This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇരട്ടവാലന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:06, 30 മാര്‍ച്ച് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഇരട്ടവാലന്‍

Silver Fish

തൈസനൂറ ഗോത്രത്തിൽപ്പെട്ട, ചിറകില്ലാത്ത, ഉപദ്രവകാരിയായ ഒരിനം ചെറിയ പ്രാണി. ലെപിസ്‌മാറ്റിഡേ കുടുംബത്തിൽപ്പെടുന്ന ഈ ജീവിക്ക്‌ ഇംഗ്ലീഷിൽ "സിൽവർ ഫിഷ്‌' (silver fish) എന്നാണുപേർ. മത്സ്യത്തിന്റേതിനു സമാനമായ ശരീരാകൃതിയും വെള്ളിനിറത്തിലുള്ള ശല്‌ക്കങ്ങളുമുള്ളതിനാലാണ്‌ ഇവയ്‌ക്ക്‌ സിൽവർ ഫിഷ്‌ എന്ന പേരുലഭിച്ചത്‌. ശാ.നാ. ലെപിസ്‌മ സാക്കറിന. ഇരട്ടവാലന്റെ നേർത്ത ശരീരത്തിന്‌, ഒരു സെന്റിമീറ്ററോളം നീളമുണ്ടായിരിക്കും. പല ഖണ്ഡങ്ങള്‍ ചേർന്ന 2 ആന്റിനകള്‍ ഒരു ജോടി സംയുക്ത നേത്രങ്ങള്‍, വാലിന്റെ തുടർച്ചയായി നാരുപോലുള്ള രണ്ടോ മൂന്നോ ലോമങ്ങള്‍, ശരീരത്തിന്റെ ആദ്യപകുതിയിൽ രണ്ടോ മൂന്നോ ജോടി നഖംപോലെ(claw like)യുള്ള പ്രവർധങ്ങള്‍ എന്നിവ ഇരട്ടവാലന്റെ സവിശേഷതകളാണ്‌. രാത്രിഞ്ചരരാണ്‌ ഇരട്ടവാലനുകള്‍. പുസ്‌തകങ്ങള്‍ക്കും കടലാസുകള്‍ക്കുമിടയ്‌ക്കാണ്‌ ഇരട്ടവാലനെ അധികമായി കാണാറുള്ളത്‌. ഇളകിയിരിക്കുന്ന വൃക്ഷപ്പട്ടകള്‍ക്കിടയിലും പാറകള്‍ക്കിടയിലും മറ്റും ഇതിനെ കണ്ടെത്താം. ഇവയുടെ പ്രധാനഭക്ഷണം ഉണങ്ങിയ ഇലകളാണ്‌. പുസ്‌തകങ്ങള്‍ക്കിടയിൽ കഴിയുന്നവയാകട്ടെ പുസ്‌തകത്തിന്റെ പശതേച്ച ഭാഗങ്ങള്‍ കരണ്ടുതിന്നുന്നു. പുസ്‌തകങ്ങള്‍ക്കുള്ളിൽ ദ്വാരങ്ങളുണ്ടാക്കുക ഇവയുടെ പതിവാണ്‌.

അന്നജം, ഡെക്‌സ്‌ട്രിന്‍ തുടങ്ങിയ പോളിസാക്കറൈഡുകളടങ്ങിയ വസ്‌തുക്കളാണ്‌ ഇവയുടെ പ്രധാന ആഹാരം. പരുത്തി, ലിനന്‍ എന്നിവകൊണ്ടു നിർമിച്ച വസ്‌ത്രങ്ങളും ഇവ കരണ്ടുതിന്നാറുണ്ട്‌.

പ്രത്യുത്‌പാദനവേളയിൽ ആണ്‍ജീവികള്‍, പുംബീജങ്ങള്‍ നിറഞ്ഞ സ്‌പെർമാറ്റോഫോറുകള്‍ സ്വതന്ത്രമാക്കുന്നു. ഇവയെ പെണ്‍ജീവികള്‍ സ്വീകരിക്കുകയും ബീജസങ്കലനം സാധ്യമാവുകയും ചെയ്യുന്നു. ഒരു പ്രാവശ്യം 50 ഓളം മുട്ടകളാണിടുക. രണ്ട്‌ ആഴ്‌ച മുതൽ രണ്ട്‌ മാസംവരെ കൊണ്ടാണ്‌ മുട്ടകള്‍ വിരിയുന്നത്‌. മുട്ട വിരിഞ്ഞിറങ്ങുന്ന പ്രാണികള്‍ക്ക്‌ വെളുത്ത നിറമായിരിക്കും. രണ്ടോ അതിലധികമോ വർഷംവേണം ഇതിനും പൂർണവളർച്ചയെത്താന്‍. ജീവിതകാലം മുഴുവനും പടം പൊഴിക്കൽ (moilting) നടത്തുന്ന ജീവികളാണിവ.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍