This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇലീറിയർ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:36, 5 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഇലീറിയർ

Illyrians

ബാള്‍ക്കന്‍ ഉപദ്വീപിന്റെ വടക്കു പടിഞ്ഞാറ്‌ ഭാഗത്തുള്ള പ്രദേശത്ത്‌ ചരിത്രാതീതകാലം മുതല്‌ക്കുതന്നെ അധിവസിച്ചിരുന്ന ജനവർഗം. ബി.സി. 1000-ത്തിനോടടുപ്പിച്ച്‌ ബാള്‍ക്കന്‍ ഉപദ്വീപിന്റെ പശ്ചിമാർധഭാഗത്ത്‌ കുടിയേറിപ്പാർത്ത ഇന്തോ-യൂറോപ്യന്‍ ജനവർഗമാണ്‌ ഇലീറിയർ എന്ന അഭിപ്രായത്തിനാണ്‌ പുരാവസ്‌തു-നരവംശ ശാസ്‌ത്രജ്ഞന്മാരുടെ ഇടയിൽ അംഗീകാരം ലഭിച്ചിട്ടുള്ളത്‌. ഗ്രീക്കു ചരിത്രകാരന്മാരാണ്‌ ഇലീറിയരെപ്പറ്റിയും അവർ അധിവസിച്ച ഇലീറിയയെപ്പറ്റിയും ആദ്യമായി പരാമർശിച്ചിട്ടുള്ളത്‌. ആധുനിക അൽബേനിയക്കാരുടെ പൂർവികരായിട്ടാണ്‌ ഇലീറിയരെ നരവംശശാസ്‌ത്രജ്ഞർ പരിഗണിക്കുന്നത്‌.

പ്രതാപകാലത്ത്‌റി ഇലീറിയ രാജ്യം ഡാന്യൂബ്‌ നദി മുതൽ അംബ്രസിയ ഉള്‍ക്കടൽ വരെയും ഏഡ്രിയാറ്റിക്‌ കടൽ മുതൽ ഷാർ പർവതനിരകള്‍ വരെയും വ്യാപിച്ചിരുന്നു. ഇറ്റലിയിലൂടെ പല ഭാഗങ്ങളിലും മാസിഡോണിയയിലും അവരുടെ സ്വാധീനത കടന്നുചെന്നിരുന്നു. ദക്ഷിണ അൽബേനിയാപ്രദേശത്തെ ഇലീറിയർ ഗ്രീക്കുസംസ്‌കാരവുമായി ബന്ധപ്പെട്ട എപ്പിറസ്‌ എന്ന സ്വതന്ത്രരാജ്യം സ്ഥാപിച്ചെങ്കിലും ഇലീറിയന്‍ ഭാഷയും സംസ്‌കാരവും അതുപോലെ നിലനിർത്തിയിരുന്നു.

ഇലീറിയരുടെ ഓരോ ഗോത്രവും സ്വതന്ത്രജനസമൂഹമായിരുന്നു. തെരഞ്ഞെടുക്കപ്പെട്ട ഒരു നേതാവും ഒരു സമിതിയുമാണ്‌ ഭരണം നിർവഹിച്ചിരുന്നത്‌; വിവിധ ഗോത്രങ്ങളെ സംയോജിപ്പിച്ച്‌ സ്വതന്ത്രരാഷ്‌ട്രങ്ങളും സ്ഥാപിച്ചിരുന്നു. സ്‌കോഡ്ര (ആധുനിക ഷ്‌കോഡർ) തലസ്ഥാനമായി സ്ഥാപിക്കപ്പെട്ട രാഷ്‌ട്രമായിരുന്നു ഇവയിൽ ഏറ്റവും അവസാനത്തേതും പ്രശസ്‌തവും. അഗ്രാണ്‍ ആയിരുന്നു (ബി.സി. 3-ാം ശ.) ഇവിടത്തെ പ്രമുഖ രാജാവ്‌. അതിശക്തമായ കരസേനയും നാവികസേനയും സംഘടിപ്പിച്ച അഗ്രാണ്‍ സമീപരാജ്യങ്ങള്‍ ആക്രമിച്ചു കീഴടക്കി. അഗ്രാണിന്റെ മരണാനന്തരം രാജ്ഞിയായ ട്യൂട്ട പ്രായപൂർത്തിയാകാത്ത പുത്രനുവേണ്ടി ഭരണഭാരം കൈയേറ്റു. അവർ ഗ്രീസിന്റെയും റോമിന്റെയും ഭൂപ്രദേശങ്ങള്‍ ആക്രമിച്ചെങ്കിലും റോമന്‍ നാവികസേന ട്യൂട്ടയുടെ സേനകളെ പരാജയപ്പെടുത്തി. 228-ൽ റോമന്‍സ്ഥാനപതിയായ ഗ്‌നേയസ്‌ ഫുള്‍വിയസ്‌, രാജ്ഞിയുമായി സന്ധിയിൽ ഏർപ്പെട്ടു. ബി.സി.219-ൽ വീണ്ടും റോമാക്കാർ ഇലീറിയ ആക്രമിക്കുകയുണ്ടായി. മാസിഡോണിയയിലെ ഫിലിപ്പ്‌ ഢ ഇലീറിയരുടെ സഹായത്തിനെത്തിയെങ്കിലും റോമാക്കാർ ബാള്‍ക്കന്‍ ഉപദ്വീപു മുഴുവന്‍ കീഴടക്കി. അവസാനത്തെ ഇലീറിയന്‍ രാജാവായ ഗെന്തിയസ്‌ 168-ൽ റോമാക്കാർക്ക്‌ കീഴടങ്ങി. ഒക്‌ടേവിയന്‍ (പിന്നീട്‌ അഗസ്റ്റസ്‌ സീസർ) ബി.സി. 35-33 കാലഘട്ടത്തിൽ ഇലീറിയയെ റോമാസാമ്രാജ്യത്തിന്റെ ഭാഗമാക്കി. അവിടെ പില്‌ക്കാലത്തുണ്ടായ വിപ്ലവം അടിച്ചമർത്തിയത്‌ ടൈബീരിയസ്‌ (എ.ഡി.14-37) ആണ്‌. ഇങ്ങനെ ഇലീറിയ റോമന്‍സാമ്രാജ്യത്തിന്റെ ഭാഗമായി, ഇലീറിക്കം എന്നറിയപ്പെട്ടു.

യോദ്ധാക്കളായിരുന്ന ഇലീറിയരെ റോമന്‍സൈന്യത്തിൽ ചേർത്തുവന്നു. റോമാസാമ്രാജ്യത്തിന്റെ അധഃപതനഘട്ട(എ.ഡി. 3-ാം ശ.)ത്തിൽ പാശ്ചാത്യ സംസ്‌കാരത്തിന്റെ അവസാനകേന്ദ്രം ഇലീറിക്കം ആയിരുന്നു. എ.ഡി. 395-ൽ റോമാസാമ്രാജ്യം വിഭജിക്കപ്പെട്ടപ്പോള്‍ ഇലീറിയ പൗരസ്‌ത്യ റോമാസാമ്രാജ്യ വിഭാഗമായി. 3-ഉം 5-ഉം ശതകങ്ങള്‍ക്കിടയ്‌ക്കുള്ള കാലഘട്ടത്തിൽ ഇലീറിയർ വിസിഗോത്തുകളുടെയും ഹ്യൂണന്മാരുടെയും ആക്രമണത്തിനു വിധേയരായി. 6-ാം ശതകത്തിൽ സ്ലാവ്‌വർഗക്കാർ ബാള്‍ക്കന്‍ ഉപദ്വീപിൽ അധിനിവേശം ആരംഭിച്ചു. 7-ാം ശതകത്തോടുകൂടി അവരുടെ സ്വാധീനത പൂർണമായി. ഇലീറിയന്‍ ഭാഷയും സംസ്‌കാരവും അവഗണിക്കപ്പെടുകയും അതിന്റെ സ്ഥാനത്ത്‌ സ്ലാവ്‌ ഭാഷയും സംസ്‌കാരവും അഭിവൃദ്ധിപ്പെടുകയും ചെയ്‌തു. അൽബേനിയക്കാർ മാത്രം പ്രാചീന ഇലീറിയന്‍ ജനവർഗത്തിന്റെ അനന്തരഗാമികളായി അവശേഷിക്കുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%87%E0%B4%B2%E0%B5%80%E0%B4%B1%E0%B4%BF%E0%B4%AF%E0%B5%BC" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍