This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഉണ്ണിരാജാ, സി. (1917 - 95)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഉണ്ണിരാജാ, സി. (1917 - 95)
മാർക്‌സിസ്റ്റ് സൈദ്ധാന്തികനും മലയാള ഗദ്യസാഹിത്യകാരനും. 1917 ജൂല. 15-ന് പൊന്നാനിക്കടുത്ത് വടക്കേക്കാട്ട് മുല്ലമംഗലത്ത് കേരളന്‍ ഭട്ടതിരിപ്പാടിന്റെ പുത്രനായി ജനിച്ചു. വിദ്യാഭ്യാസകാലത്തുതന്നെ സ്വാതന്ത്യ്രസമരത്തിൽ പങ്കുചേർന്ന ഉച്ചിരാജ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിലും തുടർന്ന് കമ്യൂണിസ്റ്റ് പാർട്ടിയിലും അംഗമായി. കമ്യൂണിസ്റ്റ് പാർട്ടിയുടെ കേരള സ്റ്റേറ്റ് കമ്മിറ്റികളിൽ സെക്രട്ടേറിയറ്റ് മെമ്പറായി പ്രവർത്തിച്ചിട്ടുണ്ട്. 1958-ൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ ദേശീയ കൗണ്‍സിൽ അംഗമായി. മാർക്‌സിസ്റ്റ് ചിന്തകന്‍ എന്ന നിലയിൽ അവിസ്‌മരണീയമായ സ്ഥാനമാണ് ഉച്ചിരാജയ്‌ക്കുള്ളത്. ജീവിതമാകെ മാർക്‌സിസം, ലെനിനിസം പഠിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും അപഗ്രഥിക്കുന്നതിനും വേണ്ടി നീക്കിവച്ച ഇദ്ദേഹം മാർക്‌സിസത്തിന്റെയും ലെനിനിസത്തിന്റെയും അടിസ്ഥാനഗ്രന്ഥങ്ങള്‍ പലതും പരിഭാഷപ്പെടുത്തി ജനങ്ങളിലെത്തിച്ചു. കാറൽമാർക്‌സിന്റെ ദസ്‌ക്യാപിറ്റൽ എന്ന പ്രസിദ്ധകൃതിയുടെ വിവർത്തനത്തിന്റെ അസോസിയേറ്റ് എഡിറ്ററായിരുന്നു ഉച്ചിരാജ. ലെനിന്റെ തെരഞ്ഞെടുത്ത കൃതികള്‍, മാർക്‌സിന്റെയും എംഗൽസിന്റെയും തെരഞ്ഞെടുത്തകൃതികള്‍ എന്നിവയുടെ എഡിറ്ററായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. ദേശീയസാർവദേശീയ പ്രശ്‌നങ്ങള്‍ സംബന്ധിച്ച അപഗ്രഥനാത്മകമായ നിരവധി ലഘുലേഖകളും ഇദ്ദേഹത്തിന്റേതായിട്ടുണ്ട്.
മാതൃഭൂമിദിനപത്രം, വാരിക, ഉച്ചിനമ്പൂതിരി, സിലോണ്‍ മലയാളി തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ രാജന്‍ എന്ന തൂലികാനാമത്തിൽ ലേഖനങ്ങള്‍ എഴുതിയിരുന്നു. കമ്യൂണിസ്റ്റുപാർട്ടിയുടെ മുഖപത്രമായ ദേശാഭിമാനി വാരിക 1942-ൽ ആരംഭിച്ചതു മുതൽ 1948-ൽ പത്രം നിരോധിക്കുന്നതുവരെ പത്രാധിപസമിതി അംഗവും ലേഖകനുമായിരുന്നു ഉച്ചിരാജ. 1951-ൽ നവയുഗം വാരിക പത്രാധിപസമിതി അംഗവുമായി; 1964-ൽ പത്രാധിപരും. 1972 മുതൽ നാലുവർഷം ജനയുഗം ദിനപത്രത്തിന്റെ ചീഫ് എഡിറ്ററായിരുന്നു. 1978-79 കാലത്ത് ലോകമാർക്‌സിസ്റ്റ് റിവ്യൂ എന്ന മലയാളമാസികയുടെ എഡിറ്ററായി.
യുദ്ധമോ സമാധാനമോ?, സത്യം അക്ഷരസംയുക്തം, മാർക്‌സ് ഇന്ത്യയിൽ, മനുഷ്യശരീരം ഒരു മഹാദ്‌ഭുതം, ഭാഷയുടെയും സാഹിത്യത്തിന്റെയും ഉത്‌പത്തിശാസ്‌ത്രം തുടങ്ങിയ ഗ്രന്ഥങ്ങളും ഒട്ടേറെ ലഘുലേഖകളും ലേഖനങ്ങളും ഇദ്ദേഹത്തിന്റെ രചനകളിൽ ഉള്‍പ്പെടുന്നു. ഭരണകൂടവും വിപ്ലവവും (ലെനിന്‍), മതവും മാർക്‌സിസവും (മാർക്‌സ് എംഗൽസ്), ആദിമമനുഷ്യന്‍, ജീവോത്‌പത്തി എന്നീ കൃതികളുടെ വിവർത്തനവും ഇദ്ദേഹമാണ് നിർവഹിച്ചത്. കേരളസാഹിത്യപരിഷത്ത് പ്രവർത്തകസമിതിയിലും പുരോഗമന കലാസാഹിത്യസംഘത്തിന്റെ സംസ്ഥാനകമ്മിറ്റിയിലും കേരളസാഹിത്യ അക്കാദമി ജനറൽ കൗണ്‍സിലിലും അംഗമായിരുന്നിട്ടുണ്ട്. 1995 ജനു. 28-ന് അന്തരിച്ചു.