This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉദപാനതീർഥം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:06, 9 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഉദപാനതീർഥം

ഉത്തരഭാരതത്തിലെ സരസ്വതീനദീതീരത്താണെന്നു സങ്കല്‌പിച്ചുപോരുന്ന ഒരു പുണ്യതീർഥം (ഉദപാനം എന്ന വാക്കിന്‌ കിണർ എന്നാണർഥം). ഇതിനെ പുണ്യസ്ഥലമായി ഹൈന്ദവർ കരുതിവരുന്നു. ഇതിനെപ്പറ്റി ഒരു ഐതിഹ്യം പ്രചാരത്തിലുണ്ട്‌. ഗൗതമന്‍ എന്ന മഹർഷിക്ക്‌ ജനിച്ച ഏകതന്‍, ദ്വിതന്‍, ത്രിതന്‍ എന്നീ പുത്രന്മാർ ധർമാനുഷ്‌ഠാനങ്ങളിൽ വ്യാപൃതരായിരുന്നു. ഇതുകണ്ട്‌ മഹർഷി സന്തുഷ്‌ടനായി. ഒരിക്കൽ അദ്ദേഹം ഒരു യാഗം നടത്തി. യാഗത്തിൽ സംബന്ധിച്ച രാജാക്കന്മാരും പുരോഹിതന്മാരും ത്രിതനെ മാത്രം മാനിച്ചത്‌ മറ്റു രണ്ടുപുത്രന്മാർക്കും ഹിതകരമായില്ല. യാഗം നടത്തി നേടിയ ധാരാളം പശുക്കളെയും കൊണ്ട്‌ ത്രിതന്‍ മുമ്പിലും ഏകതനും ദ്വിതനും പുറകിലും ആയി കിഴക്കേദിക്ക്‌ ലക്ഷ്യമാക്കി നടന്നു. ദ്വിതനും ഏകതനും തമ്മിൽ ഗൂഢാലോചന നടത്തി പശുക്കളെയും കൊണ്ടു മറ്റൊരു വഴിയിൽ മറഞ്ഞു. വിവരം അറിയാതെ ഏകനായി നടന്ന ത്രിതന്‍ വഴിക്ക്‌ സരസ്വതീനദീതീരത്തുവച്ച്‌ ഒരു ചെന്നായെക്കണ്ടു ഭയപ്പെട്ട്‌ ഒരു പൊട്ടക്കിണറ്റിൽ വീണു. കിണറ്റിൽ തൂങ്ങിക്കിടന്ന ഒരു വള്ളി സോമമാണെന്നു സങ്കല്‌പിച്ചുകൊണ്ട്‌ അദ്ദേഹം വേദങ്ങള്‍ ചൊല്ലി കിണറ്റിനുള്ളിൽവച്ച്‌ യാഗം നടത്തി. ഈ വിവരം ദേവലോകത്ത്‌ എത്തി. ദേവഗുരുവായ ബൃഹസ്‌പതി തുടങ്ങിയവർ ത്രിതന്റെ സമീപത്തെത്തുകയും ആവശ്യമുള്ള വരം ചോദിച്ചുകൊള്ളുവാന്‍ അറിയിക്കുകയും ചെയ്‌തു. തന്നെ രക്ഷിക്കണമെന്നു മാത്രമേ ത്രിതന്‍ ആവശ്യപ്പെട്ടുള്ളൂ. ഉടന്‍തന്നെ സരസ്വതീനദി അതുവഴി ഒഴുകി. ത്രിതന്‍ അതിന്റെ ഓളങ്ങളിൽ നിന്നുകൊണ്ട്‌ ദേവന്മാരെ സ്‌തുതിച്ചു. പിന്നീട്‌ അദ്ദേഹം വീട്ടിൽ ചെന്ന്‌ ഏകതനെയും ദ്വിതനെയും ശപിച്ചു ചെന്നായ്‌ക്കളാക്കി; മാത്രമല്ല, അവരുടെ സന്താനങ്ങള്‍ കുരങ്ങന്മാരും കന്നുകാലികളും ആയിത്തീരട്ടെ എന്നു ശപിച്ചു. ത്രിതന്റെ മുമ്പിൽ ദേവന്മാർ പ്രത്യക്ഷപ്പെട്ടു എന്നു സങ്കല്‌പിക്കപ്പെടുന്ന സ്ഥലമാണ്‌ പില്‌ക്കാലത്ത്‌ ഉദപാനതീർഥം എന്ന പേരിൽ പ്രസിദ്ധമായിത്തീർന്നത്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍