This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉദ്‌ഭടന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:53, 9 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഉദ്‌ഭടന്‍

സംസ്‌കൃതകാവ്യമീമാംസാകാരന്‍. കാശ്‌മീരിലെ ജയാപീഡരാജാവിന്റെ (779-813) ആസ്ഥാനവിദ്വാന്മാരിൽ ഒരാളായിരുന്നു. കല്‌ഹണന്റെ രാജതരംഗിണിയിൽ ഇദ്ദേഹത്തിന്റെ നാമം പരാമൃഷ്‌ടമായിട്ടുണ്ട്‌.

സാഹിത്യശാസ്‌ത്രമണ്ഡലത്തിൽ ദ്വിമുഖവ്യക്തിത്വമുള്ള ഒരാളായി ഉദ്‌ഭടന്‍ പ്രകീർത്തിക്കപ്പെടുന്നു. കാവ്യത്തിൽ അലങ്കാരത്തിനു പ്രാധാന്യം വാദിക്കുന്ന ഭാമഹാദികളോടു സഹാനുഭൂതിയുള്ളതുകൊണ്ട്‌ ഇദ്ദേഹം ഭാമഹന്റെ കാവ്യാലങ്കാരത്തിന്‌ ഒരു വിവരണം എഴുതിയിട്ടുണ്ട്‌. എന്നാൽ രസപ്രാധാന്യവാദിയായ ഭരതനെ ബഹുമാനിച്ചുകൊണ്ട്‌ നാട്യശാസ്‌ത്രത്തിന്‌ ഒരു ടീകയും രചിച്ചിട്ടുണ്ട്‌. ഈ രണ്ടു കൃതികളും ഇന്നു ലബ്‌ധങ്ങളല്ല. ഇദ്ദേഹത്തിന്റെ സ്വതന്ത്രകൃതി കാവ്യാലങ്കാരസംഗ്രഹമാണ്‌. ഇതിൽ അലങ്കാരവാദിയായിട്ടാണ്‌ ഇദ്ദേഹം വർത്തിക്കുന്നത്‌.

ഭാമഹനെയും ദണ്ഡിയെയും അപേക്ഷിച്ച്‌ ഉദ്‌ഭടന്‍ രസത്തെക്കുറിച്ചു കുറേക്കൂടി ഗാഢമായി ചിന്തിക്കുകയും പുതിയ സിദ്ധാന്തങ്ങളാവിഷ്‌കരിക്കുകയും ചെയ്‌തതായി കാണുന്നു. പൂർവസൂരികള്‍ രസവാന്‍, പ്രയസ്‌, ഊർജസ്വി എന്നിങ്ങനെ മൂന്നലങ്കാരങ്ങള്‍ മാത്രം വർണിച്ചിരിക്കെ ഇദ്ദേഹം സമാഹിതം എന്ന പേരിൽ ഒരു പുതിയ അലങ്കാരം കല്‌പിച്ചിട്ടുണ്ട്‌. ഭാവം, ഭാവാഭാസം, രസാഭാസം എന്നിവയുടെ ശാന്തി ഉല്ലേഖനം ചെയ്‌തിട്ടുള്ള പ്രകരണത്തിലാണ്‌ സമാഹിതം ഉള്ളതായി ഇദ്ദേഹം സിദ്ധാന്തിക്കുന്നത്‌.

നാടകത്തിൽ ശാന്തരസം ആസ്വാദ്യമാണ്‌ എന്ന്‌ അസന്ദിഗ്‌ധമായി പ്രഖ്യാപിച്ചിട്ടുള്ള ഉദ്‌ഭടന്‍ അലങ്കാരപ്രാധാന്യത്തെ വാഴ്‌ത്തിയിട്ടുണ്ടെങ്കിലും രസപ്രാധാന്യവാദികളുടെ മധ്യത്തിലാണു ശാശ്വതസ്ഥാനം നേടിയിട്ടുള്ളത്‌.

കാവ്യാലങ്കാരസംഗ്രഹത്തിന്‌ പ്രതീഹാരേന്ദുരാജന്‍ ഭാഷ്യം രചിച്ചിട്ടുണ്ട്‌. കാവ്യാത്മാവ്‌ രസമാണ്‌ എന്ന്‌ ഉദ്‌ഭടന്‍ സിദ്ധാന്തിക്കുന്നതായി അദ്ദേഹം സമർഥിക്കുന്നു. പ്രതീഹാരേന്ദുരാജന്റെ ഭാഷ്യത്തോടുകൂടി കാവ്യാലങ്കാരസംഗ്രഹത്തെ കേണൽ ജേക്കബ്‌ ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തിയിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍