This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇമാഖെയ്തൽ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഇമാഖെയ്തൽ
പൂർണമായും സ്ത്രീകളുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ലോകത്തെ ഏക വിപണനകേന്ദ്രം. മണിപ്പൂർ സംസ്ഥാനത്ത് സ്ഥിതിചെയ്യുന്ന ഇമാഖെയ്തൽ ഖരംബന്ത്, ബസാർ, ഇമാ മാർക്കറ്റ്, നുപി ഖെയ്തൽ തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു. മണിപ്പൂരിലെ ഏറ്റവും പഴക്കം ചെന്ന മാർക്കറ്റുകളിൽ ഒന്നാണിത്. സ്ത്രീകളുടെ നിയന്ത്രണത്തിലുള്ള ഇത്തരമൊരു സംവിധാനം ആദ്യമായി ആരംഭിച്ചത് മെയ്ദ്ധിന്നർ ഖജംബ എന്ന പ്രാദേശിക രാജാവാണെന്ന് കരുതപ്പെടുന്നു. ഇംഫാലിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ വിപണനകേന്ദ്രത്തിൽ മൂവായിരത്തിൽപ്പരം സ്ത്രീകള്‍ പണി എടുക്കുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പച്ചക്കറികള്‍, മത്സ്യം, തുണിത്തരങ്ങള്‍, ധാന്യങ്ങള്‍, കരകൗശല വസ്തുക്കള്‍ തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ഉത്പന്നങ്ങള്‍. ഒരൊറ്റ പുരുഷന്‍പോലും ഇമാഖെയ്തലിലോ സമീപപ്രദേശങ്ങളിലോ ജോലിചെയ്യുന്നില്ല എന്നത് ഈ കമ്പോളത്തെ മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമാക്കുന്നു. കമ്പോളത്തിന്റെ പ്രതേ്യകതയും ഉത്പന്നങ്ങളുടെ വൈവിധ്യവും ധാരാളം വിനോദസഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നുണ്ട്.
സ്ത്രീകളുടെ കമ്പോളം എന്ന നിലയിൽ മാത്രമല്ല ചരിത്രത്തിൽ ഇമാഖെയ്തൽ സ്ഥാനം പിടിച്ചിരിക്കുന്നത്. 1904 മുതൽ 1939 വരെ ബ്രിട്ടീഷുകാർക്കെതിരായ സമരകേന്ദ്രം എന്ന നിലയിൽ ഇവിടം ഏറെ ശ്രദ്ധിക്കപ്പെട്ടു. കൊളോണിയന്‍ വിരുദ്ധ സമരത്തിന്റെ മുന്‍പന്തിയിലായിരുന്ന ഇവിടത്തെ സ്ത്രീ ജനങ്ങള്‍ കമ്പോളമടച്ചു കൊണ്ടായിരുന്നു പലപ്പോഴും സമരമുഖത്ത് സജീവമായത് എന്ന് ബ്രിട്ടീഷ് ചരിത്രരേഖകള്‍ വെളിപ്പെടുത്തുന്നു. അസാധാരണമായ നേതൃത്വപാടവവും സവിശേഷമായ ലിംഗാവബോധവും ഇവരിൽ നിലനിൽക്കുന്നതായി പല പഠനങ്ങള്‍ സൂചിപ്പിക്കുന്നു. 1948-ൽ ഈ കമ്പോളത്തെ ഇല്ലാതാക്കാന്‍ ചില പ്രാദേശിക നേതാക്കന്മാർ നടത്തിയ ശ്രമത്തെ ഇവിടത്തെ സ്ത്രീകള്‍ ചെറുത്തു തോൽപ്പിക്കുകയുണ്ടായി. കമ്പോളത്തിലെ പഴയ ഷെഡുകളുടെ സ്ഥാനത്ത് നിർമിക്കപ്പെട്ട പുതിയ കെട്ടിട സമുച്ചയം 2010-ൽ സോണിയ ഗാന്ധി ഉദ്ഘാടനം ചെയ്തു.