This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉപരാഷ്‌ട്രപതി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:37, 9 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഉപരാഷ്‌ട്രപതി

ഇന്ത്യന്‍ പാർലമെന്റിന്റെ ഉപരിമണ്ഡലമായ രാജ്യസഭയുടെ എക്‌സ്‌ ഒഫിഷ്യോ ചെയർമാന്‍. ഇന്ത്യയുടെ ഭരണനിർവാഹകമണ്ഡലത്തിൽ ഒരു രാഷ്‌ട്രപതിയും ഉപരാഷ്‌ട്രപതിയും ഉണ്ടായിരിക്കണമെന്ന്‌ ഭരണഘടനയിൽ വ്യവസ്ഥയുണ്ട്‌.

പാർലമെന്റിന്റെ ഇരുസഭകളിലെയും അംഗങ്ങള്‍ ചേർന്നാണ്‌ ഉപരാഷ്‌ട്രപതിയെ തിരഞ്ഞെടുക്കുന്നത്‌. കൈമാറ്റം ചെയ്യാവുന്ന ഒറ്റ വോട്ടുവഴി ആനുപാതിക പ്രാതിനിധ്യസമ്പ്രദായമനുസരിച്ചാണ്‌ തിരഞ്ഞെടുപ്പു നടത്തുക. വോട്ടുചെയ്യുന്നത്‌ രഹസ്യബാലറ്റ്‌ മുഖേനയായിരിക്കും. 35 വയസ്‌ പൂർത്തിയാവുകയും രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെടാന്‍ യോഗ്യനാവുകയും ചെയ്‌ത ഏതൊരു ഇന്ത്യന്‍ പൗരനും ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പിന്‌ മത്സരിക്കാന്‍ അർഹനാണ്‌. ഇന്ത്യാഗവണ്‍മെന്റിന്റെയോ ഏതെങ്കിലും സംസ്ഥാന ഗവണ്‍മെന്റിന്റെയോ കീഴിലോ; ഇതിൽ ഏതിന്റെയെങ്കിലും നിയന്ത്രണത്തിലുള്ള ഏതെങ്കിലും തദ്ദേശീയമോ മറ്റോ ആയ അധികാരസ്ഥാനത്തിന്റെ കീഴിലോ പ്രതിഫലംപറ്റി ഉദ്യോഗം വഹിക്കുന്നയാള്‍ ഉപരാഷ്‌ട്രപതിയായി തിരഞ്ഞെടുക്കപ്പെടുന്നതിന്‌ അയോഗ്യനായിരിക്കും. ഒരാള്‍ രാഷ്‌ട്രപതിയോ ഉപരാഷ്‌ട്രപതിയോ ഏതെങ്കിലും സംസ്ഥാനത്തെ ഗവർണറോ കേന്ദ്രസർക്കാരിലോ സംസ്ഥാന സർക്കാരിലോ മന്ത്രിയോ ആയിരിക്കുന്നുവെന്നത്‌ അയോഗ്യതയല്ല. എന്നാൽ ഉപരാഷ്‌ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടയാള്‍ പാർലമെന്റിലെയോ ഏതെങ്കിലും സംസ്ഥാന നിയമനിർമാണമണ്ഡലത്തിലെയോ അംഗമായിരുന്നുകൂടാ. തിരഞ്ഞെടുക്കപ്പെടുമ്പോള്‍ അങ്ങനെ ഏതിലെങ്കിലും അംഗമാണെങ്കിൽ, പ്രസ്‌തുത അംഗത്വം ഉപരാഷ്‌ട്രപതിയുടെ ഉദ്യോഗത്തിൽ പ്രവേശിക്കുന്നതോടെ ഒഴിഞ്ഞതായി കരുതപ്പെടുന്നതാണ്‌. അഞ്ചുവർഷമാണ്‌ ഉപരാഷ്‌ട്രപതിയുടെ ഔദ്യോഗികകാലാവധി. ഉദ്യോഗത്തിൽ പ്രവേശിക്കുന്നതിനുമുമ്പ്‌ ഭരണഘടനയോട്‌ നിർവ്യാജമായ വിശ്വസ്‌തതയും കൂറും വഹിക്കുമെന്നും, ഏറ്റെടുക്കാന്‍പോകുന്ന കർത്തവ്യം വിശ്വസ്‌തതയോടെ നിർവഹിക്കുമെന്നും ദൈവത്തിന്റെ നാമത്തിൽ സത്യം ചെയ്യുകയോ സഗൗരവം പ്രതിജ്ഞ ചെയ്യുകയോ ചെയ്യണം. ഉദ്യോഗകാലാവധി തീരുന്നതിനുമുമ്പ്‌ സ്വയം രാജി സമർപ്പിക്കാവുന്നതാണ്‌. കൂടാതെ ഉപരാഷ്‌ട്രപതിയെ സ്ഥാനത്തുനിന്നു നീക്കം ചെയ്യാവുന്നതുമാണ്‌. അങ്ങനെ ചെയ്യുന്നതിന്‌ രാജ്യസഭ ഭൂരിപക്ഷത്തോടെ ഒരു പ്രമേയം പാസ്സാക്കുകയും ലോക്‌സഭ അതിന്‌ അംഗീകാരം നൽകുകയും വേണം. പ്രമേയം അവതരിപ്പിക്കുന്നതിന്‌ പതിനാലു ദിവസത്തെ നോട്ടീസുണ്ടായിരിക്കണം.

ഉപരാഷ്‌ട്രപതിയായി പ്രവർത്തിക്കുന്ന കാലത്ത്‌ പ്രതിഫലംകിട്ടുന്ന മറ്റൊരു പദവിയോ ഉദ്യോഗമോ വഹിക്കാവുന്നതല്ല. മരണമോ രാജിയോ മറ്റുവിധത്തിൽ നീക്കം ചെയ്‌കയോ നിമിത്തം രാഷ്‌ട്രപതി പദവിക്ക്‌ ഒഴിവുണ്ടാകുന്നതായാൽ നിയമാനുസരണം ഉപരാഷ്‌ട്രപതിക്ക്‌ വേറെയൊരാള്‍ ആ സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ട്‌ സ്ഥാനമേല്‌ക്കുന്നതുവരെ രാഷ്‌ട്രപതിയായിരിക്കാവുന്നതാണ്‌; എന്നാൽ ഉപരാഷ്‌ട്രപതി പരമാവധി ആറുമാസത്തേക്കു മാത്രമേ രാഷ്‌ട്രപതിയായി പ്രവർത്തിക്കാന്‍ പാടുള്ളൂ. അസാന്നിധ്യത്താലോ രോഗത്താലോ മറ്റേതെങ്കിലും കാരണത്താലോ രാഷ്‌ട്രപതിക്ക്‌ തന്റെ ചുമതലകള്‍ നിർവഹിക്കാന്‍ കഴിയാതെവരുന്ന സന്ദർഭങ്ങളിലും ഉപരാഷ്‌ട്രപതി താത്‌കാലികമായി രാഷ്‌ട്രപതിയുടെ ചുമതലകള്‍ നിർവഹിക്കേണ്ടതാണ്‌. രാഷ്‌ട്രപതിയെന്ന നിലയിൽ പ്രവർത്തിക്കുന്ന ഉപരാഷ്‌ട്രപതിക്ക്‌ രാഷ്‌ട്രപതിയുടെ എല്ലാ അധികാരങ്ങളും ഉന്മുക്തികളും ഉണ്ടായിരിക്കുന്നതാണ്‌.

ഉപരാഷ്‌ട്രപതിയുടെ ഔദ്യോഗികകാലാവധി അവസാനിക്കുന്നതുനിമിത്തം ഉണ്ടാകുന്ന ഒഴിവു നികത്താനുള്ള തിരഞ്ഞെടുപ്പ്‌ ആ കാലാവധി അവസാനിക്കുന്നതിനുമുമ്പു പൂർത്തിയാക്കേണ്ടതാകുന്നു, ഉപരാഷ്‌ട്രപതിയുടെ മരണമോ രാജിയോ നീക്കം ചെയ്യലോമൂലമുണ്ടാകുന്ന ഒഴിവു നികത്താനുള്ള തിരഞ്ഞെടുപ്പ്‌, ഒഴിവുണ്ടായതിനുശേഷം കഴിയുന്നതും വേഗത്തിൽ നടത്തേണ്ടതാകുന്നു. തിരഞ്ഞെടുക്കപ്പെടുന്നയാള്‍ക്ക്‌ സ്ഥാനമേല്‌ക്കുന്ന തീയതി മുതൽ പൂർണകാലാവധിയായ അഞ്ചുവർഷത്തേക്കു പദവിയിൽ തുടരാന്‍ അവകാശമുണ്ടായിരിക്കുന്നതാണ്‌. ഉപരാഷ്‌ട്രപതിയുടെ തിരഞ്ഞെടുപ്പിൽനിന്നോ, അതുമായി ബന്ധപ്പെട്ടോ ഉദ്‌ഭവിക്കുന്ന എല്ലാ സംശയങ്ങളും തർക്കങ്ങളും സുപ്രിംകോടതി തീരുമാനിക്കുന്നതാണ്‌; തീരുമാനം അന്തിമമായിരിക്കും. ആ തീരുമാനത്തിന്റെ തീയതിയിലോ അതിനുമുമ്പോ ഉപരാഷ്‌ട്രപതിയെന്ന നിലയിൽ ചെയ്‌തിട്ടുള്ള എല്ലാ കൃത്യങ്ങളും സാധുവായിരിക്കും.

യു.എസ്‌. വൈസ്‌ പ്രസിഡന്റിന്റെ മാതൃകയിലാണ്‌ ഇന്ത്യയിൽ ഉപരാഷ്‌ട്രപതിയുടെ പദവിക്ക്‌ വ്യവസ്ഥ ചെയ്‌തിരിക്കുന്നത്‌; എന്നാൽ ഒരു വ്യത്യാസമുള്ളത്‌, അവിടെ പ്രസിഡന്റിന്റെ സ്ഥാനത്തിലുണ്ടാകുന്ന ഒഴിവിൽ വൈസ്‌പ്രസിഡന്റ്‌ അവരോധിക്കപ്പെടും. പ്രസിഡന്റിന്റെ അവശേഷിക്കുന്ന കാലാവധി വരെ അദ്ദേഹത്തിന്‌ പ്രസിഡന്റായി പ്രവർത്തിക്കുവാന്‍ സാധിക്കും. ഇന്ത്യന്‍ ഭരണഘടനയിലെ 63 മുതൽ 71 വരെയുള്ള അനുച്ഛേദങ്ങളിലാണ്‌ ഉപരാഷ്‌ട്രപതിയെ സംബന്ധിക്കുന്ന വ്യവസ്ഥകള്‍ പ്രതിപാദിച്ചിരിക്കുന്നത്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍