This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഉദ്ദണ്ഡശാസ്‌ത്രികള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഉദ്ദണ്ഡശാസ്‌ത്രികള്‍
പതിനെട്ടരക്കവികള്‍ എന്ന പേരിലറിയപ്പെടുന്ന കവിസദസ്സിലെ പണ്ഡിതനായ സംസ്‌കൃതകവി. ഉദ്ദണ്ഡശാസ്‌ത്രികളുടെ സ്വദേശത്തെയും കുടുംബത്തെയും പറ്റിയുള്ള വിവരങ്ങള്‍ക്ക് അവലംബം, ഇദ്ദേഹത്തിന്റെ മല്ലികാമാരുതം എന്ന പ്രകരണമാണ്. അതനുസരിച്ച് തൊണ്ടമണ്ഡലത്തിലെ ലാടപുരം ഗ്രാമത്തിൽ രംഗനാഥന്റെയും രംഗദേവിയുടെയും പുത്രനായി ജനിച്ച ഇദ്ദേഹത്തിന്റെ ആദ്യനാമം ഇരുഗുപനാഥനെന്നാണ്. "ആന്ധ്രകർണാടകകലിംഗചോളകേരള' രാജ്യങ്ങളിൽ പര്യടനം നടത്തിയതിനുശേഷം "താമ്രചൂഡക്രാഡനഗര'(കോഴിക്കോട്)ത്തിൽ എത്തിച്ചേർന്നതായും ഇതിൽ പരാമർശമുണ്ട്.
ഉദ്ദണ്ഡശാസ്‌ത്രികള്‍ കോഴിക്കോട്ടെത്തി മാനവിക്രമ സാമൂതിരിയെ ആദ്യം സന്ദർശിച്ചപ്പോള്‍ കാഴ്‌ചവച്ചതായി പറയപ്പെടുന്ന ശ്ലോകം താഴെച്ചേർക്കുന്നു.
""ഉദ്ദണ്ഡഃപരദണ്ഡഭൈരവ, ഭവ- ദ്യാത്രാസു ജൈത്രശ്രിയോ ഹേതുഃ കേതുരതീത്യ സൂര്യസരണിം ഗച്ഛന്‍ നിവാര്യസ്‌ത്വയാ നോ ചേത്തത്‌പടസമ്പുടോദരലസ- ച്ഛാർദൂലമുദ്രാദ്രവത്- സാരംഗം ശശിബിംബമേഷ്യതി തുലാം ത്വത്‌പ്രയസീനാം മുഖൈഃ''
ഈ പദ്യത്തിൽ നിന്നാണ് ഇദ്ദേഹത്തിന് "ഉദ്ദണ്ഡ' ബിരുദം കിട്ടിയതെന്ന് പറയപ്പെടുന്നു.
കോഴിക്കോട്ടു സാമൂതിരി, കൂടല്ലൂർ നമ്പൂതിരിപ്പാട്, കാക്കശ്ശേരി ഭട്ടതിരി, പുനം നമ്പൂതിരി തുടങ്ങിയവരെയും കൂട്ടിയിണക്കുന്ന നിരവധി ഐതിഹ്യങ്ങള്‍ നിലവിലുണ്ട്. ചേന്ദമംഗലത്ത് മാറക്കര എന്ന ഗൃഹത്തിലെ ഒരു നായർസ്‌ത്രീയെ ഇദ്ദേഹം വിവാഹം കഴിച്ചിരുന്നതായി ഇദ്ദേഹത്തിന്റെ കോകിലസന്ദേശത്തിൽനിന്ന് ഭാഷാസാഹിത്യചരിത്രകാരന്മാർ അനുമാനിക്കുന്നു.
സാമൂതിരിയുടെ വിദ്വത്‌സദസ്സിൽ നടന്ന പല വാദപ്രതിവാദങ്ങളിലും ഇദ്ദേഹം പ്രതിയോഗികളെ പരാജയപ്പെടുത്തി "പട്ടത്താന'ത്തിന് നീക്കിവച്ച കിഴികള്‍ മുഴുവനും കുറേക്കാലത്തേക്ക് കൈവശപ്പെടുത്തി എന്നും ഐതിഹ്യമുണ്ട്. ഒടുവിൽ ഇദ്ദേഹത്തെ വാദത്തിൽ തോല്‌പിക്കുന്നതിന് കേരളബ്രാഹ്മണർ മന്ത്രപൂർവകം അധ്യയനം ചെയ്യിച്ച കാക്കശ്ശേരി ഭട്ടതിരിക്ക്, തന്റെ ബാല്യകാലത്തിൽത്തന്നെ ആയത് സാധിച്ചുവെന്നും പറയുന്നു.
ഉദ്ദണ്ഡശാസ്‌ത്രികള്‍ എന്ന്, എവിടെവച്ച് മരിച്ചുവെന്നോ ഇദ്ദേഹത്തിന്റെ ജീവിതകാലം എന്നായിരുന്നുവെന്നോ അസന്ദിഗ്‌ധമായി നിർണയിക്കത്തക്ക ചരിത്രരേഖകളൊന്നും ലഭ്യമല്ല. ഡോ. കൃഷ്‌ണമാചാര്യന്‍ എഴുതിയ സംസ്‌കൃതസാഹിത്യചരിത്രത്തിൽ ഉദ്ദണ്ഡന്റെ പിതാവായ രംഗനാഥന്‍ 14-ാം നൂറ്റാണ്ടിൽ തഞ്ചാവൂർ ജില്ലയിൽ ജീവിച്ചിരുന്നുവെന്നും ക്രതുവൈഗുണ്യപ്രായശ്ചിത്തം തുടങ്ങിയ ചില കൃതികള്‍ അദ്ദേഹം എഴുതിയിട്ടുണ്ടെന്നും പല തെളിവുകളും ഉദ്ധരിച്ചുകൊണ്ട് സ്ഥാപിക്കുന്ന സ്ഥിതിക്ക്, ഉദ്ദണ്ഡശാസ്‌ത്രികള്‍ 14-15 നൂറ്റാണ്ടുകള്‍ക്കിടയിൽ ജീവിച്ചിരുന്നുവെന്ന് അനുമാനിക്കാനേ സാധ്യതയുള്ളൂ. ശാസ്‌ത്രികളുടെ പുരസ്‌കർത്താവായ മാനവിക്രമസാമൂതിരിയുടെ ഭരണകാലം 1467-75 (കൊ.വ. 642-650) ആയിരുന്നുവെന്ന് കെ.വി. കൃഷ്‌ണയ്യരുടെ സാമൂതിരിരാജവംശചരിത്രത്തിൽ പറയുന്നതും അദ്ദേഹത്തിന്റെ ജീവിതകാലനിർണയത്തിനു സഹായകമാണ്. "പതിനെട്ടരക്കവികള്‍' എന്നു പ്രസിദ്ധിനേടിയ വിദ്വത്സമിതി ഇദ്ദേഹത്തിന്റെ ആസ്ഥാനമണ്ഡപത്തെ അലങ്കരിച്ചിരുന്നുവെന്നും അവരിൽ പലരുമായും ഉദ്ദണ്ഡശാസ്‌ത്രികള്‍ വാദപ്രതിവാദം നടത്തിയിട്ടുണ്ടെന്നും വിവരിക്കുന്ന ഐതിഹ്യങ്ങള്‍ പലതും പ്രചാരത്തിലുണ്ട്.
കൃതികള്‍. മല്ലികാമാരുതം (പ്രകരണം), കോകിലസന്ദേശം എന്നീ രണ്ടു കൃതികളും ഏതാനും ചില സംസ്‌കൃത മുക്തകങ്ങളുമാണ് ഉദ്ദണ്ഡശാസ്‌ത്രികളുടെ സാഹിത്യസംഭാവനകളായി അവശേഷിച്ചിട്ടുള്ളത്. അസാമാന്യമായ പാണ്ഡിത്യവും കല്‌പനാശക്തിയുംകൊണ്ട് ആദ്യവസാനം ശബളാഭമായിത്തിളങ്ങുന്ന ഈ കൃതികളിൽ ഇദ്ദേഹത്തിന്റെ ആത്മകഥാദ്യോതകമായ പല സൂചനകളും കണ്ടെത്താം. പത്തങ്കങ്ങളുള്ള ഒരു ദീർഘപ്രകരണമായ മല്ലികാമാരുതത്തിൽ മുനിശാപംകൊണ്ട് മനുഷ്യജന്മത്തിൽ പിറന്ന ദേവദമ്പതിമാരുടെ പുനർയോഗം ചിത്രീകരിച്ചിരിക്കുന്നു. ചേന്ദമംഗലത്തുള്ള പത്‌നിക്ക് കാഞ്ചീപുരത്തുനിന്നു നായകന്‍ (ഇവിടെ കവിതന്നെ) കുയിൽ മുഖേന അയയ്‌ക്കുന്ന സന്ദേശമടങ്ങിയ കോകിലസന്ദേശത്തിൽ ആകെ 161 ശ്ലോകങ്ങളുണ്ട്. സന്ദേശകാവ്യത്തെപ്പറ്റിയുള്ള വിധികള്‍ക്കനുസരണമായിത്തന്നെ ശബ്‌ദാർഥമുഖരിതമായി ഈ കാവ്യം വർത്തിച്ചുപോകുമ്പോള്‍ തദാനീന്തന ഭൂമിശാസ്‌ത്രത്തിന്റെ വിവരങ്ങള്‍കൂടി മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്. കാഞ്ചീപുരം, പാലാറ്, അതിനു തെക്കുള്ള ബ്രാഹ്മണാഗ്രഹാരങ്ങള്‍, വിശ്വക്ഷേത്രം, കാവേരിനദി, ശ്രീരംഗനാഥം, ലക്ഷ്‌മീനാരായണപുരം, സഹ്യപർവതം എന്നിവ കടന്നിട്ട് തിരുനെല്ലി, ചെറുമന്നത്തുക്ഷേത്രം, പുരളീരാജധാനി (വടക്കന്‍ കോട്ടയം), പെരുഞ്ചല്ലൂർ, തൃച്ചംബരം, കോലത്തുനാട്, തൃപ്പങ്ങോട്, ഭാരതപ്പുഴ, തിരുനാവായ (ഇവിടെ മാമാങ്കത്തെയും വർണിക്കുന്നുണ്ട്), ചമ്രവട്ടം, ആഴ്‌വാഞ്ചേരിമന, മൂക്കോല, പോർക്കളം, തൃശൂർ, പെരുമനം, ഊരകം, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, തിരുവഞ്ചിക്കുളം, പെരിയാർ എന്നിവിടങ്ങളിലൂടെയാണ് പുഴയ്‌ക്കു തെക്കുള്ള ചേന്ദമംഗലത്തെത്തേണ്ടതെന്ന് കവി സന്ദേശഹരന് മാർഗനിർദേശം ചെയ്യുന്നു. ആകർഷകവും ചമത്‌കാരസുന്ദരവുമായ ഇതിലെ വർണനാവൈശദ്യംകൊണ്ട് ശാസ്‌ത്രികള്‍ക്ക് ചേന്ദമംഗലത്ത് ഒരു ഭാര്യയോ കാമുകിയോ ഉണ്ടായിരുന്നിരിക്കാമെന്ന് ഊഹിക്കുന്നതിൽ തെറ്റില്ല.
ഉദ്ദണ്ഡശാസ്‌ത്രികളുടേതായി ചില ഒറ്റ ശ്ലോകങ്ങളും പ്രചാരത്തിലുണ്ട്.
""പലായധ്വം പലായധ്വം രേ രേ ദുഷ്‌കവികുഞ്‌ജരാഃ വേദാന്ത, വനസഞ്ചാരീ ഹ്യായാത്യുദ്ദണ്ഡകേസരീ, ഭാഷാകവിനിവഹോയം ദോഷാകരവദ്‌വിഭാതി ഭുവനതലേ പ്രായേണ വൃത്തഹീനഃ സൂര്യാലോകേ നിരസ്‌തഗോപ്രസരഃ''
ഇപ്രകാരമുള്ള വെല്ലുവിളികള്‍ ഇവയിൽ പ്രമുഖങ്ങളാണ്. അതുപോലെ രാജസ്‌തുതിപരമായി "താരിൽത്തന്വീകടാക്ഷാഞ്ചല...' എന്നാരംഭിക്കുന്ന പുനംനമ്പൂതിരിയുടെ ശ്ലോകത്തിന്റെ അവസാനപാദത്തിലെ(വിക്രമനൃവര ധരാ ഹന്ത! കല്‌പാന്തതോയേ) പദപ്രയോഗത്തെ "അന്തഹന്തയ്‌ക്ക് ഇന്ത പട്ട്'! എന്നു ശാസ്‌ത്രി നമ്പൂതിരിക്കു സമ്മാനം നൽകിയതായും ഐതിഹ്യമുണ്ട്.
നടാങ്കുശം എന്ന നാട്യശാസ്‌ത്രഗ്രന്ഥവും ഉദ്ദണ്ഡകൃതമാണെന്ന് ചിലർ വാദിക്കുന്നു.