This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആള്‍മാറാട്ടം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

02:47, 8 മാര്‍ച്ച് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ആള്‍മാറാട്ടം

1. ആള്‍മാറാട്ടത്തിന്‌ മറ്റൊരാളാണെന്നു നടിക്കൽ എന്നാണർഥം. ആള്‍മാറാട്ടത്തിന്റെ നിർവചനം ഇന്ത്യന്‍ ശിക്ഷാനിയമസംഹിത 416-ാം വകുപ്പിൽ അടങ്ങിയിരിക്കുന്നു. ആള്‍മാറാട്ടം മൂന്നുവിധത്തിൽ ചെയ്യാവുന്നതാണ്‌: (1) ഒരാള്‍ താന്‍ മറ്റൊരാളാണെന്നു നടിക്കുക: അങ്ങനെയുള്ള മറ്റൊരാള്‍ ജീവിച്ചിരിപ്പുള്ളതോ മരിച്ചു പോയതോ ആയ ഒരാളാവാം; ചിലപ്പോള്‍ ഭാവനയിൽ മാത്രം അസ്‌തിത്വമുള്ള ഒരാളുമാകാം. (2) ഒരാള്‍ക്കു പകരം മറ്റൊരാളെ തത്‌സ്ഥാനത്തു വയ്‌ക്കുക; ഒരാള്‍ 'അ' എന്ന പേരിൽ അറിയപ്പെടുന്നു; 'ആ' എന്ന ഒരാളെ 'അ' എന്ന ആളായി മറ്റുള്ളവർക്ക്‌ പരിചയപ്പെടുത്തിക്കൊടുക്കുക. ഒരാള്‍ അറിഞ്ഞുകൊണ്ട്‌ അങ്ങനെ ചെയ്‌താൽ അതും ആള്‍മാറാട്ടമായി കണക്കാക്കപ്പെടും. (3) താന്‍ തന്നെയോ മറ്റേതെങ്കിലും ആളോ യഥാർഥത്തിൽ ആരാണോ അങ്ങനെയല്ലാതെ മറ്റൊരാളായി ഭാവിക്കുന്നതും ആള്‍മാറാട്ടമാണ്‌. ഇങ്ങനെയുള്ള ആള്‍മാറാട്ടം സ്വന്തം ലാഭത്തിനുവേണ്ടിയോ മറ്റൊരാള്‍ക്ക്‌ വസ്‌തു ഡെലിവർ ചെയ്യാനോ മറ്റൊരാള്‍ക്കു വസ്‌തു തുടർന്നു കൈവശം വയ്‌ക്കുന്നത്‌ അനുവദിക്കാനോ എന്തെങ്കിലും കൃത്യം ചെയ്യുവാനോ ചെയ്യാതിരിക്കുവാനോ-അങ്ങനെ ഇതിലേതെങ്കിലും ചെയ്യുന്നതുകൊണ്ടോ ചെയ്യാതിരിക്കുന്നതുകൊണ്ടോ ആ മറ്റേയാളുടെ ദേഹത്തിനോ മനസ്സിനോ സത്‌പേരിനോ സ്വത്തിനോ ഹാനി അല്ലെങ്കിൽ നഷ്‌ടം ഉണ്ടാക്കുന്നതിനോ ആയിരിക്കണം. പ്രരിപ്പിച്ച്‌ അതിനിടയാക്കുകയാണെങ്കിൽ അത്‌ ആള്‍മാറാട്ടംവഴിയുള്ള വഞ്ചനയായും ശിക്ഷാർഹമായും കണക്കാക്കുന്നു.

ഇന്ത്യന്‍ ശിക്ഷാനിയമം 419-ാം വകുപ്പനുസരിച്ച്‌ ആള്‍മാറാട്ടംവഴിയുള്ള വഞ്ചനയ്‌ക്ക്‌ മൂന്നു കൊല്ലം വരെ തടവുശിക്ഷയോ, പിഴശിക്ഷയോ അല്ലെങ്കിൽ അവ രണ്ടുംകൂടിയോ നല്‌കാവുന്നതാണ്‌. (എ. മാധവന്‍)

2. മലയാളത്തിൽ ആദ്യകാലത്തുണ്ടായ ഗദ്യകഥാനിബന്ധങ്ങളിലൊന്ന്‌. ഒരു നല്ല കേളീസല്ലാപം എന്നു കൂടി ഇതിനു പേരുണ്ട്‌. കല്ലൂപ്പാറ (തിരുവല്ല) സ്വദേശിയായ ഉമ്മന്‍പീലിപ്പോസ്‌ (1838-80) ആണ്‌ ഗ്രന്ഥകർത്താവ്‌. പശ്ചിമതാരക എന്ന ദ്വൈവാരികയിൽ 1866 നവംബറിൽ ഇത്‌ പ്രകാശിതമായി. ഷെയ്‌ക്‌സ്‌പിയറുടെ കോമഡി ഒഫ്‌ എറേഴ്‌സ്‌ (Comedy of Errors)എന്ന കൃതിയുടെ സ്വതന്ത്രവിവർത്തനമാണ്‌ ആള്‍മാറാട്ടം. "വില്യം ഷെയ്‌ക്‌സ്‌പിയർ എന്ന ജഗത്‌പ്രസിദ്ധന്‍ വകഞ്ഞുണ്ടാക്കിയിരിക്കുന്ന നാടകങ്ങളിൽനിന്ന്‌' എന്ന്‌ ആമുഖത്തിൽ ഗ്രന്ഥകർത്താവ്‌ സ്‌പഷ്‌ടമാക്കിയിട്ടുണ്ട്‌. ഇത്തരം പ്രബന്ധങ്ങളിൽ ജനങ്ങള്‍ക്ക്‌ ഇമ്പവും താത്‌പര്യവും ഉണ്ടെങ്കിൽ വലുപ്പവും വിശേഷവും കൂടിയ വേറെ ചില ഗ്രന്ഥങ്ങള്‍ കൂടി പ്രകാശിപ്പിക്കാന്‍ തനിക്ക്‌ ആഗ്രഹമുണ്ട്‌ എന്നും ആമുഖത്തിൽ പ്രസ്‌താവിച്ചിട്ടുണ്ട്‌; പക്ഷേ, ഉമ്മന്‍പീലിപ്പോസിന്റെ വകയായി ഇത്തരത്തിൽ വേറെ കൃതിയൊന്നും പ്രസിദ്ധീകരിച്ചതായി അറിവില്ല. മലയാളത്തിലെ ആദ്യത്തെ നോവലായി ആള്‍മാറാട്ടത്തെ ചില നിരൂപകന്മാർ വീക്ഷിക്കുന്നു; എന്നാൽ, പ്രഖ്യാതമായ ഒരു നാടകത്തിന്റെ കഥാസംഗ്രഹം എന്ന നിലയേ ആള്‍മാറാട്ടത്തിനുള്ളൂ എന്നും ഇതിന്‌ ഒരു നോവലിന്റെ സ്ഥാനം ഇല്ല എന്നുമാണ്‌ പൊതുവേയുള്ള അഭിപ്രായം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍