ടിരുന്നവരാണ്‌ ഈ പ്രദേശത്തെ അധിവസിച്ചിരുന്നതെന്നതിനും തെളിവുകളുണ്ട്‌. ജലസേചനത്തിനു പ്രാധാന്യം നല്‌കിയിരുന്നുവെന്നതിനു നിദർശനമാണ്‌ ഇവിടത്തെ ചരിത്രാതീത കനാൽത്തടങ്ങള്‍. ബി.സി. 600 വരെ ഈ പ്രദേശത്ത്‌ ആള്‍പ്പാർപ്പുണ്ടായിരുന്നു. എന്നാൽ പില്‌ക്കാലത്ത്‌ ഇതിന്റെ പ്രാധാന്യം അപ്രത്യക്ഷമായി.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%8E%E0%B4%B1%E0%B4%BF%E0%B4%A1%E0%B5%81" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍