This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്‍ഡസ്റ്റ്രിയൽ എന്‍ജിനീയറിങ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

02:15, 12 മാര്‍ച്ച് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഇന്‍ഡസ്റ്റ്രിയൽ എന്‍ജിനീയറിങ്‌

Industrial Engineering

സാങ്കേതികശാസ്‌ത്രത്തിന്റെ മറ്റു ശാഖകളെ അപേക്ഷിച്ച്‌ പഴക്കംകുറഞ്ഞ ഒരു ശാഖയാണ്‌ ഇന്‍ഡസ്റ്റ്രിയൽ എന്‍ജിനീയറിങ്‌. ഈ നൂറ്റാണ്ടിന്റെ ആരംഭകാലത്താണ്‌ ഇത്‌ ഒരു പ്രത്യേക ശാഖയായി രൂപംകൊണ്ടത്‌. ആദ്യകാലങ്ങളിൽ ഉത്‌പാദന-എന്‍ജിനീയറിങ്ങിന്റെ ഒരു ഭാഗം മാത്രമായിരുന്നെങ്കിലും പിന്നീട്‌ ഇതിന്റെ പ്രയോഗം എന്‍ജിനീയറിങ്ങിന്റെ മറ്റു ശാഖകളിലേക്കും, കൃഷി, ചരക്കു കയറ്റിയിറക്കൽ(transportation), വിപണനം(marketing), പദ്ധതി-ആസൂത്രണം(project planning തുടങ്ങിയ മേഖലകളിലേക്കും വ്യാപിച്ചു. ഇന്‍ഡസ്റ്റ്രിയൽ എന്‍ജിനീയറിങ്‌ രണ്ടാം ലോകയുദ്ധത്തിനുശേഷമാണ്‌ വളരെയേറെ വികാസം പ്രാപിച്ചുതുടങ്ങിയത്‌. ഈ ശാസ്‌ത്രശാഖയുടെ തുടക്കംകുറിച്ചവർ എഫ്‌.ഡബ്ല്യു. ടെയ്‌ലർ, ഡേവിഡ്‌ ഗിൽബ്രത്ത്‌ എന്നിവരാണെന്നു പറയാം. അക്കാലത്ത്‌ നടപ്പിലിരുന്ന ചില തൊഴിൽരീതികളിൽ ഏതാനും പരിഷ്‌കാരങ്ങള്‍ വരുത്തിയാൽ സമയവും ആയാസവും പണവും ലാഭിക്കാമെന്ന്‌ അവർക്ക്‌ ബോധ്യമായി. ഇതിന്‌ പ്രവൃത്തിപഠനം (work study), സമയത്തെയും ചലനത്തെയും സംബന്ധിച്ച പഠനം (time and motion study)എന്നീ സാങ്കേതിക രീതികള്‍ അവർ ഉപയോഗിച്ചു. അങ്ങനെ ഈ നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ തൊഴിൽ നവീകരണ(work improvement)ത്തേിൽമാത്രം ഒതുങ്ങിനിന്നിരുന്ന ഇന്‍ഡസ്റ്റ്രിയൽ എന്‍ജിനീയറിങ്‌ പില്‌ക്കാലത്ത്‌, പ്രത്യേകിച്ചും രണ്ടാം ലോകയുദ്ധത്തിനുശേഷം, ഗുണനിയന്ത്രണം (quality control), ഓപ്പറേഷന്‍ റിസർച്ച്‌ (operation research), ഉത്‌പാദന ആസൂത്രണം (production planning)മുതലായ മേഖലകളിലേക്കും വ്യാപിച്ചു. ഇന്ന്‌ ഇന്ത്യയുള്‍പ്പെടെ ലോകത്തെല്ലായിടത്തും ഈ ശാസ്‌ത്രശാഖയിൽ പ്രാഥമികവും ബിരുദാനന്തരവുമായ പഠനങ്ങള്‍ക്ക്‌ സൗകര്യമുള്ള സർവകലാശാലകള്‍ ധാരാളമുണ്ട്‌. ഇന്‍ഡസ്റ്റ്രിയൽ എന്‍ജിനീയറിങ്ങിൽ അവഗാഹം നേടണമെങ്കിൽ സാങ്കേതികശാസ്‌ത്രത്തിന്റെ വിവിധ ശാഖകളിലെന്നപോലെ ഗണിതം, മനശ്ശാസ്‌ത്രം, സാഖ്യികം, ധനതത്ത്വശാസ്‌ത്രം തുടുങ്ങിയ വിജ്ഞാനശാഖകളിലും സാമാന്യമായ അറിവു സമ്പാദിക്കേണ്ടതാവശ്യമാണ്‌.

ഇന്‍ഡസ്റ്റ്രിയൽ എന്‍ജിനീയറിങ്ങിന്റെ പ്രവർത്തന മേഖലകള്‍ താഴെ പറയുന്നവയാണ്‌. I. പ്രവൃത്തിപഠനം (Work Study). ഇന്‍ഡസ്റ്റ്രിയൽ എന്‍ജിനീയറിങ്ങിന്റെ തുടക്കം പ്രവൃത്തിപഠനത്തിൽ നിന്നാണ്‌. ഓരോ പ്രവൃത്തിയിലെയും വ്യയഹേതുകങ്ങളായ വശങ്ങളെ കണ്ടുപിടിക്കുകയും അവയെ കുറയ്‌ക്കുയും ചെയ്‌ത്‌ പ്രവർത്തനത്തിന്റെ കാര്യക്ഷമത വർധിപ്പിക്കുകയാണ്‌ ഇതിന്റെ ലക്ഷ്യം. ഇതിന്‌ ആദ്യമായി ചെയ്യേണ്ടത്‌ പ്രവർത്തനരീതിയെ വിശദമായ പഠനത്തിനു വിധേയമാക്കുകയും അതിനെ വിവിധ ഘടകങ്ങള്‍ ആയി വിഭജിക്കുകയും ആണ്‌. സാധാരണയായി അഞ്ച്‌ ഘടകങ്ങളാണുള്ളത്‌: പ്രയോഗം, ചരക്കു കയറ്റിയിറക്കൽ, പരിശോധന, കാലതാമസം, സംഭരണം. പ്രവൃത്തിയെ ഇപ്രകാരം വിഭജിച്ചശേഷം അവയ്‌ക്കോരോന്നിനും എടുക്കുന്ന സമയവും കണ്ടുപിടിക്കണം. അടുത്തതായി ഒരു പ്രാസസ്‌ചാർട്ട്‌ (process chart) വേരയ്‌ക്കുന്നു. ഇത്തരം ചാർട്ടുകള്‍ പ്രത്യേക സങ്കേതങ്ങള്‍ ഉപയോഗിച്ചാണ്‌ വരയ്‌ക്കുന്നത്‌. ചാർട്ടുകള്‍ വരയ്‌ക്കാനായി ചിലപ്പോള്‍ ഫിലിം എടുക്കുന്നതു ഫലപ്രദമായിരിക്കും; പ്രത്യേകിച്ച്‌, വളരെ വേഗത്തിൽ നടക്കുന്ന പ്രവർത്തനമാണെങ്കിൽ. പക്ഷേ, സാധാരണയായി ഒരു സ്റ്റോപ്പ്‌ വാച്ചുമാത്രം ഉപയോഗിച്ചാണ്‌ ഇത്തരം ചാർട്ടുകള്‍ വരയ്‌ക്കാറുള്ളത്‌.

ചാർട്ട്‌ വരച്ചശേഷം അതിനെ നിഷ്‌കൃഷ്‌ടമായ പരിശോധനയ്‌ക്കു വിധേയമാക്കുന്നു. ഓരോ ഘടകത്തിനും എടുക്കുന്ന സമയം, അവയുടെ അനുക്രമം (sequence), സ്ഥലം മുതലായവയിൽ എന്തെങ്കിലും വ്യത്യാസമോ പരിഷ്‌കാരമോ വരുത്തിയാൽ മൊത്തം ജോലിസമയത്തിലുണ്ടാകുന്ന കുറവ്‌ പിന്നീട്‌ പരിശോധിക്കുന്നു. ഇത്തരം പരിശോധനയെ സഹായിക്കാനായി ഒരു സിദ്ധാന്തം (principle of motion economy) ഉപയോഗിക്കുന്നു. ഇതിലെ നിയമങ്ങള്‍ ജോലി ചെയ്യുന്ന രീതി, സ്ഥലം, ഉപകരണങ്ങള്‍ എന്നിവയെ ആശ്രയിച്ച്‌ വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. ഉദാഹരണത്തിന്‌, ഇടതുകൈകൊണ്ട്‌ ഉപയോഗിക്കേണ്ട ഉപകരണങ്ങള്‍ ജോലി ചെയ്യുന്ന ആളിന്റെ ഇടതുഭാഗത്തും, വലതുകൈഉപകരണങ്ങള്‍ വലതുഭാത്തും വയ്‌ക്കുന്നത്‌ സൗകര്യപ്രദമായിരിക്കും. ഈ തത്ത്വങ്ങളുടെ സഹായത്തോടെ പരിഷ്‌കരിച്ച ഒരു പ്രവർത്തനരീതി ആവിഷ്‌കരിക്കുന്നു. തൊഴിൽനവീകരണ(work improvement)ത്തേിനു മാത്രമല്ല പ്രവൃത്തിപഠനം ഉപയോഗിക്കുന്നത്‌; ഓരോ പ്രവൃത്തിക്കും എത്രമാത്രം സമയം ആവശ്യമാണെന്നു കണക്കാക്കാനും, ഒരു തൊഴിലാളി എത്രമാത്രം ജോലിചെയ്യണമെന്ന്‌ നിശ്ചയിക്കാനും മറ്റും ഇത്‌ പ്രയോജനപ്പെടുത്താവുന്നതാണ്‌. ഇപ്രകാരം ഒരു പ്രവൃത്തി (ഉദാഹരണത്തിന്‌ ഏതെങ്കിലും ഒരു യന്ത്രഭാഗം കൂട്ടിച്ചേർത്ത്‌ ഇണക്കൽ) ചെയ്യാനായി ഉദ്ദേശിക്കപ്പെട്ടിരിക്കുന്ന സമയത്തിന്‌ സ്റ്റാന്‍ഡേർഡ്‌ സമയം (standard time) എന്ന്‌ പറയുന്നു. ഇത്‌ ഒരു ശരാശരി തൊഴിലാളിയെ അടിസ്ഥാനമാക്കി നിർണയിച്ചതായിരിക്കും; പക്ഷേ, വിദഗ്‌ധനായ ഒരു തൊഴിലാളിക്ക്‌ ഇത്രയും സമയം വേണ്ടിവരില്ല. പ്രവൃത്തിപഠനം ഇപ്പോള്‍ ഫാക്‌ടറിയിലെ പണികള്‍ക്കുമാത്രമല്ല, ആഫീസുകളിലെ പ്രവർത്തനങ്ങള്‍ കൂടുതൽ കാര്യക്ഷമമാക്കാനും ഉപയോഗപ്പെടുത്തുന്നുണ്ട്‌. II. ഓപ്പറേഷന്‍ റിസർച്ച്‌ (Operation research). രണ്ടാംലോകയുദ്ധകാലത്താണ്‌ ഈ മേഖല വികസിച്ചു തുടങ്ങിയത്‌. ഗണിതത്തോട്‌ ഇതിന്‌ വളരെയധികം ബന്ധമുണ്ട്‌. ഇതിന്റെ ഉപശാഖകള്‍ താഴെപറയുന്നവയാണ്‌: 1. ലീനിയർ പ്രാഗ്രാമിങ്‌ (Linear programming). ഓരോ വ്യവസായശാലയും പലതരം പരിമിതികള്‍ക്ക്‌ ഉള്ളിലാണ്‌ പ്രവർത്തിക്കുന്നത്‌. ഇവയ്‌ക്കുള്ളിൽ നിന്നുകൊണ്ടുതന്നെ ഏതെങ്കിലും ഒരു ലക്ഷ്യം വർധിപ്പിക്കാനോ (ഉദാ. ലാഭം, ഉത്‌പാദനം) അല്ലെങ്കിൽ കുറയ്‌ക്കാനോ (ഉദാ. ഉത്‌പാദനച്ചെലവ്‌) ആണ്‌ ശ്രമിക്കുന്നത്‌. ഈ മാതിരിയുള്ള പ്രശ്‌നങ്ങളുടെ ഉത്തരം ലീനിയർ പ്രാഗ്രാമിങ്‌ ഉപയോഗിച്ചു കണ്ടെത്താം. ഉദാഹരണത്തിന്‌, ഒരു ഫാക്‌ടറിയിൽ പല രീതിയിലുള്ള വസ്‌തുക്കള്‍ നിർമിക്കാന്‍ സാധിക്കുമെന്നിരിക്കട്ടെ; ഇവയിൽ ഓരോന്നിൽനിന്നും ലഭിക്കുന്ന ലാഭം വ്യത്യസ്‌തമായിരിക്കും. ഇവയുടെ ഉത്‌പാദനത്തോത്‌ നിയന്ത്രിക്കുന്നത്‌ വിവിധവസ്‌തുതകളാണ്‌. (ഉദാ. യന്ത്രങ്ങള്‍, വിപണനശേഷി, വിദഗ്‌ധ തൊഴിലാളികള്‍). ഏറ്റവുമധികം ലാഭം ഉണ്ടാക്കുക എന്നതാണ്‌ ഫാക്‌ടറിയുടെ ലക്ഷ്യമെങ്കിൽ ഏതേതു വസ്‌തുക്കള്‍ ഏതേതു തോതിൽ ഉത്‌പാദിപ്പിക്കണം എന്നു കാലേകൂട്ടി ആസൂത്രണം ചെയ്യേണ്ടതുണ്ട്‌. അതുപോലെ ഒരു രാസവളം നിർമാണ കമ്പനിക്ക്‌ നാല്‌ ഉത്‌പാദനശാലകള്‍ ഉണ്ടെങ്കിൽ, വളങ്ങള്‍ രാജ്യത്തിന്റെ വിവിധഭാഗങ്ങളിലുള്ള പല ഡിപ്പോകള്‍വഴിയായിരിക്കും വിതരണം ചെയ്യുന്നത്‌. ഓരോ ഫാക്‌ടറിയിലെയും നിർമാണത്തോതും അവിടെനിന്ന്‌ ഓരോ ഡിപ്പോയിലും വളം എത്തിക്കാനുള്ള ചെലവും നേരത്തേ അറിയാം; ഫാക്‌ടറിയിൽനിന്ന്‌ ഡിപ്പോയിലേക്ക്‌ കൊണ്ടുപോകാനുള്ള ചെലവ്‌ ചുരുക്കുകയാണ്‌ ലക്ഷ്യം. ഇത്തരം പ്രശ്‌നങ്ങളാണ്‌ ലീനിയർ പ്രാഗ്രാമിങ്‌ ഉപയോഗിച്ച്‌ ഉത്തരം കാണാവുന്നവ. ലീനിയർ പ്രാഗ്രാമിങ്‌ കൂടാതെ, നോണ്‍-ലീനിയർ പ്രാഗ്രാമിങ്‌ (non-linear programming), ഡൈനാമിക്‌ പ്രാഗ്രാമിങ്‌ (dynamic programming), സ്റ്റോക്കാസ്റ്റിക്ക്‌ പ്രാഗ്രാമിങ്‌ (stochastic programming) എന്നിങ്ങനെ മറ്റുചില രീതികളും വ്യാപകമായി ഉപയോഗിച്ചുവരുന്നുണ്ട്‌. 2. ക്യൂയിങ്‌ തത്ത്വം (Queueing theory). ഒരു കടയിൽ എത്ര വില്‌പനക്കാർ (salesmen) വേണം, ഒരു വർക്ക്‌ഷോപ്പിലെ മെയിന്റനന്‍സ്‌ വിഭാഗത്തിൽ എത്ര മെക്കാനിക്കുകള്‍ ആവശ്യമാണ്‌ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക്‌ ഉത്തരം കണ്ടെത്താനായി ക്യൂയിങ്‌ തത്ത്വം ഉപയോഗിക്കാം. ഇതിൽ ഉപഭോക്താക്കള്‍ വരുന്ന രീതിയും (arrival pattern) അവർക്കാവശ്യമായ സേവനം നല്‌കുന്ന രീതിയും (service pattern) വളരെ പ്രധാനമാണ്‌. ആവശ്യത്തിന്‌ വില്‌പനക്കാർ ഇല്ലെങ്കിൽ വാങ്ങാന്‍ വരുന്നവർ കാത്തുനില്‌ക്കേണ്ടിവരും; അതുപോലെ കൂടുതലുള്ള വില്‌പനക്കാർ ചിലപ്പോള്‍ വെറുതെ നില്‌ക്കേണ്ടതായും വരും. ഇതുരണ്ടും ബന്ധപ്പെട്ട സ്ഥാപനത്തെ സംബന്ധിച്ചിടത്തോളം നല്ലതല്ല. ഇത്തരം പ്രശ്‌നങ്ങള്‍ ദൈനംദിന ജീവിതത്തിലെ പല തുറകളിലും ഉണ്ടാകാറുണ്ട്‌. ചിലപ്പോള്‍ ക്യൂവിൽവരുന്ന ആളുകളുടെയോ സാധനങ്ങളുടെയോ എച്ചം (ഉദാ. ഒരു വർക്ക്‌ഷോപ്പിൽ കേടാവുന്ന യന്ത്രങ്ങളുടെ എച്ചം അവിടെ ആകെയുള്ള യന്ത്രങ്ങളുടെ എച്ചത്തെക്കാള്‍ കൂടുതലാവില്ല) ക്ലിപ്‌തമായിരിക്കും. ഓരോ അവസരത്തിനും അനുയോജ്യമായ നിയമങ്ങളും ഉത്തരം കണ്ടെത്താനുള്ള മാർഗങ്ങളും ഗണിതശാസ്‌ത്ര സഹായത്തോടെ ആവിഷ്‌കരിക്കപ്പെട്ടിട്ടുണ്ട്‌.

3. ഇന്‍വെന്ററി കണ്‍ട്രാള്‍ (Inventory Control)). സ്‌പെയർപാർട്ടുകള്‍, അസംസ്‌കൃതവസ്‌തുക്കള്‍, ഉത്‌പന്നങ്ങള്‍ തുടങ്ങി, ഒരു ഫാക്‌ടറിയിൽ സൂക്ഷിച്ചിരിക്കുന്ന സ്റ്റോക്കിനെയാണ്‌ ഇന്‍വെന്ററി എന്നു പറയുന്നത്‌. ഇത്‌ ഏറ്റവും കുറഞ്ഞിരുന്നാൽ അതിൽ നിക്ഷേപിക്കപ്പെട്ടിരിക്കുന്ന തുകയും കുറവായിരിക്കും. ആകെ ഇന്‍വെന്ററിയുടെ വിലയെ നിഷ്‌ക്രിയമൂലധനം (tied up capital or idle capital) എന്നു പറയുന്നു. ഇതിനൊരു മറുവശവുമുണ്ട്‌. സാധനങ്ങള്‍ ആവശ്യത്തിന്‌ സ്റ്റോക്കില്ലെങ്കിൽ ദൗർലഭ്യംമൂലം ഉത്‌പാദനം നിന്നുപോയെന്നുവരാം; സ്റ്റോക്കിന്റെ ലെവൽ (inventory level) എത്രയാണെന്നും എപ്പോഴാണ്‌ വീണ്ടും ഓർഡർ കൊടുക്കേണ്ടത്‌ എന്നും മറ്റുമുള്ള പ്രശ്‌നങ്ങള്‍ കൈകാര്യംചെയ്യുന്ന ശാഖയ്‌ക്ക്‌ ഇന്‍വെന്ററി കണ്‍ട്രാള്‍ എന്നു പറയുന്നു.

4. സ്വീക്വന്‍സിങ്ങ്‌ (sequencing). ഒരു കമ്പനി വിവിധതരം ജോലികള്‍ ഏറ്റെടുത്തു നടത്തുമ്പോള്‍, ഓരോന്നും നിശ്ചിത തീയതിക്കകം ചെയ്‌തുതീർക്കേണ്ടവയായിരിക്കും; അവ ചെയ്‌തുതീർക്കാനുള്ള സമയവും വ്യത്യസ്‌തമായിരിക്കും. അവ ചെയ്യാനുള്ള അനുക്രമം കണ്ടുപിടിക്കുന്നതിനെ സ്വീക്വന്‍സിങ്ങ്‌ എന്നു പറയുന്നു.

5. വാങ്ങുന്നതിനെയും പുതുക്കുന്നതിനെയും പറ്റിയുള്ള തീരുമാനങ്ങള്‍ (sequencing).ഒരേ ഉപയോഗത്തിനുള്ള യന്ത്രങ്ങള്‍ പല നിർമാതാക്കള്‍ ഉത്‌പാദിപ്പിക്കുമ്പോള്‍, അവയിലേതാണ്‌ വാങ്ങേണ്ടത്‌ എന്നു തീരുമാനിക്കുക അത്ര എളുപ്പമല്ല. ഓരോ യന്ത്രത്തിന്റെയും ആദ്യവില, പ്രവർത്തനച്ചെലവ്‌, മെയിന്റനന്‍സ്‌ ചെലവ്‌, പ്രവർത്തനകാലം തുടങ്ങിയവ വ്യത്യസ്‌തമായിരിക്കും. ഈ പലഘടകങ്ങള്‍ കണക്കിലെടുത്ത്‌ ഏതു വാങ്ങുന്നതാണ്‌ ഏറ്റവും ആദായകരമെന്ന്‌ തീരുമാനിക്കുന്നതിന്‌ ഓപ്പറേഷന്‍സ്‌ റിസർച്ച്‌ ഉപയോഗപ്പെടുത്താവുന്നതാണ്‌.

അതുപോലെ ഒരു യന്ത്രം ഉപയോഗത്തിൽനിന്നും മാറ്റിയിട്ട്‌ പുതിയത്‌ വാങ്ങേണ്ടത്‌ എന്നാണ്‌ എന്നു തീരുമാനിക്കാനും എളുപ്പമല്ല. ഉദാഹരണത്തിന്‌ ഒരു ട്രാന്‍സ്‌പോർട്ട്‌ കോർപറേഷന്‍ എത്രകൊല്ലം കഴിഞ്ഞ ബസ്സുകള്‍ വിറ്റാണ്‌ പുതിയവ വാങ്ങേണ്ടത്‌ എന്ന തീരുമാനം വളരെ പ്രധാനമാണ്‌. ഇത്തരം പ്രശ്‌നങ്ങളെ റീപ്ലേസ്‌മെന്റ്‌ തീരുമാനങ്ങള്‍ (Replacement decisions)എന്നു പറയുന്നു. ഇവയും ഓപ്പറേഷന്‍ റിസർച്ചിന്റെ ഒരു ഭാഗമായി കൈകാര്യം ചെയ്‌തുവരുന്നു.

III.ഗുണനിയന്ത്രണം(Quality Control). ഉത്‌പാദനത്തോത്‌ വർധിക്കുന്നതോടെ ഉത്‌പന്നങ്ങളെല്ലാം പരിശോധിച്ച്‌ നല്ലവയാണെന്ന്‌ തിട്ടപ്പെടുത്തുന്നത്‌ കൂടുതൽ വ്യയഹേതുകമായിത്തീരുന്നു. എല്ലാ ഉത്‌പന്നങ്ങളും പൂർണമായി ഉത്‌പാദനത്തിന്റെ വിവിധ ഘട്ടങ്ങളിൽ പരിശോധിക്കണമെങ്കിൽ അതിനുവേണ്ടിവരുന്ന ചെലവ്‌, സമയം, ഉപകരണങ്ങള്‍ എന്നിവ വളരെ അധികമായിരിക്കും. അതിനുപകരം ഉത്‌പന്നങ്ങള്‍ എല്ലാം പരിശോധിക്കാതെ ചിലവമാത്രം പരിശോധിച്ച്‌ മൊത്തത്തിലുള്ള ഉത്‌പന്നങ്ങളുടെ മേന്മയെപ്പറ്റി തീരുമാനമെടുക്കാന്‍ സാധിക്കും. ഇതിൽ അല്‌പം തെറ്റു കടന്നുകൂടിയേക്കാം; പക്ഷേ, ഒരേ യന്ത്രത്തിൽ ഒരേ അസംസ്‌കൃതവസ്‌തുക്കളുപയോഗിച്ച്‌ ഉത്‌പാദിപ്പിക്കുന്ന ഉത്‌പന്നങ്ങള്‍ പൊതുവേ ഒരേ രീതിയിലാവാന്‍ സാധ്യതയുണ്ട്‌. ഇത്തരം ഗുണനിയന്ത്രണത്തിന്‌ സ്റ്റാറ്റിസ്റ്റിക്കൽ ക്വാളിറ്റി കണ്‍ട്രാള്‍ എന്നു പറയുന്നു. ആദ്യമായി ഉത്‌പന്നങ്ങളെ വിവിധ ലോട്ടു(lot)കേളായി തിരിക്കുന്നു; ഒരു ലോട്ടിൽനിന്നും ഒരു മാതൃക(sample) എടുക്കുന്നു; ഈ മാതൃകയിലുള്ളവയെ വിവിധ ഉപവിഭാഗങ്ങളായി തിരിക്കുന്നു. ഓരോന്നിലെയും ഉത്‌പന്നങ്ങള്‍ പ്രത്യേകം പ്രത്യേകം അളന്ന്‌ അവയുടെ ഗുണം (ഇത്‌ നീളം, ശുദ്ധി, കാഠിന്യം തുടങ്ങി എന്തുമാകാം) കണ്ടുപിടിക്കുന്നു. ഉദാഹരണത്തിന്‌, ലോട്ട്‌, സാമ്പിള്‍, സബ്‌ഗ്രൂപ്‌ എന്നിവ 10,000, 100, 5 എന്നിങ്ങനെയാണെന്നിരിക്കട്ടെ; സബ്‌ ഗ്രൂപ്പിലെ അളവുകളുടെ ശരാശരി എടുത്തിട്ട്‌ ഒരു കണ്‍ട്രാള്‍ ചാർട്ടിൽ പ്ലോട്ട്‌ ചെയ്യുന്നു. എല്ലാ ബിന്ദുക്കളും നിയന്ത്രണപരിധിക്കുള്ളിലാണെങ്കിൽ ലോട്ട്‌ നല്ലതാണെന്ന നിഗമനത്തിലെത്താം; മറിച്ചാണെങ്കിൽ അതിനെ കൂടുതൽ പരിശോധനയ്‌ക്കു വിധേയമാക്കേണ്ടിവരും. രണ്ടുതരം കണ്‍ട്രാള്‍ ചാർട്ടുകള്‍ വരയ്‌ക്കേണ്ടതാവശ്യമാണ്‌; ഇവയെ ചാർട്ട്‌ എന്നും ഞ ചാർട്ട്‌ എന്നും പറയുന്നു. എന്നാൽ ശരാശരി, ഞ എന്നാൽ ഈ ശരാശരി കൃത്യമായ അളവിൽനിന്നും എത്രമാത്രം വ്യതിചലിച്ചിട്ടുണ്ട്‌ എന്നതാണ്‌.

ഉത്‌പാദനത്തിനു മാത്രമല്ല, പുറത്തുനിന്നു വാങ്ങുന്ന സാധനങ്ങള്‍ നല്ലവയാണോ എന്നു കണ്ടുപിടിക്കാനും ഗുണനിയന്ത്രണം ആവശ്യമാണ്‌. ഇതിന്‌ അക്‌സെപ്‌റ്റന്‍സ്‌ സാമ്പ്‌ളിങ്‌ (acceptance sampling) എന്നു പറയുന്നു. IV. വാല്യു എന്‍ജിനീയറിങ്‌ (Value Engineering). വാല്യൂ എന്‍ജിനീയറിങ്‌ ഇന്‍ഡസ്‌ട്രിയൽ എന്‍ജിനീയറിങ്ങിന്റെ ഒരു ഭാഗമായി വളർന്നത്‌ 1940-നു ശേഷമാണ്‌. ജനറൽ ഇലക്‌ട്രിക്ക്‌ കമ്പനിയിലെ ഒരു എന്‍ജിനീയറായിരുന്ന ലാറന്‍സ്‌ ഡി. മൈൽസ്‌ ആണ്‌ ഇതിന്റെ ഉപജ്ഞാതാവ്‌. ഉത്‌പന്നങ്ങളുടെ ഡിസൈന്‍ഘട്ടത്തിൽ അനാവശ്യമായി അവയുടെ ചെലവ്‌ വർധിപ്പിക്കുന്ന പല ഘടകങ്ങളും ഒഴിവാക്കാമെന്നും മൂല്യവും ചെലവും തമ്മിൽ ബന്ധപ്പെടുത്തി മാത്രമേ ഡിസൈന്‍ചെയ്യാവൂ എന്നും ആണ്‌ ഇതിന്റെ അടസ്ഥാനപ്രമാണങ്ങള്‍. ഇപ്രകാരമുള്ള പരിശോധന അസംസ്‌കൃതവസ്‌തുക്കളുടെ തിരഞ്ഞെടുക്കൽ, ഉത്‌പാദനരീതി, ഡിസൈന്‍ തുടങ്ങി വിവിധമേഖലകളിൽ വ്യാപിപ്പിക്കാവുന്നതാണ്‌. 1950-നുശേഷം വാല്യൂ എന്‍ജിനീയറിങ്ങിന്റെ പ്രചാരം വളരെയേറെ വർധിച്ചു. ചിട്ടയായി ചെയ്യുന്ന ഒരു വാല്യൂ എന്‍ജിനീയറിങ്‌ പരിശോധനയ്‌ക്ക്‌ വാല്യൂ എന്‍ജിനീയറിങ്‌ ജോബ്‌ പ്ലാന്‍ എന്നു പറയുന്നു. ലോകമൊട്ടാകെത്തന്നെ വാല്യൂ എന്‍ജിനീയറിങ്ങിന്റെ പ്രയോഗം വർധമാനമായി വരുന്നു.

V. ഹ്യൂമെന്‍ എന്‍ജിനീയറിങ്‌ (Human Engineering). ഈ ശാഖയും വളർന്നുവികസിച്ചത്‌ രണ്ടാം ലോകയുദ്ധകാലത്താണ്‌. യുദ്ധകാലാവശ്യത്തിനായി നിർമിച്ച പല ഉപകരണങ്ങളും പ്രവർത്തിപ്പിക്കുന്നതിൽ സൈനികർക്ക്‌ വൈഷമ്യം നേരിട്ടതുമൂലമാണ്‌ അതേപ്പറ്റി കൂടുതൽ പഠിക്കാനിടവന്നത്‌. തൊഴിലാളികളുടെ അവയവങ്ങളുടെ അളവ്‌, അവയുടെ പരിമിതി തുടങ്ങിയവ കണക്കിലെടുത്തുവേണം ഉപകരണങ്ങള്‍ ഡിസൈന്‍ ചെയ്യാന്‍ ഈ ശാസ്‌ത്രശാഖയെ ഹ്യൂമെന്‍ എന്‍ജിനീയറിങ്‌ അല്ലെങ്കിൽ എർഗണോമിക്‌സ്‌ (Ergonomics)എന്നു വിളിച്ചുവരുന്നു. ശരീരഘടനാപരിമാണശാസ്‌ത്രം (Anthropometry), ശരീരവിജ്ഞാനീയം (Physiology) എന്നീ ശാസ്‌ത്രശാഖകളിലുള്ള അറിവും എർഗണോമിക്‌സിനാവശ്യമാണ്‌.

(കെ. ഗോപാലകൃഷ്‌ണന്‍ നായർ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍