This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എയ്‌മിസ്‌, കിങ്‌സ്‌ലി (1922 - 95)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:22, 18 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

എയ്‌മിസ്‌, കിങ്‌സ്‌ലി (1922 - 95)

Amis, Kingsley

ബ്രിട്ടീഷ്‌ (ഇംഗ്ലീഷ്‌) നോവലിസ്റ്റും നാടകകൃത്തും കവിയും. 1922-ൽ ക്ലാപ്‌ഹാമിൽ ജനിച്ചു. സിറ്റി ഒഫ്‌ ലണ്ടന്‍ സ്‌കൂളിലും ഓക്‌സ്‌ഫഡിലെ സെന്റ്‌ ജോണ്‍സ്‌ കോളജിലുമാണു വിദ്യാഭ്യാസം പൂർത്തിയാക്കിയത്‌. മാസ്റ്റർ ബിരുദമെടുത്തശേഷം 1942 മുതൽ 45 വരെ റോയൽ കോർ ഒഫ്‌ സിഗ്നൽസിൽ സേവനമനുഷ്‌ഠിച്ചു. 1948-ൽ ഹിലറി ആന്‍ ബാർഡ്‌വെല്ലിനെ വിവാഹം കഴിച്ചെങ്കിലും 1965-ൽ ആ ബന്ധം അവസാനിപ്പിക്കേണ്ടിവന്നു. അക്കൊല്ലംതന്നെ നോവലിസ്റ്റും ചെറുകഥാകൃത്തും നാടകകൃത്തുമായ എലിസബത്ത്‌ ജെയ്‌ന്‍ ഹവർഡുമായി വിവാഹബന്ധത്തിലേർപ്പെട്ടു. വിവിധ സർവകലാശാലകളിൽ അധ്യാപകനായും നാഷ്‌വില്ലയിലെ വാന്‍ഡർവിൽ സർവകലാശാലയിൽ വിസിറ്റിങ്‌ പ്രാഫസറായും സേവനമനുഷ്‌ഠിച്ചു.

പതിനൊന്നാമത്തെ വയസ്സിൽ എയ്‌മിസ്‌ ഒരു മഹാകാവ്യത്തിന്റെ രചനയാരംഭിച്ചു. മഹാകാവ്യങ്ങളുടെ സവിശേഷതയായ ബ്ലാങ്ക്‌വേഴ്‌സിലാണ്‌ (പ്രാസവിമുക്തപദ്യം) ഇതു നിബന്ധിച്ചിരിക്കുന്നത്‌. ജെയിംസ്‌ മിച്ചിയുടെ സഹായത്തോടെ ഓക്‌സ്‌ഫഡ്‌ പോയട്രി (1949) തെരഞ്ഞെടുത്തു പ്രസാധനം ചെയ്‌തു. ശാസ്‌ത്രകഥകളോടും മുപ്പതുകളിലെ "ജാസ്‌' സംഗീതത്തോടും ഒടുങ്ങാത്ത ആവേശമായിരുന്നു ഇദ്ദേഹത്തിന്‌. സാഹിത്യത്തിന്റെ വിവിധശാഖകളിൽ പയറ്റിത്തെളിഞ്ഞ ഇദ്ദേഹം അനേകം ലേഖനങ്ങളും കത്തുകളും വിമർശനങ്ങളും എഴുതിയതുകൂടാതെ നോവലുകള്‍, നാടകങ്ങള്‍, കവിതകള്‍ തുടങ്ങിയ സർഗാത്മകസൃഷ്‌ടികളും നടത്തിയിട്ടുണ്ട്‌. എങ്കിലും നോവലിസ്റ്റെന്ന നിലയ്‌ക്കാണ്‌ കൂടുതൽ പ്രശസ്‌തി. ലക്കി ജിം (1954), ദി അണ്‍സേർട്ടന്‍ ഫീലിങ്‌ (1955), ഐ ലൈക്കിറ്റ്‌ ഹിയർ (1958), റ്റെയ്‌ക്‌ എ ഗേള്‍ ലൈക്ക്‌ യു (1960), വണ്‍ ഫാറ്റ്‌ ഇംഗ്ലീഷ്‌മാന്‍ (1963), ദി ഈജിപ്‌റ്റോളജിസ്റ്റ്‌സ്‌ (1965), ദി ആന്റി ഡെഥ്‌ ലീഗ്‌ (1966), ഐ വാണ്ടിറ്റ്‌ നൗ (1968), കേണൽ സണ്‍ (1968), ദ്‌ ഗ്രീന്‍ മാന്‍ (1969), ഗേള്‍ 20 (1971), ദ്‌ റിവർസൈഡ്‌ വില്ലാ മർഡേഴ്‌സ്‌ (1973), എന്‍ഡിങ്‌ അപ്‌ (1974), എന്നിവയാണു നോവലുകള്‍. മൈ എനിമീസ്‌ എനിമി (1962), പെന്‍ഗ്വിന്‍ മോഡേണ്‍ സ്റ്റോറീസ്‌ വിഥ്‌ അദേഴ്‌സ്‌ (1972), ഡീയർ ഇല്യൂഷന്‍ (1972) തുടങ്ങിയവ കഥാസമാഹാരങ്ങളാണ്‌. ഇതിനു പുറമെയാണു റേഡിയോ നാടകങ്ങളും ടെലിവിഷന്‍ നാടകങ്ങളും. ബ്രറ്റ്‌ നവംബർ (1947), എ ഫ്രയിം ഒഫ്‌ മൈന്‍ഡ്‌ (1953), എ കെയ്‌സ്‌ ഒഫ്‌ സാമ്പിള്‍സ്‌, പോയംസ്‌ 46-56 (1956), എ ലുക്‌ റൗണ്‍ഡ്‌ ദ്‌ സ്റ്റെയ്‌റ്റ്‌ (1967) എന്നിവ കവിതാ സമാഹാരങ്ങളിലുള്‍പ്പെടുന്നു. പെന്‍ഗ്വിന്‍ മോഡേണ്‍ പോയറ്റ്‌സ്‌ വിഥ്‌ റ്റു അദേഴ്‌സ്‌ എന്ന കൃതിയിലും എയ്‌മിസിന്റെ രചനകള്‍ കാണാം. വിജ്ഞാനകഥാസാഹിത്യത്തെക്കുറിച്ചുള്ള ഒരു നിരീക്ഷണമാണ്‌ ന്യൂ മാപ്‌സ്‌ ഒഫ്‌ ഹെൽ (1960). ദ്‌ ജെയിംസ്‌ ബോണ്‍ഡ്‌ ഡോസിയർ (1965), വാട്ട്‌ ബിക്കെയിം ഒഫ്‌ ജെയ്‌ന്‍ ഓസ്റ്റന്‍ എന്നിവയാണു മറ്റുകൃതികള്‍.

ലക്കി ജിമ്മിന്റെ പ്രസിദ്ധീകരണം നോവലിൽ ആന്റീഹീറോ എന്ന സങ്കല്‌പത്തിനു തുടക്കംകുറിച്ചു. നിലവിലുള്ള രാഷ്‌ട്രീയവും കലാപരവുമായ മൂല്യങ്ങളുമായി പൊരുത്തപ്പെടാനാവാതെ വരികയും എന്നാൽ പുതിയ മൂല്യങ്ങളൊന്നും സൃഷ്‌ടിക്കാന്‍ കഴിയാതെ വരികയും ചെയ്യുമ്പോള്‍ താന്‍ വെറുത്തിരുന്ന വ്യവസ്ഥിതിയുമായി താനേ ഇണങ്ങിച്ചേരുകയും അതിൽ ഒട്ടൊക്കെ വിജയം കൈവരിക്കുകയും ചെയ്യുന്ന നായകപാത്രമാണ്‌ "ആന്റിഹീറോ'. ഈ നോവലിലെ ജിം ഡിക്‌സന്റെ പിന്‍ഗാമിയാണ്‌ ദാറ്റ്‌ അണ്‍സേർട്ടന്‍ ഫീലിങ്ങിലെ ജോണ്‍ ലൂയിസ്‌. നല്ല ഒഴുക്കുള്ളവയാണ്‌ എയ്‌മിസിന്റെ നോവലുകള്‍. നർമബോധവും വാക്‌ചാതുര്യവും ഹാസ്യജനകമായ സന്ദർഭങ്ങളും അവയിൽ അനുഭവപ്പെടും. കഥാകൃത്തെന്ന നിലയിൽ പുതിയ രൂപമാതൃകകള്‍ സൃഷ്‌ടിക്കാന്‍ ഇദ്ദേഹം ശ്രമിച്ചിട്ടില്ല. മുഖ്യമായും ഇംഗ്ലീഷ്‌ പാരമ്പര്യത്തിലധിഷ്‌ഠിതമാണു തന്റെ നോവലുകളെന്ന്‌ എയ്‌മിസ്‌ പറയുന്നു. വിശ്വസനീയമായ കഥകളും ലളിതമായ ശൈലിയും ഇദ്ദേഹത്തിന്റെ മുഖമുദ്രകളാണ്‌. തന്റെ കഥകളെ "സീരിയോ കോമഡിസ്‌' എന്നു വിളിക്കുന്നത്‌ ഉചിതമായിരിക്കുമെന്നാണ്‌ ഇദ്ദേഹത്തിന്റെ പക്ഷം. നർമരസം, ശോകം, വ്യാജോക്തിവിവരണം, കർമം, അനിശ്ചിതത്വം എന്നീ ഗുണങ്ങള്‍ നിലനിർത്തിക്കൊണ്ടാണ്‌ എയ്‌മിസ്‌ നോവലെഴുതുന്നത്‌.

സോമർസെറ്റ്‌ മോമിന്റെ പേരിലേർപ്പെടുത്തിയിരിക്കുന്ന അവാർഡ്‌ എയ്‌മിസിന്റെ സാഹിത്യസേവനങ്ങളെ മാനിച്ചുകൊണ്ട്‌ 1955-ൽ ഇദ്ദേഹത്തിനു സമ്മാനിക്കുകയുണ്ടായി. 1986-ൽ ദ ഓള്‍ഡ്‌ ഡെവിന്‍സ്‌ എന്ന കൃതിക്ക്‌ ബുക്കർ സമ്മാനവും ലഭിച്ചു. 1995 ഒ. 22-ന്‌ അന്തരിച്ചു.

(ഡോ. കെ. രാധ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍