This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഋതുപർണന്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഋതുപർണന്‍
അയോധ്യവാണ ഒരു ഇക്ഷ്വാകുവംശരാജാവ്. ഇതിഹാസങ്ങളിൽ നളദമയന്തീകഥയിലൂടെയാണ് ഋതുപർണന്‍ അവതരിപ്പിക്കപ്പെടുന്നത്. ഇദ്ദേഹം ദമയന്തിയുടെ സ്വയംവരത്തിൽ പങ്കെടുത്തിരുന്നു. കാർക്കോടകദംശനത്തിനുശേഷം വികൃതരൂപിയും ബാഹുകനാമധാരിയുമായിത്തീർന്ന നളന്‍ ഋതുപർണന്റെ ആസ്ഥാനത്തിൽ പാചകനും സാരഥിയുമായി കുറേക്കാലം കഴിഞ്ഞുകൂടി. അതിനുമുമ്പ് പുഷ്‌കരനുമായുള്ള ചൂതുകളിയിൽ നളന്‍ പരാജയപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ തേരാളികളായ ജീവലവാർഷ്‌ണേയന്മാർ ഋതുപർണന്റെ കൊട്ടാരത്തിൽ സേവകന്മാരായിക്കഴിഞ്ഞിരുന്നു. നളന്‍ അജ്ഞാതവാസം അനുഷ്‌ഠിക്കുന്ന കാലത്താണ് തന്റെ രണ്ടാം വിവാഹം നിശ്ചയിച്ചിരിക്കുന്നു എന്ന വാർത്ത ദമയന്തി ഒരു ബ്രാഹ്മണന്‍ മുഖാന്തരം അയോധ്യാരാജധാനിയിൽ എത്തിക്കുന്നത്. ദമയന്തിയിൽ നേരത്തേ അഭിനിവേശം തോന്നിയിരുന്ന ഋതുപർണന്‍ എത്രയും വേഗം കുണ്ഡിനപുരത്തേക്ക് തേരോടിക്കാന്‍ ബാഹുകനോട് ആവശ്യപ്പെടുകയും അങ്ങനെ പോകുന്നവഴി അദ്ദേഹത്തിന്റെ ഉത്തരീയം കാറ്റത്ത് പറന്നുപോവുകയും ചെയ്‌തു. ഇതിനെ തുടർന്നാണ് ഋതുപർണബാഹുകന്മാർ തങ്ങള്‍ക്ക് വശമായിരുന്ന അക്ഷഹൃദയാശ്വഹൃദയവിദ്യകള്‍ കൈമാറിയത്. കുണ്ഡിനത്തിൽ എത്തിയപ്പോള്‍ തന്റെ സാരഥിയുടെ യഥാർഥസ്ഥിതി മനസ്സിലാക്കിയ ഋതുപർണന്‍ നിരാശനായി അയോധ്യയിലേക്കു മടങ്ങി. മഹാഭാരതത്തിൽ ഒരു ഉപാഖ്യനമായി പറയുന്ന നളകഥ പില്‌ക്കാലത്ത് പല സാഹിത്യരൂപങ്ങളിൽ പുനരവതീർണമായപ്പോഴും ഋതുപർണന്‍ വഹിക്കുന്ന പങ്ക് എടുത്തു പറയുന്നുണ്ട്. ഹരിവംശത്തിൽ:
""അയുതാജിത്തിന്റെ മകന്‍ ഋതുപർണന്‍ പുകഴ്‌ന്നവന്‍ നളന്റെ തോഴന്‍ ബലവാന്‍ ദിവ്യാക്ഷഹൃദയജ്ഞനാം'' എന്ന് ഋതുപർണന്റെ മാഹാത്മ്യം എടുത്തുപറഞ്ഞിട്ടുണ്ട്. ഇദ്ദേഹത്തിന്റെ നാമകീർത്തനം തന്നെ പാപഹരമാണെന്ന് ""കാർക്കോടകസ്യ നാഗസ്യ ദമയന്ത്യാഃ നളസ്യച ഋതുപർണസ്യ രാജഋഷേഃ കീർത്തനം കലിനാശനം'' എന്ന ഫലശ്രുതി ഘോഷിക്കുന്നു.''