This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉത്രില്ലൊ മോറിസ്‌ (1883 - 1955)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:56, 9 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഉത്രില്ലൊ മോറിസ്‌ (1883 - 1955)

Utrillo Maurice

ഫ്രഞ്ചു ചിത്രകാരന്‍. 1883 ഡി. 25-ന്‌ പാരിസിൽ ജനിച്ചു. "മോഡലും' ചിത്രകാരിയുമായിരുന്ന സൂസെയിന്‍ വലഡണ്‍ (1865-1938) ആയിരുന്നു മാതാവ്‌. ഒരു സ്‌പാനിഷ്‌ കലാവിമർശകനായ മിഗൂയെൽ ഉത്രില്ലൊയാണ്‌ ഇദ്ദേഹത്തിന്‌ ഈ പേരു നൽകിയത്‌. ഒരു ചിത്രകാരനെന്ന നിലയിൽ, അമ്മയിൽനിന്നു ലഭിച്ചതൊഴികെ കാര്യമായ ശിക്ഷണമൊന്നും ഉത്രില്ലൊയ്‌ക്ക്‌ ലഭിച്ചിരുന്നില്ല. ഉത്രിെല്ലായുടെ മദ്യാസക്തിയിൽനിന്നുള്ള മോചനത്തിന്‌ ഒരു ചികിത്സ എന്ന നിലയിലാണ്‌ മാതാവ്‌ ചിത്രരചനയിൽ ഇദ്ദേഹത്തിന്‌ കൂടുതൽ പ്രാത്സാഹനം നൽകിയത്‌. കൂടെക്കൂടെ മദ്യാസക്തിയിലേക്ക്‌ വഴുതിവീഴുമായിരുന്നുവെങ്കിലും ചിത്രരചന ഇദ്ദേഹത്തെ സംബന്ധിച്ചിടത്തോളം വിട്ടുപിരിയാനാവാത്ത ഒരു ശീലമായി മാറി. ആയിരക്കണക്കിന്‌ എച്ചച്ചായചിത്രങ്ങളും കുറേ വരപ്പുചിത്രങ്ങളും ലിതോഗ്രാഫുകളും ഇദ്ദേഹം രചിച്ചിട്ടുണ്ട്‌. മോണ്‍ട്‌മാർത്രയിലെ മദ്യശാലകളിൽനിന്നും മകനെ മാറ്റിനിർത്തുന്നതിനായി സൂസെയിന്‍ വലഡണ്‍ ലിയോണിനടുത്തുള്ള ചകേവു (Chakevu) എന്ന സ്ഥലത്തേക്കു മാറി. 1935-ൽ ലൂസി പൗവൽ എന്നൊരു വിധവയെ വിവാഹം ചെയ്‌ത ഉത്രില്ലൊ അവരുമൊത്ത്‌ പാരിസിന്റെ പ്രാന്തപ്രദേശത്തുള്ള ലെവെസിനെ എന്ന മനോഹരമായ സ്ഥലത്തു താമസമാക്കി. ആദ്യകാലങ്ങളിൽ കമില്ലി പിസാറോ, ആൽഫ്രഡ്‌ സിസിലി എന്നിവരുടെ ഇംപ്രഷനിസ്റ്റ്‌ ചിത്രങ്ങളോട്‌ ആഭിമുഖ്യം കാട്ടിയെങ്കിലും ഈ പ്രസ്ഥാനഭേദങ്ങളോട്‌ ഇദ്ദേഹത്തിന്‌ വലിയ മതിപ്പില്ലായിരുന്നു. കച്ചിൽപ്പെടുന്ന ദൃശ്യങ്ങളെ ആവുന്നത്ര യഥാതഥമായി പകർത്തുക എന്ന ആഗ്രഹം മാത്രമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. ലജ്ജാശീലനും സാമൂഹ്യരംഗത്തു പ്രത്യക്ഷപ്പെടാന്‍ വിമുഖനുമായിരുന്നതുകൊണ്ട്‌ വളരെക്കുറച്ചു ഛായാചിത്രങ്ങളേ ഇദ്ദേഹം വരച്ചിട്ടുള്ളൂ. പുഷ്‌പങ്ങളുടേതൊഴിച്ചാൽ ബാക്കിയുള്ളവയത്രയും മോണ്‍ട്‌മാർത്രയിലെ തകർന്ന കെട്ടിടങ്ങളുടെയും പഴയ തെരുവുകളുടെയും ചിത്രങ്ങളാണ്‌. പണ്ട്‌ അവിടെയുണ്ടായിരുന്ന കാറ്റാടിയന്ത്രങ്ങളുടെയും കാപ്പിക്കടകളുടെയും വിനോദസ്ഥലങ്ങളുടെയും ചിത്രങ്ങള്‍ ഇക്കൂട്ടത്തിൽപ്പെടുന്നു. ബ്രിട്ടനി, കോർസിക്ക എന്നീ സ്ഥലങ്ങളിൽ നടത്തിയ സന്ദർശനം ഏതാനും ചിത്രങ്ങളുടെ രചനയ്‌ക്ക്‌ കാരണമായി.

ഇദ്ദേഹത്തിന്റെ മെച്ചപ്പെട്ട കൃതി "ധവള കാലഘട്ടം' (1908-14) എന്നു വിശേഷിപ്പിക്കപ്പെട്ടുവരുന്ന കാലത്തുണ്ടായിട്ടുള്ളവയാണ്‌. ഈ കാലത്തെ രചനകളിൽ "സിങ്ക്‌ വൈറ്റ്‌' ധാരാളം ഉപയോഗിച്ചിരുന്നതുകൊണ്ടാണ്‌ ഇതിന്‌ ധവളകാലഘട്ടം എന്ന പേരുണ്ടായത്‌. വലിയ ചുവരെഴുത്തുകളോടുകൂടിയതും പഴക്കംചെന്നതുമായ ദൃശ്യങ്ങള്‍ കടുപ്പംകൂടിയ നിറങ്ങളിൽ ഇദ്ദേഹം വരയ്‌ക്കുമായിരുന്നു. പുതിയ ആശയങ്ങളെ സ്വതന്ത്രമായി ആവിഷ്‌കരിക്കുമാറ്‌ എച്ചച്ചായത്തിൽ രചിച്ച ചിത്രങ്ങളാണ്‌ ഇദ്ദേഹത്തിന്‌ പ്രശസ്‌തിയും പണവും നേടിക്കൊടുത്തത്‌. 1929-ൽ "ഷെവലിയർ ഒഫ്‌ ദി ലിജിയണ്‍ ഒഫ്‌ ഓണർ' എന്ന ബഹുമതി ലഭിച്ചു. അവസാനകാലത്ത്‌ പോസ്റ്റ്‌ കാർഡ്‌ ചിത്രങ്ങളെ അവലംബമാക്കിയുള്ള രചനകളാണ്‌ നടത്തിയിട്ടുള്ളത്‌. അവ മൗലികത്വം ഇല്ലാത്തവയും ദുർബലങ്ങളുമായിരുന്നു. 1955-ൽ ലെവെസിനെയിൽവച്ച്‌ ഇദ്ദേഹം അന്തരിച്ചു. ഒന്നാന്തരത്തിൽപ്പെടുത്താവുന്ന കൃതികള്‍ വളരെ കുറവായിരുന്നിട്ടും ഇദ്ദേഹത്തെ ഗ്വാർഡി, ഹുബർട്ട്‌ റോബർട്ട്‌, കൊരറ്റ്‌ തുടങ്ങിയ പ്രകൃതിദൃശ്യരചയിതാക്കളുടെ ഗണത്തിൽപ്പെടുത്താന്‍ വിമർശകന്മാർ മടിച്ചില്ല. നിരവധി കൃത്രിമരചനകള്‍ തന്റെ പേരിൽ പ്രചരിച്ചതോടെ ഉത്രില്ലൊയുടെ പ്രശസ്‌തിക്കു മങ്ങലുണ്ടായി. പാരിസിലെ ദേശീയ ചിത്രപ്രദർശനമന്ദിരത്തിന്റെ ഒരു ഭാഗം ഇദ്ദേഹത്തിന്റെയും മാതാവായ സൂസെയിന്‍ വലഡണിന്റെയും ചിത്രങ്ങള്‍ക്കായി മാത്രം നീക്കിവച്ചിരിക്കുന്നു. "മോണ്‍ട്‌മാർത്രയിലെ ദൃശ്യങ്ങള്‍' എന്ന ചിത്രപരമ്പരയുടെ പേരിലാണ്‌ ഇദ്ദേഹം പൊതുവേ സ്‌മരിക്കപ്പെട്ടുവരുന്നത്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍