This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉസ്‌താദ്‌ ഈസ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

13:38, 9 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഉസ്‌താദ്‌ ഈസ

താജ്‌മഹലിന്റെ ശില്‌പിയെന്ന നിലയിൽ അറിയപ്പെടുന്ന കലാകാരന്‍. ഇദ്ദേഹത്തിന്റെ യഥാർഥ നാമവും ജന്മദേശവും അസന്ദിഗ്‌ധമായി തെളിയിക്കപ്പെട്ടിട്ടില്ല. അസ്റ്റിന്‍ ദെ ബോർദോ എന്ന ഒരു ഫ്രഞ്ച്‌ എന്‍ജിനീയറെ ഷാജഹാന്‍ താജ്‌മഹലിന്റെ നിർമാണച്ചുമതല ഏല്‌പിച്ചിരുന്നുവെന്നും അദ്ദേഹം ഉസ്‌താദ്‌ (പണ്ഡിതന്‍) ഈസാ (യേശു-ക്രിസ്‌ത്യാനിയായ ശില്‌പവിദഗ്‌ധന്‍) എന്നു വിളിക്കപ്പെട്ടുവന്നുവെന്നും അദ്ദേഹത്തെത്തന്നെ മുഹമ്മദ്‌ ഈസാ എഫന്‍ദി എന്ന്‌ വിളിച്ചിരുന്നുവെന്നും സ്ലീമർ രചിച്ച റാംബിള്‍സ്‌ ആന്‍ഡ്‌ റികളക്ഷന്‍സ്‌ എന്ന കൃതിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്‌.

താജിന്റെ ചരിത്രം വിവരിക്കുന്ന പേർഷ്യന്‍ കൈയെഴുത്തുപ്രതികളിൽ മുഹമ്മദ്‌ ഈസാ എഫന്‍ദി എന്നപേരിൽ അറിയപ്പെടുന്ന ഉസ്‌താദ്‌ ഈസാ ആണ്‌ താജിന്റെ പ്രധാന ശില്‌പിയെന്നും ആ നിലയിൽ അയാള്‍ പ്രതിമാസം ആയിരം രൂപ പ്രതിഫലം പറ്റിയിരുന്നെന്നും വിവരിച്ചിരിക്കുന്നു. അക്കൂട്ടത്തിൽ ഈസായുടെ മകനായ മുഹമ്മദ്‌ ഷഫീഫ്‌ താജിന്റെ നിർമാണത്തിൽ അദ്ദേഹത്തെ സഹായിച്ചുവെന്നും പ്രസ്‌താവിച്ചിട്ടുണ്ട്‌. ആഗ്രയിലെ താജിന്റെ സൂക്ഷിപ്പുകാരുടെ കൈവശമുള്ള രേഖകളിലൊന്നിൽ ഉസ്‌താദ്‌ ഈസ "റം' (Rum) എന്ന സ്ഥലത്തുനിന്നു വന്നയാളാണെന്നു സൂചിപ്പിച്ചുകാണുന്നു. മറ്റു രേഖകളിൽ ചിലതിൽ ഉസ്‌താദ്‌ പേർഷ്യയിലെ ഷിറാസ്‌ എന്ന സ്ഥലത്തുനിന്നു വന്നയാളാണെന്നു സൂചിപ്പിച്ചിട്ടുണ്ട്‌. ഇദ്ദേഹത്തിന്റെ പേരോടു ചേർത്തുപയോഗിക്കാറുള്ള "എഫന്‍ദി' എന്ന ബിരുദം ഓട്ടോമന്‍ സംജ്ഞയായതുകൊണ്ട്‌ തുർക്കികളുമായി ഇദ്ദേഹം ബന്ധപ്പെട്ടിരുന്നുവെന്ന്‌ കരുതേണ്ടിയിരിക്കുന്നു.

അതേസമയം പൗരസ്‌ത്യദേശങ്ങളിലെ അഗസ്‌തീനിയന്‍ സന്ന്യാസി സമൂഹത്തിന്റെ മേലന്വേഷകനായിരുന്ന സെബാസ്റ്റ്യന്‍ മാന്റിക്‌ എന്ന പുരോഹിതന്റെ കുറിപ്പുകളിൽ താജിന്റെ ശില്‌പി ജെറോനിമോ വെറോനിയോ എന്ന വെനീസുകാരനായിരുന്നുവെന്നു തറപ്പിച്ചുപറയുന്നു. "ഈ സൗധത്തിന്റെ ശില്‌പി ജെറോനിമോ വെറോനിയോ എന്ന വെനീസുകാരനായിരുന്നു. അദ്ദേഹം പോർച്ചുഗലിൽനിന്നു കപ്പൽ കയറി ഇവിടെ എത്തി ഈ പ്രദേശങ്ങളിൽ സഞ്ചരിച്ചിരുന്നു. ഞാന്‍ ഇവിടെ എത്തുന്നതിന്‌ അല്‌പകാലം മുമ്പ്‌ ലാഹോറിൽവച്ച്‌ അദ്ദേഹം മരിച്ചു. ഖുറം (ഷാജഹാന്‍) ചക്രവർത്തി ഇദ്ദേഹത്തിന്‌ വമ്പിച്ച തുക ശമ്പളമായി നൽകിയിരുന്നു' എന്നു രേഖപ്പെടുത്തിയിട്ടുണ്ട്‌. ജെറോനിമോ വെറോനിയോ ലാഹോറിൽവച്ച്‌ മരിച്ചുവെങ്കിലും ആഗ്രയിലാണ്‌ സംസ്‌കരിക്കപ്പെട്ടത്‌. എ.ഡി. 1640 എന്ന കാലസൂചനയോടുകൂടി അദ്ദേഹത്തിന്റെ ശവകുടീരം ഇപ്പോഴും അവിടെ സ്ഥിതിചെയ്യുന്നു. ലാഹോറിൽവച്ചു മരിച്ച ജെറോനിമോ വെറോനിയോയുടെ മൃതദേഹം ആഗ്രയിൽകൊണ്ടുവന്നു സംസ്‌കരിച്ചുവെങ്കിൽ അദ്ദേഹം പ്രശസ്‌തനും ആഗ്രയോടു പ്രത്യേകം ബന്ധപ്പെട്ടവനുമായിരിക്കണമെന്ന്‌ കരുതുന്നതിൽ തെറ്റില്ല. ഈ അഭിപ്രായങ്ങള്‍ സമന്വയിച്ചുകൊണ്ടുള്ള ഒരു നിഗമനത്തിലാണ്‌ വിന്‍സന്റ്‌ സ്‌മിത്ത്‌ എത്തിച്ചേരുന്നത്‌ (A History of Fine Arts in India and Ceylon). താജിന്റെ നിർമാണത്തിന്റെ ആദ്യഘട്ടത്തിൽ ജെറോനിമോ ആയിരുന്നിരിക്കാം അതിന്റെ രൂപകല്‌പന നിർവഹിച്ചത്‌. യൂറോപ്പിലെയും ഏഷ്യയിലെയും ഉദാത്തമായ വാസ്‌തുശില്‌പശൈലികളുടെ ഒരു സമ്മേളനരംഗമായി താജിനെ കരുതിവരുന്നതുകൊണ്ട്‌ അതിന്റെ ശില്‌പി യൂറോപ്യന്‍ വാസ്‌തുവിദ്യയും ഏഷ്യന്‍ വാസ്‌തുവിദ്യയും ഒരുപോലെ വശമാക്കിയിരുന്ന ഒരു പ്രഗല്‌ഭശില്‌പിയായിരുന്നുവെന്ന്‌ അനുമാനിക്കാം. നോ. താജ്‌മഹൽ

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍