This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഉദയസിംഹന്‍ (1530 - 72)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഉദയസിംഹന് (1530 - 72)
മധ്യകാലേന്ത്യയിലെ പ്രമുഖ രജപുത്രരാജ്യമായിരുന്ന മേവാഡിലെ ഒരു റാണ. സംഗ്രാമസിംഹന്റെ പുത്രനായി 1530-ൽ ജനിച്ചു. നിരവധി പ്രതികൂലസാഹചര്യങ്ങളെ അതിജീവിച്ചുകൊണ്ടാണ് അദ്ദേഹം മേവാഡിലെ ഭരണാധികാരി(1541-42)യായത്. അക്‌ബർ ചക്രവർത്തി സാമ്രാജ്യവികസന ലക്ഷ്യത്തോടെ രജപുത്രരുടെ പൈതൃക തലസ്ഥാനമായ ചിത്തോർ കീഴടക്കിയശേഷം മേവാഡ് ആക്രമിക്കുന്നത് 1567-ലാണ്. വമ്പിച്ച മുഗള്‍സൈന്യത്തോടേറ്റുമുട്ടാന്‍ ഭയംതോന്നിയ ഉദയസിംഹന്‍ ചില പരിവാരങ്ങളുമായി രാജ്‌പിപ്‌ലി ആരണ്യത്തിലെ ഗോഹിലിലേക്കും അവിടെനിന്ന് ആരവല്ലി കുന്നുകളിലെ ഗിരോയിലേക്കും പലായനം ചെയ്‌തു. ഈ പലായനത്തിന് ഏതാനും വർഷങ്ങള്‍ക്കുമുമ്പ് അവിടം സന്ദർശിച്ചിരുന്ന ഉദയസിംഹന്‍ അവിടെ ഒരു തടാകവും അതിനു തൊട്ടരികിലായി പർവതങ്ങള്‍ക്കിടയിൽ "നൗചൗകി' കൊട്ടാരവും നിർമിച്ചു. ഇതിനുചുറ്റുമായിട്ടാണ് പിന്നീട് ഉദയ്‌പൂർ നഗരം ഉയർന്നുവന്നത്. അത് മേവാഡിന്റെ തലസ്ഥാനമായി മാറി. രജപുത്രർക്ക് പാരമ്പര്യസിദ്ധമായ യുദ്ധവൈദഗ്‌ധ്യമോ ഒരു ഭരണാധിപനു വേണ്ട യോഗ്യതകളോ ഉദയസിംഹന് ഉണ്ടായിരുന്നില്ല. സുഖലോലുപനായ ഇദ്ദേഹത്തിന് ഭരണകാര്യങ്ങളിൽ ശ്രദ്ധയില്ലാതിരുന്നതിനാൽ പല പരാജയങ്ങളും പിണഞ്ഞു. 25 സന്തതികളുടെ പിതാവായിരുന്ന ഉദയസിംഹന്‍ മരണത്തിനുമുമ്പ് മൂപ്പവകാശം അവഗണിച്ചു കൊണ്ട് തനിക്ക് പ്രിയങ്കരനായ ജഗ്‌മൽ എന്ന പുത്രനെയാണ് പിന്‍ഗാമിയായി പ്രഖ്യാപിച്ചത്. ഉദയ്‌പൂരിൽനിന്ന് ഏതാണ്ട് 30 കീ.മീ. വടക്കു പടിഞ്ഞാറ് ആയി സ്ഥിതിചെയ്യുന്ന ഗോഗുണ്ടയിൽ വച്ച് 1572 മാ. 3-ന് 42-മത്തെ വയസ്സിൽ ഉദയസിംഹന്‍ അന്തരിച്ചു. അധികം താമസിയാതെ ജഗ്‌മലിനെ അധികാരഭ്രഷ്‌ടനാക്കിക്കൊണ്ട് ഉദയസിംഹന്റെ മൂത്ത പുത്രനായ പ്രതാപസിംഹന്‍ മേവാഡിലെ റാണയായി.