This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഉകിയോ-ഈ പ്രസ്ഥാനം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഉകിയോ-ഈ പ്രസ്ഥാനം
Ukiyo-e movement
ജപ്പാനിലെ ഒരു കലാപ്രസ്ഥാനം. നൈമിഷിക ദൃശ്യങ്ങളുടെ ചിത്രങ്ങളെന്നാണ് ജാപ്പനീസ് ഭാഷയിൽ ഉകിയോ ഈ(Ukiyo-E)എന്ന വാക്കിനർഥം. ചിത്രരചന, ചിത്രമുദ്രണം എന്നീ കലകളാണ് ഇതിന്റെ മുഖ്യഘടകങ്ങള്‍. ചരിത്രപരവും പുരാണേതിഹാസ സംബന്ധിയുമായ വിഷയങ്ങള്‍, അനുദിന ജീവിതദൃശ്യങ്ങള്‍, ദൃശ്യവേദിയുടെ ചിത്രണങ്ങള്‍, ഭൂദൃശ്യങ്ങള്‍, മൃഗങ്ങള്‍, പക്ഷികള്‍, പുഷ്‌പങ്ങള്‍ തുടങ്ങിയവയാണ് ഈ പ്രസ്ഥാനത്തിൽപ്പെടുന്ന ചിത്രണവിഷയങ്ങള്‍. രൂപനിർദേശം ചെയ്യുന്നവരുടെ വർണശബളമായ നൈരന്തര്യം കൊണ്ട് ഒരു ജനകീയമാധ്യമത്തിനനുയോജ്യമാംവിധം നവചൈതന്യത്തോടുകൂടിയാണ് ഇവ ചിത്രണം ചെയ്യപ്പെടുന്നത്. 18-ഉം 19-ഉം നൂറ്റാണ്ടുകളിൽ യെഡോ, ഒസാകാ എന്നീ ജപ്പാന്‍ നഗരങ്ങളിലാണ് ഇത് വികാസം പ്രാപിച്ചു തുടങ്ങിയത്. സാമൂഹികസാമ്പത്തികശക്തിയും സ്വാധീനതയും അനുദിനം സ്വായത്തമാക്കിവന്ന വ്യാപാരിസമൂഹത്തിന്റെ അഭിരുചിക്കിണങ്ങുന്ന രീതിയിൽ ആദർശാധിഷ്‌ഠിത ജീവിതേതരചിത്രണമായ ഷങ്‌ര്‌സമ്പ്രദായത്തിൽനിന്നും "ഉകിയോ-ഈ പ്രസ്ഥാനം' രൂപം പൂണ്ടു. എങ്കിലും അതിന്റെ ഏറ്റവും നല്ല മാതൃകയും അന്തഃസത്ത ഉള്‍ക്കൊണ്ട രചനാവിലാസവും വർണമുദ്രണത്തിലാണ് കണ്ടെത്തുവാന്‍ കഴിയുന്നത്. ദാരുഖചിതമുദ്രകളുടെ സാധ്യതകളെക്കുറിച്ചു മുന്‍കൂട്ടിക്കാണാന്‍ കഴിഞ്ഞ മൊറൊനൊബു (1625-94) ആണ് ഈ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്. ദാരുഖചിതമുദ്രകളെ കൈകൊണ്ട് നിറംപിടിപ്പിച്ചു പതിക്കുക, രണ്ടു വർണങ്ങളുപയോഗിച്ച് പതിപ്പുകളുണ്ടാക്കുക തുടങ്ങിയവ നടപ്പാക്കിയ മസാനോബു (1680-1764) ആണ് ഈ പ്രസ്ഥാനത്തിലെ എച്ചപ്പെട്ട മറ്റൊരാചാര്യന്‍. വർണമുദ്രണം വികസിപ്പിച്ച് ഈ കലാപ്രസ്ഥാനത്തെ ഏറ്റവുമധികം പരിഷ്‌കരിച്ചു വിജയത്തിലെത്തിച്ചു എന്ന മേന്മ ഹരുണോബു (1725-70) എന്ന കലാകാരന് അവകാശപ്പെട്ടതാണ്. അദ്ദേഹത്തെത്തുടർന്ന് ഉതമാരൊ (1753-1806), ഹിറോഷിജ് (1759-1858), ഹൊക്കുസേ (1760-1849) തുടങ്ങിയവരും ഈ പ്രസ്ഥാനത്തിന്റെ പുരോഗതിക്കുവേണ്ടി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. ദൃശ്യവേദിയിലെ നടന്മാരെ ഈ രീതിയിൽ ചിത്രണം ചെയ്‌ത ഷരാക്കു (15-ാം ശ.), തൊയോകുനി (1769-1835), കുനിസഡ (1786-1804), കുനിയോഷി (1797-1861) എന്നിവരും ഈ സമ്പ്രദായത്തിന്റെ പ്രമുഖ പ്രവർത്തകർതന്നെയായിരുന്നു. വർണമുദ്രണരീതിയിൽ വളരെ വ്യാപകമായും ശക്തമായും പ്രവർത്തിച്ച കനിയോഷി ഈ പ്രസ്ഥാനത്തില പ്രഗല്‌ഭരിൽ അവസാനത്തെ ആളായിരുന്നു. നവീന യൂറോപ്യന്‍ കലാപ്രസ്ഥാനങ്ങളുടെ ഉദയത്തോടുകൂടി ഉകിയോ-ഈ പ്രസ്ഥാനം അസ്‌തമിച്ചു തുടങ്ങി. വിദേശങ്ങളിൽനിന്ന് ഇറക്കുമതി ചെയ്‌ത വിലകുറഞ്ഞ താഴ്‌ന്നതരം വർണങ്ങള്‍ ഉപയോഗിച്ചുതുടങ്ങിയതോടെ ഇത്തരം ചിത്രങ്ങളുടെ കലാപരമായ മേന്മ നഷ്‌ടപ്പെട്ടു.