This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉച്ചൈഃശ്രവസ്സ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:27, 8 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഉച്ചൈഃശ്രവസ്സ്‌

1. പുരാണേതിഹാസങ്ങളിൽ പരാമർശിച്ചിട്ടുള്ള ഒരു അശ്വം. ഭാരതീയ വിശ്വാസമനുസരിച്ച്‌ ഇന്ദ്രന്റെ വാഹനമാണ്‌ ഉച്ചൈഃശ്രവസ്സ്‌. നീണ്ട ചെവിയോടുകൂടിയവന്‍, ഉച്ചത്തിൽ ശബ്‌ദമുണ്ടാക്കുന്നവന്‍, വർധിച്ച യശസ്സോടുകൂടിയവന്‍, ബധിരന്‍ എന്നെല്ലാം ശബ്‌ദാർഥം. ദേവന്മാരും അസുരന്മാരും ചേർന്ന്‌ മന്ഥരപർവതത്തെ കടകോലാക്കി പാൽക്കടലിനെ മഥനംചെയ്‌തപ്പോള്‍, സമുദ്രത്തിൽനിന്ന്‌ ഉയർന്നുവന്ന കുതിരയെ ഉടന്‍തന്നെ ദേവേന്ദ്രന്‍ സ്വന്തം വാഹനമാക്കി എന്നതാണ്‌ ഐതിഹ്യം.

""ഉച്ചൈഃശ്രവസ്സാമശ്വേന്ദ്രന്‍
കൗസ്‌തുഭം മണിരത്‌നവും
പിറന്നു പിന്‍പുത്തമമാ-
മമൃതും പുരുഷോത്തമ.'' 
 

എന്ന്‌ വാല്‌മീകിരാമായണത്തിൽ പരാമർശമുണ്ട്‌. ഉച്ചൈഃശ്രവസ്സിന്റെ മുഖ്യ ഭക്ഷണപദാർഥം അമൃതാണ്‌. ഒരിക്കൽ കശ്യപപത്‌നിമാരായ കദ്രുവും വിനതയും തമ്മിൽ ഉച്ചൈഃശ്രവസ്സിന്റെ നിറത്തെപ്പറ്റി ഒരു വിവാദമുണ്ടായി. ഉച്ചൈഃശ്രവസ്സ്‌ തനി വെള്ളയാണെന്ന്‌ വിനതയും അതല്ല വാലിൽ ഒരു കറുപ്പു പുള്ളിയുണ്ടെന്ന്‌ കദ്രുവും തർക്കിച്ചുവത്ര. പരീക്ഷയിൽ പരാജയമടയുന്നവള്‍ മറ്റവളുടെ ദാസിയാകണമെന്നായിരുന്നു വ്യവസ്ഥ. നേരിട്ടുകാണാന്‍ രണ്ടാളും എത്തിയപ്പോള്‍ കദ്രുവിന്റെ മക്കളായ ചില സർപ്പങ്ങള്‍ ഉച്ചൈഃശ്രവസ്സിന്റെ വാലിൽ പറ്റിക്കിടന്ന്‌ കറുപ്പുനിറം തോന്നിപ്പിക്കുകമൂലം അവള്‍ ജയിക്കുകയും വിനത അവളുടെ അടിമയായിത്തീരുകയും ചെയ്‌തു എന്നാണ്‌ കഥ. നോ. ഗരുഡന്‍

ഉച്ചൈഃശ്രവസ്സുമൂലം മഹാലക്ഷ്‌മിക്ക്‌ വിഷ്‌ണുവിന്റെ ശാപമേറ്റ്‌ പെണ്‍കുതിരയായി മാറേണ്ടിവന്നതായി ഒരു കഥ ദേവീഭാഗവതത്തിൽ ഉണ്ട്‌. ഇന്ദ്രസുഹൃത്തും സൂര്യപുത്രനുമായ രേവന്തന്‍ ഒരിക്കൽ ഉച്ചൈഃശ്രവസ്സിന്റെ പുറത്തുകയറി വിഷ്‌ണുവിനെ സന്ദർശിക്കാന്‍ വൈകുണ്‌ഠത്തിലെത്തി. ഈ അശ്വത്തിന്റെ തേജോമയമായ രൂപംകണ്ട്‌, വ്യാമുഗ്‌ധയായ മഹാലക്ഷ്‌മിയോട്‌ (മഹാലക്ഷ്‌മിയും ഉച്ചൈഃശ്രവസ്സും പാൽക്കടലിൽനിന്ന്‌ ജനിച്ചവരാകയാൽ അവർ സഹോദരങ്ങളാണ്‌). "രണ്ടാം തണ്ടാർശരന്‍ പോലെ വരുവോരിവനാരുവാന്‍' എന്ന്‌ രണ്ടുതവണ ചോദിച്ചത്‌ ദേവി കേട്ടില്ല. ഇതിൽ കുപിതനായ വിഷ്‌ണു പത്‌നിയെ ശപിച്ച്‌ ഒരു പെണ്‍കുതിരയാക്കി ഭൂമിയിലേക്ക്‌ അയച്ചതായാണ്‌ കഥ.

2. പുരുവംശത്തിലെ അവിക്ഷിത്ത്‌ രാജാവിന്റെ പുത്രന്മാരിൽ ഒരാളുടെ പേര്‌ ഉച്ചൈഃശ്രവസ്സ്‌ എന്നാണ്‌.

3. സത്യവതിയുടെ വളർത്തച്ഛനും ശന്തനുവിന്റെ ശ്വശുരനുമായ ദാശരാജാവിന്റെ പേരും ഉച്ചൈഃശ്രവസ്സ്‌ എന്നായിരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍