This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഉദാത്തം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഉദാത്തം
1. വേദോച്ചാരണത്തിലെ മൂന്ന് സ്വരഭേദങ്ങളിൽ ഒന്ന് (അനുദാത്തവും സ്വരിതവുമാണ് മറ്റു രണ്ടെച്ചം). ഇവയിൽ ഓരോന്നിനും പ്രത്യേകാരോഹണാവരോഹണക്രമങ്ങളുണ്ട്. "ബ്രഹ്മന്‍ തിരുവടി നാലു വേദത്തെയും ഉദാത്താനുദാത്തസ്വരിതപ്രയത്നങ്ങളോട് കൂട സ്തുതിക്കിന്റിതു' എന്ന് തിരുവനന്തപുരം മാനുസ്ക്രിപ്റ്റ് ലൈബ്രറി പ്രസിദ്ധീകരിച്ച (1951) പ്രാചീനമലയാള ഗദ്യമാതൃകകള്‍ എന്ന കൃതിയിൽ അംബരീഷചരിതത്തിൽ നിന്നുള്ള ഒരു ഉദ്ധരണിയിൽ കാണുന്നു. "ഉദാത്താദ്യസ്ത്രയഃ സ്വരാഃ' എന്ന് അമരകോശത്തിലും പറഞ്ഞിട്ടുണ്ട്. ഈ സ്വരഭേദം ദ്രാവിഡത്തിൽ ഒരിക്കലും ഉണ്ടായിരുന്നില്ലെന്നു കേരളപാണിനീയത്തിൽ വ്യക്തമാക്കിയിരിക്കുന്നു. 2. വാസ്തവോക്തി വിഭാഗത്തിൽ ഉള്‍പ്പെടുന്ന ഒരു അർഥാലങ്കാരം. പുരാണ നായകന്മാരുമായുള്ള സാദൃശ്യഘടനകൊണ്ടും വീര്യസമ്പദാദികളുടെ അതിശയംകൊണ്ടും വർണ്യവസ്തുവിനെ ശ്ലാഘിക്കുന്നതാണ് ഉദാത്താലങ്കാരം. ഭാഷാഭൂഷണത്തിൽ ഇത് ഇങ്ങനെ നിർവചിക്കപ്പെട്ടിരിക്കുന്നു:
""പുരാവൃത്തപരാമർശ- മുദാത്തം ശ്രീസമൃദ്ധിയും'' ഉദാ. (i) കുരുപാണ്ഡവവീരന്മാർ പൊരുതോരിടമാണിത്. (ii) തൃപ്പാദസന്നിധാനത്തിൽ കല്പവൃക്ഷങ്ങള് യാചകർ.
ലീലാതിലകം, സാഹിത്യദർപ്പണം, കുവലയാനന്ദം തുടങ്ങിയ പ്രാമാണിക ലക്ഷണഗ്രന്ഥങ്ങളിലും ഈ അലങ്കാരത്തിന് നിർവചനങ്ങളും ഉദാഹരണങ്ങളും നല്‍കിയിട്ടുണ്ട്. 3. ഉദാത്തം എന്ന പദത്തിന് ദാനം, പെരുമ്പറ എന്നെല്ലാം അർഥവിശേഷങ്ങളുണ്ട്. 4. സംസ്കൃതകാവ്യമീമാംസപ്രകാരം കവികളെ നാലായി തരംതിരിച്ചിരിക്കുന്നതിൽ ഒരു വിഭാഗം ഉദാത്ത കവികളാണെന്ന് പറഞ്ഞിരിക്കുന്നു. വടക്കുംകൂർ രാജരാജവർമയുടെ സാഹിതീസർവസ്വം (1921) എന്ന സാഹിത്യശാസ്ത്രഗ്രന്ഥത്തിൽ കവികളെ ഇപ്രകാരമാണ് വർഗീകരിച്ചിരിക്കുന്നത്.
""ഉദാത്ത,നുദ്ധതന്, പ്രൗഢന്‍, വിനീതമതിയിങ്ങനെ ചതുർധാ കാവ്യകാരന്മാ- രുണ്ടിവർക്കാദ്യനായവന്.''
5. സംസ്കൃതകാവ്യങ്ങളിലെ നായകന്മാരെ നാലായി തരംതിരിച്ചിട്ടുള്ളതിൽ ഒന്നാണ് "ധീരോദാത്തന്‍'. ധീരോദ്ധതന്‍, ധീരലളിതന്‍, ധീരശാന്തന്‍ എന്നിവരാണ് മറ്റുള്ളവർ.