This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉപ്പുസത്യഗ്രഹം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:28, 11 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഉപ്പുസത്യഗ്രഹം

1930-31-ൽ ഇന്ത്യന്‍ സ്വാതന്ത്ര്യസമ്പാദനാർഥം സ്വീകരിച്ച സിവിലാജ്ഞാലംഘനത്തിന്റെ ഒരു ഭാഗം. ബോംബെ കേന്ദ്രീകരിച്ചുകൊണ്ടു നടത്തിയ ഉപ്പുസത്യഗ്രഹത്തിന്‌ ഇന്ത്യയിലുടനീളം, ഭിന്നരൂപത്തിലുള്ള സമരതന്ത്രങ്ങള്‍ വഴി പിന്തുണ പ്രഖ്യാപിക്കപ്പെട്ടു. 1836-ൽ സാള്‍ട്ട്‌ കമ്മിഷന്റെ ശിപാർശപ്രകാരം ബ്രിട്ടീഷ്‌ ഇന്ത്യയിൽ ഉപ്പിന്റെ കുത്തകാവകാശം ഗവണ്‍മെന്റ്‌ ഏറ്റെടുത്തു. ബ്രിട്ടീഷുകാരുടെ കയറ്റുമതിവ്യാപാരത്തെ ഇതു പ്രാത്സാഹിപ്പിച്ചെങ്കിലും ഇന്ത്യാക്കാരെ പ്രതികൂലമായി ബാധിച്ച ഉപ്പുനിയമം വമ്പിച്ച പ്രതിഷേധത്തിനു കാരണമായി. ഉപ്പ്‌ ഉത്‌പാദനവുമായി ബന്ധപ്പെട്ടുകഴിഞ്ഞിരുന്ന ഗുജറാത്തിലെ ഗ്രാമങ്ങള്‍ പുതിയ നിയമത്തിലൂടെ കൊടിയ ദുരിതത്തെ നേരിട്ടു. ദൈനംദിനജീവിതത്തിൽ അവശ്യംവേണ്ട ഉപ്പിന്മേലുള്ള പുതിയ നിയമം ജനവികാരത്തെ ആഴത്തിൽ സ്‌പർശിക്കുവാന്‍ പര്യാപ്‌തമായിരുന്നു. ഗാന്ധിജിയും ഇന്ത്യന്‍ നാഷണൽ കോണ്‍ഗ്രസ്സും ഈ യാഥാർഥ്യം മനസ്സിലാക്കുകയും കോണ്‍ഗ്രസ്സിന്റെ അഖിലേന്ത്യാസമ്മേളനങ്ങളിൽ നിരവധി തവണ ഉപ്പുനിയമത്തിനെതിരായി പ്രതിഷേധമുയർത്തുകയും പ്രതിവിധികള്‍ നിർദേശിക്കുകയും ചെയ്‌തു. ഉപ്പുനിയമം ലംഘിക്കുവാനും അതുവഴി സിവിലാജ്ഞാലംഘന പരിപാടിക്കു വ്യാപകമായ പിന്തുണയുണ്ടാക്കുവാനും ഗാന്ധിജി തീരുമാനിച്ചു. ഉപ്പുനിയമങ്ങള്‍ മാറ്റുക എന്നതായിരുന്നു ഉപ്പുസത്യഗ്രഹപരിപാടിയുടെ അടിയന്തരലക്ഷ്യം. ബ്രിട്ടീഷുകാർക്കെതിരെ പൊതുജനരോക്ഷം ഉത്തേജിപ്പിക്കുകയും സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്‌ പ്രചോദനം നല്‌കുകയുമായിരുന്നു ആത്യന്തികമായ ലക്ഷ്യം. ബ്രിട്ടീഷ്‌ ഔദേ്യാഗികവൃത്തങ്ങളുടെ അഭിപ്രായത്തിൽ ഉപ്പുസത്യഗ്രഹത്തിന്റെ യഥാർഥ ഉദ്ദേശ്യം "ഭരണയന്ത്രം സമ്പൂർണമായും സ്‌തംഭിപ്പിക്കുക' എന്നതായിരുന്നു.

1930 മാ. 3-ന്‌ തന്റെ തീരുമാനം ഗാന്ധിജി വൈസ്രായിയായ ഇർവിന്‍ പ്രഭുവിനെ അറിയിച്ചു. ഇർവിനുമായി ഗാന്ധിജി ഒരു കൂടിക്കാഴ്‌ചയ്‌ക്ക്‌ ശ്രമിച്ചെങ്കിലും അതനുവദിക്കപ്പെട്ടില്ല. വൈസ്രായിയുടെ അഭിപ്രായത്തിൽ ഗാന്ധിജി "നിയമംലംഘിക്കുവാനും പൊതുസമാധാനത്തെ അപകടപ്പെടുത്തുവാനുമുള്ള ഒരു സംരംഭത്തിനു തുനിയുകയായിരുന്നു'. ഉപ്പുനിയമം ലംഘിക്കുവാന്‍ ഗുജറാത്തിലെ ഒരു കടലോര ഗ്രാമമായ "ദണ്ഡി' ഗാന്ധിജി തെരഞ്ഞെടുത്തു. 79 സന്നദ്ധഭടന്മാരോടൊപ്പം 320 കി.മീ. അകലെയുള്ള സബർമതി ആശ്രമത്തിൽനിന്നു ഗാന്ധിജി കാൽനടയായി ദണ്ഡിയിലേക്കു തിരിച്ചു (1930 മാ. 12-ന്‌). ചരിത്രപ്രസിദ്ധമായ ദണ്ഡിയാത്ര പൂർണസ്വരാജിനുവേണ്ടിയുള്ള സമരത്തിനും ത്യാഗത്തിനും ജനങ്ങളെ സജ്ജരാക്കുകതന്നെ ചെയ്‌തു. വഴിനീളെ പൊതുയോഗങ്ങളും പ്രചാരണ പരിപാടികളുമായി മുന്നേറിയ ഗാന്ധിജി ഏ. 5-ന്‌ ദണ്ഡിയിലെത്തി. 6-ന്‌ പ്രഭാതത്തിൽ സമുദ്രസ്‌നാനാനന്തരം അദ്ദേഹം കുറച്ച്‌ സമുദ്രജലം വറ്റിച്ച്‌ ഉപ്പുണ്ടാക്കുകയും അതുവഴി ഉപ്പുനിയമത്തെ സാങ്കേതികാർഥത്തിൽ ലംഘിക്കുകയും ചെയ്‌തു. രാജ്യമൊട്ടാകെ ഉപ്പുനിയമം ലംഘിക്കുന്നതിനുള്ള അടയാളമായിരുന്നു ആ പ്രവൃത്തി. ഉപ്പുസത്യഗ്രഹത്തിന്റെ ഭാഗമായി സൂററ്റ്‌ ജില്ലയിലെ ദർശനയിലുള്ള ഉപ്പുപണ്ടകശാല സമാധാനപരമായി കൈവശപ്പെടുത്തുവാന്‍ ഗാന്ധിജി തീരുമാനിക്കുകയും വിവരം കത്തുമുഖേന വൈസ്രായിയെ അറിയിക്കുകയും ചെയ്‌തു. ഉപ്പുനിയമം പിന്‍വലിക്കുവാനും സ്വകാര്യമായി ഉപ്പുണ്ടാക്കുന്നതിനെതിരായ വിലക്ക്‌ അവസാനിപ്പിക്കുവാനും അദ്ദേഹം വൈസ്രായിയോട്‌ അഭ്യർഥിച്ചു. ഉപ്പ്‌ പൊതുസ്വത്താകയാൽ അതിന്റെ മേൽ നികുതി ചുമത്തുവാന്‍ ഗവണ്‍മെന്റിന്‌ യാതൊരു അധികാരവുമില്ലെന്ന്‌ അദ്ദേഹം വ്യക്തമാക്കി. എന്നാൽ ദർശനയിലേക്ക്‌ മാർച്ചുചെയ്യുന്നതിനു മുമ്പ്‌ ഗാന്ധിജി അറസ്റ്റ്‌ ചെയ്യപ്പെട്ടു (1930 മേയ്‌ 4-ന്‌). അബ്ബാസ്‌ ത്‌യാബ്‌ജി സമരത്തിന്റെ നേതൃത്വം ഏറ്റെടുത്തെങ്കിലും മേയ്‌ 12-ന്‌ അദ്ദേഹത്തെയും അറസ്റ്റ്‌ ചെയ്യുകയാണുണ്ടായത്‌.

തുടർന്ന്‌ സരോജിനി നായിഡു ദർശനയിലെ പ്രവർത്തനങ്ങള്‍ക്കു നേതൃത്വം നല്‌കി. ദർശന, വദല, ഷിരോദ, സനികത്ത എന്നിവിടങ്ങളിലെ ഉപ്പു പണ്ടകശാലകളും ഉപ്പളങ്ങളും കൈയടക്കപ്പെടുകയുണ്ടായി. സമരോത്‌സുകരായ ജനങ്ങളുടെയും സത്യഗ്രഹികളുടെയും മേൽ ഗവണ്‍മെന്റ്‌ ക്രൂരമായ ആക്രമണങ്ങളും ബലപ്രയോഗങ്ങളും നടത്തി. സത്യഗ്രഹികളുടെ സഹനശക്തിയെയും അഹിംസയിലുള്ള അവരുടെ അടിയുറച്ച വിശ്വാസത്തെയുംപറ്റി ദൃക്‌സാക്ഷിയായ വെബ്‌മില്ലർ ഇങ്ങനെ രേഖപ്പെടുത്തുന്നു: "പ്രഹരങ്ങളെ കൈകൊണ്ടു തടയുവാന്‍പോലും അവർ ശ്രമിച്ചില്ല...പോരാട്ടമോ പ്രതിഷേധമോ ഉണ്ടായിരുന്നില്ല; അടിയേറ്റു വീഴുന്നതുവരെ അവർ മുന്നോട്ടുതന്നെ നീങ്ങിയിരുന്നു... ചിലപ്പോള്‍ ദാരുണമായ ആ രംഗത്തുനിന്ന്‌ എനിക്കു മുഖം തിരിക്കേണ്ടിവന്നിട്ടുണ്ട്‌. സന്നദ്ധഭടന്മാരുടെ അച്ചടക്കം അദ്‌ഭുതാവഹമായിരുന്നു. ഗാന്ധിജിയുടെ അഹിംസാസിദ്ധാന്തത്തെ അവർ സമ്പൂർണമായും ഉള്‍ക്കൊണ്ടതായി തോന്നി'.

ഗാന്ധിജിയുടെ അറസ്റ്റ്‌ സ്വാഭാവികമായും വമ്പിച്ച പ്രതിഷേധത്തിനും പ്രകടനങ്ങള്‍ക്കും കാരണമായി. കൂട്ടഅറസ്റ്റുകള്‍വഴി ഇവയെ നേരിടുക എന്നതാണ്‌ ഗവണ്‍മെന്റ്‌ സ്വീകരിച്ച നയം. ഔദേ്യാഗിക കണക്കനുസരിച്ച്‌ 60,000 പേരും കോണ്‍ഗ്രസ്‌വൃത്തങ്ങളിലെ കണക്കുപ്രകാരം 90,000 പേരും ഉപ്പുസത്യഗ്രഹത്തോടനുബന്ധിച്ച്‌ അറസ്റ്റ്‌ ചെയ്യപ്പെടുകയുണ്ടായി. അടിയന്തരനിയമങ്ങള്‍വഴി വൈസ്രായിക്ക്‌ വർധിച്ച അധികാരങ്ങള്‍ കൈവരികയും അവയെ ജനങ്ങള്‍ക്കെതിരായി അദ്ദേഹം പ്രയോഗിക്കുകയും ചെയ്‌തു. മർദനനടപടികളെ വിഗണിച്ചുകൊണ്ട്‌ ജനങ്ങള്‍ ഈ പ്രസ്ഥാനവുമായി കൂടുതൽ കൂടുതൽ അടുത്തുകൊണ്ടിരുന്നു. ഔദേ്യാഗികമായി ഉപ്പുസത്യഗ്രഹത്തെയും അതിനുള്ള ബഹുജന പിന്തുണയെയും ബ്രിട്ടീഷുകാർ ലഘൂകരിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും, യഥാർഥത്തിൽ അവർ പ്രശ്‌നത്തിന്റെ ഗുരുത്വം മനസ്സിലാക്കിയിരുന്നു. ഇർവിന്‍പ്രഭു ലണ്ടനിലേക്ക്‌ എഴുതിയ ഒരു കത്തിൽ ഇങ്ങനെ രേഖപ്പെടുത്തി: "പ്രസ്ഥാനം ആർജിച്ചുകഴിഞ്ഞ വ്യാപ്‌തിയിൽ തങ്ങള്‍ അദ്‌ഭുതാധീനരാണെന്ന്‌ ഓരോ യൂറോപ്യനും ഓരോ ഇന്ത്യാക്കാരനും താങ്കളോട്‌ പറയുമെന്നു തോന്നുന്നു. യഥാർഥത്തിൽ ഞാനും അങ്ങനെതന്നെ വിശ്വസിക്കുന്നു. ഇതിനെ വിലകുറച്ചു കാണാന്‍ ശ്രമിക്കുന്നത്‌ ഒരുതരം സ്വയം കബളിപ്പിക്കലാണ്‌'. ഉപ്പുനിയമങ്ങള്‍ ലംഘിക്കുക, ഉപ്പളങ്ങളും ഉപ്പുപണ്ടകശാലകളും അഹിംസാത്മകമായ രീതിയിൽ കൈയടക്കുക എന്നതിനു പുറമേ അടിയന്തരാധികാരനിയമങ്ങളും പ്രസ്സ്‌ നിയമങ്ങളും ലംഘിക്കുക, നികുതിനിഷേധപ്രകടനങ്ങള്‍ നടത്തുക, വിദേശനിർമിത സാധനങ്ങളും തുണിത്തരങ്ങളും ബഹിഷ്‌കരിക്കുക എന്നീ വിവിധ സമരരീതികള്‍ ഉപ്പുസത്യഗ്രഹത്തോടനുബന്ധിച്ച്‌ ഇന്ത്യ മുഴുവന്‍ സംഘടിപ്പിക്കപ്പെട്ടിരുന്നു. ഗവണ്‍മെന്റുമായുള്ള നിസ്സഹകരണവും നിയമനിർമാണസഭയുടെ ബഹിഷ്‌കരണവും ഇതിന്റെ ഭാഗമായിരുന്നു.

കേരളത്തിൽ ഉപ്പുനിയമലംഘനങ്ങള്‍ക്ക്‌ കെ. കേളപ്പന്‍ നേതൃത്വം നല്‌കി. 32 പേരടങ്ങുന്ന സന്നദ്ധഭടന്മാരുടെ ഒരു സംഘം അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കോഴിക്കോട്ടുനിന്നു പയ്യന്നൂരിലേക്കു തിരിച്ചു. പാലക്കാട്ടുനിന്നു ടി.ആർ. കൃഷ്‌ണസ്വാമി അയ്യരുടെ നേതൃത്വത്തിൽ മറ്റൊരു സംഘവും പയ്യന്നൂർക്കു തിരിച്ചിരുന്നു. 1930 ഏ. 25-ന്‌ കേളപ്പന്റെ നേതൃത്വത്തിലുണ്ടായിരുന്ന സംഘം ആദ്യമായി പയ്യന്നൂർവച്ച്‌ ഉപ്പുണ്ടാക്കി നിയമം ലംഘിച്ചു. മുഹമ്മദ്‌ അബ്‌ദുറഹിമാന്‍, മൊയ്‌തു മൗലവി എന്നിവർ ഉപ്പുനിയമലംഘനങ്ങളിൽ സജീവമായി പങ്കെടുത്തു. പിന്നീട്‌ സത്യഗ്രഹകേന്ദ്രം പയ്യന്നൂരിൽനിന്നു കോഴിക്കോട്ടേക്കു മാറ്റി. മേയ്‌ 12-ന്‌ കോഴിക്കോട്‌ കടപ്പുറത്തുവച്ചും ഉപ്പുനിയമം ലംഘിക്കപ്പെട്ടു. ജനങ്ങളുടെയും സത്യഗ്രഹികളുടെയും മേൽ പൊലീസ്‌ ബലപ്രയോഗം നടത്തി. 1931 മാർച്ച്‌ ആയപ്പോഴേക്കും 500-ൽപ്പരം സത്യഗ്രഹികള്‍ ജയിലിലടയ്‌ക്കപ്പെട്ടു.

ബ്രിട്ടീഷ്‌ ഇന്ത്യയിലെ (മലബാർ) ഈ നിയമലംഘനങ്ങളിൽ തിരുവിതാംകൂറിൽ നിന്ന്‌ പി. കൃഷ്‌ണപിള്ള, എന്‍.പി. കുരുക്കള്‍, പൊന്നറ ശ്രീധർ, കെ. കുമാർ എന്നിവരടങ്ങുന്ന ഒരു സംഘം സന്നദ്ധഭടന്മാർ പങ്കെടുത്തിരുന്നു. ദർശനയിലെ സംഭവങ്ങളെ ആധാരമാക്കി ചങ്ങമ്പുഴ കൃഷ്‌ണപിള്ള രചിച്ച വീരവൈരാഗ്യം അഥവാ, ദർശനയിലെ ധർമഭടന്‍ എന്ന കൃതി ബ്രിട്ടീഷ്‌ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടു. ബ്രിട്ടീഷ്‌ ഏജന്റായ പ്രിറ്റ്‌ചാർഡിന്റെ നിർദേശപ്രകാരം തിരുവിതാംകൂർ ഗവണ്‍മെന്റ്‌ ഈ കൃതി ഖണ്ഡശഃ പ്രസിദ്ധീകരിച്ച പ്രതിദിനം എന്ന ദിനപത്രത്തിന്റെ പത്രാധിപരെ ശക്തിയായി താക്കീതുചെയ്‌തു. ഉപ്പുസത്യഗ്രഹപരിപാടികള്‍ പൊതുവേ അഹിംസാത്മകമായിരുന്നെങ്കിലും ചിറ്റഗോങ്‌, ഷോലാപ്പൂർ, പെഷവാർ എന്നിവിടങ്ങളിൽ സമരോത്സുകരായിരുന്ന ജനങ്ങള്‍ അക്രമാസക്തരായി. വിശിഷ്യ, പെഷവാറിൽ ഖാന്‍ അബ്‌ദുൽ ഗാഫർഖാന്റെ നേതൃത്വത്തിൽ "ചെങ്കുപ്പായക്കാർ' പ്രകടിപ്പിച്ച ആവേശം മൃഗീയമായ ബലപ്രയോഗത്തിനുതന്നെ ഗവണ്‍മെന്റിനെ പ്രരിപ്പിച്ചു. 1930 മാർച്ച്‌ മുതൽ 1931 മാർച്ച്‌ വരെ ഉപ്പുസത്യഗ്രഹ പരിപാടികള്‍ നീണ്ടുനിന്നു. മാ. 5-ന്‌ ഗാന്ധി-ഇർവിന്‍ സന്ധിപ്രകാരം ഈ സമരം അവസാനിച്ചു.

(ഡോ. ടി.കെ. രവീന്ദ്രന്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍