This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എയിലാഷഫേൽ കോണ്‍ഗ്രസ്സുകള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
എയിലാഷഫേൽ കോണ്‍ഗ്രസ്സുകള്‍
ജർമനിയിലെ ആക്കന്‍ എന്ന സ്ഥലത്തെ എയിലാഷഫേലിൽ വച്ച് നടന്നിട്ടുള്ള സുപ്രധാനങ്ങളായ മൂന്ന് സമാധാന സമ്മേളനങ്ങള്‍.
1668 ഏ. 15-ന് ഫ്രാന്‍സും ത്രികക്ഷിസഖ്യ(ഹോളണ്ട്, ബ്രിട്ടന്‍, സ്വീഡന്‍)ത്തിന്റെ പ്രതിനിധികളും സെന്റ് ജെർമെയിന്‍ സന്ധി ഒപ്പുവച്ചതിനെത്തുടർന്ന് കൈമാറ്റയുദ്ധം(war of devolution) അവസാനിച്ചു. ഇതിലെ വ്യവസ്ഥകളനുസരിച്ച് 1667-ൽ ഫ്‌ളാന്‍ഡേഴ്‌സിലെ വിജയത്തിലൂടെ ഫ്രാന്‍സ് കൈയടക്കിയതെല്ലാം ആ രാജ്യത്തിനു ലഭിച്ചു. കാംബ്ര, അയർ, സെന്റ് ഒമെർ, ഫ്രാഞ്ചെ കോംറ്റെ എന്നീ പ്രദേശങ്ങള്‍ ഫ്രാന്‍സ് സ്‌പെയിനിനു മടക്കിക്കൊടുത്തു. 1669 മേയ് 7-ന് ഹേഗിൽ ഒപ്പുവച്ച കണ്‍വെന്‍ഷനിൽ എയിലാഷഫേൽ സന്ധിക്ക് ഹോളണ്ട്, ബ്രിട്ടന്‍, സ്വീഡന്‍ എന്നീ രാജ്യങ്ങള്‍ ജാമ്യം നില്‌ക്കുകയുണ്ടായി. പിന്നീട് സ്‌പെയിനും ഇത് അംഗീകരിച്ചു. 1748 ഏ. 24-ന് കൂടിയ രണ്ടാമത്തെ കോണ്‍ഗ്രസ് ആസ്‌ട്രിയന്‍ പിന്തുടർച്ചാവകാശയുദ്ധത്തിന് വിരാമമിട്ടു. നോ. ആസ്റ്റ്രിയന്‍ പിന്തുടർച്ചാവകാശയുദ്ധം
1818 ഒ. 1-ന് ചേർന്ന മൂന്നാം സമ്മേളനത്തിൽവച്ചാണ് ഫ്രാന്‍സിൽ നിന്ന് അധിനിവേശസൈന്യത്തെ പിന്‍വലിക്കണമെന്ന് ഗ്രറ്റ് ബ്രിട്ടന്‍, ആസ്‌ട്രിയ, പ്രഷ്യ, റഷ്യ എന്നീ നാലു സഖ്യകക്ഷികള്‍ തീരുമാനമെടുത്തത്. ഈ സമ്മേളനം ന. 15-ന് രണ്ടു തീരുമാനങ്ങള്‍ എടുത്തു: (1) പാരിസ്, ഷാമോണ്ട് എന്നീ സ്ഥലങ്ങളിൽവച്ച് 1815 ന. 20-ന് ഫ്രാന്‍സിനെതിരായി ഉടമ്പടിചെയ്‌ത ചതുർകക്ഷി സഖ്യം ഉറപ്പുവരുത്തുകയും പുതുക്കുകയും ചെയ്‌തുകൊണ്ടുള്ള ഒരു രഹസ്യപ്പെരുമാറ്റച്ചട്ടം; (2) ഉടമ്പടികളെ മാനിച്ച് സമാധാനം ഉറപ്പുവരുത്തുന്നതിനുവേണ്ട ശക്തികള്‍ സുഹൃദ്‌ബന്ധത്തിൽ തുടരുമെന്ന ഒരു പൊതു"പ്രഖ്യാപനം'.
അടിമവ്യാപാരം അമർച്ച വരുത്താനും കടൽക്കൊള്ളകള്‍ക്കു വിരാമം ഇടാനുംവേണ്ട ആലോചനകളും ഈ സമ്മേളനത്തിൽ നടന്നിരുന്നു. പുറം കടലുകളിൽവച്ച് പരസ്‌പരം പരിശോധന നടത്തുവാനുള്ള അവകാശം വേണമെന്ന ബ്രിട്ടീഷ് നിർദേശത്തോട് ഇതരകക്ഷികള്‍ക്കു യോജിക്കാന്‍ കഴിയാത്തതിനാൽ ഈ പ്രശ്‌നത്തിന്മേൽ തീരുമാനം ഉണ്ടാക്കുവാന്‍ സാധിച്ചില്ല. മെഡിറ്ററേനിയനിൽ റഷ്യയുടെ നാവികപ്പട ഉണ്ടാകുമെന്നതിനാൽ ഇക്കാര്യത്തിൽ അന്താരാഷ്‌ട്ര ഇടപെടൽ വേണമെന്ന നിർദേശം ബ്രിട്ടനും സ്വീകാര്യമായില്ല. ഫ്രാന്‍സിനെ ഒരു മഹച്ഛക്തി പദത്തിൽ പുനഃസ്ഥാപിക്കുവാനും ഈ സമ്മേളനത്തിനു കഴിഞ്ഞു. വന്‍ശക്തികള്‍ അടങ്ങിയ ഒരു അന്താരാഷ്‌ട്രസമിതി യൂറോപ്പ് ഭരിക്കേണ്ടതാണെന്ന തീരുമാനവും ഈ സമ്മേളനത്തിലാണുണ്ടായത്.