This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇന്ദിരാഗാന്ധി ദേശീയോദ്ഗ്രഥന പുരസ്കാരം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഇന്ദിരാഗാന്ധി ദേശീയോദ്ഗ്രഥന പുരസ്കാരം
മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ സ്മരണാർഥം ഇന്ത്യന്‍ നാഷണൽ കോണ്‍ഗ്രസ് ഏർപ്പെടുത്തിയ പുരസ്കാരം. ദേശീയോദ്ഗ്രഥനത്തെ ശക്തിപ്പെടുത്തുന്നതിനും പരിപാലിക്കുന്നതിനും വേണ്ടി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെയോ വ്യക്തികളെയോ ആണ് ഈ പുരസ്കാരത്തിനായി പരിഗണിക്കുന്നത്. 1985 മുതൽ ദേശീയ അടിസ്ഥാനത്തിൽ എല്ലാ വർഷവും ഈ അവാർഡ് നൽകിവരുന്നു. മതവിഭാഗങ്ങള്‍, സമുദായങ്ങള്‍, വംശീയ ന്യൂനപക്ഷങ്ങള്‍, സംസ്കാരം, ഭാഷ, പാരമ്പര്യം തുടങ്ങിയ മേഖലകളിൽ ദേശീയോദ്ഗ്രഥനത്തെ ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങളെയാണ് പൊതുവേ ഈ അവാർഡിന്റെ പരിധിയിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കല, ശാസ്ത്രം, സംസ്കാരം, വിദ്യാഭ്യാസം, സാഹിത്യം, മതം, സാമൂഹികോന്മുഖമായ പത്രപ്രവർത്തനം, നിയമം, സാമൂഹിക ജീവിതം തുടങ്ങിയ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളവർ ഉള്‍പ്പെടുന്ന ഉപദേശക സമിതിയാണ് അവാർഡിന് അർഹരാകുന്നവരെ തെരഞ്ഞെടുക്കുന്നത്. 5 ലക്ഷം രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം. ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വദിനമായ ഒ. 31-നാണ് അവാർഡ് നൽകുന്നത്.
അരുണ ആസിഫ് അലി, എം.എസ്. സുബ്ബലക്ഷ്മി, രാജീവ് ഗാന്ധി, ബിയാന്ത് സിങ്, എ.പി.ജെ. അബ്ദുൽകലാം, ശങ്കർദയാൽ ശർമ, മഹാശ്വേത ദേവി, ശ്യം ബെനഗൽ, ആചാര്യ മഹാപ്രജ്ഞ, എ.ആർ. റഹ്മാന് എന്നിവർ ഈ പുരസ്കാരം നേടിയവരിൽ പ്രമുഖരാണ്. ഭാരത് സ്കൗട്ട്സ് & ഗൈഡ്, പരംധർമ ആശ്രമം, ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് പബ്ലിക് അഫയേഴ്സ് എന്നീ സംഘടനകള്‍ക്കും ഇന്ദിരാഗാന്ധി ദേശീയോദ്ഗ്രഥന പുരസ്കാരം ലഭിച്ചിട്ടുണ്ട്. 2012-ൽ ഗാനരചയിതാവായ ഗുൽസാറിനാണ് ഈ പുരസ്കാരം ലഭിച്ചത്.