This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉണ്ണിനമ്പൂതിരി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

13:40, 8 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഉണ്ണിനമ്പൂതിരി

നമ്പൂതിരി സമുദായനേതാവായിരുന്ന കുറൂർ ഉണ്ണി (ദാമോദരന്‍) നമ്പൂതിരിപ്പാടിന്റെ സ്‌മരണയെ നിലനിർത്താന്‍ ഏർപ്പെടുത്തിയ ഒരു ആനുകാലികപ്രസിദ്ധീകരണം. കൊ.വ. 1095 (എ.ഡി. 1920) മുതൽ 1105 (1930) വരെ മാസികയായും പിന്നീട്‌ പത്തുവർഷം വാരികയായും ഇത്‌ പ്രസിദ്ധീകരിച്ചുവന്നു; 1115 (1940)-ൽ ഇതിന്റെ പ്രസിദ്ധീകരണം മുടങ്ങി.

കവിയും സമുദായ പരിഷ്‌കർത്താവുമായ ആലത്തൂർ അനുജന്‍ നമ്പൂതിരിപ്പാടായിരുന്നു ഉണ്ണിനമ്പൂതിരിയുടെ പ്രണേതാവും ഉടമസ്ഥനും ആദ്യകാല പത്രാധിപരും (1920-22). പിന്നീട്‌ ഇതിന്റെ പ്രകാശനം നമ്പൂതിരി യുവജനസംഘത്തിന്‌ ഇദ്ദേഹം വിട്ടുകൊടുത്തു. പ്രസ്‌തുത സംഘത്തിന്റെ ഔദ്യോഗികജിഹ്വയായി ഉണ്ണിനമ്പൂതിരി അറിയപ്പെട്ടു. വേന്ത്രക്കാട്ട്‌ ശങ്കരനാരായണന്‍ നമ്പൂതിരിപ്പാട്‌ (1922-24), കുമാരമംഗലത്ത്‌ കുട്ടന്‍ നമ്പൂതിരിപ്പാട്‌ (1924-40) എന്നിവരായിരുന്നു ഇതിന്റെ പില്‌ക്കാല പത്രാധിപന്മാർ. വി.വി.എം. നീലകണ്‌ഠന്‍ നമ്പൂതിരിപ്പാട്‌, മൂത്തിരിങ്ങോട്‌ ഭവത്രാതന്‍ നമ്പൂതിരിപ്പാട്‌, പ്ലാക്കുഴി മധുസൂദനന്‍ ഭട്ടതിരി, ബംബ്ലിയസ്‌ ലക്ഷ്‌മണന്‍ നമ്പൂതിരിപ്പാട്‌, കുറിച്ചിത്താനം ശ്രീധരന്‍ നമ്പൂതിരി, ഒ.എം.സി. നാരായണന്‍ നമ്പൂതിരിപ്പാട്‌, കാണിപ്പയ്യൂർ ശങ്കരന്‍ നമ്പൂതിരിപ്പാട്‌, ഇ.വി. രാമന്‍ നമ്പൂതിരി, കെ.എന്‍. കേശവന്‍ നമ്പൂതിരിപ്പാട്‌, വി.കെ. നാരായണ ഭട്ടതിരി തുടങ്ങിയ സമുദായനേതാക്കള്‍ എഴുത്തുകാരെന്നും പ്രശസ്‌ത കവികളെന്നുമുള്ള നിലയിലേക്കുയർന്നത്‌ അവർ ഉണ്ണിനമ്പൂതിരിക്ക്‌ ചെയ്‌ത സാഹിത്യസംഭാവനകളിലൂടെയാണ്‌.

നമ്പൂതിരിബിൽ സമരം, അധിവേതന നിരോധനം, പരിവേദനപ്രചരണം, സ്‌ത്രീവിദ്യാഭ്യാസ പ്രോത്സാഹനം, തൊഴിലാഭിമുഖ്യ സൃഷ്‌ടി തുടങ്ങിയ സാമുദായികാവശ്യങ്ങള്‍ക്കുവേണ്ടി നിരന്തരം പോരാടിയ ഒരുജ്ജ്വല സാഹിത്യമാധ്യമമായിരുന്നു ഉണ്ണിനമ്പൂതിരി. വള്ളത്തോള്‍ നാരായണമേനോന്‍, ഉള്ളൂർ പരമേശ്വരയ്യർ, ജി. ശങ്കരക്കുറുപ്പ്‌ തുടങ്ങിയ പ്രഗല്‌ഭകവികളുടെയും കെ.പി. കേശവമേനോന്‍, സാഹിത്യപഞ്ചാനനന്‍ പി.കെ.നാരായണപിള്ള തുടങ്ങിയ സാംസ്‌കാരികനായകന്മാരുടെയും ആദ്യകാലത്തെ പ്രവർത്തനമാധ്യമമായി വർത്തിക്കുവാനും ഉണ്ണിനമ്പൂതിരിക്കു കഴിഞ്ഞിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍