This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആവർത്തനവിള

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

01:28, 5 മാര്‍ച്ച് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ആവർത്തനവിള

Relay cropping

ഒരു കൃഷി അവസാനിക്കുന്നതിനുമുമ്പുതന്നെ മറ്റൊരു വിളയ്‌ക്കുള്ള കൃഷി അതേസ്ഥലത്തു തുടങ്ങിവയ്‌ക്കുന്ന സമ്പ്രദായത്തിനാണ്‌ പൊതുവിൽ ആവർത്തനവിള എന്നു പറയുന്നത്‌. ഈ രീതി അവലംബിക്കുന്നതുകൊണ്ട്‌ കൃഷിസ്ഥലം ഒരിക്കലുംതരിശായി കിടക്കുന്നില്ല; മാത്രമല്ല, ഒരു വിളവെടുത്ത്‌ മറ്റൊരു വിളവിറക്കുന്നതിനിടയിൽ ഒരു അന്തരാളഘട്ടം ഉണ്ടാകുന്നുമില്ല; ഇത്‌ കടുംകൃഷിസമ്പ്രദായത്തിന്റെ ഒരു വകഭേദമാണ്‌. കൃഷിഭൂമിയിൽനിന്നും പരമാവധി വിളവ്‌ ചുരുങ്ങിയ സമയത്തിനുള്ളിൽ ഉത്‌പാദിപ്പിക്കാനുള്ള ഒരു മാർഗമാണിത്‌.

കേരളത്തിൽ പുരാതനകാലം മുതൽ നെൽക്കൃഷിയിൽ അനുവർത്തിച്ചുവരുന്ന ഒരു ആവർത്തനവിളസമ്പ്രദായമാണ്‌ കൂട്ടുമുണ്ടകന്‍. മൂപ്പുകൂടിയതും കുറഞ്ഞതുമായ രണ്ടിനം നെൽവിത്തുകള്‍ സമം കലർത്തി വയലിൽ വിതയ്‌ക്കുന്നു. മൂന്നു നാലു മാസംകൊണ്ട്‌ മൂപ്പുകുറഞ്ഞ വിത്ത്‌ കൊയ്യാന്‍ പാകമാകും. അതേസമയം മൂപ്പുകൂടിയ വിത്ത്‌ കതിരിട്ടിട്ടുണ്ടാവില്ല. ആദ്യം മൂപ്പുകുറഞ്ഞ നെല്ല്‌ മറ്റേതിന്റെ ഓലയോടൊപ്പം കൊയ്‌തെടുക്കുന്നു; അതിനുശേഷം വീണ്ടും വയലിൽ വളംചേറി മൂപ്പുകൂടിയ നെല്ലിന്റെ വളർച്ചയെ ഉത്തേജിപ്പിക്കുന്നു. രണ്ടുമാസം കൂടി കഴിഞ്ഞാൽ അതു വിളയും. ഇപ്രകാരം അഞ്ചാറുമാസത്തെ കാലദൈർഘ്യത്തിനിടയിൽ രണ്ടു പൂവുനെല്ല്‌ ലഭ്യമാകുന്നു.

ആവർത്തനവിളയുടെ കൃഷിസമ്പ്രദായം മിക്കവാറും വാർഷികവിളകളിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. സ്ഥലപരിമിതിയാണ്‌ ആവർത്തനവിളക്കൃഷി സമ്പ്രദായത്തെ ആശ്രയിക്കുന്നതിനുള്ള മുഖ്യ കാരണം. പത്തോ പതിനഞ്ചോ സെന്റ്‌ സ്ഥലത്ത്‌ വ്യത്യസ്‌തങ്ങളായ ഒട്ടേറെ വാർഷികവിളകള്‍ ഉത്‌പാദിപ്പിച്ച്‌ ആദായം എടുക്കുന്നതിന്‌ ഏറ്റവും നല്ല മാർഗമാണ്‌ ആവർത്തക്കൃഷി സമ്പ്രദായം. 15 സെന്റ്‌ കൃഷിസ്ഥലത്ത്‌ ഏറ്റവും ഫലപ്രദമായ രീതിയിൽ ആവർത്തനക്കൃഷി നടത്തുന്നതിനുള്ള ഒരു മാർഗം താഴെപറയും പ്രകാരമാണ്‌.

ആദ്യമായി 3 മീ. വീതം ഇടവിട്ട്‌ നല്ലയിനം വാഴക്കന്നുകള്‍ നടുക; അതിനിടയിൽത്തന്നെ കുമ്പളവർഗത്തിൽപ്പെട്ടതും പടർന്നു വളരുന്നതുമായ ഏതെങ്കിലും മലക്കറികളുടെ വിത്ത്‌ അങ്ങിങ്ങായി കുഴിച്ചിടുക. അതു വളർന്നു പടരുന്നതിനിടയിൽത്തന്നെ ഒരു മീറ്റർ അകലത്തിൽ തടമെടുത്ത്‌ വെണ്ട, വഴുതന, മുളക്‌ തുടങ്ങിയവ നട്ടുവളർത്താം. ഒപ്പം അതിർത്തിയിൽ ഉടനീളം മരച്ചീനിക്കമ്പു നട്ടുപിടിപ്പിക്കുന്നതും നന്നായിരിക്കും. അതിനിടയിൽ മുകളിലേക്കു പടർത്താവുന്നതരം പയറുവിത്തുകളും പാകാവുന്നതാണ്‌. വാഴക്കുഴിക്കു ചുറ്റുമുള്ള സ്ഥലത്ത്‌ ആദ്യംതന്നെ ചീരവിത്ത്‌ പാകുന്നതും ഉചിതമായിരിക്കും. ഒരു മാസംകൊണ്ട്‌ ചീരവളർന്ന്‌ ഇല നുള്ളാന്‍ പാകമാകും. വാഴ കിളർത്തുയരുന്നതിനകം തന്നെ ചീരയുടെ വിളവെടുപ്പു കഴിയും. ഇതിനകം വാഴവളർന്ന്‌ ഇല വീശിക്കഴിയും. വാഴകള്‍ക്കിടയിൽ തണൽകൊണ്ട്‌ വലിയ ദോഷം പറ്റാത്ത ചേമ്പ്‌, ചേന തുടങ്ങിയവ നട്ടു തുടങ്ങാം. വാഴ കുലച്ച്‌ പാകമാകുന്നതോടൊപ്പം ചേമ്പും ചേനയും കൂടി പാകമായിത്തുടങ്ങും. ഇങ്ങനെ ഒന്നിനു പുറകേ മറ്റൊന്ന്‌ എന്ന രീതിയിൽ വ്യത്യസ്‌തവിളകള്‍ കൃഷിചെയ്‌താൽ ഒരു സ്ഥലത്തുനിന്നുതന്നെ തുടർച്ചയായി പലവിധ വിളവുകള്‍ എടുത്തുകൊണ്ടിരിക്കാന്‍ കഴിയും. (ആർ. ഗോപിമണി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍