This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എയ്‌കിന്‍, കോണ്‍റാഡ്‌ പോട്ടർ (1889-1973)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:14, 18 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

എയ്‌കിന്‍, കോണ്‍റാഡ്‌ പോട്ടർ (1889-1973)

Aiken, Conrad Potter

അമേരിക്കന്‍ (ഇംഗ്ലീഷ്‌) കവിയും നോവലിസ്റ്റും ചെറുകഥാകൃത്തും നിരൂപകനും. 1889 ആഗ. 5-ന്‌ ജോർജിയയിലെ സാവന്നയിൽ ജനിച്ചു. മാസച്യുസെറ്റ്‌സിലെ മിഡിൽസെക്‌സ്‌ സ്‌കൂളിലും ഹാർവാർഡ്‌ യൂണിവേഴ്‌സിറ്റിയിലായിരുന്നു വിദ്യാഭ്യാസം. പത്താമത്തെ വയസ്സിൽ, അച്ഛന്‍ അമ്മയെ കൊന്നശേഷം ആത്മഹത്യ ചെയ്‌തത്‌ മനസ്സിൽ വല്ലാത്ത ആഘാതമേല്‌പിച്ചു. അഥീനിയം, ലണ്ടന്‍ മെർക്കുറി എന്നിവയുടെ അമേരിക്കന്‍ ലേഖകന്‍, ന്യൂയോർക്കർ പത്രത്തിന്റെ ലണ്ടന്‍ ലേഖകന്‍, ഹാർവാർഡ്‌ യൂണിവേഴ്‌സിറ്റിയിലെ അധ്യാപകനും ഫെലോയും എന്നീ നിലകളിൽ പ്രവർത്തിച്ചു. ഇടയ്‌ക്ക്‌ കുറേക്കാലം ഇംഗ്ലണ്ടിൽ താമസിച്ചെങ്കിലും പിന്നീട്‌ മാസച്യുസെറ്റ്‌സിലേക്കു തിരിച്ചുപോയി അവിടെ താമസമാക്കി.

എയ്‌കിന്റെ കൃതികളിൽ സാമൂഹികമോ രാഷ്‌ട്രീയമോ ആയ ആശയങ്ങള്‍ക്ക്‌ കാര്യമായ സ്ഥാനമൊന്നുമില്ല. മനുഷ്യന്റെ ആധ്യാത്മികജീവിതത്തിലാണ്‌ ഇദ്ദേഹം ശ്രദ്ധയൂന്നുന്നത്‌. ഇമേജിസ്റ്റുകളും സിംബലിസ്റ്റുകളും രൂപം നല്‌കിയ "നവീന കവിതാ' (New poetry) പ്രസ്ഥാനത്തിന്റെ പ്രണേതാക്കളിൽ ഒരാളാണിദ്ദേഹം. വൈയക്തികസ്വത്വത്തിന്റെ അന്വേഷണം ആദ്യകാലകവിതകളിൽ കാണാം. ആത്മജ്ഞാനത്തിലൂടെ വിശാലമായ ലോകത്തെ മനസ്സിലാക്കാനാണു കവി ശ്രമിച്ചത്‌. എർത്‌ ട്രയംഫന്റ്‌ (1914), നോക്‌റ്റേണ്‍ ഒഫ്‌ റിമംബേർഡ്‌ സ്‌പ്രിങ്‌ (1917), ദ്‌ ഹൗസ്‌ ഒഫ്‌ ഡസ്റ്റ്‌ (1920), ദ്‌ പിൽഗ്രിമെയ്‌ജ്‌ ഒഫ്‌ ഫെസ്റ്റസ്‌ (1923) തുടങ്ങിയ കവിതാസമാഹാരങ്ങള്‍ ഈ വിഭാഗത്തിൽപ്പെടുന്നു. സ്‌നേഹത്തിന്റെ തീവ്രത വിഷയമാക്കിയുള്ള 43 ഗീതകങ്ങളുടെ പരമ്പരയാണ്‌ ആന്‍ഡ്‌ ഇന്‍ ദ്‌ ഹ്യൂമന്‍ ഹാർട്ട്‌ (1940). നഗരത്തിന്റെ നന്മകളിലും തിന്മകളിലും അലിഞ്ഞുചേരുന്ന മനുഷ്യനെ ചിത്രീകരിക്കുന്ന ബ്രൗണ്‍ സ്റ്റോണ്‍ എക്ലോഗ്‌സ്‌ (1942), ഒരു പട്ടാളക്കാരന്റെ യഥാർഥ സ്വരൂപം കാട്ടിത്തരുന്ന ദ്‌ സോള്‍ജർ (1944), ന്യൂ ഇംഗ്ലണ്ടിലെ ആദ്യകാല കുടിയേറ്റക്കാരിൽ ഒരാളായ വില്യം ബ്ലാക്‌സ്റ്റണിലൂടെ അമേരിക്കക്കാരന്റെ മൗലികസ്വഭാവം പ്രതീകാത്മകമായി ആവിഷ്‌കരിക്കുന്ന ദ്‌ കിഡ്‌ (1947) എന്നിവ എയ്‌കിന്റെ കവിതകളുടെ കൂട്ടത്തിൽ മികച്ചുനില്‌ക്കുന്നു.

എയ്‌കിന്റെ പില്‌ക്കാലകവിതകള്‍-സ്‌കൈലൈറ്റ്‌ വണ്‍ (1949), ഷീപ്‌ ഫോള്‍ഡ്‌ ഹിൽ (1958), ദ്‌ മോണിങ്‌ സോങ്‌ ഒഫ്‌ ലോഡ്‌ സീറോ (1963) തുടങ്ങിയവ-അസ്‌തിത്വദർശനത്തിൽ അധിഷ്‌ഠിതമാണ്‌. ഇദ്ദേഹത്തിന്റെ കവിതകളുടെ സമാഹാരം 1953-ൽ കളക്‌റ്റഡ്‌ പോയംസ്‌ എന്ന പേരിൽ പ്രസിദ്ധീകരിക്കപ്പെട്ടു. ഭാവതീവ്രമായ അഞ്ചു നോവലുകളുടെ കർത്താവാണ്‌ എയ്‌കിന്‍. മാതാപിതാക്കളുടെ മൃതദേഹങ്ങള്‍ കാണാനിടയായ കുട്ടിക്കാലത്തെ അനുഭവം ഇദ്ദേഹത്തെ ഫ്രായിഡിയന്‍ മനഃശാസ്‌ത്രത്തിലേക്ക്‌ ആകർഷിച്ചു. നോവലുകളിലെല്ലാം മനഃശാസ്‌ത്രപരമായ സമീപനം കാണാം. ഒരു നാടകകൃത്തിന്റെ ഇംഗ്ലണ്ടിലേക്കുള്ള സമുദ്രയാത്രയുടെ ബോധധാരാരീതിയിലുള്ള വിവരണമാണ്‌ ബ്ലു വോയേജ്‌ (1927). ബോധധാരാരീതി (stream of consciousness techniques)ഉപയോഗിച്ച ആദ്യകാല അമേരിക്കന്‍ നോവലിസ്റ്റുകളിൽ ഒരാളാണിദ്ദേഹം. ആത്മജ്ഞാനം തേടിയുള്ള മനുഷ്യന്റെ യാത്രയുടെ പ്രതീകാത്മകമായ ആവിഷ്‌കാരം ഈ നോവലിൽ കാണാം. ഗ്രയ്‌റ്റ്‌ സർക്കിള്‍ (1933) എന്ന നോവലിലെയും പ്രതിപാദ്യം ഏതാണ്ടിതുതന്നെയാണ്‌. ഞരമ്പുരോഗിയായ ഒരു കുറ്റവാളിയുടെ കഥ പറയുന്ന കിങ്‌ കോഫിന്‍ (1935), അന്ത്യാനുരാഗത്തിന്റെ പ്രരണയാൽ ബോസ്റ്റണിൽ നിന്നു മെക്‌സിക്കോയിലേക്കു പോകുന്ന ആസന്നമരണയായ ഒരു സ്‌ത്രീയെക്കുറിച്ചുള്ള എ ഹാർട്ട്‌ ഫോർ ദ്‌ ഗോഡ്‌സ്‌ ഒഫ്‌ മെക്‌സിക്കോ (1939), ഭർത്താവ്‌, അച്ഛന്‍, കലാകാരന്‍ എന്നീ നിലകളിൽ ഒരു മനുഷ്യന്റെ ജീവിതത്തിലുണ്ടാകുന്ന സംഘർഷങ്ങള്‍ അവതരിപ്പിക്കുന്ന കോണ്‍വർസെയ്‌ഷന്‍ (1940) എന്നിവയാണു മറ്റു പ്രമുഖ നോവലുകള്‍. ബ്രിങ്‌, ബ്രിങ്‌ (1925) കോസ്റ്റ്യുംസ്‌ ബൈ ഇറോസ്‌ (1928), എമങ്‌ ദ്‌ ലോസ്റ്റ്‌ പീപ്പിള്‍ (1934) എന്നീ കഥാസമാഹാരങ്ങള്‍കൂടി എയ്‌കിന്റേതായുണ്ട്‌. അവസാനത്തെ സമാഹാരത്തിലെ "മിസ്റ്റർ ആർകുലാറിസ്‌' എന്ന കഥയുടെ നാടകരൂപാന്തരം 1957-ൽ പ്രസിദ്ധപ്പെടുത്തി. ആസന്നമരണനും ചിന്താഗ്രസ്‌തനുമായ ഒരു വൃദ്ധന്‍ സമുദ്രത്തിലൂടെ ഉല്ലാസയാത്ര ചെയ്യുന്നതായി ദിവാസ്വപ്‌നം കാണുന്നതാണ്‌ ഇതിലെ പ്രതിപാദ്യം. എയ്‌കിന്റെ കല്‌പനാമയമായ ആത്മകഥ 1952-ൽ അഷണ്ട്‌ (Ushant)എന്ന പേരിൽ പ്രസിദ്ധപ്പെടുത്തി. വിമർശനത്തിലും എയ്‌കിന്‍ തന്റെ വ്യക്തിമുദ്ര പതിപ്പിക്കുകയുണ്ടായി. സമകാലികകവികളെക്കുറിച്ചെഴുതിയ സ്‌കെപ്‌റ്റിസിസംസ്‌ (Scepticisms 1916),എമിലി ഡിക്കന്‍സന്റെ കവിതകളുടെ സമാഹാരത്തിനെഴുതിയ അവതാരിക (1924), എ റെവ്യൂവേഴ്‌സ്‌ എ.ബി.സി. (1958) എന്നിവയാണ്‌ ഈ രംഗത്തെ ശ്രദ്ധേയമായ സംഭാവനകള്‍. ഈ വിമർശനാത്മകരചനകള്‍ കളക്‌റ്റഡ്‌ ക്രിറ്റിസിസം (1960) എന്ന പേരിൽ സമാഹരിക്കപ്പെട്ടിരിക്കുന്നു.

പുലിറ്റ്‌സർ പ്രസ്‌ (1930), ഷെലി മെമ്മോറിയൽ പ്രസ്‌ (1930), നാഷണൽ മെഡൽ ഫോർ ലിറ്റ്‌റെച്ചർ (1969) തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ നേടി. 1973 ആഗ. 17-ന്‌ അമേരിക്കയിലെ ജോർജിയയിൽ അന്തരിച്ചു.

(ആർ.എൽ.വി.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍