This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉമയമ്മറാണി (ഭ.കാ. 1677 - 84)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:49, 11 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഉമയമ്മറാണി (ഭ.കാ. 1677 - 84)

വേണാടു ഭരിച്ചിരുന്ന ഒരു രാജ്ഞി. അശ്വതി തിരുനാള്‍ ആറ്റിങ്ങൽ തമ്പുരാട്ടി (തമ്പുരാന്‍) എന്ന പേരിലും പഴയരേഖകളിൽ പരാമർശം കാണുന്നു. തിരുവനന്തപുരം ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രത്തിലെ എട്ടരയോഗക്കാരും അവരുടെ സിൽബന്തികളായിരുന്ന എട്ടുവീട്ടിൽ പിള്ളമാരും ചേർന്ന്‌ രാജശക്തിയെ വെല്ലുവിളിച്ചുവെന്നും അവർ തിരുവനന്തപുരം പുത്തന്‍കോട്ട കൊട്ടാരത്തിന്‌ തീവച്ചുവെന്നും 854-ൽ ആദിത്യവർമ മഹാരാജാവിന്‌ വിഷംകൊടുത്തുവെന്നും ഉമയമ്മറാണിയുടെ അഞ്ചുപുത്രന്മാരെയും കളിപ്പാന്‍കുളത്തിൽ മുക്കിക്കൊന്നുവെന്നും വി. നാഗമയ്യ രേഖപ്പെടുത്തിയിട്ടുണ്ട്‌. മാർത്താണ്ഡമഠം, രാമനാമഠം, കുളത്തൂർ, കഴക്കൂട്ടം, വെങ്ങാനൂർ, ചെമ്പഴന്തി, കുടമണ്‍, പള്ളിച്ചൽ എന്നീ നാമങ്ങളിൽ പ്രസിദ്ധരായിരുന്നു എട്ടുവീട്ടിൽ പിള്ളമാർ. സി.വി. രാമന്‍പിള്ളയുടെ മാർത്താണ്ഡവർമ എന്ന ആഖ്യായികയിലും മഹാകവി ഉള്ളൂരിന്റെ ഉമാകേരളം മഹാകാവ്യത്തിലും ഇവരെപ്പറ്റിയുള്ള കഥകള്‍ക്ക്‌ സാഹിത്യപരിവേഷം ചാർത്തിയിട്ടുണ്ട്‌. എന്നാൽ ഈ കഥകള്‍ പൂർണമായി വിശ്വാസ്യയോഗ്യമല്ലെന്ന്‌ മതിലകത്തെ ചില ചരിത്രരേഖകള്‍ തെളിയിക്കുന്നു. ആദിത്യവർമയെയും ഉമയമ്മറാണിയെയും പറ്റിയുള്ള പൂർവകഥകള്‍ അസത്യമാണെന്ന്‌ ശ്രീപദ്‌മനാഭസ്വാമിക്ഷേത്രകാര്യച്ചുരുണയിൽ നിന്നും വ്യക്തമാകുന്നു. ആദിത്യവർമ നാടുനീങ്ങിയത്‌ 854-ൽ തിരുവനന്തപുരത്തുള്ള പുത്തന്‍കോട്ട കൊട്ടാരത്തിൽ വച്ചായിരുന്നില്ല. 852-ൽ കൽക്കുളത്ത്‌ ദർപ്പക്കുളങ്ങരെ കോയിക്കൽവച്ചായിരുന്നു. കൊട്ടാരത്തിന്‌ തീ വയ്‌ക്കുകയോ ആദിത്യവർമയ്‌ക്ക്‌ വിഷംകൊടുക്കുകയോ ഒന്നുമുണ്ടായിട്ടില്ല. ആദിത്യവർമയുടെ മരണത്തിന്‌ വിശേഷകാരണമൊന്നും പറഞ്ഞിട്ടില്ലെന്നത്‌ ശ്രദ്ധേയമാണ്‌. അദ്ദേഹത്തെ പള്ളിയടക്കം ചെയ്‌തത്‌ തിരുവനന്തപുരത്തിന്‌ 50 കി.മീ. തെക്കുള്ള തിരുവട്ടാറ്റായിരുന്നു. ആദിത്യവർമ നാടുനീങ്ങിയപ്പോള്‍ ആറ്റിങ്ങൽ രണ്ടുറാണിമാരും (ഉമയമ്മറാണി ഉള്‍പ്പെടെ) രവിവർമയും രാമവർമയും മാത്രമേ രേഖയനുസരിച്ചുണ്ടായിരുന്നുള്ളൂ.

കളിപ്പാന്‍കുളത്തിൽവച്ച്‌, ആദിത്യവർമയുടെ മരണം കഴിഞ്ഞ്‌ കൊല്ലപ്പെട്ടവരായി പറയപ്പെടുന്ന കുമാരന്മാർ ആദിത്യവർമയുടെ ചരമാവസരത്തിൽ ഉണ്ടായിരുന്നില്ലെന്നു ചരിത്രരേഖകള്‍ വ്യക്തമാക്കുന്നു. അന്ന്‌ ഉണ്ടായിരുന്ന മൂന്നു രാജകുമാരന്മാരിൽ രണ്ടുപേരെ ഉമയമ്മറാണി 847-ൽ ദത്തെടുത്തതായിരുന്നു. അവരിൽ കൊച്ചുരാമന്‍ ഉച്ചി പണ്ടാരത്തിൽ എന്നയാള്‍ റാണിയുടെ ബ്രാഹ്മണവളർത്തുപുത്രനുമായിരുന്നു. ചില ചരിത്രകാരന്മാർ പറയുന്നതുപോലെ റാണിക്ക്‌ ആറു പുത്രന്മാർ ഉണ്ടായിരുന്നെങ്കിൽ ഈ ദത്തുകള്‍ക്കു ന്യായമില്ലല്ലോ.

ആദിത്യവർമയുടെ കാലശേഷം റാണി സാധിച്ച കാര്യങ്ങളും ഈ കഥകളെ അവിശ്വസനീയമാക്കുന്ന തരത്തിലുള്ളതാണ്‌. സിംഹാസനാവകാശിയായിരുന്ന രവിവർമയ്‌ക്ക്‌ പ്രായപൂർത്തിയാകാത്തതുകൊണ്ട്‌ ഉമയമ്മറാണി തന്നെ തത്‌കാലം ഭരണം കൈയേറ്റു (1677). രാജ്ഞി ഭരണകാര്യത്തിലും യുദ്ധകാര്യത്തിലും ഒരുപോലെ പ്രഗല്‌ഭയായിരുന്നു. കൊച്ചിയിലെ ഡച്ചുഗവർണർ ആയിരുന്ന വാന്‍റീഡിന്റെ അഭിപ്രായത്തിൽ റാണിയെ എല്ലാവരും ഭയബഹുമാനാദികളോടെയാണ്‌ കരുതിയിരുന്നത്‌. സിംഹാസനം ലക്ഷ്യമാക്കി വേണാടിനെ ആക്രമിച്ച പേരകത്താവഴി (നെടുമങ്ങാട്‌ താവഴി)യിലെ വീരകേരളവർമയെ കരമനയാറു കടന്ന്‌ റാണി തോല്‌പിച്ചതും അതിൽ അവർ പ്രകടിപ്പിച്ച ധീരതയും വാന്‍റീഡ്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌. ആദിത്യവർമയുടെ കാലത്ത്‌ കുഴപ്പത്തിലായിരുന്ന ഭരണകാര്യങ്ങള്‍ നേരെയാക്കാന്‍ ഉമയമ്മറാണിക്കു കഴിഞ്ഞു. ആദിത്യവർമയുടെ ശേഷക്രിയകള്‍ നിർവഹിച്ചശേഷം റാണി എട്ടരയോഗക്കാരെ അന്നത്തെ തലസ്ഥാനമായിരുന്ന കൽക്കുളത്തു വിളിച്ചുകൂട്ടി. കൽക്കുളം ഖജനാവിലെ ഇരിപ്പുപണ്ടങ്ങള്‍ തിട്ടപ്പെടുത്തി. തമിഴ്‌നാട്ടിൽ തിരുവിതാംകൂറിന്റെ വകയായിരുന്ന വള്ളിയൂരിൽ പോയി കരുവുകരപ്പുര(ഖജനാവ്‌) തുറപ്പിച്ച്‌ കണക്കുനോക്കി ബന്തവസ്സു ചെയ്യിപ്പിച്ചു. അതിനുശേഷം തിരുവനന്തപുരത്തെത്തി രവിവർമയെക്കൊണ്ട്‌ ദേശിങ്ങനാടു മൂപ്പും തൃപ്പാപ്പൂർ മൂപ്പും ഏറ്റെടുപ്പിച്ചു. ദേശിങ്ങനാടുമൂപ്പ്‌ കൊല്ലം ശാഖയുടെ അധികാരവും തൃപ്പാപ്പൂർ മൂപ്പ്‌ പദ്‌മനാഭസ്വാമി ക്ഷേത്രത്തിന്റെ മേല്‌ക്കോയ്‌മയുമായിരുന്നുവെന്ന്‌ അനുമാനിക്കാം.

ഭണ്ഡാരകാര്യത്തിൽ പ്രത്യേകം ശ്രദ്ധിച്ചിരുന്ന പിള്ളമാരെക്കൊണ്ട്‌ ദേശവഴി മുതലും ചെലവും വക കണക്കെഴുതിപ്പിച്ചു. കുറ്റക്കാരെ ജോലിയിൽനിന്നു പിരിച്ചുവിട്ടു. റാണിയുടെ ഊർജിതമായ ഭരണം പിള്ളമാർക്ക്‌ വിഷമമായി. അവർ പ്രതികാരത്തിന്‌ ആലോചനതുടങ്ങി. അതിനു പഴുതുമുണ്ടായിരുന്നു. രവിവർമയ്‌ക്ക്‌ പ്രായപൂർത്തി വന്നിരുന്നില്ല. വേണാട്ടെ ശാഖകളായിരുന്ന പേരകത്തും(നെടുമങ്ങാട്‌) ഇളയിടത്തും(കൊട്ടാരക്കര) പ്രായപൂർത്തിവന്ന പുരുഷന്മാരുണ്ടായിരുന്നു. അവർ മൂപ്പുവാഴ്‌ചയ്‌ക്ക്‌ അവകാശമുന്നയിച്ചു. ആദിത്യവർമയെ കൊച്ചിയിൽനിന്നു ദത്തെടുത്തപ്പോഴും ഈ ശാഖകള്‍ എതിർത്തിരുന്നു. ഉമയമ്മറാണി രവിവർമയ്‌ക്കുപകരം വാഴ്‌ച ഏറ്റത്‌ അവർക്ക്‌ തർക്കത്തിനു സന്ദർഭംകൊടുത്തു. അതിനിടയ്‌ക്ക്‌ മകയിരം തിരുനാള്‍ ആറ്റിങ്ങൽ മൂത്ത തമ്പുരാട്ടി(തമ്പുരാന്‍) നാടുനീങ്ങിയതുകൊണ്ട്‌ ഉമയമ്മറാണിക്ക്‌ ആറ്റിങ്ങൽ മൂപ്പുകിട്ടി. വീരകേരളവർമയുടെയും (പേരകത്താവഴി) മറ്റും അവകാശത്തെ എന്നേക്കും നിഷേധിക്കാന്‍ ഉമയമ്മറാണി എ.ഡി. 1678 (കൊ.വ. 853)-ൽ കോലത്തുനാട്ടിൽ നിന്ന്‌ ഒരു രാജകുമാരനെയും രണ്ടു രാജകുമാരിമാരെയും ദത്തെടുത്തു. ഈ ദത്ത്‌ കേരളവർമയെ കൂടുതൽ ചൊടിപ്പിച്ചു. അദ്ദേഹം കൂടുതൽ സൈന്യങ്ങളുമായി കുഴിത്തുറ പാളയം ഉറപ്പിച്ചു. റാണിയും രവിവർമയുംകൂടി കുഴിത്തുറയിലേക്കു നീങ്ങി. ആ യുദ്ധത്തിൽ റാണിക്ക്‌ വിജയം സിദ്ധിച്ചു. വീരകേരളവർമ ഉമയമ്മറാണിയുടെ അധികാരം അംഗീകരിച്ചു തിരിച്ചുപോയി. തുടർന്ന്‌ വടക്കു പിറവഴിയാനാട്ടിൽ(കോട്ടയം) നിന്ന്‌ തീർഥയാത്രയായി വന്ന കേരളവർമയെ ഹിരണ്യസിംഹനെല്ലൂർ (ഇരണിയൽ) ഇളമുറ എന്ന സ്ഥാനംകൊടുത്ത്‌ വേണാട്ടിൽ ഇളയരാജാവാക്കി. ഭരണകാര്യത്തിലും രാജ്യരക്ഷയിലും കേരളവർമ റാണിയെ വളരെ സഹായിച്ചു. കൊ.വ. 855-ൽ തെക്കന്‍ തിരുവിതാംകൂറിൽ കൊള്ളയ്‌ക്കു വന്ന മുകിലനെയും കൂട്ടുകാരെയും കേരളവർമയും വേണാട്ടു പട്ടാളവും തിരുവട്ടാറ്റുവച്ചു തോല്‌പ്പിച്ചു. എ.ഡി. 1696 (കൊ.വ. 871)-ലെ ഇരണിയൽ ശിലാശാസനംകൊണ്ട്‌ പുലപ്പേടി, മച്ചാപ്പേടി എന്നീ ദുരാചാരങ്ങള്‍ നിർത്തലാക്കിയത്‌ ഇദ്ദേഹമായിരുന്നു.

എ.ഡി. 1684(കൊ.വ. 859)-ൽ അഞ്ചുതെങ്ങിൽ റാണി ബ്രിട്ടീഷുകാർക്ക്‌ കച്ചവടത്തിന്‌ സൗകര്യം അനുവദിച്ചുകൊടുത്തു. പോർച്ചുഗീസുകാരും ഡച്ചുകാരും മുമ്പുതന്നെ അവിടെ കച്ചവടം നടത്തിപ്പോന്നു. ബ്രിട്ടീഷുകാർ അവിടെ വാണിജ്യകേന്ദ്രം ഉറപ്പിച്ചതോടെ അതിന്റെ പ്രാധാന്യം വളരെ വർധിച്ചു. പില്‌ക്കാലത്ത്‌ ബ്രിട്ടീഷുകാരുമായുള്ള ബന്ധത്തിന്‌ അടിത്തറയിട്ടത്‌ റാണിയായിരുന്നു. എ.ഡി. 1684(കൊ.വ. 859)-ൽ രവിവർമയ്‌ക്കു പ്രായപൂർത്തിവന്നപ്പോള്‍ ഭരണം അദ്ദേഹത്തെ ഏല്‌പിച്ചശേഷം റാണി പിന്മാറി. എന്നാൽ പിന്നീടും റാണിയും കോട്ടയം കേരളവർമയും രവിവർമയെ സഹായിച്ചുകൊണ്ടിരുന്നു. റാണിയുടെ ചരമകാലം നിശ്ചയമില്ല. 1700-മാണ്ട്‌ ആയിരുന്നുവെന്ന്‌ മഹാകവി ഉള്ളൂർ ഹുസൂർ സെന്‍ട്രൽ റിക്കാർഡ്‌ സീരീസിൽ രേഖപ്പെടുത്തിയിരിക്കുന്നു.

(ശൂരനാട്ടു കുഞ്ഞന്‍പിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍