This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇവാഞ്‌ജലിക്കൽ സഭകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:20, 7 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഇവാഞ്‌ജലിക്കൽ സഭകള്‍

വേദപുസ്‌തകത്തിന്റെ അപ്രമാദിത്വത്തെ ഊന്നിപ്പറയുന്നതും മതനവീകരണപ്രസ്ഥാനത്തിനു (Protestant Reformation) മുമ്പുണ്ടായിരുന്ന പാശ്ചാത്യസഭയിലെ ആചാരങ്ങളെയും അനുഷ്‌ഠാനങ്ങളെയും ഏറെക്കുറെ നിരാകരിക്കുന്നതും സഭയെന്നുള്ളതിനെ "വിശ്വാസികളുടെ കൂട്ടം' എന്ന്‌ നിർവചിക്കുന്നതും ആയ പ്രാട്ടസ്റ്റന്റ്‌ സഭകള്‍. ഇവാഞ്‌ജലിക്കൽ എന്ന പദത്തിന്‌ "സുവിശേഷാനുസരണമായ' എന്നാണ്‌ അർഥം. യൂറോപ്പിലെ പ്രാട്ടസ്റ്റന്റ്‌ സഭകളെ എല്ലാം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു സംജ്ഞയാണ്‌ ഇവാഞ്‌ജലിക്കൽ സഭകള്‍ എന്ന പ്രയോഗം. ഇവാഞ്‌ജലിക്കൽ സഭ എന്നു പേരുള്ള ഒരു പ്രാട്ടസ്റ്റന്റ്‌ വിഭാഗം യു.എസ്സിൽ 1922 മുതൽ നിലവിലുണ്ട്‌. ഇതിന്റെ അംഗങ്ങളധികവും ജർമനിയിൽനിന്ന്‌ യു.എസ്സിൽ കുടിയേറിപ്പാർത്തവരാണ്‌. ജർമനിയിൽ ലൂഥറന്‍ സഭകളും നവീകൃത സഭകളും ചേർന്നുണ്ടായ സംയുക്തസഭയാണ്‌ "ഇവാഞ്‌ജലിഷ്‌ കിർചെ ഇമ്‌ ദോയിഷ്‌ലാന്‍ഡ്‌' (Evengeli-sche Kirche im Deutschland). മെഥഡിസ്റ്റ്‌, ബാപ്‌റ്റിസ്‌റ്റ്‌, കോണ്‍ഗ്രിഗേഷനൽ, പ്രസ്‌ബിറ്റേറിയന്‍ മുതലായ പല പ്രാട്ടസ്റ്റന്റ്‌ സഭകളെയും ഇവാഞ്‌ജലിക്കൽ സഭ എന്നു പറയാറുണ്ട്‌. വ്യക്തിയുടെ മതപരിവർത്തനത്തിലും രക്ഷയിലും ഉള്ള പ്രത്യേക താത്‌പര്യം, സുവിശേഷ പ്രഘോഷണം, ഗാനാലാപം, നിശ്ചിതരൂപത്തിലല്ലാത്ത സ്വതന്ത്രമായ പ്രാർഥന, ഇതര മതവിശ്വാസികളെ മതപരിവർത്തനം ചെയ്യിക്കാനുള്ള വ്യഗ്രത മുതലായവയാണ്‌ ഈ സഭകള്‍ക്കു പൊതുവേയുള്ള സവിശേഷതകള്‍. ഈ പ്രസ്ഥാനക്കാർ മിഷനറി പ്രവർത്തനത്തിൽ വലിയ താത്‌പര്യം കാട്ടുന്നു.

ഇന്ത്യയിൽ പ്രവർത്തിച്ച ബ്രിട്ടീഷ്‌ മിഷനറിമാരിൽ ചർച്ച്‌ മിഷനറി സൊസൈറ്റി (C.M.S.) ആംഗ്ലിക്കന്‍ സഭയിലെ ഇവാഞ്‌ജലിക്കൽ സഭയിൽ നിന്ന്‌ ഉദ്‌ഭവിച്ചതാണ്‌. ഇംഗ്ലണ്ടിലെ ഇവാഞ്‌ജലിക്കൽ സഭകളായ കോണ്‍ഗ്രിഗേഷനൽ, പ്രസ്‌ബിറ്റേറിയന്‍, മെഥഡിസ്റ്റ്‌ എന്നിവയിലെ അംഗങ്ങളും ആംഗ്ലിക്കന്‍ സഭയിലെ ഇവാഞ്‌ജലിക്കൽ വിഭാഗത്തിൽപ്പെട്ട വ്യക്തികളും ചേർന്ന്‌ 1795-ൽ ഉണ്ടാക്കിയ ഒരു ഇവാഞ്‌ജലിക്കൽ മിഷനറി സംഘമാണ്‌ ദക്ഷിണകേരളത്തിലെ ലണ്ടന്‍ മിഷനറി സൊസൈറ്റി (L.M.S.). കേരളത്തിൽ പ്രവർത്തിച്ചിട്ടുള്ള പ്രാട്ടസ്റ്റന്റ്‌ മിഷനറിമാരിൽ ഭൂരിപക്ഷവും ഇവാഞ്‌ജലിക്കലിസം എന്ന പ്രസ്ഥാനത്തിൽനിന്നുണ്ടായവരായതുകൊണ്ട്‌ കേരളത്തിലെ നവീകരണ സഭകളിൽ ഇവാഞ്‌ജലിക്കലിസത്തിനാണ്‌ പ്രാധാന്യം.

കേരളത്തിലെ ക്രസ്‌തവസഭകളിൽ ഒന്നാണ്‌ സെന്റ്‌ തോമസ്‌ ഇവാഞ്‌ജലിക്കൽ ചർച്ച്‌ ഒഫ്‌ ഇന്ത്യ. യേശു ക്രിസ്‌തുവിന്റെ ശിഷ്യനായ തോമസ്‌ അപ്പോസ്‌തലനാൽ സ്ഥാപിതമായ കേരള ക്രസ്‌തവസഭയിൽ അബ്രഹാം മൽപ്പാനച്ചന്‍ നേതൃത്വം നൽകിയ നവീകരണ ഫലമായി ഉടലെടുത്ത മാർത്തോമ്മാ സഭയിൽ വീണ്ടും ചില നവീകരണ ശ്രമങ്ങളുണ്ടായി. അതിന്റെ ഫലമായി 1961 ജനു. 26-ന്‌ തിരുവല്ലായിലെ തൈമലയിൽ ഒരു സുവിശേഷ വിഹിത എപ്പിസ്‌കോപ്പൽ സഭയായി സെന്റ്‌ തോമസ്‌ ഇവാഞ്‌ജലിക്കൽ സഭ രൂപീകൃതമായി. വിശ്വാസത്തിന്റെ പരമവും നിർണായകവുമായ പ്രമാണമായി വിശുദ്ധ ബൈബിള്‍ ഇവാഞ്‌ജലിക്കൽ സഭ സ്വീകരിക്കുകയും നിർമല സുവിശേഷ വിഹിത വിശ്വാസത്തിന്റെ സംരക്ഷണവും തദനുസരണമായ ജീവിതവും സുവിശേഷീകരണവും പ്രഖ്യാപിത ലക്ഷ്യങ്ങളായി അംഗീകരിക്കുകയും ചെയ്‌തു. എപ്പിസ്‌കോപ്പ (Bishop), പട്ടക്കാരന്‍/കരീശ്ശ (Presbyter), ശെമ്മാശന്‍ (Deacon) എന്നീ സ്ഥാനങ്ങള്‍ സഭയിലുണ്ട്‌. കർത്താവ്‌ സ്ഥാപിച്ച സ്‌നാനം (Baptism), തിരുവത്താഴം (Holy Communion) എന്നീ കൂദാശകള്‍ സഭ സ്വീകരിച്ചിരിക്കുന്നു. അംഗീകരിക്കപ്പെട്ട വേദാനുസരണമായ പ്രാർഥനാക്രമങ്ങള്‍ സഭ ഉപയോഗിക്കുന്നുണ്ട്‌. അതോടൊപ്പം ആരാധനകളിൽ അൽമായർക്കും പങ്കാളിത്തം നൽകുന്നതിന്‌ സാക്ഷ്യം, പ്രാർഥനകള്‍, പ്രബോധനങ്ങള്‍ എന്നിവയ്‌ക്ക്‌ അവസരം നൽകുന്നു.

സഭയുടെ ഔദ്യോഗിക സ്ഥാനങ്ങളിൽ അൽമായർക്കും പ്രാതിനിധ്യം നൽകുന്ന ഒരു ജനാധിപത്യ ഭരണസംവിധാനമാണു നിലവിലുള്ളത്‌. സഭയെ ഭരണസൗകര്യത്തിനായി പല ഡയോസിസുകളായി വിഭജിച്ചിരിക്കുന്നു-കേരളത്തിൽ നാലും കേരളത്തിനു പുറത്ത്‌ ഒന്നും ഇന്ത്യയ്‌ക്കു വെളിയിൽ രണ്ടും ഡയോസിസുകളാണുള്ളത്‌. സ്വദേശത്തും വിദേശത്തുമായി 260 ഇടവകകളുണ്ട്‌. പട്ടക്കാരായും മിഷനറിമാരായും സ്‌ത്രീജന പ്രവർത്തകരായും അനേകർ സഭയിൽ പ്രവർത്തിച്ചുവരുന്നു. മോസ്റ്റ്‌ റവ. ഡോ. സി.വി. മാത്യു പ്രിസൈഡിങ്‌ ബിഷപ്പായും റൈറ്റ്‌ റവ. ഡോ. തോമസ്‌ ഏബ്രഹാം സഭയുടെ ജനറൽ അസംബ്ലിയുടെ ചെയർമാനായും പ്രവർത്തിക്കുന്നു. സഭയുടെ സുവിശേഷീകരണ പ്രവർത്തനങ്ങള്‍ക്കു നേതൃത്വം നൽകുന്നതിനു സുവിശേഷ പ്രവർത്തന ബോർഡും സ്‌ത്രീജന, യുവജന, സണ്‍ഡേസ്‌കൂള്‍ പ്രവർത്തന ബോർഡുകളും പ്രവർത്തിക്കുന്നു. എഡ്യൂക്കേഷന്‍ ബോർഡിന്റെ കീഴിൽ തമിഴ്‌നാട്‌, മധ്യപ്രദേശ്‌, ഛത്തീസ്‌ഗഡ്‌ എന്നീ സംസ്ഥാനങ്ങളിൽ സ്‌കൂളുകളും ചെന്നൈയിൽ ഒരു ഫസ്റ്റ്‌ ഗ്രഡ്‌ ബൈബിള്‍ കോളജും നടത്തിവരുന്നു. ബിഹാർ, ഛത്തിസ്‌ഗഡ്‌, ഒഡിഷ, ഗുജറാത്ത്‌ എന്നീ സംസ്ഥാനങ്ങളിൽ സാമൂഹ്യസേവന രംഗങ്ങളിൽ സഭ സജീവമാണ്‌.

(മോ. റവ. പൗലോസ്‌ മാർഗ്രിഗോറിയോസ്‌, റവ. മാത്യൂസ്‌ ഏബ്രഹാം)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍