This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇരുപത്തിനാലുവൃത്തം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:13, 2 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഇരുപത്തിനാലുവൃത്തം

പുരാണകഥകളെ പല ഖണ്ഡങ്ങളായി വിഭജിച്ച്‌ ഓരോ ഖണ്ഡവും ഓരോ വൃത്തത്തിൽ രചിക്കുന്ന ഒരു പ്രസ്ഥാനം. ഖണ്ഡങ്ങളുടെ എച്ചം കൊണ്ട്‌ കൃതിയുടെ നാമത്തെ സൂചിപ്പിക്കുന്ന അത്തരം കാവ്യസൃഷ്‌ടികളായി നാലുവൃത്തം, എട്ടുവൃത്തം, പത്തുവൃത്തം, പതിനാലുവൃത്തം എന്നിങ്ങനെ പല കാവ്യരൂപങ്ങള്‍ മലയാളത്തിനു ലഭിച്ചിട്ടുണ്ട്‌. സംസ്‌കൃതഛന്ന്‌ദച്ഛായ തോന്നുന്ന ചില വൃത്തങ്ങള്‍ ഇവയിൽ കാണാമെങ്കിലും, യഥാർഥത്തിൽ ഇവ ദ്രാവിഡങ്ങള്‍ തന്നെയാണെന്നാണ്‌ ഭാഷാസാഹിത്യചരിത്രകാരന്മാരുടെ അഭിപ്രായം. ഇവയിൽ കാണുന്ന "വെണ്മതികലാഭരണനംബികേ ഗണേശന്‍' (ഇന്ദുവദന), "നിരന്തരം പദേ പദേ തിരഞ്ഞു കാനനേ ചിരം' (പഞ്ചചാമരം) തുടങ്ങിയവ സംസ്‌കൃതത്തിന്‌ ദ്രാവിഡഗാനങ്ങളിൽനിന്ന്‌ കടമായി കിട്ടിയതാകാമെന്നും ഒരു വാദഗതിയുണ്ട്‌.

ഇത്തരം "വൃത്ത' സമാഹാരങ്ങള്‍ "സങ്കീർത്തനം' എന്ന സാഹിത്യശാഖയിൽപ്പെടുന്നവയാണെന്ന്‌ ഉള്ളൂർ എസ്‌. പരമേശ്വര അയ്യർ കേരള സാഹിത്യചരിത്രത്തിൽ അഭിപ്രായപ്പെടുന്നു. ഇവയുടെ പല ഖണ്ഡങ്ങളും കേരളീയസ്‌ത്രീകളുടെയിടയിൽ കൈകൊട്ടി (തിരുവാതിര)ക്കളിമുഖേന വളരെ പ്രചാരത്തിലിരിക്കുന്നവയാണ്‌. സാഹിത്യത്തിലെ ഭക്തിപ്രസ്ഥാനത്തിന്റെ ഉച്ചകോടിയിൽ ആവിർഭവിച്ചിട്ടുള്ള ഈ "വൃത്ത'ങ്ങള്‍ ഗാനാത്മകതകൊണ്ട്‌ ഗ്രാമീണരുടെയിടയിലും സുപരിചിതമാണ്‌. മലയാളത്തിൽ ഈ പ്രസ്ഥാനത്തിൽ ഏറ്റവും ഒടുവിലുണ്ടായ കൃതി ക്രസ്‌തവവേദപുസ്‌തകേതിവൃത്തങ്ങളെ ഉപജീവിച്ച്‌ ചേകോട്ട്‌ ആശാന്‍ (സു. 1773-1860) എന്ന ഗ്രാമീണകവി രചിച്ച മുപ്പത്തിനാലുവൃത്തം ആയിരിക്കാമെന്ന്‌ സാഹിത്യചരിത്രകാരന്മാർ ഊഹിക്കുന്നു. രാമായണത്തെയും ഭാഗവതത്തെയും ആധാരമാക്കി രചിക്കപ്പെട്ടിട്ടുള്ള രണ്ടു കൃതികള്‍ ഇരുപത്തിനാലുവൃത്തമെന്നപേരിൽ മലയാളത്തിൽ പ്രചാരത്തിലുണ്ട്‌. ഇവയുടെ കർതൃത്വം, രചനാകാലം എന്നിവ വിവാദവിഷയങ്ങളാണ്‌.

രാമായണം. രാമായണം ഇരുപത്തിനാലുവൃത്തം രചിച്ചത്‌ തുഞ്ചത്ത്‌ രാമാനുജന്‍ എഴുത്തച്ഛനാണെന്നാണ്‌ പരമ്പരാ ഉള്ള വിശ്വാസം. എന്നാൽ ഭാഷാപ്രയോഗം, രചനാരീതി, പാത്രസ്വഭാവാവിഷ്‌കാരം തുടങ്ങിയ പല ഘടകങ്ങളും കണക്കിലെടുത്താൽ ഇതിന്‌ എഴുത്തച്ഛന്റെ രചനാരീതിയോടും കല്‌പനാവിലാസത്തോടും ഒരു ബന്ധവുമില്ലെന്ന്‌ ചില പണ്ഡിതന്മാർ വാദിക്കുന്നു. ഇത്‌ കൊ.വ. എട്ടാം (എ.ഡി. 16-17) നൂറ്റാണ്ടിലെ ഒരു രചനയായിരിക്കാമെന്നുള്ള കാര്യത്തിൽ എല്ലാ സാഹിത്യചരിത്രകാരന്മാരും യോജിക്കുന്നു. ഗ്രാമ്യങ്ങളും പ്രചാരലുപ്‌തങ്ങളുമായ പദശൈലികളുടെ സുലഭപ്രയോഗങ്ങളും കൂടെക്കൂടെയുള്ള സാഹിത്യചോരണപ്രവണതകളും അധമമായ ഫലിത-ശൃംഗാരവർണനകളുമാണ്‌ ഇതിന്റെ കർതൃത്വം എഴുത്തച്ഛനിൽ സ്ഥാപിക്കുന്നതിൽനിന്ന്‌ പണ്ഡിതന്മാരെ നിരുത്സാഹപ്പെടുത്തുന്നത്‌. ഇതിന്റെ രചയിതാവ്‌ രാമായണംചമ്പൂ കർത്താവായ പുനംനമ്പൂതിരി ആണെന്നുള്ള വാദവും ഇതേ കാരണങ്ങളാൽ ഉപേക്ഷിക്കപ്പെട്ടിട്ടുണ്ട്‌.

ഇരുപത്തിനാല്‌ വൃത്തമെന്നാണ്‌ ഗ്രന്ഥനാമമെങ്കിലും ഇതിൽ ഒരു "വൃത്തം' അധികമായി കാണുന്നതിന്‌ നിദാനമായി ഉന്നയിക്കപ്പെടാറുള്ള വാദഗതി ഇതിൽ ഇരുപത്തിയൊന്നാമതായി ചേർത്തിട്ടുള്ള ഖണ്ഡം പ്രക്ഷിപ്‌തമാണെന്നാണ്‌. അതിനെക്കുറിച്ച്‌ അവസാനവാക്ക്‌ ഇതുവരെ പറയപ്പെട്ടിട്ടില്ല. പക്ഷേ ഈ കൃതിക്ക്‌ കിട്ടിയ ഇരുപത്തിനാലുവൃത്തം എന്ന പേര്‌ പൊതുവേ അംഗീകൃതമായിട്ടുണ്ട്‌.

കർതൃത്വത്തെയും കാലത്തെയും സാഹിത്യഗുണത്തെയും കുറിച്ചുള്ള വിവാദങ്ങള്‍ എങ്ങനെയിരുന്നാലും രാമായണംകഥയുടെ അന്യൂനാനതിരിക്തമായ ഒരു പുനരാഖ്യാനമാണ്‌ ഇരുപത്തിനാലുവൃത്തമെന്നതിൽ സംശയമില്ല. കഥാഗതിക്കു ഭംഗംവരാതെ സന്ദർഭോചിതമായ രസസന്നിവേശവും പദച്ഛന്ദോബന്ധങ്ങളുംകൊണ്ട്‌ രാമകഥയെ തികച്ചും ഗേയമായ രീതിയിൽ ഈ കൃതി പുനരാവിഷ്‌കരിക്കുന്നു. അവിടെവിടെയായി കാണുന്ന അലങ്കാരകല്‌പനകളും പദപ്രയോഗനിപുണതയും ഇതിന്റെ കവി ഒട്ടും നിസ്സാരനല്ലെന്നു കാണിക്കുന്നു. ശ്രീരാമന്റെ വനയാത്രയും ശൂർപ്പണഖാനിവേദനവും യുദ്ധവുംമറ്റും തികഞ്ഞ വികാരസ്‌ഫുരണക്ഷമതയോടുകൂടിത്തന്നെ ഇതിൽ പ്രതിപാദിച്ചിട്ടുണ്ട്‌. സീതാരാമലക്ഷ്‌മണന്മാരുടെ ദണ്ഡകാരണ്യവാസത്തെക്കുറിച്ചുള്ള-

 
	സീതയായൊരു കല്‌പവല്ലി പടർന്ന രാമസുരദ്രുമ-
	ഛായതന്നിൽ വസിച്ച മാമുനിപക്ഷിമണ്ഡലമാകവേ
	രാവണാർക്കമഹാതപത്തിനൊരാതപത്രമുദാരവാങ്‌-
	മാധുരീഫലമാസ്വദിച്ചു മദിച്ചു രാമ ഹരേ, ഹരേ.
 

എന്ന പദ്യം അർഥകല്‌പനകൊണ്ടും താളാത്മകവും സുന്ദരവുമായ രചനാശൈലികൊണ്ടും വളരെ ഔത്‌കൃഷ്‌ട്യം വഹിക്കുന്നു. ഭാഗവതം. ഭാഗവതം ഇരുപത്തിനാലുവൃത്തം ദശമസ്‌കന്ധത്തിലെ ഇതിവൃത്തത്തെ പുനരാഖ്യാനംചെയ്‌തിരിക്കുന്നു പ്രസ്‌തുത കൃതി കുഞ്ചന്‍നമ്പ്യാരുടേതാണെന്ന്‌ ഒരു വാദം വളരെക്കാലമായി നിലനിൽക്കുന്നുണ്ട്‌; ഇതിനെ സംബന്ധിച്ചും ഖണ്ഡിതമായ തീരുമാനമുണ്ടായിട്ടില്ല. ഏതാനും ഭാഗങ്ങളിലൂടെ കൃതഹസ്‌തനും വാസനാസമ്പന്നനുമായ ഒരു കവിയെ ഈ കൃതിയിൽ കാണാമെങ്കിലും രചനാരീതിയിലും വൃത്തസ്വീകരണത്തിലും രാമായണം ഇരുപത്തിനാലുവൃത്തത്തിന്റെ വർണോജ്വലമായ ഒരനുകരണമായാണ്‌ ഈ കൃതി ഏറിയകൂറും പ്രത്യക്ഷപ്പെടുന്നത്‌. ആദ്യത്തെ നാലുഖണ്ഡങ്ങളിൽ രണ്ടിലും ഒരേവൃത്തം തന്നെയാണ്‌ കാണുന്നത്‌. ശ്രീകൃഷ്‌ണന്റെയും ഗോപികമാരുടെയും വിപ്രലംഭവിലാപങ്ങള്‍ക്ക്‌ സമാനവൃത്തങ്ങളാണ്‌ പ്രയോഗിച്ചിരിക്കുന്നത്‌. രാമായണം ഇരുപത്തിനാലുവൃത്തത്തിൽ, ലങ്കയിൽ നിന്നുള്ള പ്രത്യാഗമനവേളയിൽ ശ്രീരാമന്‍ സീതയ്‌ക്കു വഴി കാണിച്ചുകൊടുത്തുകൊണ്ടുള്ള വർണന രഘുവംശത്തെ അനുകരിച്ചാണ്‌. അതിന്റെ ചുവുടുപിടിച്ച്‌ ഭാഗവതം ഇരുപത്തിനാലുവൃത്തത്തിലും സ്വർഗത്തിൽനിന്നുള്ള മടക്കയാത്രയിൽ ശ്രീകൃഷ്‌ണന്‍ സത്യഭാമയ്‌ക്കു വഴി വിവരിച്ചുകൊടുക്കുന്നതായി വർണിക്കപ്പെട്ടിരിക്കുന്നു. രണ്ടും ഒരേ വൃത്തത്തിലും ഒരേ ശൈലിയിലുമാണ്‌. ശ്രീരാമന്‍ സീതയെയും ചിത്രലേഖ ഉഷയെയും "കാന്താരവിന്ദായതാക്ഷീ മനോജ്ഞേ' എന്ന സംബോധന കൊണ്ട്‌ സമാശ്വസിപ്പിക്കുന്നതും മുഴച്ചുനിൽക്കുന്ന ഒരു സാമ്യമാണ്‌.

	അയി തുളസി ധന്യേ, ശൃണു നളിനി വന്യേ,
	തവ കരുണയെന്യേ ന ഗതിരിതി മന്യേ;
	കനിവിനൊടു കൊന്നേ, കഥയ മമ പുന്നേ,
	ഹൃദയമുരുകുന്നേ മധുമഥന നംബോ.
 

എന്ന പദ്യം ഭാഗവതം ഇരുപത്തിനാലുവൃത്തത്തിന്റെ രചനാ ശൈലിക്ക്‌ ഉദാഹരണമായിട്ടെടുക്കാം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍