This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എക്‌സിബിഷനിസം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:07, 11 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

എക്‌സിബിഷനിസം

Exhibitionism

ഒരുതരം ലൈംഗികസംബന്ധമായ മാനസികരോഗം. മറ്റു മാനസികരോഗങ്ങളെ അപേക്ഷിച്ച്‌ എടുത്തുപറയത്തക്ക ഒരു സവിശേഷത ഈ രോഗത്തിനുണ്ട്‌. സാധാരണ മാനസികരോഗങ്ങള്‍ എല്ലാ രോഗികളിലും ലിംഗഭേദമെന്യേ പ്രത്യക്ഷപ്പെടാറുണ്ട്‌.

അടുത്ത കാലം വരെ അപസ്‌മാരം ഇതിനൊരു അപവാദമായി കരുതപ്പെട്ടിരുന്നുവെങ്കിലും ഇന്ന്‌ ഈ രോഗം സ്‌ത്രീകളിലും പുരുഷന്മാരിലും ഉണ്ടാകുമെന്ന്‌ പൊതുവേ അംഗീകരിക്കപ്പെട്ടിരിക്കുന്നു; പക്ഷേ എക്‌സിബിഷനിസത്തിന്റെ കാര്യത്തിൽ ഒരു പ്രത്യേകതയുണ്ട്‌-പുരുഷന്മാരിൽ മാത്രമേ സാധാരണയായി ഈ രോഗം കണ്ടുവരാറുള്ളൂ. അതുപോലെതന്നെ പാശ്ചാത്യരാജ്യങ്ങളെ അപേക്ഷിച്ച്‌ പൗരസ്‌ത്യ രാജ്യങ്ങളിൽ ഈ രോഗം താരതമ്യേന കുറവാണ്‌. ഈ കാരണങ്ങള്‍ കൊണ്ടുതന്നെ ഇതിന്റെ മൂലകാരണം രോഗിയുടെ ശാരീരികത്തകരാറല്ല, നേരെമറിച്ച്‌ രോഗി വളർന്നുവന്ന സാമൂഹിക സാംസ്‌കാരിക ചുറ്റുപാടുകളിൽ നിന്നുടലെടുത്ത അയാളുടെ മാനസിക വികല്‌പങ്ങളാണ്‌ എന്നു കരുതപ്പെടുന്നു. എക്‌സിബിഷനിസമുള്ള ഒരു വ്യക്തിയെ ഒരു മനോരോഗിയായി തിരിച്ചറിയുക അത്ര എളുപ്പമല്ല. കാരണം, ലൈംഗികജീവിതമൊഴിച്ചുള്ള എല്ലാക്കാര്യങ്ങളിലും മിക്കവാറും സന്തുലിത മാനസികസ്ഥിതിയുള്ള സാധാരണ മനുഷ്യരെപ്പോലെതന്നെ അയാള്‍ പെരുമാറുന്നു. ലൈംഗിക ജീവിതത്തിലുള്ള അയാളുടെ പ്രത്യേകത വല്ലവരും പരാതിപ്പെടുമ്പോഴല്ലാതെ പരസ്യമാകുന്നുമില്ല.

സ്‌ത്രീകളുമായി സാധാരണരീതിയിൽ ഇണചേരാന്‍ ഒരു എക്‌സിബിഷനിസ്റ്റിന്‌ താരതമ്യേന താത്‌പര്യം കുറവാണ്‌. അതേസമയം തന്റെ ഗുഹ്യപ്രദേശങ്ങളും ലൈംഗികാവയവങ്ങളും മറ്റുള്ളവരെകാണിക്കുന്നതിലാണ്‌ അയാളുടെ താത്‌പര്യം മുഴുവനും. ഇപ്രകാരം ചെയ്യുന്നതിൽ "ചെറിയ രസം' മുതൽ "പരിപൂർണ ലൈംഗികാനുഭൂതി' വരെ ലഭിക്കുന്ന പല തരത്തിലുള്ള എക്‌സിബിഷനിസ്റ്റുകളും ഉണ്ട്‌.

സഹധർമിണിയെയോ ലൈംഗികബന്ധത്തിനു തെരഞ്ഞെടുക്കുന്ന സ്‌ത്രീയെയോ അല്ല, സാധാരണ ഒരു എക്‌സിബിഷനിസ്റ്റ്‌ തന്റെ പ്രദർശനത്തിന്റെ കാഴ്‌ചക്കാരിയായി തെരഞ്ഞെടുക്കുന്നത്‌; നേരെ മറിച്ച്‌ തീരെ പരിചയമില്ലാത്ത കുട്ടികളെയും ചെറുപ്പക്കാരികളെയും ആണ്‌. അതുപോലെതന്നെ ഉറക്കറയല്ല, ആളൊഴിഞ്ഞ തെരുവുകളും പൊതുസ്ഥലങ്ങളുമാണ്‌ അയാളുടെ പ്രദർശന സ്ഥലം.

എക്‌സിബിഷനിസത്തിന്റെ മൂലകാരണങ്ങളെക്കുറിച്ച്‌ ഒട്ടേറെ സിദ്ധാന്തങ്ങളുണ്ട്‌. തന്റെ മാനസിക വളർച്ചയ്‌ക്കിടയിൽ പിന്നിട്ടു പോരേണ്ടിയിരുന്ന ഒരു ഘട്ടത്തിൽ രോഗി ഉറച്ചുപോയതുകൊണ്ട്‌ ഉണ്ടാകുന്ന വൈകല്യമാണ്‌ ഇതിനുകാരണം എന്ന സിദ്ധാന്തത്തിനാണ്‌ ഏറ്റവും കൂടുതൽ പ്രാബല്യമുള്ളത്‌.

ചെറിയ കുട്ടികള്‍ക്ക്‌ തങ്ങളുടെ ലൈംഗികാവയവങ്ങള്‍ പ്രദർശിപ്പിക്കുവാനുള്ള വാസന സാധാരണ ഉണ്ടാകാറുണ്ടെന്നും ഇതിൽനിന്ന്‌ അവർ ഒരുതരം ലൈംഗികസുഖം അനുഭവിക്കുന്നുണ്ടെന്നും ചില മനഃശാസ്‌ത്രജ്ഞന്മാർ വിശ്വസിക്കുന്നു. ഈ വിശ്വാസം ശരിയാണെങ്കിലും തെറ്റാണെങ്കിലും കൊച്ചുകുട്ടികള്‍ക്ക്‌ നഗ്നമായി നടക്കാന്‍ വിഷമമില്ല എന്ന വസ്‌തുത നിസ്‌തർക്കമാണ്‌. അതുപോലെതന്നെ കൗമാരത്തിലേക്കു കടക്കുന്ന ചില വ്യക്തികള്‍ക്ക്‌ തങ്ങളിൽ പെട്ടെന്നുണ്ടായ ശാരീരികമാറ്റങ്ങളെ പ്രദർശിപ്പിക്കാന്‍ ഒരു ഔത്സുക്യം കാണാറുണ്ട്‌. ഇത്തരം വാസനകള്‍ സാധാരണ കണ്ടുവരാറുള്ളതും പില്‌ക്കാലങ്ങളിൽ തനിയെ വിട്ടുമാറുന്നതും നിരുപദ്രവങ്ങളുമായ എക്‌സിബിഷനിസത്തിന്റെ ചെറിയ തോതിലുള്ള രൂപഭേദങ്ങളാണെന്നു വിശ്വസിക്കുന്നവരുണ്ട്‌. ഫ്രായ്‌ഡ്‌ ആവിഷ്‌കരിച്ച "മനോവിശ്ലേഷണരീതി' (psycho-analysis) ആയിരുന്നു ഇതുവരെ എക്‌സിബിഷനിസത്തിന്റെ ചികിത്സാവിധി. എന്നാൽ ഇപ്പോള്‍ ഈ രോഗം "പെരുമാറ്റചികിത്സ' (behaviour therapy) കൊണ്ടും സുഖപ്പെടുത്താമെന്ന്‌ കണ്ടുപിടിക്കപ്പെട്ടിരിക്കുന്നു.

(ഡോ.കെ. ദേവദാസന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍