This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇടപ്പള്ളി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

14:30, 9 മാര്‍ച്ച് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഇടപ്പള്ളി

കൊച്ചി കോർപ്പറേഷനിലെ 27-ാം വാർഡും താലൂക്കും. ഇടപ്പള്ളി (എടപ്പള്ളി) 19-ാം ശ. വരെ ഒരു നമ്പ്യാതിരി കുടുംബം ഭരിച്ചിരുന്ന ഇളങ്ങല്ലൂർ (എളങ്ങല്ലൂർ) സ്വരൂപത്തിന്റെ ആസ്ഥാനമായിരുന്നു. മധ്യകാലഘട്ടത്തിൽ അനേകം ചെറുരാജ്യങ്ങള്‍ ഉണ്ടായിരുന്ന കേരളത്തിൽ ഇടപ്പള്ളിയും ചെമ്പകശ്ശേരി(അമ്പലപ്പുഴ)യും മാത്രമായിരുന്നു ബ്രാഹ്മണ നാടുവാഴികള്‍ വാണിരുന്നത്‌. എളങ്ങല്ലൂർ ചുരുങ്ങി എളങ്ങോൽ എന്നും തെക്കന്‍തളി എന്ന അർഥത്തിൽ തെന്തളി എന്നും ഇടപ്പള്ളിക്കു പേരുകള്‍ ഉണ്ടായി. "ക്ഷോണീപാലാവലി തിറയിടും തെന്തളിത്തമ്പുരാന്‍ താന്‍ നീണാള്‍ വാഴും പുരവരമിടപ്പള്ളി മുല്‌പാട്ടുകാണാം' എന്ന്‌ ഇടപ്പള്ളിനമ്പ്യാതിരിയെ തെന്തളിത്തമ്പുരാന്‍ എന്ന്‌ ചക്രവാകസന്ദേശം എന്ന പ്രാചീന കൃതിയിൽ പരമാർശിച്ചിട്ടുണ്ട്‌; തെന്തളിത്തമ്പുരാന്‍ എന്നതിന്റെ സംസ്‌കൃതീകൃത രൂപമായി "ദന്തളീശന്‍' എന്നും പ്രയോഗിച്ചിരുന്നു. പോർച്ചുഗീസ്‌-ഡച്ചുരേഖകളിൽ റെപ്പോളിം (repolim)റെപ്ലീം (replim) എന്നിങ്ങനെയാണ്‌ ഈ ദേശത്തിന്റെ പേരുകൊടുത്തിരുന്നത്‌. ശസ്‌ത്രഭിക്ഷ (ആയുധവൃത്തി) കൈക്കൊണ്ട ഒരു നമ്പൂതിരികുടുംബത്തിന്‌ പരശുരാമന്‍ ദാനംചെയ്‌തതായിരുന്നു ഈ ദേശം എന്നാണ്‌ ഐതിഹ്യങ്ങളിൽ പറയുന്നത്‌. വാഴുവർ എന്ന്‌ പ്രസിദ്ധി നേടിയ ഭരദ്വാജഗോത്രക്കാരായ ബ്രാഹ്മണർ മാത്രം രാമനിൽനിന്നു ശസ്‌ത്രഭിക്ഷ സ്വീകരിച്ചു എന്നും അങ്ങനെ ആയുധം സ്വീകരിച്ച ഇടപ്പള്ളി നമ്പ്യാതിരി മുതലായ പന്ത്രണ്ട്‌ കുടുംബക്കാർക്ക്‌ നമ്പി എന്ന സ്ഥാനം ഉണ്ടായി എന്നും ചില വാദങ്ങളുണ്ട്‌; എന്നാൽ "ഇടപ്പള്ളി' എന്ന സ്ഥലനാമം അവിടം ബൗദ്ധരുടെയോ ജൈനരുടെയോ ഒരു പുരാതന സങ്കേതമായിരുന്നിരിക്കണമെന്നു സൂചിപ്പിക്കുന്നു. ആ പ്രദേശം നമ്പ്യാതിരികുടുംബത്തിന്റെ അധീനതയിൽ വന്നശേഷമുള്ള ചരിത്രം ശസ്‌ത്രഭിക്ഷാപാരമ്പര്യത്തിന്‌ അനുരൂപമായിരുന്നു. ദൂരസ്ഥലങ്ങളിലെ ചിലദേശവഴികള്‍ ഒഴികെ ആറേഴു ച.കി.മീ. മാത്രമായിരുന്നു ആ നാടിന്റെ വിസ്‌തൃതി. അത്ര ചെറിയ ആ ബ്രഹ്മസ്വദേശം ഒരു ഘട്ടത്തിൽ പ്രദർശിപ്പിച്ച സമരവീര്യം കേരളചരിത്രത്തിൽ സ്‌മരണീയമാണ്‌.

ഇടപ്പള്ളിയുടെ ആദികാലചരിത്രം വിസ്‌മൃതിയിൽ ലയിച്ചിരിക്കയാണ്‌. ഇടപ്പള്ളിക്ക്‌ അടുത്തുള്ള തൃക്കാക്കര ക്ഷേത്രത്തിലെ ശാന്തിവൃത്തിയിൽ കഴിഞ്ഞ ഒരു നമ്പ്യാതിരികുടുംബം ക്രമേണ അവിടത്തെ ഊരാണ്‍മസ്ഥാനവും പിന്നീട്‌ ദേശവാഴ്‌ചയും സ്വായത്തമാക്കിയെന്നാണ്‌ കരുതപ്പെടുന്നത്‌.

ഒടുവിലത്തെ പെരുമാള്‍ പള്ളി വാണവർ (ഭാസ്‌കര രവിവർമ) കേരളരാജ്യം പലർക്കുമായി പങ്കിട്ടകൂട്ടത്തിൽ ചില നമ്പി-നമ്പിടി-നമ്പൂതിരി കുടുംബങ്ങള്‍ക്കും ദേശങ്ങള്‍ കൊടുത്തതായി പറയുന്നുണ്ട്‌. ഇതനുസരിച്ച്‌, തിരുവഞ്ചിക്കുളത്ത്‌ ചേരശക്തി ശിഥിലമായതിനുശേഷം പല നാടുവാഴികളും തലപൊക്കിയപ്പോഴായിരിക്കാം ഇടപ്പള്ളി നമ്പ്യാതിരിയും സ്വതന്ത്രാധികാരം സ്ഥാപിച്ചത്‌ എന്ന്‌ ഊഹിക്കാം. ഇടപ്പള്ളിയുടെ ചരിത്രം പരിശോധിച്ചാൽ ഏറ്റവും ശ്രദ്ധേയമായിത്തോന്നുന്നത്‌ ആ ചെറുദേശം അതിനെ ചുറ്റിക്കിടന്ന പെരുമ്പടപ്പു (കൊച്ചി) രാജ്യത്തോട്‌ ദീർഘകാലസമരത്തിൽ കഴിഞ്ഞ കഥയാണ്‌. പെരുമ്പടപ്പുമായുള്ള ഏറ്റുമുട്ടലുകള്‍. പോർച്ചുഗീസുകാരുടെ വരവിനുശേഷമാണ്‌ ഇടപ്പള്ളി ചരിത്രത്തിൽ ഉയർന്നുവന്നത്‌; എങ്കിലും അതിനു വളരെമുമ്പ്‌ പാണ്ടിനാട്ടിൽനിന്നു രക്ഷതേടിവന്ന പൂഞ്ഞാർ രാജകുടുംബത്തിന്‌ ഇടപ്പള്ളി സ്വരൂപം സംരക്ഷണം നല്‌കി. പോർച്ചുഗീസുകാരുടെ ആഗമനത്തിനു കുറച്ചുകാലം മുമ്പ്‌ ഇടപ്പള്ളിനമ്പ്യാതിരി പെരമ്പടപ്പ്‌ ഇളയതായ്‌ വഴിയിലെ ഒരു രാജകുമാരിയെ പരിഗ്രഹിച്ചു. അവരിൽ ജനിച്ച പുത്രന്‌ നമ്പ്യാതിരി രാജാവ്‌ ഇളങ്ങല്ലൂർ വകയായിരുന്ന കൊച്ചിപട്ടണവും മട്ടാഞ്ചേരിയും ഇഷ്‌ടദാനം ചെയ്‌തു. ഇടപ്പള്ളിയിലെ അനന്തരഗാമികള്‍ക്ക്‌ ഈ നഷ്‌ടം അസഹ്യമായിരുന്നു. തുടർന്നുണ്ടായ കിടമത്സരത്തിൽ പെരുമ്പടപ്പിലെ മൂത്തതായ്‌വഴിയും, പിന്നീട്‌ രാജവാഴ്‌ചകൂടി കിട്ടിയപ്പോള്‍ ഇളയതായ്‌വഴിയും, ഇടപ്പള്ളിയുടെ പക്ഷത്തിലേക്ക്‌ ചായ്‌വുകാണിച്ചു. ഈ സാഹചര്യത്തിൽ ഇടപ്പള്ളി നഷ്‌ടപ്പെട്ട സ്ഥലങ്ങള്‍ വീണ്ടെടുക്കാന്‍ നെടിവിരിപ്പിന്റെ (കോഴിക്കോട്ടുസാമൂതിരിയുടെ) സഹായം അഭ്യർഥിച്ചു; പണ്ടേതന്നെ "പന്നിയൂർ-ചൊണ്ണരക്കൂറുമത്സരം' കൊണ്ട്‌ പെരുമ്പടപ്പു തകർക്കാന്‍ തക്കം നോക്കിക്കൊണ്ടിരുന്ന സാമൂതിരി സന്തോഷത്തോടെ ഇടപ്പള്ളിയുടെ അപേക്ഷ സ്വീകരിച്ചു.

വാണിജ്യവിഷയകമായി അറബികളോടു കൂറുകാണിച്ച സാമൂതിരിയോട്‌ കലഹിച്ച പോർച്ചുഗീസുകാർ കൊച്ചിരാജാവിനോട്‌ സഖ്യത്തിൽ ഏർപ്പെട്ടു. ഇതും നെടിവിരിപ്പും പെരുമ്പടപ്പും തമ്മിലുള്ള ബന്ധത്തെയും അതുവഴി ഇടപ്പള്ളിയുടെ സ്ഥിതിയെയും സാരമായി ബാധിച്ചു. അമ്പതിനായിരത്തിലധികം വില്ലാളികളും വാള്‍ക്കാരും മറ്റും ചേർന്ന കോഴിക്കോട്ടെ സൈന്യം ഇടപ്പള്ളിയിലെ പടയാളികളുടെ സഹായത്തോടെ 1503-ൽ പെരുമ്പടപ്പ്‌ ആക്രമിച്ചു. ആ യുദ്ധത്തിൽ പോർച്ചുഗീസുകാർ ആദ്യം പെരുമ്പടപ്പിനെ സഹായിക്കാതെ ഒഴിഞ്ഞുമാറി. സാമൂതിരിയുടെ മഹാസൈന്യത്തെ പെരുമ്പടപ്പിലെ 5,000-ലേറെ അംഗസംഖ്യയുള്ള പട ധീരതയോടെ എതിരിട്ടു; എങ്കിലും സംഖ്യാബലംകൊണ്ടും കപടതന്ത്രപ്രയോഗംകൊണ്ടും സാമൂതിരിക്കും ഇടപ്പള്ളിക്കും തന്നെ വിജയം സിദ്ധിച്ചു. പെരുമ്പടപ്പുസേനയെ നയിച്ച മൂന്ന്‌ തമ്പുരാക്കന്മാരും പല പ്രഭുക്കന്മാരും ഒട്ടേറെ പടയാളികളും യുദ്ധത്തിൽ വധിക്കപ്പെട്ടു. ഈ യുദ്ധത്തിലെ വിജയാഹ്ലാദത്തോടെ സാമൂതിരി കോഴിക്കോട്ടേക്കു പോകുന്നതിനുമുമ്പ്‌ കൊച്ചിയിൽനിന്ന്‌ "കിരീടധാരണശില' ഇടപ്പള്ളിയിലേക്കു മാറ്റുകയുണ്ടായി. ഈ വിജയത്തിനു പെട്ടെന്നുതന്നെ ഇടപ്പള്ളിക്കു തിരിച്ചടികിട്ടി. പെരുമ്പടപ്പിനെ സഹായിക്കാന്‍ വന്നുചേർന്ന പോർച്ചുഗീസ്‌ സൈന്യം ഫ്രാന്‍സിസ്‌കോ അൽബുഖർക്ക്‌, പച്ചീക്കൊ എന്നിവരുടെ നേതൃത്വത്തിൽ ഇടപ്പള്ളിയെ തകർത്തു (1503). ഇടപ്പള്ളി അവകാശവാദം പുറപ്പെടുവിച്ചിരുന്ന കൊച്ചിപട്ടണത്തിൽ പെരുമ്പടപ്പു രാജാവിന്റെ സഹായത്തോടെ പോർച്ചുഗീസുകാർ മാനുവൽ രാജാവിന്റെ നാമധേയത്തിൽ ഒരു കോട്ട കെട്ടുകയും ചെയ്‌തു; അതായിരുന്നു ഇന്ത്യയിലെ ആദ്യത്തെ യൂറോപ്യന്‍ കോട്ട.

1504-ൽ ഫ്രാന്‍സിസ്‌കോ അൽബുഖർക്ക്‌ സഹോദരനായ അൽഫോണ്‍സോ അൽബുഖർക്കുമൊത്ത്‌ യൂറോപ്പിലേക്കു മടങ്ങി. പോർച്ചുഗീസ്‌ കോട്ടയുടെ സംരക്ഷണത്തിന്‌ പച്ചീക്കോയുടെ നേതൃത്വത്തിൽ 150 പോർച്ചുഗീസുകാരും 300 നാടന്‍ യോദ്ധാക്കളും ചേർന്ന ഒരു ചെറിയ കാവൽപ്പട്ടാളം മാത്രമേ കൊച്ചിയിൽ ഉണ്ടായിരുന്നുള്ളൂ. ആ തക്കം മനസ്സിലാക്കി സാമൂതിരിയും ഇടപ്പള്ളിയും പെരുമ്പടപ്പിനെ വകവരുത്താന്‍ ഉദ്യമിച്ചു. കോഴിക്കോട്ടെ സൈന്യത്തിൽ 60,000 കാലാള്‍ പടയാളികളും 280 പത്തേമാരി നിറയെ നാവികരും അഞ്ച്‌ പീരങ്കിക്കാരും ഉണ്ടായിരുന്നു. ഇടപ്പള്ളിയിലെ സൈന്യവും അവരുടെ ശക്തി വർധിപ്പിച്ചു. ഈ സൈന്യത്തിന്റെ മുമ്പിൽ പച്ചീക്കൊ പതറിയില്ല. അഞ്ചുമാസം നീണ്ടുനിന്ന യുദ്ധത്തിൽ യൂറോപ്യന്‍ സമരതന്ത്രത്തിന്റെയും തോക്കിന്റെയും മേന്മ പ്രത്യക്ഷമായി. അമ്പും വില്ലും വാളും കുന്തവുംകൊണ്ട്‌ സമരംചെയ്‌ത നാടന്‍പട്ടാളക്കാർ യൂറോപ്യന്‍ പടയാളികളുടെ തോക്കുകള്‍ വർഷിച്ച വെടിയുണ്ട ഏറ്റ്‌ ഒടുങ്ങി. ചാരന്മാർമുഖാന്തരം ശത്രുപക്ഷരഹസ്യം ചോർത്തിയെടുത്തു യുദ്ധംനടത്താനും പച്ചീക്കൊ ശ്രമിച്ചു. ഈ യുദ്ധത്തിൽ സാമൂതിരിക്കു വലുതായ നഷ്‌ടം സഹിക്കേണ്ടിവന്നു. അദ്ദേഹത്തിന്റെ സൈന്യത്തിൽ 19,000 പേർ യുദ്ധവും തുടർന്നുണ്ടായ രോഗബാധയും മൂലം മൃതിയടഞ്ഞു. പെരുമ്പടപ്പുരാജാവ്‌ പച്ചീക്കൊയോടൊത്തു തങ്ങളുടെ വിജയത്തിൽ ആഹ്ലാദിച്ചപ്പോൽ ഇടപ്പള്ളി അധഃപതിക്കയായിരുന്നു. മറ്റു ഗതികാണാതെ ഇടപ്പള്ളി പോർച്ചുഗീസുകാരുമായി സന്ധി ഉണ്ടാക്കുകയും ചെയ്‌തു (1504 സെപ്‌. 1-ന്‌). യൂറോപ്യന്മാർ ഇന്ത്യയിലെ ഒരു നാടുവാഴിയുമായി ഉണ്ടാക്കിയ ആദ്യത്തെ ഉടമ്പടിയായിരുന്നു അത്‌.

1536-ൽ മാർട്ടിന്‍ അൽഫോണ്‍സോ ഡി സൂസ ഇടപ്പള്ളി ആക്രമിച്ചതായി കാണുന്നുണ്ട്‌; എങ്കിലും അത്‌ ഒരു ഒറ്റപ്പെട്ട സംഭവമായി നില്‌ക്കയാണ്‌. ഡച്ചുകാർ. പോർച്ചുഗീസുകാരോടു യുദ്ധവീര്യം പ്രദർശിപ്പിച്ച ഇടപ്പള്ളിനമ്പ്യാതിരിക്ക്‌ ഡച്ചുകാരുടെ കാലമായപ്പോഴേക്കും അതു നഷ്‌ടമായി. ഇടപ്പള്ളിയിലെ കുരുമുളക്‌ മുഴുവന്‍ ഡച്ചുകമ്പനിക്ക്‌ വിറ്റുകൊള്ളാമെന്നും, കമ്പനിയോട്‌ പിഴ ചെയ്‌തിട്ട്‌ ഇളങ്ങല്ലൂർ സങ്കേതത്തിൽ അഭയം പ്രാപിക്കുന്നവരെ പിടിച്ചേല്‌പിച്ചുകൊള്ളാമെന്നും ഉടമ്പടി ചെയ്‌തു (1740).

ഡച്ച്‌ ഗവർണർ ആഡ്രിയന്‍ ഫാന്‍ മോയെന്‍സിന്റെ സ്‌മരണപത്രികയിൽ ഇടപ്പള്ളിനമ്പ്യാതിരിയുടെ ആചാരനിഷ്‌ഠവെളിപ്പെടുത്തിയിട്ടുണ്ട്‌. പകൽ അധികം സമയവും കുളിയിലും ജപത്തിലും കഴിച്ചുകൂട്ടിയ നമ്പ്യാതിരി രാജാവിനെ പുറത്തുള്ളവർക്കുകാണുന്നതിനുതന്നെ സൗകര്യം കുറവായിരുന്നു. ഭരണകാര്യമെല്ലാം മന്ത്രിമാർ നടത്തി. നമ്പ്യാതിരിയുടെ ഈ ആചാരനിഷ്‌ഠ പൊതുവേ ബഹുമാനിക്കപ്പെട്ടുവന്നു. അദ്ദേഹത്തിന്റെ ദേവാർച്ചന തങ്ങള്‍ക്കും പ്രയോജനപ്പെടട്ടെ എന്ന സങ്കല്‌പത്തിൽ പല രാജാക്കന്മാരും ദേശവഴികള്‍ വിട്ടുകൊടുത്തു. കുന്നത്തുനാട്ടിൽ വാഴപ്പള്ളി, കാർത്തികപ്പള്ളിയിൽ തൃക്കുന്നപ്പുഴ, തിരുവല്ലായിൽ കല്ലൂപ്പാറ മുതലായ ദേശങ്ങള്‍ അങ്ങനെ രൂപപ്പെട്ടവ ആയിരിക്കണം. ഇതിലും കൂടുതലായ പരിഗണന തിരുവിതാംകൂറിൽനിന്ന്‌ ഇടപ്പള്ളിക്കു സിദ്ധിച്ചു. ഇടപ്പള്ളിവരെയുള്ള രാജ്യങ്ങള്‍ പിടിച്ചടക്കിയ മാർത്താണ്ഡവർമ ആ ചെറുരാജ്യത്തെ ആക്രമിച്ചില്ല.

ഡച്ചുകാലത്തിനുശേഷവും ഇടപ്പള്ളി മിക്കവാറും ഒരു സ്വതന്ത്രദേശമായി വർത്തിച്ചിരുന്നു; എന്നാൽ അവിടത്തെ നീതിന്യായപാലനവും മറ്റും തിരുവിതാംകൂർ നിർവഹിച്ചു. അതിലേക്ക്‌ ഇടപ്പള്ളി ആണ്ടൊന്നുക്ക്‌ തിരുവിതാംകൂറിന്‌ 1,082 രൂപ കൊടുത്തുപോന്നു.

ബ്രിട്ടീഷ്‌ ആധിപത്യം ഉറച്ചതിൽപിന്നെ, 1820-ൽ റസിഡന്റ്‌ കേണൽ മാക്‌ഡോവൽ ശിപാർശചെയ്‌തതനുസരിച്ച്‌ മദ്രാസ്‌ ഗവണ്‍മെന്റ്‌ ഇടപ്പള്ളിയെ കൊച്ചി സംസ്ഥാനത്തിനു വിധേയമാക്കി. തിരുവിതാംകൂർ മഹാറാണി ഗൗരി പാർവതിബായിയും ഈ മാറ്റം സമ്മതിച്ചിരുന്നു. ഇടപ്പള്ളി നമ്പ്യാതിരിക്ക്‌ ഈ വ്യവസ്ഥ തീരെ ഇഷ്‌ടപ്പെട്ടില്ല. തന്റെ ദേശത്തെ മുമ്പിലത്തെപ്പോലെ തിരുവിതാംകൂറിന്‌ വിധേയമാക്കണമെന്ന്‌ അദ്ദേഹം നിവേദനം സമർപ്പിച്ചു. റസിഡന്റ്‌ അതിനെ പിന്താങ്ങിയില്ലെങ്കിലും, മദ്രാസ്‌ ഗവണ്‍മെന്റ്‌ ആ അപേക്ഷ അനുവദിച്ചു (1825). അങ്ങനെ ഇടപ്പള്ളി തിരുവിതാംകൂറിൽ ഉള്‍പ്പെട്ടിരുന്ന ഇടപ്പള്ളി ഇപ്പോള്‍ കേരളസംസ്ഥാനത്തിൽ ലയിച്ചിരിക്കയാണ്‌.

ചെറിയ ഒരു പട്ടണമായിത്തീർന്നിട്ടുള്ള ഇടപ്പള്ളിയിൽ പഴമയുടെ അവശിഷ്‌ടമായി ഒരു ചെറിയ കൊട്ടാരവും അമ്പലവും നില്‌പുണ്ട്‌. അവിടത്തെ സെന്റ്‌ ജോർജ്‌പള്ളി കേരളത്തിലെ പ്രധാനപ്പെട്ട പഴയ ഒരു റോമന്‍ കത്തോലിക്കാദേവാലയമാണ്‌. രണ്ട്‌ അനുഗൃഹീത കവികളുടെ ജന്മസ്ഥലമായും ഇടപ്പള്ളി പ്രശസ്‌തിനേടിയിട്ടുണ്ട്‌; ചങ്ങമ്പുഴകൃഷ്‌ണപിള്ളയുടെയും ഇടപ്പള്ളി രാഘവന്‍പിള്ളയുടെയും.

(ശൂരനാട്ടു കുഞ്ഞന്‍പിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍