This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇസ്‌മാഈലി പ്രസ്ഥാനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:43, 7 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഇസ്‌മാഈലി പ്രസ്ഥാനം

Ismaili Movement

ഷിയാ മുസ്‌ലിങ്ങളിലെ രണ്ടാമത്തെ വലിയ വിഭാഗം. പത്ത്‌, പന്ത്രണ്ട്‌ നൂറ്റാണ്ടുകളിൽ ആഫ്രിക്കയിലെ "ഫാത്തിമി' ഭരണകൂടത്തിലൂടെ രാഷ്‌ട്രീയ ശക്തിയായി മാറിയ ഇസ്‌മാഈലികള്‍ ആധുനികകാലത്ത്‌ ഒരു ഇന്തോ-ഇറാനിയന്‍ സമൂഹമായി പരിഗണിക്കപ്പെടുന്നു. ഇന്ത്യ, സിറിയ, യെമന്‍, ജോർദാന്‍, ഉസ്‌ബെക്കിസ്‌താന്‍, തജിക്കിസ്‌താന്‍, അഫ്‌ഗാനിസ്‌താന്‍, ലെബനന്‍, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽ ഇസ്‌മാഈലികള്‍ സജീവ സാന്നിധ്യമാണ്‌. യൂറോപ്പ്‌, ആസ്റ്റ്രലിയ, ന്യൂസിലന്‍ഡ്‌, യു.എസ്‌.എ. എന്നിവിടങ്ങളിൽ ഇസ്‌മാഈലി പ്രവാസികള്‍ ധാരാളമുണ്ട്‌. ലോകത്ത്‌ 20 ദശലക്ഷം ഇസ്‌മാഈലി ഷിയാക്കള്‍ ഉള്ളതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.

ചരിത്രം. ഇസ്‌മാഈലി പ്രസ്ഥാനത്തിന്റെ ആവിർഭാവചരിത്രം ഷിയ ഇസ്‌ലാമിന്റെ ആവിർഭാവചരിത്രവുമായി ബന്ധപ്പെട്ടുകിടക്കുകയാണ്‌. ഷിയാ മുസ്‌ലിങ്ങളെ "ഇസ്‌നാ അശരി', "ഇസ്‌മാ ഈലി', "സൈദി' എന്നീ മൂന്ന്‌ വിഭാഗങ്ങളായി തിരിക്കാം. ഷിയാ മുസ്‌ലിങ്ങളെ സുന്നി മുസ്‌ലിങ്ങളിൽ നിന്നും വേർതിരിക്കുന്ന "ഇമാം' (ആത്മീയ നേതാവ്‌) വിശ്വാസവുമായി ബന്ധപ്പെട്ടാണ്‌ ഷിയാക്കള്‍ക്കിടയിലെ ഈ മൂന്ന്‌ വിഭാഗങ്ങള്‍ ഉണ്ടാകുന്നത്‌. സുന്നി മുസ്‌ലിങ്ങളെ പോലെ ഷിയാ മുസ്‌ലിങ്ങളും പ്രവാചകന്‍ മുഹമ്മദി(570-632)നെ അവസാന പ്രവാചകന്‍ ആയി കാണുന്നു. എന്നാൽ ഷിയാക്കള്‍ സുന്നികളിൽനിന്നും വ്യത്യസ്‌തരാകുന്നത്‌ പ്രവാചകന്‍ മുഹമ്മദിന്റെ മകള്‍ ഫാത്തിമയുടെ ഭർത്താവും നാലാം ഖലീഫയുമായ അലീബിന്‍ അബീത്വാലിബി(599-661)നെയും അദ്ദേഹത്തിന്റെ സന്താനപരമ്പരയെയും പ്രവാചകന്റെ രാഷ്‌ട്രീയ-ആത്മീയ പിന്‍ഗാമികളായി കരുതുന്ന വിഷയത്തിലാണ്‌. എന്നാൽ ഈ വാദം സുന്നികള്‍ അംഗീകരിക്കുന്നില്ല. അലിയിലൂടെയുള്ള പ്രവാചക കുടുംബം പാപവിമോചിതരും സമുദായത്തെ നയിക്കാനായി ദൈവത്താൽ നിയോഗിക്കപ്പെട്ടവരുമാണെന്ന്‌ ഷിയാക്കള്‍ വിശ്വസിക്കുന്നു. അലിയെയും അദ്ദേഹത്തിന്റെ പിന്‍ഗാമികളായ ഇത്തരത്തിലുള്ള സമുദായ നേതാക്കളെയുമാണ്‌ ഷിയാ മുസ്‌ലിങ്ങള്‍ "ഇമാം' എന്നുവിളിക്കുന്നത്‌. ഇമാം ദൈവത്തിന്റെ മുഖവും, മോക്ഷത്തിലേക്കുള്ള പാതയുമാണ്‌. സമുദായത്തിന്‌ എപ്പോഴും ഒരു ഇമാം കൂടിയേ തീരൂ. എന്നാൽ അവസാനത്തെ ഇമാം അപ്രത്യക്ഷനായി എന്നും ലോകാവസാനനാളുകളിൽ അദ്ദേഹം വീണ്ടും പ്രത്യക്ഷനാകുമെന്നും ഷിയാക്കള്‍ കരുതുന്നു. ഈ ഇമാമുമാർ ആരൊക്കെയാണ്‌ എന്ന വിഷയത്തിലാണ്‌ ഷിയാമുസ്‌ലിങ്ങള്‍ "ഇസ്‌നാ അശരി', "ഇസ്‌മാഈലി', "സൈദി' എന്നിങ്ങനെ 3 ഗ്രൂപ്പുകളായി പിരിഞ്ഞുപോയത്‌.

അലിബിന്‍ അബീത്വാലിബ്‌, ഹസന്‍, ഹുസൈന്‍, സൈനുൽ ആബിദീന്‍, മുഹമ്മദ്‌ അൽ-ബാഖിർ, ജഅഫ്‌ർ അൽ-സ്വാദിഖ്‌, മൂസ അൽ-കാദിം, അലി അൽ-രിദ, മുഹമ്മദ്‌ അൽ-തഖി, അലി അൽ-നഖി, ഹസന്‍ അൽ-അക്‌സരി, മുഹമ്മദ്‌ അൽ-മഹ്‌ദി എന്നീ 12 ഇമാമുമാരിൽ വിശ്വസിക്കുന്നവരാണ്‌ ഷിയാക്കളിലെ ഏറ്റവും വലിയ വിഭാഗമായ ഇസ്‌നാ അശരികള്‍. 12 എന്നാണ്‌ ഈ വാക്കിന്‌ അർഥം തന്നെ.

അഞ്ചാമത്തെ ഇമാം മുഹമ്മദ്‌ അൽ-ബാഖിർ അല്ല സൈദ്‌ ബിന്‍ അലിയാണ്‌ എന്ന്‌ വാദിക്കുന്നവരാണ്‌ സൈദികള്‍ എന്ന ഷിയാക്കളിലെ ഏറ്റവും ചെറിയ വിഭാഗം. മുഹമ്മദ്‌ അൽ-ബാഖിറിന്റെ മരണത്തെത്തുടർന്ന്‌ അദ്ദേഹത്തിന്റെ മകന്‍ ജഅഫ്‌ർ അൽ-സ്വാദിഖ്‌ 743-ൽ ഇമാമായി. ജഅഫ്‌റിന്‌ ശേഷം ഇമാമാകേണ്ടത്‌ അദ്ദേഹത്തിന്റെ മൂത്തപുത്രന്‍ ഇസ്‌മാഈൽ ബിന്‍ ജഅഫ്‌ർ ആയിരുന്നു. എന്നാൽ ജഅഫ്‌ർ 765-ൽ മരണപ്പെടും മുമ്പുതന്നെ 755-ൽ മകന്‍ ഇസ്‌മാഈൽ മരണപ്പെട്ടുകഴിഞ്ഞിരുന്നു. ഇത്‌ വലിയൊരു പിന്തുടർച്ചാ പ്രശ്‌നം സൃഷ്‌ടിച്ചു. ജഅഫ്‌റിന്റെ മറ്റൊരു മകന്‍ മൂസ അൽ-കാദിമിനെ അടുത്ത ഇമാമായി ഭൂരിപക്ഷം വരുന്ന ഇസ്‌ന അശരി ഷിയാക്കള്‍ കണ്ടുവെങ്കിലും ഇസ്‌മാഈൽ ബിൽ ജഅഫ്‌റിന്റെ അനുയായികള്‍ അതംഗീകരിച്ചില്ല. ഇമാം ജീവിച്ചിരിക്കേ അദ്ദേഹത്തിന്റെ പിന്‍ഗാമിയാകേണ്ട ആള്‍ മരണപ്പെട്ടുപോകുക എന്ന നിയമപ്രശ്‌നം അംഗീകരിക്കാന്‍ അവർ തയ്യാറായില്ല. ജഅഫ്‌റിന്‌ ശേഷം ഇമാമാകേണ്ടത്‌ മൂസ അല്ലെന്നും ഇസ്‌മാഈലിന്റെ മകന്‍ മുഹമ്മദ്‌ ആയിരിക്കണമെന്നും ഇവർ വാദിച്ചു. ഇസ്‌നാ അശരികള്‍ ഏഴാമത്തെ ഇമാമായി മൂസ അൽകാദിമിനെ അംഗീകരിക്കുമ്പോള്‍ ഇസ്‌മാഈലികള്‍ ഏഴാമത്തെ ഇമാമായി പരിഗണിക്കുന്നത്‌ ഇസ്‌മാഈലിന്റെ പുത്രനായ മുഹമ്മദ്‌ ബിന്‍ ഇസ്‌മാഈലിനെയാണ്‌. ഈ വിഭാഗമാണ്‌ ഷിയാക്കളിലെ രണ്ടാമത്തെ പ്രബല ഗ്രൂപ്പായ ഇസ്‌മാഈലികള്‍. പ്രമുഖ ഇമാമുകളുടെ എച്ചം ഏഴ്‌ എന്ന പേരിൽ പരിമിതപ്പെടുത്തുന്നതിനാൽ ഇസ്‌മാഈലികളെ സബ്‌ഇയ്യ എന്നും വിളിക്കാറുണ്ട്‌. മറ്റ്‌ ഷിയാഗ്രൂപ്പുകളുമായി അടിസ്ഥാന വിശ്വാസ രീതികള്‍ പങ്കിടുന്നവരാണ്‌ ഇസ്‌മാഈലികള്‍ പൊതുവേ. ഇമാമിനെ സംബന്ധിച്ച വിശ്വാസത്തിൽ ഇസ്‌നാ അശരി ഷിയാക്കളുമായി ഇവർക്ക്‌ പൂർണയോജിപ്പാണ്‌. മുഹമ്മദ്‌ ബിന്‍ ഇസ്‌മാഈൽ "വാഗ്‌ദത്ത മഹദി'(മിശിഹ)യാണെന്നും തന്റെ അനുയായികളുടെ മുന്നിൽനിന്നും അപ്രത്യക്ഷനായ ഇദ്ദേഹം ലോകാവസാനം വീണ്ടും അവതരിക്കുമെന്നും ഇവർ വിശ്വസിക്കുന്നു. വിശുദ്ധ ഖുർആനിന്‌ ബാഹ്യവും ആന്തരികവുമായ ആശയങ്ങളുണ്ടെന്നും ഈ ആന്തരികാശയങ്ങള്‍ സമൂഹത്തെ പഠിപ്പിക്കുകയാണ്‌ ഇമാമിന്റെ ധർമമെന്നും ഇവർ വിശ്വസിക്കുന്നു. അപ്രത്യക്ഷനായ ഇമാമിന്റെ അഭാവത്തിന്റെ "ദാഇ'(പ്രബോധകന്‍)കളിലൂടെയാണ്‌ പ്രസ്ഥാനാശയങ്ങള്‍ സമൂഹത്തിന്‌ പകർന്നുകൊടുക്കപ്പെടുന്നത്‌. മുഹമ്മദ്‌ ബിന്‍ ഇസ്‌മാഈലിന്റെ കാലത്ത്‌ ഇസ്‌മാഈലികള്‍ രാഷ്‌ട്രീയ സന്ന്യാസം സ്വീകരിച്ചവരായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ പിന്‍ഗാമിയായിരുന്ന ഇമാം ഉബൈദുല്ല അൽ-മഹ്‌ദി ബില്ലയുടെ കാലമായതോടെ ഈ അവസ്ഥമാറി. 909-ൽ വടക്കേ ആഫ്രിക്കയിലെ അഗ്‌ലബികളെ തോല്‌പിച്ച്‌ മഹ്‌ദി തന്റേതായ ഒരു സാമ്രാജ്യം ടുണീഷ്യയിൽ സ്ഥാപിച്ചു. ഇതാണ്‌ പ്രസിദ്ധമായ ഫാത്തിമി സാമ്രാജ്യം. പ്രവാചക പുത്രിയും ഇമാം അലിയുടെ പത്‌നിയുമായ ഫാത്തിമയുടെ സന്താനപരമ്പരയിൽപ്പെട്ടവരാണ്‌ തങ്ങളെന്ന്‌ അവകാശപ്പെട്ടാണ്‌ തങ്ങളുടെ സാമ്രാജ്യത്തിന്‌ ഇമാം അൽ-മഹ്‌ദി "ഫാത്തിമി' എന്നു പേരിട്ടത്‌. ഷിയാക്കളുടേതായി ആദ്യമായി സ്ഥാപിക്കപ്പെട്ട ഈ സാമ്രാജ്യം ഇസ്‌മാഈലി വിഭാഗത്തിന്റേതായിരുന്നു. ആദ്യ ഇമാമായ അലിക്ക്‌ ശേഷം ഇമാം പദവിയും ഖലീഫ സ്ഥാനവും ഒരു വ്യക്തിയിൽ സംഗമിക്കുന്നത്‌ അതാദ്യമായിട്ടായിരുന്നു. അദ്ദേഹത്തിന്റെ മകന്‍ അൽ-മുഇസ്സു ലിദീനില്ലയുടെ കാലത്ത്‌ ജൗഹർ അൽ-സികിലി എന്ന പടത്തലവന്‍ 969-ൽ ഈജിപ്‌ത്‌ കീഴടക്കിയത്‌ ഫാത്തിമികളുടെ ചരിത്രത്തിലെ നിർണായക വഴിത്തിരിവായി മാറി. അതിനുശേഷം നൂറ്റാണ്ടുകളോളം മുസ്‌ലിം ലോകത്തിന്റെ കേന്ദ്രം ഈജിപ്‌ത്‌ തന്നെയായിരുന്നു.

ഫാത്തിമി ഭരണത്തിന്‍ കീഴിൽ ഈജിപ്‌ത്‌ വളരെയധികം പുരോഗതിനേടി. പ്രശസ്‌തമായ കെയ്‌റോ പട്ടണം സ്ഥാപിച്ചത്‌ ഇവരാണ്‌. രണ്ട്‌ നൂറ്റാണ്ടുകാലം ഈജിപ്‌ത്‌ ഭരിച്ച ഫാത്തിമികളുടെ സുവർണകാലഘട്ടത്തിൽ അവർക്ക്‌ ഉത്തരാഫ്രിക്ക, സിസിലി, പലസ്‌തീന്‍, സിറിയ, യെമന്‍, അറേബ്യ തുടങ്ങിയ സ്ഥലങ്ങളിൽ നിർണായക സ്വാധീനമുണ്ടായിരുന്നു. മറ്റ്‌ മുസ്‌ലിം സാമ്രാജ്യങ്ങളിൽനിന്നും വ്യത്യസ്‌തമായി ഫാത്തിമി സാമ്രാജ്യത്തിൽ ഈജിപ്‌തിലെ ജൂത, കോപ്‌റ്റിക്‌ ക്രസ്‌തവ വിഭാഗങ്ങള്‍ക്ക്‌ വലിയ സ്വാധീനമുണ്ടായി. എന്നാൽ കുരിശുയുദ്ധങ്ങളെത്തുടർന്ന്‌ 1160-കളിൽ ഫാത്തിമി സാമ്രാജ്യം ഛിന്നഭിന്നമായി. 1169-ൽ സന്‍ജി ഭരണാധികാരി നൂറുദ്ദീനിന്റെ പടത്തലവന്‍ സലാദിന്‍ അഥവാ സലാഹുദ്ദീന്‍ അൽ അയൂബി (1137-1193) ഫാത്തിമികളെ തോല്‌പിച്ച്‌ ഈജിപ്‌ത്‌ പിടിച്ചെടുത്തതോടെ ഫാത്തിമി ഭരണം അവസാനിക്കുകയും സുന്നി മുസ്‌ലിം മേധാവിത്വമുള്ള അയ്യൂബി സുൽത്താന്‍ ഭരണം (1174-1342) ഈജിപ്‌തിൽ തുടങ്ങുകയും ചെയ്‌തു. ഫാത്തിമികളുടെ തകർച്ചയ്‌ക്കുശേഷം ഇസ്‌മാഈലികള്‍ ഭൂമിശാസ്‌ത്രപരമായി അകന്നുജീവിക്കാന്‍ തുടങ്ങി. സിറിയ, പാകിസ്‌താന്‍ തുടങ്ങിയ പ്രദേശങ്ങള്‍ മാത്രമായിരുന്നു ഇതിന്‌ അപവാദം.

ഇസ്‌മാഈലി വിഭാഗങ്ങള്‍. ഇസ്‌മാഈലികളെ നിസാരികള്‍, മുസ്‌തഅ്‌ലി(ബൊഹ്‌റ)കള്‍, ദുറൂസുകള്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി തിരിക്കാം. നിസാരികള്‍ ആണ്‌ ഏറ്റവും വലിയ ഇസ്‌മാഈലി വിഭാഗം. 18 ദശലക്ഷത്തോളംവരും ഇവരുടെ എച്ചം. അമേരിക്ക, കാനഡ, യൂറോപ്പ്‌ എന്നിവിടങ്ങളിൽ ഇവർക്ക്‌ വലിയ സ്വാധീനമുണ്ട്‌. കൂടുതലും ഏഷ്യന്‍, ആഫ്രിക്കന്‍ പ്രവാസികളാണിവർ. ആഗാഖാന്‍ നാലാമനെ തങ്ങളുടെ 49-ാമത്‌ ഇമാമായി അംഗീകരിക്കുന്നവരാണ്‌ നിസാരികള്‍. ഇന്ത്യയിലെ ഷിയാക്കളിൽ നല്ലൊരുപങ്ക്‌ നിസാരികളാണ്‌. ഒന്നരദശലക്ഷത്തോളം വരും രണ്ടാമത്തെ ഇസ്‌മാഈലി വിഭാഗമായ മുസ്‌തഅ്‌ലികള്‍. ഇവർ ബൊഹ്‌റകള്‍ എന്നാണ്‌ പൊതുവേ അറിയപ്പെടുന്നത്‌. ഇസ്‌മാഈലികളിലെ ഏറ്റവും യാഥാസ്ഥിതിക വിഭാഗമാണിവർ. ബൊഹ്‌റകള്‍ തന്നെ ദാവൂദി ബൊഹ്‌റ, സുലൈമാനി ബൊഹ്‌റ എന്നിങ്ങനെ രണ്ടു വിഭാഗമാണ്‌. ഒരു ദശലക്ഷത്തോളം വരുന്ന ദാവുദി ബൊഹ്‌റകള്‍ ഇന്ത്യ, പാകിസ്‌താന്‍, മധ്യേഷ്യ, കിഴക്കേ ആഫ്രിക്ക, യൂറോപ്പ്‌, വടക്കേ അമേരിക്ക എന്നിവിടങ്ങളിൽ താമസിക്കുന്നു. സുലൈമാനി ബൊഹ്‌റകള്‍ യെമന്‍, സൗദിഅറേബ്യ എന്നീ സ്ഥലങ്ങളിലാണ്‌ കഴിയുന്നത്‌. അലവി ബൊഹ്‌റകള്‍ എന്നൊരു ന്യൂനപക്ഷം ബൊഹ്‌റകള്‍ ഇന്ത്യയിലെ ഗുജറാത്തിൽ കാണാം. ഇസ്‌മാഈലികളിലെ മൂന്നാമത്തെ വിഭാഗമാണ്‌ ദുറൂസുകള്‍. അഞ്ചുലക്ഷത്തോളം ജനസംഖ്യയുള്ള ദുറൂസുകള്‍ ലെബനനിലെ പ്രമുഖ മുസ്‌ലിം ജനവിഭാഗമാണ്‌. മറ്റ്‌ മുസ്‌ലിം വിഭാഗങ്ങള്‍ക്ക്‌ അന്യമായ ചില വിശ്വാസങ്ങള്‍ (ഉദാ. പുനർജന്മം) ദുറൂസുകള്‍ വച്ചുപുലർത്താറുണ്ട്‌.

(ഡോ. എന്‍. ഷംനാദ്‌)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍