This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആർക്കിയോർനിത്തെസ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

00:03, 1 മാര്‍ച്ച് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ആർക്കിയോർനിത്തെസ്‌

Archaeornithes

പക്ഷിവർഗത്തിന്റെ (Aves) രണ്ട്‌ ഉപവർഗ(sub-class)ങ്ങളിൽ ഒന്ന്‌. ആർക്കിയോപ്‌ടെറിജിഫോർമിസ്‌ (Archaeopterygiformes) എന്ന പേരിലറിയപ്പെടുന്ന ഒരേയൊരു ഗോത്രം മാത്രമേ ഇതിലുള്‍പ്പെടുന്നുള്ളു; മറ്റെല്ലാ പക്ഷികളെയും നിയോർനിത്തെസ്‌ (Neornithes)എന്ന ഉപവർഗത്തിൽ ഉള്‍പ്പെടുത്തിയിരിക്കുന്നു. ബവേറിയയിൽ ഉത്തരജുറാസ്സിക്‌ കാലഘട്ടത്തിലേതായ സോളനോഫന്‍ ചുച്ചാമ്പുകല്‌ത്തടങ്ങളിൽനിന്നു കണ്ടെടുക്കപ്പെട്ട ഏറ്റവും പഴക്കമേറിയ ഫോസ്സിൽ പക്ഷികളെയാണ്‌ ഈ ഉപവർഗത്തിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. ഇങ്ങനെ കണ്ടെടുക്കപ്പെട്ട രണ്ട്‌ മാതൃകാരൂപങ്ങള്‍ക്ക്‌ പക്ഷിലോകത്തിൽ കൊടുക്കാവുന്ന സ്ഥാനത്തെച്ചൊല്ലി ഭിന്നാഭിപ്രായങ്ങളാണുള്ളത്‌. ഇവ രണ്ടു ജീനസ്സുകളിലുള്ളവയാണെന്നു കരുതുന്ന ഒരു കൂട്ടരും രണ്ടു കുടുംബങ്ങളിൽപ്പെട്ടവയാണെന്നു കരുതുന്ന മറ്റൊരു കൂട്ടരുമുണ്ട്‌. ഡി ബീയറിന്റെ അഭിപ്രായം ഇവ ഒരേയൊരു സ്‌പീഷീസിൽപ്പെടുമെന്നാണ്‌; എന്നാൽ മറ്റുള്ളവർ ഈ അഭിപ്രായം അംഗീകരിക്കുന്നില്ല.

1861-ൽ കണ്ടെടുക്കപ്പെട്ട ഒരു തൂവലടയാളത്തിന്‌ എച്ച്‌ ഫൊണ്‍ മെയർ ആർക്കിയോപ്‌ടെറിക്‌സ്‌ ലിഥോഗ്രാഫിക്ക (Archaeopteryx lithographica) എന്ന പേർ കൊടുത്തു. ഒരു വർഷത്തിനുശേഷം ഇതിന്റെ തലയൊഴിച്ചുള്ള മുഴുവന്‍ ഭാഗങ്ങളുടെയും ഏതാണ്ട്‌ പൂർണമായ അസ്ഥിഭാഗങ്ങള്‍ കണ്ടെടുക്കപ്പെട്ടു; ബ്രിട്ടിഷ്‌ മ്യൂസിയത്തിൽ ഇത്‌ സൂക്ഷിച്ചിട്ടുണ്ട്‌; 1877-ൽ കിട്ടിയ മറ്റൊരസ്ഥിപഞ്‌ജരം ബർലിനിലെ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു. തലയിലെ അസ്ഥികള്‍ കൂടിയുള്ള ഈ പഞ്‌ജരം പൂർണമാണ്‌. ആർക്കിയോപ്‌ടെറിക്‌സ്‌ സീമെന്‍സൈ (Archaeopteryx siemensi)എന്ന്‌ ഡബ്ല്യു. ഡെയിംസ്‌ ഇതിനു പേരു നല്‌കി. എന്നാൽ, പിന്നീട്‌ ബി. പെട്രാണീവിക്‌സ്‌ ഇതിനെ ഒരു പ്രത്യേക ജീനസ്സായി കണക്കാക്കുകയും ആർക്കിയോർനിസ്‌ സീമെന്‍സൈ (Archaeornis siemensi) എന്നു പേരു നല്‌കുകയും ചെയ്‌തു. എന്നാൽ ഡി ബീയറിന്റെ അഭിപ്രായം ഇവ രണ്ടും ഒരേ സ്‌പീഷീസാണെന്നും ഇവ തമ്മിലുള്ള വ്യത്യാസത്തിനുകാരണം പ്രായവും ലിംഗവും ആണെന്നും ആണ്‌. 1959-ൽ കണ്ടെടുത്ത മൂന്നാമത്തെ രൂപം ബ്രിട്ടിഷ്‌ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നതിന്‌ സദൃശമാണ്‌.

ഇതിന്‌ അരിപ്രാവിനോളം വലുപ്പം വരും. ശരീരത്തെക്കാള്‍ വലുതായിരുന്നു ഇതിന്റെ വാല്‌. വാലിൽ 20 കശേരുകകളും അവയിൽ ഓരോന്നിന്റേയും ഇരുവശങ്ങളിലായി തൂവലുകളും കാണപ്പെട്ടിരുന്നു. കുറുകിയ താടിയിൽ പല്ലുകളുണ്ടായിരുന്നു. ചിറകിലെ അസ്ഥികള്‍ ബലമേറിയ നഖങ്ങളുള്ളതും സ്വതന്ത്രവുമായ മൂന്നു വിരലുകളായാണ്‌ അവസാനിക്കുന്നത്‌. ശരീരത്തിലും ചിറകുകളിലും വാലിലും കാണപ്പെട്ട തൂവലുകളുടെ അടയാളം മൂലം ഇവയെ പക്ഷികളുടെ കൂട്ടത്തിൽ ഉള്‍പ്പെടുത്തി. എന്നാൽ ഇതൊഴിച്ചുള്ള മറ്റെല്ലാ സ്വഭാവങ്ങളിലും ഇവയ്‌ക്ക്‌ ഇഴജന്തു(Reptile) ക്കളോടാണ്‌ സാദൃശ്യം. ചിറകിലും വാലിലും കാണുന്ന തൂവലുകള്‍ വായുവിലൂടെ "ഊളിയിട്ടു' പറക്കാനുള്ള ഇവയുടെ കഴിവിനെയും കാലിലും ചിറകിലുമുള്ള നഖങ്ങള്‍ നാലുകാലും ഉപയോഗിച്ച്‌ നടക്കാനോ പിടിച്ചു കയറാനോ ഉള്ള കഴിവിനെയും സൂചിപ്പിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍