This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആലുവ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:29, 2 മാര്‍ച്ച് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ആലുവ

കേരളസംസ്ഥാനത്ത്‌ എറണാകുളം ജില്ലയിൽപ്പെട്ട ഒരു താലൂക്ക്‌. (അതിന്റെ ആസ്ഥാനത്തിനും ആലുവ എന്നാണ്‌ പേര്‌.) കിഴക്കും തെക്കും കുന്നത്തുനാട്‌ താലൂക്കും പടിഞ്ഞാറ്‌ കണയന്നൂർ-പറവൂർ താലൂക്കുകളും വടക്ക്‌ തൃശ്ശൂർ ജില്ലയുമാണ്‌ ഇതിന്റെ അതിർത്തികള്‍. ആലുവ, കോതകുളങ്ങര തെക്ക്‌, കോതകുളങ്ങര വടക്ക്‌, ചെങ്ങമനാട്‌, ചൊണ്ണര, പാറക്കടവ്‌, മഞ്ഞപ്ര, മലയാറ്റൂർ, മാണിക്കമംഗലം, വടക്കുംഭാഗം, കിഴക്കുംഭാഗം, തെക്കുംഭാഗം എന്നീ 12 വില്ലേജുകള്‍ ഇതിൽ അടങ്ങിയിരിക്കുന്നു. ഈ താലൂക്ക്‌ കൂടിച്ചേർന്ന രണ്ട്‌ സാമൂഹ്യവികസന ബ്ലോക്കുകളാണ്‌ അങ്കമാലിയും പാറക്കടവും. ആദ്യത്തേതിൽ അങ്കമാലി, കാഞ്ഞൂർ, കാലടി, കറുകുറ്റി, മലയാറ്റൂർ, നീലീശ്വരം, മഞ്ഞപ്ര, മൂക്കന്നൂർ, ശ്രീമൂലനഗരം എന്നീ പഞ്ചായത്തുകളും രണ്ടാമത്തേതിൽ നെടുമ്പായിശ്ശേരി, ചെങ്ങമനാട്‌, പാറക്കടവ്‌, കുന്നുകര, പുത്തന്‍വേലിക്കര എന്നീ പഞ്ചായത്തുകളും ഉള്‍പ്പെടുന്നു. വിസ്‌തീർണം 186.18 ച.കി.മീ.; ജനസംഖ്യ 24,108 (2001); ജനസാന്ദ്രത ച.കി. മീറ്ററിന്‌ 926. ഒരു ഗ്രീഷ്‌മകാല സുഖവാസകേന്ദ്രവും തീർഥാടനകേന്ദ്രവും വ്യവസായകേന്ദ്രവുമായ ആലുവ പട്ടണം എറണാകുളം നഗരത്തിൽനിന്ന്‌ 22.4 കി.മീ. വടക്ക്‌ സ്ഥിതിചെയ്യുന്നു. കൊച്ചിന്‍ ഇന്റർനാഷനൽ എയർപോർട്ട്‌ ലിമിറ്റഡ്‌ സമീപത്താണ്‌. പട്ടണത്തിന്റെ വിസ്‌തീർണം 7.18 ച.കി.മീ. ആണ്‌. ജനസംഖ്യ 24,108 (2001); പുരുഷന്മാർ 49% സ്‌ത്രീകള്‍ 51% ഇവിടെവച്ച്‌ പെരിയാർ രണ്ടായി പിരിഞ്ഞ്‌ ഒരു ശാഖ വടക്കുപടിഞ്ഞാറ്‌ കൊടുങ്ങല്ലൂർ കായലിലേക്കും, മറ്റേശാഖ വരാപ്പുഴകായലിലേക്കും ഒഴുകുന്നു. ആറ്റിലെ വെള്ളപ്പൊക്കം പലപ്പോഴും പട്ടണത്തെ ബാധിക്കാറുണ്ട്‌. താഴ്‌ന്നപ്രദേശങ്ങളിൽ താമസിക്കുന്നവർ വെള്ളപ്പൊക്കകാലത്ത്‌ (ജൂണ്‍-ആഗസ്റ്റ്‌ മാസങ്ങള്‍) വേറെ അഭയസ്ഥാനം തേടിപ്പോവുക സാധാരണമാണ്‌. 1789-ൽ ഉത്തരകേരളം ആക്രമിച്ചടക്കിക്കൊണ്ടു തെക്കോട്ടു നീങ്ങിയ ടിപ്പുസുൽത്താന്റെ ജൈത്രയാത്രയെ തടഞ്ഞതും പിന്തിരിപ്പിച്ചതും ആലുവയിലെ വെള്ളപ്പൊക്കമാണെന്ന്‌ കേരളചരിത്രത്തിൽ സൂചനയുണ്ട്‌.

വേനല്‌ക്കാലത്ത്‌ കുളിച്ചുതാമസിക്കാന്‍ പറ്റിയ സുഖവാസസ്ഥലമാണ്‌ ആലുവ. കടവുകളിൽ മനോഹരമായ കല്‌പടവുകള്‍ കെട്ടിയിട്ടുള്ള സ്‌നാനഘട്ടങ്ങളുണ്ട്‌. പോർച്ചുഗീസുകാർ വ്യാപാരബന്ധം പുലർത്തിയിരുന്നകാലത്തു നിർമിച്ച ഫീരാദ്‌ ആൽവ (Feera d' Alwa) എന്ന പേരിൽ ഒരു സ്‌നാനഘട്ടം ഇവിടെ ഉണ്ടായിരുന്നു. മുന്‍കാലങ്ങളിൽ ഉഷ്‌ണാധിക്യമുള്ള സമീപ പ്രദേശങ്ങളിൽനിന്നും വിദൂരസ്ഥലങ്ങളിൽനിന്നുപോലും ധാരാളം ആളുകള്‍ ഇവിടെ കുളിക്കാനും സുഖവാസത്തിനായും വന്നുചേരുമായിരുന്നു. ആറ്റിനുസമീപം "ആലുവാ കൊട്ടാരം' എന്നു വിളിക്കപ്പെടുന്ന ഒരു ടൂറിസ്റ്റ്‌ ബംഗ്ലാവുണ്ട്‌ (മുമ്പ്‌ ഇത്‌ തിരുവിതാംകൂർ രാജാക്കന്മാർക്കു വിശ്രമിക്കാനുള്ള കൊട്ടാരമായിരുന്നു). സമീപത്തുതന്നെ പൊതുമരാമത്തുവകുപ്പിന്റെ നിയന്ത്രണത്തിലുള്ള റെസ്റ്റ്‌ഹൗസുമുണ്ട്‌. ആറ്റിന്റെ തെക്കേക്കരയിൽ ഒരു ശ്രീകൃഷ്‌ണസ്വാമിക്ഷേത്രവും ഒരു ക്രസ്‌തവ ദേവാലയവും ഒരു മുസ്‌ലിം പള്ളിയും ശ്രീനാരായണ ഗുരു സ്ഥാപിച്ച അദ്വൈതാശ്രമവും അടുത്തടുത്ത്‌ സ്ഥിതിചെയ്യുന്നു. അരനൂറ്റാണ്ടിനുമേൽ പഴക്കമുള്ള അദ്വൈതാശ്രമം ചരിത്രപ്രാധാന്യമുള്ള ഒരു സ്ഥാപനമാണ്‌. അവിടെ 1924-ൽ കൂടിയ മതമഹാസമ്മേളനത്തിൽവച്ചാണ്‌ ശ്രീനാരായണഗുരു "ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്‌' എന്ന സന്ദേശം പുറപ്പെടുവിച്ചത്‌; തിരുവിതാംകൂർ പൊലീസ്‌ അധികാരികള്‍ ഗാന്ധിജിയുമായി വൈക്കം സത്യഗ്രഹത്തെ സംബന്ധിച്ച്‌ സംഭാഷണം നടത്തിയതും ഇവിടെ വച്ചായിരുന്നു. 1936-ൽ ശ്രീരാമകൃഷ്‌ണപരമഹംസരുടെ ജന്മശതാബ്‌ദിവർഷത്തിൽ ആഗമാനന്ദസ്വാമി സ്ഥാപിച്ച രാമകൃഷ്‌ണ-അദ്വൈതാശ്രമം കാലടിയിൽ സ്ഥിതിചെയ്യുന്നു. ക്രസ്‌തവദേവലായങ്ങളിൽ കാർമലൈറ്റ്‌ ആശ്രമത്തോടുചേർന്ന പള്ളിയും യാക്കോബാപള്ളിയുമാണ്‌ ഏറ്റവും മുഖ്യം. 6.4 കി.മീ. പടിഞ്ഞാറുസ്ഥിതിചെയ്യുന്ന ആലങ്ങാട്ടുപള്ളി 13-ാം ശ.-ത്തിൽ നിർമിച്ചതാണെന്നു കരുതപ്പെടുന്നു; സമീപസ്ഥമായ ഒരു കുന്നിന്‍പുറത്തു സ്ഥാപിച്ചിട്ടുള്ള "കുന്നേൽ പള്ളി' (ഉച്ചി ഈശോയ്‌ക്കു സമർപ്പിതം) നിരവധി ഭക്തജനങ്ങളെ ആകർഷിച്ചുകൊണ്ടിരിക്കുന്നു. കാലടിയിൽനിന്ന്‌ 5. കി.മീറ്ററോളം ദൂരെ സ്ഥിതിചെയ്യുന്ന കാഞ്ഞൂർപള്ളി അതിപുരാതനമായ ഒരു ക്രസ്‌തവ ദേവാലയമാണ്‌.

വിദ്യാഭ്യാസസ്ഥാപനങ്ങളിൽ മുഖ്യം യാക്കോബാ-മാർത്തോമാ-ആംഗ്ലിക്കന്‍ സഭകളുടെ നേതാക്കന്മാർ ചേർന്നു സ്ഥാപിച്ച യൂണിയന്‍ ക്രിസ്‌ത്യന്‍ കോളജാണ്‌. ഇത്‌ പട്ടണത്തിൽനിന്നും 3 കി.മീ. അകലെ സ്ഥിതിചെയ്യുന്നു. കാലടിയിൽ ശ്രീശങ്കരാചാര്യരുടെ പേരിൽ ഒരു സംസ്‌കൃത യൂണിവേഴ്‌സിറ്റി സ്ഥാപിക്കപ്പെട്ടിട്ടുണ്ട്‌. ഒപ്പം ഇതേ പേരിൽ മറ്റൊരു കോളജും അവിടെ പ്രവർത്തിക്കുന്നു. ഹൈസ്‌കൂളുകളിൽ, പ്രധാനം സെന്റ്‌ ഫ്രാന്‍സിസ്‌ ഗേള്‍സ്‌ ഹൈസ്‌കൂള്‍, സെന്റ്‌ മേരീസ്‌ ഹൈസ്‌കൂള്‍, എസ്‌.എന്‍.ഡി.പി. ഹൈസ്‌കൂള്‍, സി.എം.എസ്‌. ഹൈസ്‌കൂള്‍ എന്നിവയാണ്‌. ഇവയ്‌ക്കു പുറമേ 12-ൽ പരം എൽ.പി. സ്‌കൂളുകളും ഒരു യു.പി. സ്‌കൂളും ഉണ്ട്‌. സാക്ഷരത 93% ആണ്‌. 1911-ൽ സ്ഥാപിതമായ ആലുവ മുനിസിപ്പാലിറ്റിവകയായി ഒരു പബ്ലിക്‌ ലൈബ്രറിയും റീഡിംഗ്‌ റൂമും രണ്ട്‌ ദിവസച്ചന്തകളും രണ്ട്‌ ആഴ്‌ചച്ചന്തകളും ഇവിടെ പ്രവർത്തിച്ചുവരുന്നു. പുൽത്തൈലം, വെളിച്ചെച്ച, മേച്ചിലോട്‌, സസ്യങ്ങള്‍ എന്നീ സാധനങ്ങള്‍ അന്യസ്ഥലങ്ങളിലേക്കു കയറ്റി അയയ്‌ക്കുന്ന മൊത്തവ്യാപാരകേന്ദ്രമാണ്‌ ആലുവ. ഈറപ്പൊളികൊണ്ടുനിർമിച്ച സഞ്ചികളും കൂടകളും ഇവിടെ സുലഭമായുള്ള കൗതുകവസ്‌തുക്കളാണ്‌.

പട്ടണത്തിനകത്തും പുറത്തും പൊന്തിവന്നിട്ടുള്ള വ്യവസായസ്ഥാപനപരമ്പര ആലുവയെ കേരളത്തിലെ ഏറ്റവും വലിയ തൊഴിൽദാനകേന്ദ്രമായി ഉയർത്തിയിരിക്കുന്നു. ഇന്ത്യന്‍ അലൂമിനിയം കമ്പനി ലിമിറ്റഡ്‌, എഫ്‌.എ.സി.ടി., ഇന്ത്യന്‍ റെയർ എർത്ത്‌ ലിമിറ്റഡ്‌, ഫോറസ്റ്റ്‌ ഇന്‍ഡസ്‌ട്രീസ്‌ (ട്രാവന്‍കൂർ) ലിമിറ്റഡ്‌, ട്രാവന്‍കൂർ കൊച്ചിന്‍ കെമിക്കൽസ്‌ ലിമിറ്റഡ്‌ മുതലായവ പട്ടണത്തിന്റെ സമീപപ്രദേശത്തു പ്രവർത്തിക്കുന്ന വ്യവസായസ്ഥാപനങ്ങളാണ്‌. കേരളത്തിൽ വളരെ പ്രചാരമുള്ള മേച്ചിലോടുകള്‍ നിർമിക്കുന്ന ആറ്‌ ഓട്ടുകമ്പനികള്‍ ഇവിടെയുണ്ട്‌. ഏലൂരും (ഉദ്യോഗമണ്ഡൽ) കളമശ്ശേരിയും അടിക്കടി വികസിച്ചുവരുന്ന വ്യവസായകേന്ദ്രങ്ങളാണ്‌. (നോ: ഉദ്യോഗമണ്ഡൽ)

ആലുവ ശിവരാത്രി. ആലുവ ഏറ്റവും കൂടുതൽ പ്രസിദ്ധിയാർജിച്ചിട്ടുള്ളത്‌ കുംഭമാസത്തിൽ പെരിയാർ മണൽപ്പുറത്തു നടക്കുന്ന ശിവരാത്രി മഹോത്സവം മുഖേനയാണ്‌. ഈ ഉത്സവത്തിന്‌ കേരളത്തിന്റെ നാനാഭാഗത്തുനിന്നും ലക്ഷോപലക്ഷം ജനങ്ങള്‍ വന്നുകൂടാറുണ്ട്‌. ശിവരാത്രിനാളിൽ തീർഥാടകർ ആലുവ റയിൽവേപാലത്തിനു പടിഞ്ഞാറുവശത്തുള്ള മണൽപ്പുറത്തു തടിച്ചുകൂടുന്നു. അവിടെ പ്രതിഷ്‌ഠിച്ചിട്ടുള്ള ശിവലിംഗമാണ്‌ ആകർഷണകേന്ദ്രം. ഇന്ത്യയിൽ ഔത്തരായർക്ക്‌ കാശി എന്നപോലെ ദാക്ഷിണാത്യർക്ക്‌ ആലുവ പ്രധാനപ്പെട്ട ഒരു പുണ്യസ്ഥലമാണ്‌; അതിനാൽ "ദക്ഷിണകാശി' എന്ന അപരനാമം ഇതിനു സിദ്ധിച്ചിട്ടുണ്ട്‌. എന്നാൽ ഇവിടെ പ്രതിഷ്‌ഠ ഇരിക്കുന്ന സ്ഥലം വർഷകാലത്ത്‌ വെള്ളത്തിനടിയിലായിപ്പോകാറുണ്ട്‌. അപ്പോള്‍ മുകളിൽ നദീതീരത്തുള്ള അമ്പലത്തിലാണ്‌ പൂജ നടത്തുക. ശിവരാത്രിദിവസം തീർഥാടകർ ഉറക്കമിളച്ചിരുന്നു പുരാണപാരായണം ചെയ്യുകയും പ്രഭാതമാകുമ്പോള്‍ പെരിയാറ്റിൽ സംഘസ്‌നാനം നടത്തുകയും ചിലർ പിതൃക്കള്‍ക്കു ബലി അർപ്പിക്കുകയും ചെയ്യുന്നു. ആലുവ മുനിസിപ്പാലിറ്റിയുടെ മേൽനോട്ടത്തിൽ ശിവരാത്രികാലത്ത്‌ ഒരു പ്രദർശനം സംഘടിപ്പിക്കപ്പെടുന്നു. (എന്‍.കെ. ദാമോദരന്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%86%E0%B4%B2%E0%B5%81%E0%B4%B5" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍