This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഋശ്യമൂകം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:06, 9 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഋശ്യമൂകം

ചില രാമായണകഥാസംഭവങ്ങളുടെ രംഗസ്ഥലമെന്നു കരുതപ്പെടുന്ന കിഷ്‌കിന്ധയിലെ ഒരു പർവതം. സാധാരണശൈലി എന്ന നിലയിൽ ഇതിന്‌ "ബാലികേറാമല' എന്ന ഒരു പര്യായവും ഉണ്ടായിട്ടുണ്ട്‌. മഹിഷരൂപത്തിൽ തന്നെ എതിർക്കാന്‍ വന്ന ദുന്ദുഭി എന്ന രാക്ഷസനെ ബാലി വധിച്ച്‌ ആ ജഡം ദൂരേക്ക്‌ വലിച്ചെറിയുകയും ചോര വർഷിച്ചുകൊണ്ട്‌ അത്‌ മതംഗമുനി തപസ്സ്‌ ചെയ്‌തുകൊണ്ടിരുന്ന ഗിരിയിൽ വന്നു പതിക്കുകയും ചെയ്‌തു. കാര്യം മനസ്സിലാക്കിയ മുനി ബാലിയെ ഇങ്ങനെ ശപിച്ചു:

""എന്നാശ്രമമതിന്‍ ചുറ്റു-
	മൊരുകാതത്തിനിപ്പുറം
	ചവിട്ടുമെങ്കിലദ്ദുഷ്‌ട-
	നറുതിപ്പെട്ടുപോം ദൃഢം.''
 

ഈ ശാപം ബാലിയുമായി അധികാരമത്സരത്തിൽ മരണഭീതിയിൽ കഴിയുന്ന അനുജന്‍ സുഗ്രീവന്‌ ഒരനുഗ്രഹമായി. അയാളും പരിവാരങ്ങളും ബാലിയുടെ ആക്രമണങ്ങളിൽ നിന്ന്‌ രക്ഷപ്പെട്ടുകഴിയാന്‍ തെരഞ്ഞെടുത്തത്‌ ഋശ്യമൂകാചലമാണ്‌. ഇവിടെവച്ചാണ്‌ രാമസുഗ്രീവസഖ്യം ഉണ്ടാകുന്നതും.

ഋശ്യമൂകാചലത്തെ ചുറ്റി പമ്പാനദി ഒഴുകുന്നുവെന്നും അവിടെവച്ച്‌ മാർക്കണ്ഡേയമുനിയെ സന്ദർശിച്ചതിനുശേഷം രാമലക്ഷ്‌മണന്മാർ സുഗ്രീവനെ കണ്ടുമുട്ടിയെന്നും മഹാഭാരതത്തിലും പറയുന്നുണ്ട്‌ (വനപർവം, അധ്യായങ്ങള്‍ 25, 279). രാമായണമഹാഭാരതാദികളിലെ സംഭവങ്ങള്‍ നടന്നതായി വർണിക്കപ്പെട്ടിട്ടുള്ള വിവിധ സ്ഥലങ്ങള്‍ ഇന്ത്യയിലെ പല പ്രദേശങ്ങളും അവകാശപ്പെടുന്നതുപോലെ കേരളത്തിലും ഈ പേരുകളുള്ള ചില സ്ഥലങ്ങള്‍ കാണാം. ശബരിമലയ്‌ക്കു സമീപമൊഴുകുന്ന പമ്പയുടെ തീരത്തു വളരെയകലെയല്ലാതെ കാണുന്ന ഒരു മലയെ ഋശ്യമൂകാചലമെന്ന്‌ ഭക്തന്മാർ കരുതി അടുത്തുള്ള രാമപാദം, ശബരിപീഠം, ശരംകുത്തിയാൽ തുടങ്ങിയവയെ രാമായണകഥാഗന്ധികളായ പുണ്യസ്ഥലങ്ങളായി ആരാധിച്ചുപോരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍