This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇംശാ അള്ളാഖാന്‍ (1756 - 1817)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഇംശാ അള്ളാഖാന്‍ (1756 - 1817)
ഉർദു-പേർഷ്യന്‍ സാഹിത്യകാരന്. ആധുനിക ഉർദുഗദ്യസാഹിത്യത്തിന്റെ ജനയിതാവെന്ന നിലയിൽ ബഹുമാനിക്കപ്പെട്ടുവരുന്ന ഇംശാ അള്ളാഖാന്‍ ഹിന്ദിയിലെ "ഖഡീബോലി' ഗദ്യത്തിന്റെ വികാസഘട്ടത്തിലെ പ്രമുഖനായകന്മാരിലൊരാള്‍ കൂടിയാണ്. ഇംശാ അള്ളാഖാന്‍ 1756-ൽ മൂർഷിദാബാദിൽ ജനിച്ചു. ഇദ്ദേഹത്തിന്റെ പിതാവായ മിർ മാശാ അള്ളാഖാന്‍ ബംഗാള്‍ നവാബ് സിറാജ് ഉദ് ദൗലയുടെ പ്രധാന ഭിഷഗ്വരനായിരുന്നു. ഷാ ആലം ചക്രവർത്തിയുടെ ക്ഷണമനുസരിച്ച് അള്ളാഖാന്‍ കുടുംബം പിന്നീട് ദില്ലിയിലേക്കു താമസം മാറ്റി. വളരെ ചെറുപ്പത്തിൽത്തന്നെ ഇംശായിൽ കവിപ്രതിഭയുടെ സ്ഫുരണങ്ങള്‍ കണ്ടുതുടങ്ങിയിരുന്നു. ഇദ്ദേഹത്തിന്റെ രചനകള്‍ കണ്ടു സന്തുഷ്ടനായ ഷാ ആലം ചക്രവർത്തി ഇദ്ദേഹത്തിനു നിരവധി പാരിതോഷികങ്ങള്‍ നൽകുകയുണ്ടായി. എങ്കിലും രാജസദസ്സിൽ ഒരു പാരതന്ത്യ്രബോധം അനുഭവപ്പെട്ടതിനെത്തുടർന്ന് ഇദ്ദേഹം ഷാഹ്ജാഥ്മിഴ്സാ സുലൈമാന്‍ എന്ന സഹൃദയനായ നവാബിന്റെ ക്ഷണം സ്വീകരിച്ച് ലഖ്നൗവിലെത്തി. കുറേക്കാലം അവിടെ കഴിച്ചുകൂട്ടിയതിനുശേഷം നവാബ് സാദത്ത് ആലിഖാന്റെ ദർബാർകവിയായി; എങ്കിലും സ്വതന്ത്രചിന്താഗതിക്കാരനായിരുന്ന ഇംശാ താമസിയാതെ ആ നവാബിന്റെയും അപ്രീതിക്കു പാത്രമായി. ദർബാർ കവിപ്പട്ടം രാജിവച്ച് സ്വതന്ത്രസാഹിത്യസൃഷ്ടിയിൽ മുഴുകിക്കഴിഞ്ഞ ഇംശാ അള്ളാഖാന്‍ 1817-ൽ അന്തരിച്ചു.
കൃതികള്‍. ഉർദു-പേർഷ്യന്‍ സാഹിത്യത്തിൽ ഇംശാ അള്ളാഖാന്‍ സംഭാവനചെയ്ത ഏറ്റവും പ്രശസ്ത കൃതികള്‍ ഉർദു ഗസലോം കാ ദീവാന്‍, ദീവാനേ രേഖ്ത്, കസായദ് ഉർദു ഫാർസി, ഫാർസി മസ്നവി, ദീവാനേഫാർസി, മസ്നവി ബേനുക്ത്, മസ്നവീ ഷിക്കാർ നാമാ, ദർയായേ ലതാഫത് എന്നിവയാണ്. ഹിന്ദി ഖഡീബോലി ഗദ്യത്തിൽ ഇദ്ദേഹം രചിച്ച റാണികേതകി കീ കഹാനി (അഥവാ ഉദയഭാന്‍ചരിത്) വളരെ പ്രശസ്തമായിത്തീർന്നിട്ടുണ്ട്. ഹിന്ദിയിലെ ഗദ്യസാഹിത്യപ്രസ്ഥാനത്തിൽ ആദ്യമുണ്ടായ കൃതികളിലൊന്നാണിത്. ഭാഷാരീതി, ശൈലി, പ്രതിപാദനം എന്നീ കാര്യങ്ങളിൽ പല സവിശേഷതകളും ഇതിൽക്കാണാം.
അറബി-പാഴ്സി-വ്രജ്-അവധ് ഭാഷകളിലെ പദസമൂഹത്തെ തത്സമങ്ങളും തത്ഭവങ്ങളുമാക്കി ഒരു പുതിയ ഭാഷാശൈലി വാർത്തെടുക്കാന്‍ ഇംശായ്ക്കു കഴിഞ്ഞു. പില്ക്കാലത്ത് പല സാഹിത്യകാരന്മാരും ഇതിനെ മാതൃകയാക്കി സ്വീകരിക്കുകയുണ്ടായി. റാണികേതകി കീ കഹാനി ഒരു ആദ്യകാല ഭാരതീയനോവൽ എന്ന നിലയിലും പ്രാധാന്യം അർഹിക്കുന്നു. ഗ്രാമീണവും പ്രചാരലുപ്തങ്ങളുമായ അനേകം പഴഞ്ചൊല്ലുകളും കടങ്കഥകളും കൊണ്ടു നിറംപിടിപ്പിച്ച ഈ കൃതി വളരെ ആസ്വാദ്യമായ ഒരു പ്രമകഥയെയാണ് അവതരിപ്പിച്ചിരിക്കുന്നത്.
ഭാഷാശാസ്ത്രജ്ഞനും ഗവേഷകനുമായ ശ്യാംസുന്ദർദാസ് ഇംശാ അള്ളാഖാനെ ഹിന്ദി ഗദ്യത്തിന്റെ പ്രഥമഘട്ടസംസ്ഥാപകനായി വിശേഷിപ്പിച്ചിട്ടുണ്ട്.