This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഊർധ്വാംഗരോഗങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:44, 9 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഊർധ്വാംഗരോഗങ്ങള്‍

ശിരസ്സിലെ വിവിധാവയവങ്ങളെ സംബന്ധിക്കുന്ന രോഗങ്ങള്‍. രോഗങ്ങളെയും ചികിത്സകളെയും പ്രതിപാദിക്കുന്ന ആർഷമായ ആയുർവേദം എട്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു: കായചികിത്സ,ബാലചികിത്സ, ഗ്രഹാവേശചികിത്സ, ഊർധ്വാംഗ ചികിത്സ, ശല്യചികിത്സ, ദംഷ്‌ട്രാചികിത്സ, ജരാചികിത്സ (രസായനചികിത്സ), വൃഷചികിത്സ (വാജീകരണ ചികിത്സ). എട്ടു ഭാഗങ്ങളുള്ളതുകൊണ്ട്‌ ആയുർവേദത്തെ അഷ്‌ടാംഗചികിത്സ എന്നും വ്യവഹരിക്കാറുണ്ട്‌. ഇവയിൽ ഊർധ്വാംഗചികിത്സാവിഭാഗത്തിലാണ്‌ ഊർധ്വംഗമായ കണ്‌ഠത്തിനു മുകളിലുള്ള, ശിരസ്സിലെ വിവിധാവയവങ്ങളെ ബാധിക്കാവുന്ന രോഗങ്ങളെയും തത്‌ പ്രതിവിധികളെയും പ്രതിപാദിച്ചിട്ടുള്ളത്‌.

മനുഷ്യന്റെ ശിരസ്സിനെ അതിന്റെ പ്രാധാന്യം പരിഗണിച്ച്‌ ഉത്തമാംഗം എന്നു പറഞ്ഞുവരുന്നു. ശരീരവ്യാപാരങ്ങള്‍ക്കും സംജ്ഞാവ്യൂഹങ്ങള്‍ക്കും ആവശ്യമായ അവയവഭാഗങ്ങള്‍ ശിരസ്സിലടങ്ങിയിരിക്കുന്നു. മസ്‌തിഷ്‌കം, അനുമസ്‌തിഷ്‌കം, സുഷുമ്‌നാശീർഷകം, ചക്ഷുസ്സ്‌, ശ്രാത്രം, നാസ, രസന, ത്വക്‌ (ഇതു സർവശരീരവ്യാപകമാണ്‌) എന്നീ പഞ്ചേന്ദ്രിയങ്ങള്‍, എന്നിവയെല്ലാം ശിരസ്സിലാണ്‌ സ്ഥിതിചെയ്യുന്നത്‌. ശബ്‌ദസ്‌പർശരൂപരസഗന്ധങ്ങളായ സംവേദനങ്ങളെ നിർവഹിക്കുന്നതിനും അവയെ കേന്ദ്രത്തിലെത്തിച്ചു വ്യവസ്ഥപ്പെടുത്തുന്നതിനും ഉതകുന്ന കച്ച്‌ മുതലായ അവയവങ്ങളും നാഡീവ്യൂഹങ്ങളും അവയ്‌ക്കു പോഷണം നല്‌കുന്ന ധമനീസിരാവ്യൂഹങ്ങളും ശിരസ്സിലാണു നിബന്ധിക്കപ്പെട്ടിരിക്കുന്നത്‌ എന്നത്‌ ശ്രദ്ധേയമാണ്‌. ശിരസ്സിന്റെ ആരോഗ്യപരമായ പ്രവർത്തനങ്ങളെ പ്രധാനമായും അടിസ്ഥാനപ്പെടുത്തിയാണ്‌ ശരീരത്തിലെ സകലവ്യാപാരങ്ങളുടെയും ഫലമായ ജീവിതം നിലകൊള്ളുന്നത്‌. "ഉത്തമാംഗസ്യ രക്ഷായാം ആദൃതോ ഭവേത്‌' എന്ന അഭിയുക്തവചനം ഈ നിഗമനങ്ങളുടെ ഫലമാണ്‌. ശരീരം ജീവത്തായി നിലനിൽക്കണമെങ്കിൽ ചലനം, പചനം, പോഷണം എന്നീ വ്യാപാരങ്ങള്‍ അഭംഗുരം നടന്നുകൊണ്ടേയിരിക്കണം. ഈ വ്യാപാരങ്ങളുടെ പ്രരകവും നിയാമകവുമായ ജീവദ്‌ധർമം വായു അഥവാ വാതം എന്നു വ്യവഹരിക്കപ്പെടുന്നു. വിവിധവ്യാപാരങ്ങള്‍ കൊണ്ടു ക്ഷീണിക്കുന്ന ശരീരത്തിലെ അവയവഭാഗങ്ങളെ പോഷിപ്പിക്കുന്നതിനുവേണ്ടി കഴിക്കുന്ന ആഹാരത്തെ പാകപ്പെടുത്തുന്ന ഘടകമാണ്‌ പിത്തം. പക്വമായ ആഹാരാംശമാണ്‌ ശരീരത്തെ പോഷിപ്പിക്കുന്നത്‌. പോഷണപ്രക്രിയയെ നിയന്ത്രിക്കുന്ന ഘടകം കഫമെന്ന പേരിൽ വ്യവഹൃതമായിരിക്കുന്നു. പ്രസ്‌തുതങ്ങളായ വാത-പിത്ത-കഫങ്ങളെന്ന ത്രിദോഷങ്ങള്‍ അവികൃതങ്ങളായി പ്രവർത്തിക്കുമ്പോള്‍ ആരോഗ്യവും, വികൃതങ്ങളായി പ്രവർത്തിക്കുമ്പോള്‍ രോഗാദ്യനർഥങ്ങളും സംഭവിക്കുന്നു. സാംക്രമികരോഗങ്ങളുടെ കാര്യത്തിലും രോഗാണുസംക്രമണം ത്രിദോഷവൈഷമ്യമുണ്ടാക്കുന്നതായിട്ടാണ്‌ ആയുർവേദനിഗമനം. ആകയാൽ ഊർധ്വാംഗരോഗങ്ങളുണ്ടാകുന്നതും ദോഷവികാരംമൂലമാണ്‌.

ഊർധ്വാംഗങ്ങളിൽ നേത്രം, ശ്രാത്രം, നാസ, മുഖം എന്നിവയാണ്‌ പ്രധാനങ്ങള്‍. സർവേന്ദ്രിയങ്ങളിൽവച്ച്‌ നയനമാണു പ്രധാനമെന്നു ആചാര്യന്മാർ അഭിപ്രായപ്പെടുന്നുണ്ട്‌. ശരീരത്തിലുണ്ടാകുന്ന സ്വതന്ത്രരോഗങ്ങെളക്കുറിച്ച്‌ പൊതുവേ ചിന്തിച്ചാൽ ശിരസ്സിലാണ്‌ എച്ചത്തിൽക്കൂടുതൽ രോഗങ്ങളുണ്ടായിക്കാണുന്നത്‌; അതിലും വിശേഷിച്ചു നേത്രരോഗങ്ങള്‍ താരതമ്യേന അധികമാണ്‌. ഈ ഊർധ്വാംഗരോഗങ്ങള്‍ "പ്രാദേശികം' എന്ന വകുപ്പിലുള്‍പ്പെടുന്നു.

നേത്രരോഗങ്ങള്‍. നേത്രം ഒരു ശരീരാവയവമാണെന്നതിനു പുറമേ "ചക്ഷുരിന്ദ്രിയം' കൂടിയാണ്‌. ഈ അവയവം ഗോളാകൃതിയിലാണ്‌. മുഖത്ത്‌ അസ്ഥികള്‍ കൊണ്ടു രൂപീകൃതമായ നേത്രഗഹ്വരത്തിൽ അതു സ്ഥിചെയ്യുന്നു. ധമനീസിരാവ്യൂഹങ്ങള്‍ അവയ്‌ക്കു പോഷണം നല്‌കുന്നു; നാഡീവ്യൂഹങ്ങള്‍ ചലനവും രൂപഗ്രാഹിത്വവും നിർവഹിച്ച്‌ അവയെ മസ്‌തിഷ്‌കവും സുഷുമ്‌നാശീർഷകവുമായി ബന്ധിപ്പിക്കുന്നു. നേത്രത്തിലിരുന്നു രൂപം ഗ്രഹിക്കുന്നത്‌, അഥവാ നേത്രത്തിൽ വസ്‌തുവിന്റെ രൂപം പ്രതിഫലിക്കുന്നതിനു കാരണമാകുന്നത്‌ "ആലോചകപിത്ത'ത്തിന്റെ ധർമമാണ്‌. ഈ ആലോചകപിത്തത്തിനാകട്ടെ കരള്‍ (യകൃത്ത്‌) ആണ്‌ ശക്തിനൽകുന്നത്‌. നേത്രരോഗങ്ങള്‍ക്കു പരിഹാരമായി കരള്‍ ഭക്ഷിക്കാന്‍ പറയുന്നതിന്റെ രഹസ്യമിതുതന്നെയാണ്‌. നേത്രഗോളത്തിന്‌ അഞ്ചുമണ്ഡലങ്ങളുണ്ട്‌. പക്ഷ്‌മം, വർത്മം, ശ്വേതം, കൃഷ്‌ണം, ദൃഷ്‌ടി എന്നിങ്ങനെ അവയ്‌ക്കു പേരു നൽകിയിരിക്കുന്നു. കൂടാതെ ഈ മണ്ഡലങ്ങളെ പരസ്‌പരം ബന്ധിക്കുന്ന സന്ധികളുണ്ട്‌. മേല്‌പറഞ്ഞ പക്ഷ്‌മാദി മണ്ഡലങ്ങളിലും സന്ധികളിലും ആശ്രയിച്ചുനിന്നുകൊണ്ട്‌ അനേകം നേത്രരോഗങ്ങളുണ്ടാകുന്നു. ഈ മണ്ഡലങ്ങളും സന്ധികളും നേത്രരോഗങ്ങള്‍ക്കു മുഖ്യസ്ഥാനങ്ങളാണെന്നു സാരം. നേത്രത്തിന്റെ രോഗങ്ങളെയും തത്‌പ്രതിവിധികളെയും സംഗോപാംഗം വിവരിക്കുന്ന നിമിതന്ത്രം സർവാദൃതമായിട്ടുള്ള ഒരു ആശ്രയഗ്രന്ഥമാണ്‌. അപഥ്യാഹാരത്തിനു പുറമേ ഇന്ദ്രിയാർഥവ്യാപാരത്തിന്റെ മിഥ്യായോഗവും നേത്രരോഗങ്ങള്‍ക്കു കാരണമാകും. നേത്രത്തെ സംബന്ധിച്ചിടത്തോളം ഇന്ദ്രിയപരമായ വ്യാപാരം രൂപത്തെ ഗ്രഹിക്കുക എന്നതുതന്നെയാണ്‌. സൂക്ഷ്‌മഭാസുരാദിവസ്‌തുരൂപഗ്രഹണങ്ങളും അത്യാസന്നാതിദൂരസ്ഥങ്ങളായ വസ്‌തുക്കളുടെ വീക്ഷണങ്ങളും അപഥ്യവിഹാരങ്ങളായി ഗണിക്കേണ്ടവയും നേത്രരോഗഹേതുക്കളുമാണ്‌. അപഥ്യാഹാരവിഹാരങ്ങള്‍ അഭ്യസിക്കുന്നതു നിമിത്തമുണ്ടാകുന്ന ദോഷദുഷ്‌ടി ധമനി-സിരാ-നാഡീവ്യൂഹങ്ങള്‍വഴി നേത്രാവയവഗതങ്ങളായ ധമനിസിരാ-നാഡികളെ പ്രാപിക്കുന്നു. അങ്ങനെ നേത്രത്തിൽ സഞ്ചിതമായ ദോഷദുഷ്‌ടി രോഗകാരണങ്ങളായിത്തീരുകയാണ്‌. ആ ദുഷ്‌ടിയെ വിശകലനം ചെയ്‌തു നോക്കിയാൽ അതിൽ പിത്തം, രക്തം എന്നിവയുടെ ആധിക്യമുള്ളതായിക്കാണാം. വാത, കഫങ്ങള്‍ അനുഗതദോഷങ്ങളുമായിരിക്കും. ചില രോഗങ്ങളിൽ കഫ-വാതങ്ങള്‍ക്ക്‌ താരതമ്യേന ആധിക്യം കാണുമെങ്കിലും മൂലദോഷങ്ങള്‍ പിത്തരക്തങ്ങള്‍തന്നെയായിരിക്കും. ആഗന്തുകങ്ങളായി നേത്രത്തെ ബാധിക്കുന്ന ആഘാതങ്ങള്‍ നേത്രത്തിന്‌ വൈകല്യവും വികാരങ്ങളുമുണ്ടാക്കുമെങ്കിലും അവ സ്ഥായിയായി വികാരകാരിയാകണമെങ്കിൽ ദോഷദുഷ്‌ടി അവശ്യം സംഭവിച്ചിരിക്കുമെന്നുതന്നെയാണ്‌ ത്രിദോഷസിദ്ധാന്താധിഷ്‌ഠിതമായ ആയുർവേദം അനുശാസിക്കുന്നത്‌. സിരാനുവർത്തികളായി എത്തുന്ന ദോഷദുഷ്‌ടി വർത്മ-സന്ധി-സിത-കൃഷ്‌ണ-ദൃഷ്‌ടികളെ ഓരോന്നിനെയും ആശ്രയിച്ചും ദുഷ്‌ടിയെ മുഴുവനും ആശ്രയിച്ചും രോഗങ്ങളുണ്ടാക്കുന്നു. വർത്മാശ്രിതങ്ങളായ രോഗങ്ങളെ വർത്മരോഗങ്ങള്‍, സന്ധ്യാശ്രിതങ്ങളെ സന്ധിരോഗങ്ങള്‍, സിതാശ്രിതങ്ങളെ സിതരോഗങ്ങള്‍, കൃഷ്‌ണമണ്ഡലത്തെ ആശ്രയിച്ചുവരുന്നവയെ കൃഷ്‌ണരോഗങ്ങള്‍, ദൃഷ്‌ടിയെ ആശ്രയിച്ചുണ്ടാകുന്നവയെ ദൃഷ്‌ടിരോഗങ്ങളെന്നും നേത്രത്തെ മുഴുവന്‍ ആശ്രയിച്ചുണ്ടാകുന്നവയെ സർവാക്ഷിരോഗങ്ങളെന്നും വേർതിരിച്ചു പ്രതിപാദിച്ചിട്ടുണ്ട്‌. പക്ഷ്‌മത്തെ ആശ്രയിച്ചുവരുന്ന രോഗങ്ങളെ വർത്മരോഗങ്ങളിലാണ്‌ ഉള്‍പ്പെടുത്തിയിട്ടുള്ളത്‌.

ഇരുപത്തിനാലു വർത്മരോഗങ്ങളെ സ്‌പഷ്‌ടമായി വിവരിച്ച്‌ അവയ്‌ക്ക്‌ പ്രത്യേകം ചികിത്സകള്‍ നിർദേശിക്കപ്പെട്ടിരിക്കുന്നു. കൃച്ഛ്രാന്മീലം, നിമേഷം, വാതഹതം, കുംഭി, പിത്തോത്‌ക്ലിഷ്‌ടം, പക്ഷ്‌മശാതം, പോത്ഥകി, കഫോത്‌ക്ലിഷ്‌ടം, ലഗണം, ഉത്സംഗം രക്തോത്‌ക്ലിഷ്‌ടം, അർശസ്സ്‌, അഞ്‌ജനം, വിസവർത്മം, ഉത്‌ക്ലിഷ്‌ടവർത്മം, സികതാവർത്മം, കർദമവർത്മം, ബഹുളവർത്മം, ശ്യാവവർത്മം, ശിഷ്‌ടവർത്മം, കുകൂണകം, പക്ഷ്‌മോപരോധം, അലർജി, അർബുദം എന്നിവയാണ്‌ ഇരുപത്തിനാലു വർത്മരോഗങ്ങള്‍. ഇവയിൽ കൃച്ഛ്രാന്മീലം, നിമേഷം, വാതഹതം, പക്ഷ്‌മശാതം മുതലായവ ആധിക്യേന പക്ഷ്‌മത്തെ ബാധിച്ചുകാണുന്ന രോഗങ്ങളാണ്‌. മറ്റു രോഗങ്ങളുടെ പരിഗണനയിലെന്നപോലെ നേത്രരോഗവിഷയത്തിലും അഭിപ്രായാന്തരമുണ്ട്‌. സുശ്രുതന്‍ മുതലായ ആചാര്യന്മാർ ഇരുപത്തിയൊന്നു വർത്മരോഗങ്ങളെ മാത്രമേ സ്വതന്ത്രരോഗങ്ങളായി കണക്കാക്കുന്നുള്ളൂ. വായുകോപം കാരണമായ കൃച്ഛ്രാന്മീലത്തിന്‌ ഔഷധങ്ങള്‍കൊണ്ടു പരിഹാരം കാണാമെങ്കിൽ നിമേഷവും വാതഹതവും അസാധ്യങ്ങളാണ്‌. അർശസ്സും (കണ്‍പോളകള്‍ക്കുള്ളിലുണ്ടാകുന്ന മാംസകീലകം) അസാധ്യത്തിലുള്‍പ്പെടുന്നു. ചികിത്സകൊണ്ട്‌ ഉപദ്രവങ്ങള്‍ കൂടാതെ കൊണ്ടുപോകാന്‍ കഴിയുന്ന നേത്രരോഗങ്ങളാണ്‌ കൃച്ഛ്രാപരോധം. ബാക്കിയുള്ള രോഗങ്ങളെ ഔഷധങ്ങള്‍കൊണ്ടും ശസ്‌ത്രക്രിയകൊണ്ടും കീഴടക്കാം. സന്ധി, സിതം (ശുക്ലമണ്ഡലം), അസിതം(കൃഷ്‌ണമണ്ഡലം) എന്നിവയിലുണ്ടാകുന്ന രോഗങ്ങളെ ഒരേ ഗ്രൂപ്പിൽപ്പെടുത്തിയാണ്‌ അഷ്‌ടാംഗഹൃദയകാരന്‍ വിവരിക്കുന്നത്‌; സുശ്രുതാദികള്‍ പ്രത്യേകമായി ഇവയെ വർണിച്ചിരിക്കുന്നു. ജലാസ്രാവം, കഫാസ്രാവം, പൂയാസ്രാവം, രക്താസ്രാവം, അലർജി, ക്രാമഗ്രന്ഥി, പൂയാലസം, പർവണി, ഉപനാഹം എന്നിങ്ങനെയുള്ള ഒമ്പതു സന്ധിഗതരോഗങ്ങളിൽ ആദ്യത്തെ അഞ്ചുരോഗങ്ങള്‍ അസാധ്യങ്ങളായും ബാക്കി നാലെച്ചം ശസ്‌ത്രക്രിയാസാധ്യങ്ങളായും പ്രകീർത്തിതങ്ങളായിട്ടുണ്ട്‌. സിതമണ്ഡലത്തെ ആശ്രയിച്ചുണ്ടാകുന്ന രോഗങ്ങള്‍ പതിമൂന്നും, അസിതമണ്ഡലത്തെ ആശ്രയിച്ചവ അഞ്ചും വിസ്‌തരിക്കപ്പെട്ടിട്ടുണ്ട്‌. കൃഷ്‌ണമണ്ഡലത്തിന്റെ അകത്തുകാണുന്ന ഭാഗമാണ്‌ ദൃഷ്‌ടിമണ്ഡലം. അകത്തുനിന്നു പുറത്തേക്കു യഥാക്രമമെത്തുന്ന നാലു പടലങ്ങള്‍ ഇതിനുണ്ട്‌. അടുത്തും അകന്നും വരുന്ന രൂപങ്ങളെയും സ്ഥൂലവും സൂക്ഷ്‌മവുമായ രൂപങ്ങളെയും ക്രമീകരിച്ച്‌ അറിവു നല്‌കുന്നത്‌ അവയാണ്‌. ദൃഷ്‌ടിമണ്ഡലത്തെ ബാധിക്കുന്ന രോഗങ്ങളിൽ വച്ച്‌ ഏറ്റവും പ്രധാനം തിമിരം, കാചം, ലിംഗനാശം എന്നിവയാണ്‌. ആനുഷംഗികമായിട്ടാണ്‌ ഇവ നേത്രത്തെ ബാധിക്കുന്നത്‌. അകത്തെ പടലത്തിൽനിന്നു തുടങ്ങുന്ന തിമിരം മൂന്നാമത്തെ പടലത്തിലേക്കും വ്യാപിക്കുമ്പോള്‍ കാചം എന്നും നാലാമത്തെ പടലത്തിലേക്കും വ്യാപിക്കുമ്പോള്‍ ലിംഗനാശം (കാറ്ററാക്‌റ്റ്‌) എന്നും പറയുന്നു. ശസ്‌ത്രക്രിയകൊണ്ട്‌ എളുപ്പം നിർഹരിച്ചു കാഴ്‌ച വീണ്ടെടുക്കാവുന്ന ഒന്നാണ്‌ ലിംഗനാശം. നേത്രത്തിന്റെ എല്ലാ ഭാഗങ്ങളെയും ആശ്രയിച്ചുണ്ടാകുന്ന രോഗങ്ങളെ സർവാക്ഷിരോഗങ്ങളെന്നു പറഞ്ഞുവരുന്നു. ഇവ പതിനാറുതരമുണ്ടെന്നു പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്‌. ഇവയിൽ രണ്ടെച്ചം (വാതാധിമന്ഥം, അക്ഷിപാകാത്യയം) ഒഴിച്ചു മറ്റെല്ലാം പ്രതിവിധിയുള്ളവയാണ്‌. പഥ്യാചാരം നിർബന്ധമായി ഈ രോഗകാലങ്ങളിൽ അനുഷ്‌ഠിക്കേണ്ടതാണ്‌.

നേത്രാവയവം മനുഷ്യജീവിതത്തെ സുഖകരമാക്കുന്നതിന്‌ ഏറ്റവും ആവശ്യമാണ്‌. നേത്രാരോഗ്യസംരക്ഷണത്തിൽ ഒരുവന്‍ കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്‌. യവം, ഗോതമ്പ്‌, ചെന്നെല്ല്‌, ഞവര, വരക്‌ എന്നീ ധാന്യങ്ങളും ചെറുപയറ്‌, മാതളങ്ങ, നെല്ലിക്ക, പഞ്ചസാര, ഇന്തുപ്പ്‌, മുന്തിരിങ്ങ, നെയ്യ്‌, ഇലക്കറികള്‍, ജീരകവെള്ളം, കരിങ്ങാലിവെള്ളം മുതലായവയും ആഹാരത്തിൽ ഉള്‍പ്പെടുത്തുന്നത്‌ കച്ചിനു നല്ലതാണ്‌. കുടയും ചെരിപ്പും ഉപയോഗിക്കുന്നത്‌ ആശാസ്യങ്ങളാണ്‌. മലമൂത്രാദിവേഗങ്ങള്‍ നിരോധിക്കാതിരിക്കുകയും ശോധനക്രമം ശീലിക്കുകയും അതിപ്രകാശമുള്ളതും അതിസൂക്ഷ്‌മങ്ങളുമായ വസ്‌തുക്കളെ നിരീക്ഷിക്കാതിരിക്കുകയും ആവശ്യമാണ്‌. തേച്ചുകുളി, അഞ്‌ജനം, ആരോഗ്യകരമായ അന്നപാനാദിശീലനം, സന്തുഷ്‌ടികരങ്ങളായ മാനസികഭാവങ്ങളുടെ അനുസന്ധാനം മുതലായവയും നേത്രാരോഗ്യത്തിനു നല്ലതാണ്‌. ജ്വരം, ഗ്രഹണി മുതലായ രോഗങ്ങളെത്തുടർന്ന്‌ ചിലപ്പോള്‍ നേത്രം രോഗഗ്രസ്‌തമാകാം. പ്രധാന രോഗങ്ങള്‍ ശമിക്കുമ്പോള്‍ പ്രായേണ ഇവയും മാറിക്കൊള്ളുന്നതാണ്‌. കർണരോഗങ്ങള്‍. ശബ്‌ദഗ്രാഹിയായ കർണം പ്രധാനമായ ഒരിന്ദ്രിയമാണ്‌. അതിനു വൈകല്യം സംഭവിച്ചാൽ കേള്‍ക്കുവാന്‍ പ്രയാസമായിരിക്കും. മഞ്ഞുകൊള്ളുക, വെള്ളത്തിൽ അധികനേരം മുങ്ങുക, വെയിൽകൊണ്ടും മറ്റും തല വിയർക്കുക, ചെവിക്കകത്തു കമ്പിയോ മുള്ളോ മറ്റു വല്ലതുമോ കടത്തി ചൊറിയുക, അത്യുച്ച ശബ്‌ദങ്ങള്‍ ശ്രവിക്കാനിടവരിക, അപഥ്യാഹാരവിഹാരങ്ങള്‍ ശീലിക്കുക എന്നിവകൊണ്ടു വായു ക്ഷോഭിച്ചു നാഡികള്‍ വഴി കർണത്തിലെത്തി വികാരങ്ങള്‍ ഉണ്ടാക്കുന്നു. കലശലായ കുത്തിനോവ്‌, ഒറ്റച്ചെന്നിക്കുത്ത്‌, തലയ്‌ക്കു ഭാരംതോന്നൽ, ശീതത്തോടു വിദ്വേഷം എന്നിവ അപ്പോള്‍ അനുഭവപ്പെടും. ചെവിക്കകത്ത്‌ ഒന്നുമില്ലാത്ത ഒരു പ്രതീതിയുണ്ടാകും; ചെവി അടഞ്ഞതുപോലെ തോന്നാം. വാതകർണശൂല എന്നാണ്‌ ഈ അസുഖത്തിനു പേര്‌. പിത്തം സംബന്ധിച്ച കാരണങ്ങള്‍കൊണ്ടുണ്ടാകുന്ന കർണരോഗമാണെങ്കിൽ പൈത്തികകർണശൂല, കഫവികാരജന്യമാണെങ്കിൽ കഫാധികകർണശൂല എന്നിങ്ങനെ ഉചിതങ്ങളായ മറ്റു പേരുകളുമുണ്ട്‌. അപഗ്രഥനഫലമായി ഇരുപത്തഞ്ചുവിധം കർണരോഗങ്ങളുണ്ടെന്നു മനസ്സിലായിരിക്കുന്നു. കർണനാദം, കർണകണ്ഡു, കൃമികർണം, പൂതികർണം, പരിപോടം, ഗല്ലിരം, തന്ത്രിക എന്നിങ്ങനെയാണ്‌ അവയിൽ ചിലത്‌. ഓരോ കർണരോഗത്തിനും പ്രത്യേകം ചികിത്സ നിശ്ചയിക്കപ്പെട്ടിട്ടുണ്ട്‌. നസ്യം, കർണപൂരണം, അഭ്യംഗം, ലേപനം മുതലായി സദ്യഃഫലപ്രദങ്ങളായ ചികിത്സാക്രമങ്ങളും ഔഷധയോഗങ്ങളും കല്‌പിക്കപ്പെട്ടിട്ടുണ്ട്‌. സ്‌ത്രീകളിൽ വലുതായിപ്പോയിട്ടുള്ള കർണപാളിയെ ശസ്‌ത്രക്രിയ ചെയ്‌തു ചെറുതാക്കി സൗന്ദര്യം വർധിപ്പിക്കാനുള്ള ക്രമങ്ങളും സംവിധാനങ്ങളും ആയുർവേദത്തിൽ നിർദേശിക്കപ്പെട്ടിട്ടുണ്ട്‌. ഇരുപത്തിയഞ്ചു കർണരോഗങ്ങളിൽ സന്നിപാതജമായ കർണശൂല, കർണപിപ്പലി, വിദാരി, കുചി കർണം എന്നിവ അസാധ്യങ്ങളും തന്ത്രിക എന്ന രോഗം യാപ്യവും (ചികിത്സ കൊണ്ടുനടക്കാവുന്നത്‌) ബാക്കി സാധ്യങ്ങളുമാണ്‌.നാസാരോഗങ്ങള്‍. മഞ്ഞുകൊള്ളുക, ശക്തിയായ കാറ്റുകൊള്ളുക, പൊടിയേല്‌ക്കുക, കൂടുതൽ സംസാരിക്കുക, കൂടുതൽ ഉറങ്ങുക, ഉറക്കമിളയ്‌ക്കുക, കൂടുതൽ പൊക്കമുള്ളതോ തീരെ പൊക്കമില്ലാത്തതോ ആയ തലയണയുപയോഗിക്കുക, ഒരു സ്ഥലത്തെ ജലമുപയോഗിച്ചശേഷം അതു ദഹിക്കുംമുമ്പു മറ്റൊരു സ്ഥലത്തെ ജലമുപയോഗിക്കുക, അധികമായി ജലം കുടിക്കുക, അധികനേരം തണുത്ത ജലത്തിൽ കുളിക്കുക, ഛർദി, കരച്ചിൽ മുതലായ വേഗങ്ങള്‍ തടയുക, അപഥ്യാഹാരവിഹാരങ്ങള്‍ ശീലിക്കുക എന്നിവയാൽ ദോഷങ്ങള്‍ വാതപ്രധാനമായി കോപിച്ച്‌ നാസയിലെത്തി സഞ്ചയിച്ച്‌ പീനസം എന്ന രോഗത്തെയുണ്ടാക്കുന്നതാണ്‌. ചികിത്സിക്കാതിരുന്നാൽ ഇതു ശരീരത്തെ ക്ഷീണിപ്പിച്ചു ക്രമത്തിൽ ക്ഷയരോഗത്തിനു കാരണമായേക്കുമെന്ന്‌ ആയുർവേദം അനുശാസിക്കുന്നു. പീനസം കഫാധിക്യംകൊണ്ടും പിത്താധിക്യംകൊണ്ടും രക്തവൈഷമ്യംകൊണ്ടും പിന്നെയും പലതരത്തിലുണ്ട്‌. ഏതു പീനസമായാലും ചികിത്സിക്കാതിരുന്നാൽ ദുഷ്‌ടപീനസമായി പരിണമിക്കുന്നതാണ്‌. ഇത്‌ പഞ്ചേന്ദ്രിയങ്ങളുടെ വ്യാപാരങ്ങള്‍ക്കു തടസ്സമുണ്ടാക്കും. അഗ്നിമാന്ദ്യം, ജ്വരം, ആസ്‌ത്‌മ, കാസം, പാർശ്വഭാഗങ്ങളിൽ വേദന എന്നിവയ്‌ക്കു കാരണമാവുകയും ചെയ്യും. പതിനെട്ടുവിധം നാസാരോഗങ്ങളുണ്ട്‌. പൂതിനാസം, പൂടകം, ഘ്രാണപാകം, നാസാസ്രവം മുതലായവയാണ്‌ അവയിൽ ചിലത്‌. ഇവയിൽ ദുഷ്‌ടപീനസം യാപ്യമാണ്‌; മറ്റുള്ളവ സുഖസാധ്യങ്ങളുമാണ്‌. പ്രഹരാദികള്‍കൊണ്ടു മുറിഞ്ഞുപോയ മൂക്കിനെ സ്വസ്ഥാനത്തുവച്ച്‌ ശരിയാക്കുന്നതിനുള്ള ശസ്‌ത്രക്രിയയും ആയുർവേദത്തിൽ പ്രതിപാദിച്ചിട്ടുണ്ട്‌.

മുഖരോഗങ്ങള്‍. ഓഷ്‌ഠം, ഗണ്ഡം, ജിഹ്വ, ദന്തമൂലം, ദന്തം, താലു, ഗളം, ആസ്യം എന്നിങ്ങനെ എട്ടുസ്ഥാനങ്ങളെ ആശ്രയിച്ചുണ്ടാകുന്ന മുഖരോഗങ്ങള്‍ എഴുപത്തിയഞ്ചാണെന്നു നിർധാരണം ചെയ്യപ്പെട്ടിരിക്കുന്നു. ഓരോ രോഗത്തെയും പ്രത്യേകം വിവരിച്ചു പ്രതിപാദിച്ചിട്ടുണ്ട്‌. ഇവയിൽ ചിലതു ശസ്‌ത്രപ്രയോഗങ്ങള്‍കൊണ്ടും മറ്റു ചിലതു മരുന്നുകള്‍കൊണ്ടും ചികിത്സിച്ചു മാറ്റാം. എന്നാൽ കരാളം (ഒരു ദന്തരോഗം), ഗളഗണ്ഡം മുതലായ പലതും അസാധ്യങ്ങളാണ്‌. ഊർധ്വാംഗരോഗങ്ങള്‍ക്കു സാമാന്യേന വിധിക്കാറുള്ള നസ്യാദിക്രമങ്ങള്‍ തന്നെയാണ്‌ മുഖരോഗചികിത്സയിലും കാണുന്നത്‌. കൃമിദന്തങ്ങളുടെ (പുഴുപ്പല്ല്‌) ഉദ്ധരണം ശാസ്‌ത്രത്തിൽ ഭംഗിയായി വിവരിച്ചിട്ടുണ്ട്‌. മുകള്‍വരിയിലെ ദന്തം ഇളക്കമില്ലെങ്കിൽ ഉദ്ധരിക്കരുതെന്നാണ്‌ അനുശാസനം. ദന്തങ്ങളുടെ സുഷിരങ്ങള്‍ അടയ്‌ക്കുന്നതിനുള്ള പ്രത്യേക നിർദേശങ്ങളും ആയുർവേദത്തിൽ നല്‌കപ്പെട്ടിട്ടുണ്ട്‌.

ശിരോരോഗങ്ങള്‍. ശിരസ്സിനെ പൊതുവായി ബാധിക്കുന്ന രോഗങ്ങളാണിവ. പത്തൊമ്പതെച്ചം വിവരിക്കപ്പെട്ടിരിക്കുന്നു. ഇവയിൽ ഒമ്പതെച്ചം ശിരഃകപാലത്തെ ആശ്രയിച്ചവയാണ്‌. വെയിൽ, മഞ്ഞ്‌, പുക, ദീർഘനേരത്തെ ഉറക്കം, ഒട്ടും ഉറങ്ങാതിരിക്കൽ, തല വിയർക്കൽ, മാനസികമായ ആധി, കച്ചിനീർ തടയൽ, അധികമായി കരയൽ, മദ്യത്തിന്റെ അമിതോപഭോഗം, അധോവാതാദിവേഗങ്ങളുടെ നിരോധം, അഭ്യംഗസ്‌നാനം ചെയ്യാതിരിക്കൽ, പരിചയമില്ലാത്ത ഗന്ധമേല്‌ക്കൽ, ദഹനക്കേട്‌, ഉച്ചഭാഷണം എന്നിങ്ങനെ അനേകം കാരണങ്ങള്‍കൊണ്ടു ശിരോരോഗങ്ങളുണ്ടാകാം. പത്തുതരം തലവേദനകള്‍ ഇവയിൽ പെടുന്നു. ഇവയിൽവച്ച്‌ സൂര്യാവർത്തം എന്ന ശിരസ്‌താപം (കൊടിഞ്ഞി) ഏറ്റവും പ്രസിദ്ധമാണ്‌. വാതം പിത്തമായിച്ചേർന്നു ദുഷിച്ച്‌ ശംഖകങ്ങള്‍, നേത്രങ്ങള്‍, പുരികങ്ങള്‍, നെറ്റിത്തടം ഈ പ്രദേശങ്ങളിൽ സഞ്ചയിച്ച്‌ സൂര്യന്റെ ഉദയത്തോടെ ഞരമ്പുകള്‍ വിറയ്‌ക്കുമാറ്‌ വേദനയുണ്ടാകുന്ന ഒരു ശിരോരോഗമാണിത്‌. മധ്യാഹ്നം വരെ ആ വേദന വർധിച്ചുകൊണ്ടിരിക്കും. വിശപ്പുള്ളവനു വേദന കൂടുതലാവും. ശീതംകൊണ്ടോ ഉഷ്‌ണംകൊണ്ടോ വ്യത്യാസമുണ്ടാകുന്നതല്ല; അപരാഹ്നത്തിൽ സ്വയം ശമിക്കുകയും ചെയ്യും. ശ്രദ്ധാപൂർവം ചികിത്സിക്കേണ്ട ഒന്നാണീ രോഗം. ശംഖകം, പലിതം, ഖലതി (കഷണ്ടി), ദാരുണകം മുതലായ ചില ശിരോരോഗങ്ങളും പ്രസിദ്ധങ്ങളാണ്‌. ഊർധ്വാംഗരോഗങ്ങളുടെ കേവലം സാമാന്യമായ ഒരു രൂപരേഖ മാത്രമാണ്‌ ഇവിടെ കൊടുത്തിരിക്കുന്നത്‌. നോ. കർണരോഗങ്ങള്‍; നാസാരോഗങ്ങള്‍; നേത്രരോഗങ്ങള്‍; മുഖരോഗങ്ങള്‍; ശിരോരോഗങ്ങള്‍

(വി. ഭാർഗവന്‍ വൈദ്യർ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍