This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉപമ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:30, 9 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഉപമ

ഒരു വസ്‌തുവിന്‌ മറ്റൊന്നിനോട്‌ ചമത്‌കാരകാരകമായ സാദൃശ്യം കല്‌പിക്കുന്ന അർഥാലങ്കാരം. പൊതുവേ അർഥാലങ്കാരങ്ങളിൽ, പ്രത്യേകിച്ച്‌ സാമ്യോക്തിജന്യാലങ്കാരങ്ങളിൽ, ആദ്യത്തേതും പ്രധാനപ്പെട്ടതുമാണ്‌ ഉപമ. ഒരു പ്രകൃതവസ്‌തുവിന്റെ ധർമങ്ങളെ വർണിക്കുമ്പോള്‍ ആ ധർമങ്ങള്‍ക്ക്‌ പൂർത്തിയുള്ളതെന്ന്‌ പരക്കെ സമ്മതമായ ഒരു അപ്രകൃതവസ്‌തുവിനെ ദൃഷ്‌ടാന്തമാക്കിപ്പറയുന്നതാണ്‌ സാമ്യോക്തിയുടെ ആസ്‌പദം. കുവലയാനന്ദത്തിൽ "ഉപമാ യത്ര സാദൃശ്യ ലക്ഷ്‌മീരുല്ലസതിദ്വയോ:' എന്നും, ലീലാതിലകത്തിൽ, "സാദൃശ്യമുപമാ' എന്നും, ഈ അലങ്കാരത്തെ നിർവചിച്ചിരിക്കുന്നു. ഭാഷാഭൂഷണത്തിൽ ഉപമയുടെ നിർവചനം ഇപ്രകാരമാണ്‌:

	
""ഒന്നിനൊന്നോടു സാദൃശ്യം
	ചൊന്നാലുപമയാമത്‌;
	മന്നവേന്ദ്ര, വിളങ്ങുന്നു
	ചന്ദ്രനെപ്പോലെ നിന്മുഖം''.
 

ഉപമാകല്‌പനയിൽ പ്രധാനമായി നാലു ഘടകങ്ങള്‍ അടങ്ങിയിരിക്കും: i) ഉപമേയം-ഏതിനെ മറ്റൊന്നിനോടുപമിക്കുന്നുവോ അത്‌; ഉദാഹരണത്തിൽ മുഖം; ii) ഉപമാനം-ഏതൊന്നിനോടാണോ ഉപമേയത്തെ സാദൃശ്യപ്പെടുത്തുന്നത്‌ അത്‌; ഇവിടെ ചന്ദ്രന്‍; iii) സാധാരണധർമം-ഉപമേയോപമാനങ്ങള്‍ക്ക്‌ രണ്ടിനും തുല്യമായ സവിശേഷത; ഇവിടെ വിളങ്ങുക എന്നത്‌; iv) ഉപമാവാചകം-സാദൃശ്യത്തെ പ്രകാശിപ്പിക്കുന്ന പദം; ഇവിടെ "പോലെ'. ഈ നാലു ഘടകങ്ങളും തികഞ്ഞിട്ടുള്ള സാദൃശ്യകല്‌പനയ്‌ക്ക്‌ പൂർണോപമ എന്നു പറയുന്നു; ഏതെങ്കിലും ഇല്ലാത്തതിന്‌ ലുപ്‌തോപമ എന്നും. ലുപ്‌തോപമ. പലവിധത്തിലും ലുപ്‌തോപമ വരാം. വാചകലുപ്‌ത (ഉർവശീലളിതയാമിവള്‍), ഉപമാനലുപ്‌ത (സമയില്ലസുന്ദരി), ധർമലുപ്‌ത (ശർവരീശസദൃശാസ്യയാള്‍), ധർമോപാനലുപ്‌ത (ശരിയായൊരുത്തിയിഹ നാസ്‌തി), ധർമവാചകലുപ്‌ത (പല്ലവാധരി മനോഹരാംഗിയിവള്‍), ധർമോപമാനവാചകലുപ്‌ത (പേടമാന്‍ മിഴി). മാലോപമ. ഒരു ഉപമേയത്തെ നിരവധി ഉപമാനങ്ങളോട്‌ സാദൃശ്യപ്പെടുത്തുന്നതാണ്‌ മാലോപമ. ഇതിനുദാഹരണമായി ഭാഷാഭൂഷണത്തിലുള്ളത്‌

 	
കാർകൊണ്ടു മിണ്ടാത്തൊരു കൊണ്ടൽപോലെ,
	""കല്ലോലമില്ലാതെഴുമാഴി പോലെ,
	കാറ്റിൽപ്പെടാദ്ദീപവുമെന്നപോലെ,
	നിഷ്‌പന്ദമായ്‌ പ്രാണനടക്കിവച്ചും''
എന്ന കുമാരസംഭവ ശ്ലോകമാണ്‌.
  

രശനോപമ. ആദ്യത്തെ ഉപമയിലെ ഉപമേയത്തെ പിന്നീടുള്ള ഉപമയിൽ ഉപമാനമാക്കി പലതവണ ആവർത്തിക്കുന്ന ഈ അലങ്കാരത്തിന്‌

 	
മൊഴിയധരംപോൽ മധുരം
	""മൊഴിപോലത്യച്ഛവർണമാം മേനി,
	മിഴി മേനിപോലതിരതി,
	മിഴിപോലത്യന്തദുസ്സഹം വിരഹം''.
എന്ന പദ്യം ദൃഷ്‌ടാന്തമാണ്‌.
  

സാവയവോപമ. ഉപമേയത്തിന്റെ എല്ലാ ഘടകങ്ങള്‍ക്കും സമാനമായവ ഉപമാനത്തിൽ കല്‌പിക്കുന്നതാണ്‌ ഈ അലങ്കാരം. ശാകുന്തളത്തിലെ ഒരു ശ്ലോകം ഇതിനുദാഹരണമായെടുക്കാം:


	""തളിരുപോലധരം സുമനോഹരം,
	ലളിതശാഖകള്‍പോലെ ഭുജദ്വയം,
	കിളിമൊഴിക്കു തനൗ കുസുമോപമം
	മിളിതമുജ്ജ്വലമാം നവയൗവനം.''
  

തൊണ്ടിപ്പഴത്തെ "ജയിക്കുന്ന' അധരബിംബം, കുന്നിനെ "അപഹസിക്കുന്ന' കുചകുംഭം എന്നും മറ്റുമുള്ള ഉദാഹരണങ്ങളിൽ സദൃശം, തുല്യം, സമാനം തുടങ്ങിയ ഉപമാവാചകങ്ങളല്ല പ്രയോഗിച്ചിരിക്കുന്നത്‌. ഇങ്ങനെ സാദൃശ്യാർഥം ലക്ഷണംകൊണ്ടു സാധിക്കേണ്ടവയ്‌ക്ക്‌ "ലക്ഷിതോപമകള്‍' എന്നു പറയുന്നു. ഉപമയ്‌ക്ക്‌ വിശ്വനാഥന്റെ സാഹിത്യദർപ്പണത്തിൽ കൊടുത്തിരിക്കുന്ന നിർവചനവിവൃതികള്‍ ഇങ്ങനെയാണ്‌:

 
രണ്ടു വസ്‌തുക്കള്‍ക്കു സാമ്യം
	""വൈധർമ്യം വിട്ടു വാച്യമായ്‌
	ഒരേ വാക്യത്തിലോതീടു-
	ന്നതിന്നുപമയെന്നു പേർ
	ഉപമേയോപമാനങ്ങള്‍
	ഉപമാവാചകം തഥാ
	സാമാന്യധർമവും വാച്യ-
	മായാലായതു പൂർണയാം.
	.  .  .  .  .  .  .
	സാമാന്യധർമാദികളിൽ
	ഒന്നു രണ്ടല്ല മൂന്നുമേ
	ലോപിച്ചു പോകിലോ ലുപ്‌ത,
	മുന്‍വിധം ശ്രൗതിയാർഥിയും''.
  

സാമ്യമൂലകാലങ്കാരങ്ങള്‍ക്കു നാരായവേരായിട്ടുള്ളത്‌ ഉപമയാണ്‌. "ഉപമാ കാളിദാസസ്യ' എന്ന ചൊല്ല്‌ കാളിദാസന്റെ കല്‌പനാ ശക്തിക്കൊപ്പം ഉപമയുടെ അനന്യസാമാന്യമായ വൈശിഷ്‌ട്യത്തെയും വ്യക്തമാക്കുന്നു. "അർഥാലങ്കാരങ്ങളുടെ റാണി' എന്നൊരു അപരാഭിധാനവും ഉപമയ്‌ക്കുണ്ട്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%89%E0%B4%AA%E0%B4%AE" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍