This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എക്സ്റ്റ്രഡിഷന്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
എക്സ്റ്റ്രഡിഷന്
Extradition
ഒരു രാജ്യാന്തര നിയമനടപടിക്രമം. ഒരു രാജ്യത്തിനുള്ളിൽവച്ച് അവിടത്തെ നിയമത്തിന്‍കീഴിൽ ശിക്ഷിക്കപ്പെടാവുന്ന ഒരു കുറ്റം ചെയ്തുവെന്ന് ആരോപിക്കപ്പെട്ടിരിക്കുകയോ കുറ്റത്തിനു ശിക്ഷിക്കപ്പെട്ടിരിക്കുകയോ ചെയ്യുന്ന ഒരാള്‍ ഏതെങ്കിലും വിദേശരാജ്യത്തിലേക്ക് ഓടിപ്പോവുകയോ, അവിടെ അഭയം തേടുകയോ ചെയ്യുമ്പോള്‍, ആ ആളെ തിരിയെ ഏല്പിക്കണമെന്ന് ആദ്യത്തെ രാജ്യം വിദേശരാജ്യത്തോട് ആവശ്യപ്പെടുന്നതനുസരിച്ച് ആ വിദേശരാജ്യം ചെയ്യുന്ന നടപടിയാണ് എക്സ്റ്റ്രഡിഷന് അല്ലെങ്കിൽ പ്രത്യർപ്പണം. സാധാരണയായി എക്സ്റ്റ്രഡിഷന് സംബന്ധിച്ച ഉടമ്പടിയിൽ ഏർപ്പെട്ടിട്ടുള്ള രാജ്യങ്ങള്‍ തമ്മിൽ മാത്രമേ കുറ്റക്കാരുടെ കൈമാറ്റം നടത്താറുള്ളൂ. ഇംഗ്ലണ്ടിൽ ഇതു സംബന്ധമായ നിയമം അടങ്ങിയിരിക്കുന്നത് 1870 മുതൽ 1935 വരെയുള്ള കാലഘട്ടത്തിൽ പാസ്സാക്കപ്പെട്ടിട്ടുള്ള എക്സ്റ്റ്രഡിഷന് ആക്റ്റുകളിലാണ്; കൂടാതെ 1962-ലെ കോമണ്‍വെൽത്ത് ഇമിഗ്രന്റ്സ് ആക്റ്റിലും തത്സംബന്ധമായ ചില കാര്യങ്ങള്‍ക്ക് വ്യവസ്ഥ ചെയ്തിട്ടുണ്ട്. രാഷ്ട്രീയ കുറ്റങ്ങള്‍ക്ക് എക്സ്റ്റ്രഡിഷന് ഉണ്ടായിരിക്കുന്നതല്ല. അവിടത്തെ ഹോം സെക്രട്ടറിയിലാണ് ഇതനുസരിച്ചുള്ള അധികാരങ്ങള്‍ നിക്ഷിപ്തമായിരിക്കുന്നത്.
ഇന്ത്യയിൽ. 1962-ലാണ് ഇന്ത്യയിൽ എക്സ്റ്റ്രഡിഷന് നിയമം നിലവിൽവന്നത്. അതിലെ വ്യവസ്ഥകള്‍ ഏറെക്കുറെ ഇംഗ്ലണ്ടിലെ നിയമവ്യവസ്ഥകള്‍ക്ക് സദൃശമാണ്. (ഇന്ത്യന്‍ എക്സ്റ്റ്രഡിഷന് ആക്റ്റ്, 1962).
എക്സ്റ്റ്രഡിഷന് വ്യവസ്ഥകളെ രണ്ടായി വിഭജിക്കാം: കോമണ്‍വെൽത്ത് രാജ്യങ്ങളിൽപ്പെടുന്നവയും എക്സ്റ്റ്രഡിഷന് ഏർപ്പാടുകള്‍ ചെയ്തിട്ടുള്ളവയുമായ രാജ്യങ്ങളെ സംബന്ധിക്കുന്നവ, മറ്റു രാജ്യങ്ങളെ സംബന്ധിക്കുന്നവ. ഒടുവിൽപ്പറഞ്ഞ രാജ്യങ്ങളെ സംബന്ധിക്കുന്ന വ്യവസ്ഥകള്‍ ഇവയാണ്: ഒരു അഭയാർഥിയായ കുറ്റക്കാരനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെടുന്ന ഒരു രാജ്യം അതിന്റെ ഡൽഹിയിലെ നയപ്രതിനിധി മുഖാന്തരം കേന്ദ്രഗവണ്മെന്റിന് അപേക്ഷ കൊടുക്കുകയോ അല്ലെങ്കിൽ ആ രാജ്യത്തിലെ ഇന്ത്യന്‍ നയതന്ത്രപ്രതിനിധി മുഖേന, ആ രാജ്യത്തെ ഗവണ്മെന്റ് കേന്ദ്രഗവണ്മെന്റിനോട് അപേക്ഷിക്കുകയോ ചെയ്യേണ്ടതാകുന്നു. ഈ രണ്ടു മാർഗവും സൗകര്യപ്രദമല്ലെങ്കിൽ ആ രാജ്യത്തെ ഗവണ്മെന്റും ഇന്ത്യാഗവണ്മെന്റും പരസ്പരം സമ്മതിക്കുന്ന രീതിയിൽ അപേക്ഷിക്കാവുന്നതാണ്. അപേക്ഷ കിട്ടിക്കഴിഞ്ഞാൽ, കേന്ദ്രഗവണ്മെന്റിന്, പ്രസക്തമായ കുറ്റം ഇന്ത്യയിൽവച്ചു ചെയ്യപ്പെട്ടിരുന്നുവെങ്കിൽ വിചാരണചെയ്യാന്‍ അധികാരമുണ്ടാകുമായിരുന്ന ഏതെങ്കിലും മജിസ്ട്രറ്റിന്, അതിനെപ്പറ്റി അന്വേഷിക്കാന്‍ നിർദേശിച്ചുകൊണ്ട് അത് അയച്ചുകൊടുക്കാം. അതിന്റെ അടിസ്ഥാനത്തിൽ മജിസ്ട്രറ്റ് അയാളെ അറസ്റ്റുചെയ്യാന്‍ വാറണ്ട് പുറപ്പെടുവിക്കണം. അയാള്‍ ഹാജരാകുകയോ ഹാജരാക്കപ്പെടുകയോ ചെയ്യുന്നതിന്മേൽ മജിസ്ട്രറ്റ് വേണ്ട തെളിവുകളെടുക്കേണ്ടതും, അവയുടെ അടിസ്ഥാനത്തിൽ അയാളുടെ പേരിൽ പ്രഥമദൃഷ്ട്യാ കേസില്ലെന്നു കണ്ടാൽ അയാളെ ഡിസ്ചാർജ് ചെയ്യേണ്ടതും, അതല്ല കേസുണ്ടെന്നു കണ്ടാൽ, തത്സംബന്ധമായ റിപ്പോർട്ട് കേന്ദ്രഗവണ്മെന്റിന്റെ ഉത്തരവിനായി അയയ്ക്കേണ്ടതും, അതു വരുന്നതുവരെ അയാളെ ജയിലിൽ സൂക്ഷിക്കേണ്ടതുമാണ്. കുറ്റക്കാരന്‍, കേന്ദ്രഗവണ്മെന്റിന്റെ പരിഗണനയ്ക്കായി ഒരു പത്രിക കൊടുക്കാവുന്നതും മജിസ്ട്രറ്റ് അത് തന്റെ റിപ്പോർട്ടിനോടൊപ്പം കേന്ദ്രഗവണ്മെന്റിന് അയച്ചുകൊടുക്കേണ്ടതുമാകുന്നു. അവ പരിഗണിച്ചതിനുമേൽ കുറ്റക്കാരനെ വിദേശഗവണ്മെന്റിന് ഏല്പിച്ചുകൊടുക്കേണ്ടതാണെന്ന് കേന്ദ്രഗവണ്മെന്റിന് അഭിപ്രായമുണ്ടാകുന്നുവെങ്കിൽ അയാളെ ഇന്ന സ്ഥലത്തുവച്ച് ഇന്നയാളെ ഏല്പിക്കുന്നതാണെന്നു കാണിച്ചുകൊണ്ട് ഒരു വാറണ്ട് നൽകേണ്ടതും അതനുസരിച്ച് കുറ്റക്കാരനെ വിട്ടുകൊടുക്കുന്നതുമാകുന്നു. മജിസ്ട്രറ്റിന്റെ മുമ്പാകെയുള്ള വിചാരണയിൽ, വിദേശരാജ്യത്തിൽ നിന്ന് ആ കുറ്റക്കാരനെ സംബന്ധിച്ചുള്ള ലക്ഷ്യങ്ങള്‍, മൊഴികള്‍, പ്രമാണങ്ങള്‍ മുതലായവ മുറപ്രകാരം പ്രമാണീകരിക്കപ്പെട്ട രീതിയിൽ, ഹാജരാക്കാവുന്നതും അവ തെളിവായി സ്വീകരിക്കപ്പെടുന്നതുമാണ്.
മറ്റു കോമണ്‍വെൽത്ത് രാഷ്ട്രങ്ങളിൽ. എക്സ്റ്റ്രഡിഷന് ഏർപ്പാടുകള്‍ ചെയ്തിട്ടുള്ള കോമണ്‍വെൽത്ത് രാജ്യങ്ങളിലേക്ക് അഭയാർഥിയായ കുറ്റക്കാരനെ ഏല്പിക്കുന്നതു സംബന്ധിച്ചുള്ള വ്യവസ്ഥകള്‍ ഇവയാണ്. കേന്ദ്രഗവണ്മെന്റിന്റെ ഉത്തരവിന്മേൽ മേല്പറഞ്ഞ വ്യവസ്ഥകള്‍, അതിന് യുക്തമെന്നുതോന്നുന്ന രൂപഭേദപ്പെടുത്തലുകളോടും അപവാദങ്ങളോടും ഉപാധികളോടുംകൂടെ നിശ്ചയിക്കാവുന്നതാകുന്നു. അങ്ങനെയുള്ള ആളെ സാക്ഷ്യപ്പെടുത്തപ്പെട്ട ഒരു വാറണ്ടിന്മേലോ താത്കാലികവാറണ്ടിന്മേലോ അറസ്റ്റു ചെയ്യാം. താത്കാലിക വാറണ്ടിൽ അറസ്റ്റു ചെയ്യപ്പെടുന്ന ഒരാളെ ഒരു സമയം ഏഴു ദിവസത്തിൽക്കൂടുതൽ കാലത്തേക്കു കസ്റ്റഡിയിൽ വച്ചുകൊണ്ടിരിക്കാവുന്നതല്ല. സാക്ഷ്യപ്പെടുത്തിയ വാറണ്ടു വരുന്നതിലേക്ക് ആവശ്യമായ കാലത്തേക്ക് റിമാന്‍ഡ് ചെയ്യുകയാണു വേണ്ടത്. ഒരു മജിസ്ട്രറ്റിന്റെ മുന്‍പാകെ ഒരു അഭയാർഥിയായ കുറ്റക്കാരനെ ഹാജരാക്കുന്നതിന്മേൽ അന്വേഷണം നടത്തേണ്ടതും അന്വേഷണത്തിൽനിന്ന് സാക്ഷ്യപ്പെടുത്തപ്പെട്ട വാറണ്ട് മുറപ്രകാരം പ്രമാണീകരിക്കപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായാൽ അയാളുടെമേൽ ആരോപിക്കപ്പെട്ടതോ, അയാള്‍ ഏതു കുറ്റത്തിനാണോ ശിക്ഷിക്കപ്പെട്ടിരിക്കുന്നത് ആ കുറ്റമോ, പ്രത്യർപ്പണത്തിന് അർഹമാക്കുന്ന കുറ്റമാണെങ്കിൽ, അയാളെ ജയിലിലേക്കു കമ്മിറ്റു ചെയ്യേണ്ടതും അതിന്റെ ഒരു സർട്ടിഫിക്കറ്റ് കേന്ദ്രഗവണ്മെന്റിന് അയച്ചുകൊടുക്കേണ്ടുമാണ്. മേല്പറഞ്ഞ തലത്തിലല്ല മജിസ്ട്രറ്റ് കാണുന്നതെങ്കിൽ കേന്ദ്രഗവണ്മെന്റിൽ നിന്ന് തത്സംബന്ധമായി ഉത്തരവ് കിട്ടുന്നതുവരെ അയാളെ കസ്റ്റഡിയിൽ സൂക്ഷിക്കുകയോ ജാമ്യത്തിൽ മോചിപ്പിക്കുകയോ ചെയ്യാവുന്നതാകുന്നു. ഇതു സംബന്ധിച്ചു മജിസ്ട്രറ്റ് കേന്ദ്രഗവണ്മെന്റിന് ഒരു റിപ്പോർട്ടും അഭയാർഥിയായ കുറ്റക്കാരന്‍ ബോധിപ്പിക്കുന്ന പത്രികയും അയച്ചുകൊടുക്കുകയും വേണം. അങ്ങനെ വിട്ടുകൊടുക്കേണ്ട ഒരു കുറ്റക്കാരനെ ആ കോമണ്‍വെൽത്ത് രാജ്യത്തിന് ഇന്ന സ്ഥലത്തുവച്ചും ഇന്നയാള്‍ക്കും ഏല്പിച്ചുകൊടുക്കുന്നതിലേക്ക് ഒരു വാറണ്ട് പുറപ്പെടുവിക്കാവുന്നതാണ്. അതിന്റെ അധികാരത്തിൽ കുറ്റക്കാരനെ കസ്റ്റഡിയിൽ ഏറ്റെടുത്ത് ആ രാജ്യത്തിലേക്കു കൊണ്ടുപോകുന്നതാണ്.
ഒരു വിദേശരാജ്യത്തുവച്ച് കുറ്റം ചെയ്യുന്ന ഒരുവനെ ഇന്ത്യ വിട്ടുകൊടുക്കുന്നതുപോലെ, ഇന്ത്യയ്ക്കുള്ളിൽവച്ച്, ഒരു കുറ്റം ചെയ്തതിന്റെ അടിസ്ഥാനത്തിൽ ശിക്ഷിക്കപ്പെട്ടവനോ കുറ്റം ആരോപിക്കപ്പെട്ടവനോ ആയ ഒരാള്‍ ഒരു വിദേശരാജ്യത്തേക്കു ഓടിപ്പോയാൽ അയാളെ വീണ്ടുകിട്ടുന്നതിനായി ഇന്ത്യാഗവണ്മെന്റിനു നടപടികള്‍ എടുക്കാവുന്നതാകുന്നു. ആ നടപടി ഇങ്ങനെയാണ്; കേന്ദ്രഗവണ്മെന്റ് ആ രാജ്യത്തിന്റെ ഡൽഹിയിലെ നയതന്ത്രപ്രതിനിധിയുടെയോ ആ രാജ്യത്തിലെ ഇന്ത്യയുടെ നയതന്ത്രപ്രതിനിധി ആ രാജ്യത്തിലെ ഗവണ്മെന്റിന്റെയോ മുമ്പാകെ അങ്ങനെയുള്ള അഭയാർഥിയായ കുറ്റക്കാരനെ വിട്ടുകിട്ടാന്‍ അപേക്ഷിക്കേണ്ടതാണ്. ഈ രണ്ടു മാർഗവും സൗകര്യപ്രദമല്ലെങ്കിൽ ആ രാജ്യവും ഇന്ത്യാഗവണ്മെന്റും പരസ്പരം സമ്മതിക്കുന്ന രീതിയിൽ അപേക്ഷിക്കാവുന്നതാണ്. അങ്ങനെയുള്ള ഒരു കുറ്റക്കാരനെ അറസ്റ്റുചെയ്യുന്നതിന് ഏതെങ്കിലും മജിസ്ട്രറ്റ് പുറപ്പെടുവിക്കുന്ന വാറണ്ട് ഈ നിയമത്തിന് കീഴിൽ ആവശ്യപ്പെടുന്ന ഫാറത്തിലായിരിക്കണം. വിദേശരാജ്യത്തിൽനിന്ന് എക്സ്റ്റ്രഡിഷന് മുഖേന ഇന്ത്യയിൽ കൊണ്ടുവരുന്ന കുറ്റക്കാരനെ, ബന്ധപ്പെട്ട അധികാരസ്ഥാനം നിയമാനുസരണം അയാളെ സംബന്ധിച്ച് നടപടികളെടുക്കേണ്ടതുമാകുന്നു. അപ്രകാരം കൊണ്ടുവരുന്ന ഒരു കുറ്റക്കാരനെ നിയമാനുസരണം ജാമ്യത്തിൽ മോചിപ്പിക്കാവുന്നതാണ്.
വിട്ടുനൽകലിന് അർഹമാക്കുന്ന ഏതെങ്കിലും കുറ്റം ചെയ്യുന്നതിനു പ്രരണ നൽകിയെന്ന കുറ്റം ആരോപിക്കപ്പെട്ടവനോ ആ കുറ്റത്തിനു ശിക്ഷിക്കപ്പെട്ടവനോ ആയ ഒരു അഭയാർഥിയായ കുറ്റക്കാരനെ ആ കുറ്റം ആരോപിക്കപ്പെട്ടവനോ ആ കുറ്റത്തിനു ശിക്ഷിക്കപ്പെട്ടവനോ ആയി, ഈ ആക്റ്റിന്റെ ആവശ്യങ്ങള്‍ക്ക് കരുതപ്പെടുന്നതാകുന്നു. ഒരു അഭയാർഥിയായ കുറ്റക്കാരന്റെ കുറ്റം രാഷ്ട്രീയസ്വഭാവത്തിലുള്ളതാണെന്നത് അയാളെ ഏതു മജിസ്ട്രറ്റിന്റെ മൂമ്പാകെയാണോ ഹാജരാക്കുന്നത്, അദ്ദേഹത്തിനെയോ കേന്ദ്രഗവണ്മെന്റിനെയോ ബോധ്യപ്പെടുത്തുന്നുവെങ്കിൽ അയാളെ വിട്ടുകൊടുക്കാന്‍ പാടുള്ളതല്ല. അതുപോലെ കുറ്റം ചെയ്ത രാജ്യത്തിലെ നിയമമനുസരിച്ച് കുറ്റക്കാരന്റെ പേരിലുള്ള നടപടി അവിടത്തെ കാലഹരണനിയമത്താൽ ബാധിക്കപ്പെട്ടിട്ടുണ്ടെങ്കിലും വിട്ടുകൊടുത്തുകൂടാ. കൂടാതെ അയാള്‍ ഇന്ത്യയിൽവച്ചു ചെയ്ത ഏതെങ്കിലും കുറ്റത്തിന്റെ അടിസ്ഥാനത്തിൽ ഏതെങ്കിലും നടപടിക്ക് വിധേയനായിരിക്കുകയോ ഏതെങ്കിലും ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുകയോ ചെയ്യുന്നുവെങ്കിൽ അതിൽനിന്ന് അയാളെ ഡിസ്ചാർജ് ചെയ്യുന്നതിനോ, ശിക്ഷയുടെ കാലാവധി അവസാനിക്കുന്നതിനുമുമ്പ് വിട്ടുകൊടുക്കുന്നതിനോ നിയമം അനുശാസിക്കുന്നില്ല. കോമണ്‍വെൽത്ത് രാജ്യങ്ങള്‍ ഏതൊക്കെയാണെന്നും, അവയുമായും ഉടമ്പടിയിൽ ഏർപ്പെട്ടിട്ടുള്ള രാജ്യങ്ങളുമായും പ്രത്യർപ്പണം ചെയ്യാവുന്ന കുറ്റങ്ങള്‍ എന്തൊക്കെയാണെന്നും എക്സ്റ്റ്രഡിഷന് ആക്റ്റിൽ പറഞ്ഞിട്ടുണ്ട്. ഈ ആക്റ്റിന്റെ ഉദ്ദേശ്യങ്ങള്‍ പ്രാവർത്തികമാക്കുന്നതിൽ ആവശ്യമായ ചട്ടങ്ങളുണ്ടാക്കുന്നത് കേന്ദ്രഗവണ്മെന്റ് ആണ്.
ചില വ്യവസ്ഥകള്‍ക്കു വിധേയമായി കുറ്റവാളിയെയോ കുറ്റാരോപിതനെയോ വിട്ടുകൊടുക്കാമെന്ന് ടി നിയമം വ്യവസ്ഥ ചെയ്യുന്നു. (ടി നിയമത്തിലെ ആർട്ടിക്കിള്‍ 34(ബി). അധികാരപ്പെട്ട മജിസ്ട്രറ്റിന്റെ വാറണ്ട് (അധിപത്രം) ഇല്ലാതെയും പൊലീസിനും അടിയന്തരസാഹചര്യങ്ങളിൽ ക്രിമിനൽ നടപടി നിയമപ്രകാരം അറസ്റ്റു ചെയ്യാവുന്നതും എന്നാൽ അത്തരം സാഹചര്യങ്ങളിൽ താമസംവിനാ വിവരം ഇന്റർപോള്വിങ് വഴി കേന്ദ്രഗവണ്മെന്റിനെ അറിയിക്കേണ്ടതുമാകുന്നു. ഇന്ത്യയുമായി പ്രത്യർപ്പണ ഉടമ്പടിയുള്ള രാജ്യങ്ങള്‍. ബൽജിയം, ഭൂട്ടാന്, കാനഡ, ഹോംകോങ്, നേപ്പാള്‍, നെതർലന്‍ഡ്സ്, റഷ്യ, സ്വിറ്റ്സർലണ്ട്, യു.എ.ഇ., ഇംഗ്ലണ്ട്, അമേരിക്ക, ഉസ്ബെക്കിസ്താന്, സ്പെയിന്, മംഗോളിയ, ടർക്കി, ജർമനി, ടുണീഷ്യ, ഒമാന്‍, ഫ്രാന്‍സ്, പോളണ്ട്, കൊറിയ, ബഹ്റിന്, ബള്‍ഗേറിയ, ഉക്രയ്ന്, സൗത്ത് ആഫ്രിക്ക, ബിലറൂസ്, കുവൈറ്റ്, മൗറീഷ്യസ്, മേല്പറഞ്ഞവ കൂടാതെ ചുരുക്കം ചില രാജ്യങ്ങളുമായി ഇന്ത്യ പ്രത്യർപ്പണതീർപ്പ് ഉണ്ടാക്കിയിട്ടുണ്ട്. അവ: ആസ്റ്റ്രലിയ, ഫിജി, ഇറ്റലി, പാപ്വാ ന്യൂഗിനിയ, സിംഗപ്പൂർ, ശ്രീലങ്ക, സ്വീഡന്, ടാന്‍സാനിയ, തായ്ലന്ഡ്, പോർച്ചുഗൽ എന്നിവയാണ്.
എക്സ്റ്റ്രഡിഷന് കരാറുകള്‍ ഇല്ലാത്ത രാജ്യങ്ങളിൽ നിന്നുപോലും കുറ്റവാളികളെ വിട്ടുകിട്ടുന്നതിന് നയതന്ത്രതലത്തിൽ നീക്കങ്ങള്‍ നടത്താവുന്നതാണ്. പോർച്ചുഗലിൽ നിന്നു കുപ്രസിദ്ധ കുറ്റവാളിയായ അബു സേലത്തിനെ വിചാരണയ്ക്ക് വിട്ടുകിട്ടിയത് ഉദാഹരണം.
എക്സ്റ്റ്രഡിഷന്റെ പരിധി. ഏതു കുറ്റത്തെ അഥവാ കുറ്റാരോപണത്തെ പ്രതിയാണോ ഒരു വ്യക്തിയെ കൈമാറ്റം ചെയ്യുന്നത് അതേ കുറ്റത്തിന്റെ അഥവാ കുറ്റാരോപണത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ വിചാരണ നടത്തുവാന്‍ പാടുള്ളൂ. എക്സ്റ്റ്രഡിഷന് നിയമത്തിലെ 21-ാം വകുപ്പിലെ ഈ ഉപാധിയാണ് ദയാസിങ് ലഹോറിയയുടെ കേസിൽ സുപ്രീംകോടതി വ്യാഖ്യാനിച്ചത്.
(എം. പ്രഭ)