This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇരട്ടക്കുളങ്ങര വാര്യർ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:04, 30 മാര്‍ച്ച് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഇരട്ടക്കുളങ്ങര വാര്യർ

കവിയും ആട്ടക്കഥാകൃത്തും ചിത്രകാരനും. അമ്പലപ്പുഴ കൃഷ്‌ണസ്വാമി ക്ഷേത്രത്തിനടുത്തുള്ള ഇരട്ടക്കുളങ്ങര വാര്യത്ത്‌ എ.ഡി. 17-ാം ശതകത്തിന്റെ അന്ത്യാപാദത്തിൽ ജനിച്ചു. എരാമവാര്യർ എന്നായിരുന്നു ഇദ്ദേഹത്തിന്റെ പേര്‌ എന്ന്‌ ചില സാഹിത്യചരിത്രകാരന്മാർ പറയുന്നു. 905-ാമാണ്ട്‌ വൃശ്ചികമാസം 5-ന്‌ (1730ന.) തൃശ്ശിവപേരൂർ വടക്കുംനാഥക്ഷേത്രത്തോടുചേർന്ന ദേവീക്ഷേത്രത്തിൽ കുചേലഗോപാലം എന്ന ചിത്രം ഇദ്ദേഹം രചിച്ചതായി രേഖയുണ്ട്‌. കിരാതം ആട്ടക്കഥയുടെ നിർമാതാവെന്ന നിലയ്‌ക്കാണ്‌ ഇദ്ദേഹം സ്‌മരണീയനായിരിക്കുന്നത്‌. സാഹിത്യമൂല്യം കുറവാണെങ്കിലും രംഗപ്രൗഢികൊണ്ടും പ്രചാരംകൊണ്ടും മുന്‍പന്തിയിൽ നില്‌ക്കുന്ന ഒരു ആട്ടക്കഥയാണ്‌ കിരാതം. അപ്രയുക്തം, നിരർഥകം മുതലായ ദോഷങ്ങള്‍ കൃതിയിൽ ധാരാളമായി ഉണ്ടെങ്കിലും കവിയുടെ ശിവഭക്തിപ്രകർഷം പ്രകടമാക്കുന്ന ഭാഗങ്ങള്‍ സുലഭമാണ്‌:

	ഗൗരീശം മമ കാണാകേണം, ശുഭ-
	ഗൗരാഭം തിരുമെയ്‌ മുഴുവന്‍
	ശൗരിവിരിഞ്ചപുരന്ദരമുഖ്യ-
	സുരാസുരസർവചരാചരവന്ദ്യ (ഗൗ)
	ഉരഗകാഞ്ചികള്‍ മിന്നും തനുമധ്യവടിവും, നൂ-
	പുരമഞ്‌ജീരവും ചേരും പുറവടിയും
	ഉരുതലഭുവനങ്ങള്‍ പരിപാലിച്ചരുളുന്ന
	പരമശ്രീപാദയുഗ്മസരസിജങ്ങളും (ഗൗ)
 

ഭാഷാഭൂഷണത്തിൽ അപ്രയുക്തത്തിനു കൊടുത്തിട്ടുള്ള ഉദാഹരണങ്ങള്‍ ("വിള്ളുതിന്നു മുതുവെള്ളെരുതേറിയ വെള്ളിമലയനെന്നുണ്ടൊരു കുള്ളന്‍', രുഷ്‌ടോസൗബത കാട്ടനും വിജയനും...) രണ്ടും കിരാതം കഥകളിയിൽ നിന്നാണ്‌. "മന്മഥനാശന മമ കർമമേവമോ; ജന്മമൊടുങ്ങാന്‍ വരം കന്മഷാരേ തരണം' എന്ന പദത്തിൽ അറംവരികയാൽ കഥ അവസാനിപ്പിച്ചശേഷം ഏതാനും ദിവസങ്ങള്‍ക്കുള്ളിൽ കഥാകൃത്തിന്റെ കഥയും അകാലികമായി അവസാനിച്ചുവെന്ന്‌ ഒരു ഐതിഹ്യമുണ്ട്‌. വാര്യരുടെ മറ്റൊരു കൃതി നളചരിതം കൈകൊട്ടിക്കളിപ്പാട്ടാണ്‌. "വാനോർനദീപുരേ വാണരുളീടുന്ന' കൃഷ്‌ണസ്വാമിയെയും "ചെമ്പകന്നാട്ടിന്നലങ്കാരമായുള്ള തമ്പുരാന്‍ ദേവനാരായണനെ'യും "ചൊൽക്കൊണ്ടിരട്ടക്കുളങ്ങര വാഴുന്ന മുക്കച്ചരെ'യും സ്‌തുതിച്ചുകൊണ്ടാണ്‌ അതു തുടങ്ങുന്നത്‌. വാരിയർ ഈ രണ്ടു കൃതികള്‍ക്കു പുറമേ വേറെ രചനകള്‍ നിർവഹിച്ചിട്ടുള്ളതായി അറിവില്ല. ഇദ്ദേഹത്തിന്റെ കൃത്യമായ ജനനമരണത്തീയതികളും അജ്ഞാതമായിട്ടാണിരിക്കുന്നത്‌.

(എന്‍.കെ. ദാമോദരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍