This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉള്ളാടർ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

13:49, 9 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഉള്ളാടർ

കേരളത്തിലെ ഒരു ആദിവാസി വർഗം. ഉള്‍നാടന്‍ (ഉള്‍നാട്ടിൽ വസിക്കുന്നവർ) എന്നതിന്റെ ദൂഷിതരൂപമാണ്‌ ഉള്ളാടർ എന്ന്‌ ഒരു അഭിപ്രായഗതിയുണ്ട്‌. ഉള്ളാടർ എന്ന പേരിന്റെ ഉറവിടം ഇവരുടെ ആടൽ (നൃത്തം) ആണെന്നും പറയപ്പെടുന്നു. വനപ്രദേശത്തു താമസിക്കുന്ന ഉള്ളാടരെ മലഉള്ളാടർ എന്നു വിളിക്കുന്നു. ഇക്കൂട്ടരിൽ ഭൂരിഭാഗവും കൊല്ലം, കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ വനപ്രദേശങ്ങളിൽ താമസിക്കുന്നു.

ഉള്ളാടർ, മലഉള്ളാടർ എന്ന വിഭജനം അധിവാസസ്ഥലത്തെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്‌. നരവംശശാസ്‌ത്രപരമായി ഇരുകൂട്ടർക്കും തമ്മിൽ ഒരു വ്യത്യാസവുമില്ല. പണ്ടുകാലത്ത്‌ ഇവരെ കാട്ടാളർ എന്നാണ്‌ വിളിച്ചുവന്നിരുന്നത്‌. നാടികള്‍ (നായാടികള്‍) എന്നും ഇവർ വിളിക്കപ്പെട്ടിരുന്നു. കേരള ഗവണ്‍മെന്റ്‌ ഉള്ളാടരെ പട്ടികവർഗക്കാരുടെ കൂട്ടത്തിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

കേരളത്തിലെ ആദിമനിവാസികളാണ്‌ തങ്ങളെന്ന്‌ ഉള്ളാടർ അവകാശപ്പെടുന്നു. ഇവരുടെ പുരാതന ആസ്ഥാനം റാന്നിവനത്തിലെ കോട്ടത്തടി ആയിരുന്നുവത്ര. തലപ്പറക്കോട്ടയും മൂർത്തിപ്പടികളും തങ്ങളുടെ പൂർവികർ നിർമിച്ചവയാണെന്നും ഇവർ അവകാശപ്പെടുന്നു. വാല്‌മീകിമഹർഷിയുടെ വംശപരമ്പരയിൽ പെട്ടവരാണ്‌ ഇവരെന്നു സൂചിപ്പിക്കുന്ന ഐതിഹ്യങ്ങള്‍ ഉണ്ട്‌. തിരുവിതാംകൂറിലെ ഏതോ ഒരു രാജാവ്‌ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ നിയോഗിച്ച അടിമകളായിരുന്നു ഇവരെന്നും പറയപ്പെടുന്നു. കേരളത്തിന്റെ അയൽസംസ്ഥാനങ്ങളിലെങ്ങും ഉള്ളാടർ കാണപ്പെടുന്നില്ല. ഇപ്പോള്‍ ഉള്ളാടർക്കിടയിൽ പല അവാന്തരവിഭാഗങ്ങളുണ്ട്‌. മലഉള്ളാടർക്കാണ്‌ ഒന്നാം സ്ഥാനം; അടുത്തസ്ഥാനം നാടികള്‍ക്കും. ഉള്ളാടർക്കു പൊതുവേ ആദിദ്രാവിഡരുടെ സവിശേഷതകള്‍ ഉണ്ട്‌. എന്നാൽ ഇവർ പറയർ, പുലയർ എന്നിവർക്കു തുല്യമായ ഒരു ജനവർഗമാണെന്നു കരുതുന്നത്‌ ശരിയല്ല.

ഇളം തവിട്ടുനിറം മുതൽ ഇരുണ്ട തവിട്ടുനിറം വരെ ഇവർക്കു നിറഭേദമുണ്ടാകാം. എന്നാൽ പ്രാകൃത ഗിരിവർഗങ്ങളുടെ ബാഹ്യലക്ഷണങ്ങള്‍ ഇവരിൽ കാണാനില്ല. തലയാട്ടം, കോലുകളി എന്നിവയാണ്‌ ഇവരുടെ പ്രധാനനൃത്തരൂപങ്ങള്‍. അഴിച്ചിട്ട മുടിയുമായി തല ചുഴറ്റിക്കൊണ്ടുള്ള നൃത്തമാണ്‌ തലയാട്ടം. രണ്ടു വൃത്തങ്ങളിലായി, സ്‌ത്രീപുരുഷന്മാർ കമ്പുകള്‍ പരസ്‌പരം മുട്ടിച്ചുകൊണ്ട്‌ നടത്തുന്നതാണ്‌ കോലുകളി. ഓടക്കുഴലും മദ്ദളവുമാണ്‌ വാദേ്യാപകരണങ്ങള്‍. ഉള്ളാടരുടെ പ്രധാന ജീവനോപാധി കൃഷിയും കൂലിത്തൊഴിലുമാണ്‌. പരദേവതയെ ഈശ്വരന്‍ എന്നു വിളിക്കുന്നു. കൂടാതെ ചക്കി, കൊട്ടിയ, അയ്യ എന്നീ മൂർത്തികളെയും ആരാധിക്കുന്ന പതിവുമുണ്ട്‌. പ്രതാവേശത്തിലും വെളിപാടുകൊള്ളലിലും മന്ത്രവാദത്തിലും ഇക്കൂട്ടർക്ക്‌ അതിതീവ്ര വിശ്വാസമുണ്ട്‌. പിശാചുക്കളുടെ സ്വാധീനം മനസ്സിലാക്കാനും പ്രതിരോധിക്കാനും മന്ത്രവാദിക്കു കഴിയുമെന്നാണ്‌ വിശ്വാസം.

കാർഷികവൃത്തിയിൽ ഏർപ്പെട്ടിട്ടുള്ള മലഉള്ളാടർ സാമാന്യം ഭേദപ്പെട്ട കുടിലുകളിൽ വസിക്കുന്നു. മുളകളും മരക്കൊമ്പുകളും കൊണ്ടുണ്ടാക്കുന്ന കുടിലുകള്‍ പുല്ലും ഇലയുമുപയോഗിച്ചു മേയുന്നു. ഉളളാളർക്കിടയിൽ മൂപ്പന്‍സമ്പ്രദായം നിലനിന്നുവരുന്നു. മൂപ്പനെ, അതായത്‌ സംഘത്തലവനെ മലഉള്ളാടർ "മുട്ടുകാണി' എന്നും മറ്റുള്ളവർ "വല്യപ്പന്‍', "കൊച്ചു വേലന്‍' എന്നും വിളിക്കുന്നു. ഈ സ്ഥാനപ്പേരുകള്‍ പന്തളം രാജാവ്‌ കല്‌പിച്ചുകൊടുത്തതാണെന്ന്‌ വിശ്വസിക്കപ്പെടുന്നു. മൂപ്പന്‍സ്ഥാനം പരമ്പരാഗതമാണ്‌. മൂപ്പന്റെ മകന്‍ അടുത്ത മൂപ്പനായി സ്ഥാനം ഏല്‌ക്കുന്നു. മൂപ്പനും ഭാര്യയും സമൂഹത്തിലെ ആദരീണയരായ വ്യക്തികളാണ്‌; അവരുടെ നിർദേശങ്ങള്‍ അനുസരിക്കപ്പെടുന്നു. വിവാഹത്തിൽ സ്‌ത്രീക്കു പരിപൂർണ സ്വാതന്ത്യ്രം നല്‌കപ്പെടുന്നുവെന്നത്‌ ഈ പിന്നോക്കവിഭാഗത്തിന്റെ ശ്രദ്ധേയമായ ഒരു പ്രതേ്യകതയാണ്‌. വിവാഹം ഒരു ഉത്സവം പോലെ ആഘോഷിക്കപ്പെടുന്നു.

ഭർത്താവ്‌ ജീവിച്ചിരിക്കുവോളം ഭാര്യ കെട്ടുതാലി കഴുത്തിൽ അണിഞ്ഞുനടക്കുന്നു. ഭർത്താവിന്റെ മൃതദേഹത്തോടൊപ്പം കെട്ടുതാലി മറവുചെയ്യപ്പെടുകയാണ്‌ പതിവ്‌. ഭാര്യയും ഭർത്താവും സമ്മതിക്കാതെ വിവാഹമോചനം പൂർണമാവുകയില്ല. ഉള്ളാടരുടെ ശവസംസ്‌കാരരീതിക്ക്‌ ചില പ്രതേ്യകതകളുണ്ട്‌. മരിച്ചുകഴിഞ്ഞാലുടന്‍തന്നെ ശവത്തെ തെക്കുവടക്കായി കിടത്തി ഒരു വസ്‌ത്രം കൊണ്ടു മൂടുന്നു. ബന്ധുമിത്രാദികളെ വിവരം അറിയിക്കുന്നു. അവർ എത്തിക്കഴിഞ്ഞാൽ ചടങ്ങുകള്‍ ആരംഭിക്കുകയായി. ശവത്തെ കുളിപ്പിച്ച്‌ കോടിവസ്‌ത്രം പുതപ്പിക്കുന്നു. ഏഴുകമ്പുകള്‍ വച്ചുകെട്ടിയ മഞ്ചത്തിൽ കിടത്തി "കൊള്ളിക്കാട്ടി'ലേക്കു (ശ്‌മശാനത്തിലേക്ക്‌) കൊണ്ടുപോകുന്നു

ഒരു കുടുംബാംഗം മരിച്ചാൽ മറ്റുള്ളവർ 16 ദിവസം പുല ആചരിക്കുന്നു. അവസാനദിവസം ശ്‌മശാനത്തിൽ പഴങ്ങള്‍, തേങ്ങ മുതലായ ഭക്ഷ്യസാധനങ്ങള്‍ നിവേദിക്കുന്നു. കർക്കിടക സംക്രാന്തി, വിഷു എന്നീ ദിവസങ്ങളിൽ പരേതാത്മാക്കള്‍ക്കുവേണ്ടി പ്രതേ്യക പ്രാർഥനകള്‍ നടത്തപ്പെടുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%89%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BE%E0%B4%9F%E0%B5%BC" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍