This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആർക്കാട്‌ നവാബുമാർ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:13, 27 ഫെബ്രുവരി 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ആർക്കാട്‌ നവാബുമാർ

ദക്ഷിണേന്ത്യയിൽ ആർക്കാട്‌ കേന്ദ്രമായി ഭരിച്ചിരുന്ന മുസ്‌ലിം നാടുവാഴികള്‍. ഇവരുടെ വംശത്തിലെ ആദ്യത്തെ നവാബായിരുന്ന അന്‍വറുദ്ദീന്‍ രണ്ടാമത്തെ ഖലീഫയായ ഉമർഫാറൂഖിന്റെ (ഭ.കാ. 634-44) വംശപാരമ്പര്യം അവകാശപ്പെട്ടിരുന്നു. അറംഗസീബിന്റെ ഭരണകാലത്ത്‌ അന്‍വറുദ്ദീന്റെ പ്രപിതാമഹന്മാർ ഔധിലെ മുഗള്‍ സർക്കാർ സർവീസിൽ പ്രവേശിച്ചു. പിന്നീട്‌ ഹൈദരാബാദിലെ നിസാം ആയി ഉയർന്ന നവാബ്‌ ആസഫ്‌ജായുടെ കീഴിൽ ഡെക്കാനിലേക്കു തിരിച്ചുവന്നു.

ഹൈദരാബാദ്‌ നിസാമിന്റെ ആദ്യത്തെ കർണാട്ടിക്ക്‌ ഗവർണർ സഅദുല്ലാഖാന്‍ ആയിരുന്നു. അദ്ദേഹം 1732-ൽ അന്തരിച്ചപ്പോള്‍ ദത്തുപുത്രനായ ദോസ്‌ത്‌ അലി കർണാട്ടിക്കിലെ നവാബായി അവരോധിക്കപ്പെട്ടു. 1740 മേയിൽ പോണ്ടിച്ചേരിക്കു സമീപംവച്ച്‌ മറാഠികളുമായുണ്ടായ യുദ്ധത്തിൽ ദോസ്‌ത്‌ അലി വധിക്കപ്പെടുകയും രാജകുമാരനായ സഫ്‌ദർഅലി വെല്ലൂരേക്ക്‌ ഓടി രക്ഷപ്പെടുകയും ചെയ്‌തു. ദോസ്‌ത്‌അലിയുടെ ജാമാതാവായ ചന്ദാസാഹിബ്‌ തൃശ്ശിനാപ്പള്ളികോട്ടയിൽ രക്ഷതേടിയെങ്കിലും മൂന്നുമാസത്തെ ഉപരോധത്തിനുശേഷം മറാഠികള്‍ അദ്ദേഹത്തെ ബന്ധനസ്ഥനാക്കി സത്താറയിലേക്കു കൊണ്ടുപോയി. മറാഠികള്‍ തൃശ്ശിനാപ്പള്ളി തലസ്ഥാനമാക്കി ഭരണം ആരംഭിച്ചു. സഫ്‌ദർ അലി നവാബായി സ്ഥാനാരോഹണം ചെയ്‌തുവെങ്കിലും 1742 ഒ-ൽ ഒരു കുടുംബകലഹത്തെ തുടർന്ന്‌ വധിക്കപ്പെട്ടു.

1743-ൽ നിസാം കർണാട്ടിക്ക്‌ ആക്രമിച്ചു മറാഠികളെ പരാജയപ്പെടുത്തി. 1744 ജൂല.-ൽ അന്‍വറുദ്ദീനെ കർണാട്ടിക്കിലെ നവാബായി നിയമിച്ചു. പിന്നീട്‌ അന്‍വറുദ്ദീന്‍ ആർക്കാട്‌ "വാലാജാ' രാജവംശം സ്ഥാപിച്ചു. ആംഗ്ലോ-ഫ്രഞ്ച്‌ ഇടപെടലുകള്‍. 1748-ൽ നിസാംഉൽ മുൽക്ക്‌ ആസഫ്‌ജാ ചരമമടഞ്ഞു; പുത്രനായ നാസിർജങ്‌ നിസാമായി സ്ഥാനാരോഹണം ചെയ്‌തു. എന്നാൽ മരണമടഞ്ഞ നിസാമിന്റെ ഒരു പൗത്രനായിരുന്ന മുസഫർജങ്‌ അനന്തരാവകാശത്തിന്‌ മത്സരിച്ചു. ദക്ഷിണേന്ത്യന്‍ കാര്യങ്ങളിൽ ഇടപെടാന്‍ തക്കംനോക്കിയിരുന്ന പോണ്ടിച്ചേരിയിലെ ഫ്രഞ്ചുഗവർണർ ഡ്യൂപ്ലേ ഹൈദരാബാദിൽ മുസഫർജങ്ങിനെയും കർണാട്ടിക്കിൽ ആയിടെ ബന്ധനവിമുക്തനായ ചന്ദാസാഹിബിനെയും സഹായിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചു. സ്വരക്ഷയ്‌ക്കുവേണ്ടിയെങ്കിലും ഇംഗ്ലീഷുകാർക്ക്‌ ഫ്രഞ്ചുകാരുടെ എതിരാളികളെ സഹായിക്കേണ്ടിവന്നു. അവർ ഹൈദരാബാദിൽ നാസിർജങിന്റെയും കർണാട്ടിക്കിൽ അന്‍വറുദ്ദീന്റെയും പിന്നിൽ അണിനിരന്നു. മുസഫർജങും ചന്ദാസാഹിബും ഒരു വലിയ സൈന്യത്തോടുകൂടി കർണാട്ടിക്ക്‌ ആക്രമിച്ചു. ആർക്കാടിനു സമീപം ആബൂർ വച്ചുണ്ടായ യുദ്ധത്തിൽ (1749 ജൂല. 23) അന്‍വറുദ്ദീന്‍ വധിക്കപ്പെട്ടു. അദ്ദേഹത്തിന്റെ പുത്രന്‍ മുഹമ്മദലി തൃശ്ശിനാപ്പള്ളിയിലേക്ക്‌ ഓടിപ്പോയി. ചന്ദാസാഹിബ്‌ തൃശ്ശിനാപ്പള്ളി ആക്രമിച്ചുവെങ്കിലും ഉപരോധം നീണ്ടുനിന്നു. ഇതിനിടയിൽ നാസിർജങ്‌ വധിക്കപ്പെട്ടതിനെത്തുടർന്ന്‌ മുസഫർജങ്‌ സ്ഥാനാരോഹണം ചെയ്‌തു. ചന്ദാസാഹിബ്‌ ഒരു ഫ്രഞ്ചുസേനാഘടകത്തിന്റെ സഹായത്തോടുകൂടി തൃശ്ശിനാപ്പള്ളി വീണ്ടും ആക്രമിച്ചു. തൃശ്ശിനാപ്പള്ളി രക്ഷിക്കാനുള്ള ശ്രമത്തിൽ റോബർട്ട്‌ ക്ലൈവിന്റെ (1725-74) നേതൃത്വത്തിൽ ഒരു സൈന്യം കർണാട്ടിക്കിന്റെ തലസ്ഥാനമായ ആർക്കാട്‌ കൈവശപ്പെടുത്തി (1751 ആഗ. 30). ഇത്‌ ചന്ദാസാഹിബിനൊരു കനത്ത പ്രഹരമായിരുന്നു. ഒരു ഇംഗ്ലീഷ്‌ സൈന്യം ചന്ദാസാഹിബിനെ ശ്രീരംഗത്തുവച്ച്‌ 1752 ജൂണിൽ തോല്‌പിക്കുകയും ജൂണ്‍ 14-ന്‌ അദ്ദേഹത്തെ വധിക്കുകയും ചെയ്‌തു. ഇതോടുകൂടി ഫ്രഞ്ചുകാർക്ക്‌ കർണാട്ടിക്കിൽ ഉണ്ടായിരുന്ന സ്വാധീനം നഷ്‌ടമായി; നവാബ്‌ മുഹമ്മദലിയുടെയും ഇംഗ്ലീഷുകാരുടെയും സ്വാധീനം ഇതുമൂലം വർധിച്ചു.

മൂന്നാം കർണാട്ടിക്ക്‌ യുദ്ധത്തിന്റെ അവസാനത്തോടുകൂടി (1763) കർണാട്ടിക്കിൽ ഫ്രഞ്ചുകാരുടെ ശക്തി പൂർണമായി നഷ്‌ടപ്പെടുകയും ഇംഗ്ലീഷുകാരുടെ ശക്തി വർധിക്കുകയും ചെയ്‌തു. ഇതിനിടയിൽ മൈസൂർ രാജ്യം ഹൈദരലി (1722-82)യുടെ കീഴിലായി. ഹൈദരലിയുടെ രാജ്യവികസനശ്രമം കർണാട്ടിക്കുമായി തുടർച്ചയായ യുദ്ധത്തിനിടയാക്കി. ഹൈദറുടെയും പുത്രനായ ടിപ്പുസുത്താന്റെയും കാലത്ത്‌ ഇംഗ്ലീഷുകാർ അവരുമായി നിരന്തരം സമരങ്ങളിൽ ഏർപ്പെട്ടു. കർണാട്ടിക്കുമായുള്ള അതിർത്തിത്തർക്കങ്ങളാണ്‌ ഈ യുദ്ധങ്ങള്‍ക്ക്‌ കാരണമായത്‌. നവാബിന്റെ അതിവ്യയശീലം അദ്ദേഹത്തെ മദ്രാസിലെ ഇംഗ്ലീഷുകച്ചവടക്കാരുടെ അധമർണനാക്കി. ഈ സ്ഥിതിയിൽ 1781-ൽ കർണാട്ടിക്കിന്റെ നികുതിപിരിവ അഞ്ചുകൊല്ലത്തേക്ക്‌ ഇംഗ്ലീഷ്‌ ഈസ്റ്റിന്ത്യാക്കമ്പനിയെ ഏല്‌പിക്കാന്‍ നവാബ്‌ നിർബദ്ധനായി. 1795 ഒ. 13-ന്‌ നവാബ്‌ മുഹമ്മദലിഖാന്‍ എഴുപത്തിഎട്ടാമത്തെ വയസ്സിൽ അന്തരിച്ചു.

അന്തരിച്ച നവാബ്‌ തന്റെ പിന്‍ഗാമിയായി താജുൽ ഉമറാ ബഹാദുറിനെ നാമനിർദേശം ചെയ്‌തിരുന്നു എന്നാൽ നവാബിന്റെ സഹോദരി സ്വന്തം പുത്രനെ രാജാവാക്കണമെന്ന ഉദ്ദേശത്തോടുകൂടി രാജകുടുംബത്തിൽ ചില ഗൂഢാലോചനകള്‍ നടത്തി. എങ്കിലും നവാബിന്റെ മരണാനന്തരം, താജുൽ ഉമറാ ബഹാദുർ "വാലാജാഹ്‌ കക' എന്ന പേരോടുകൂടി സ്ഥാനാരോഹണം ചെയ്‌തു. താജുൽ ഉമറാ ബഹാദുറിന്റെ ഭരണകാലത്തുതന്നെ കർണാട്ടിക്കിന്റെ ഭരണം ഏറ്റെടുക്കുകയും അങ്ങനെ തെക്കേ ഇന്ത്യ മുഴുവന്‍ തങ്ങളുടെ ചൊല്‌പടിയിൽ കൊണ്ടുവരികയും ചെയ്യാന്‍ ഇംഗ്ലീഷുകാർ ശ്രമിക്കുകയായിരുന്നു. കർണാട്ടിക്ക്‌ ഭരണത്തിലെ ക്രമക്കേടുകളും പൊതുശത്രുവായ ടിപ്പുസുൽത്താനുമായി നടത്തിയെന്ന്‌ ആരോപിക്കപ്പെട്ട രാജ്യദ്രാഹപരമായ കത്തിടപാടുകളുമാണ്‌ അവർ അതിന്‌ കണ്ടുപിടിച്ച കാരണങ്ങള്‍. 1801 ജൂല. 15-ന്‌ നവാബിന്റെ ആകസ്‌മികമായ മരണം ഇംഗ്ലീഷുകാർക്ക്‌ ഒരനുഗ്രഹമായിരുന്നു. നവാബിന്റെ പുത്രന്‍ അലിഹുസൈന്‍ ഇംഗ്ലീഷുകാർ ഭരണം ഏറ്റെടുക്കുന്നതിനെ ശക്തിയായി എതിർത്തതിനാൽ ഈ നടപടിക്കു സമ്മതം മൂളിയ നവാബിന്റെ സഹോദരപുത്രനായ അസീമുദ്ദൗലയെ അധികാരമൊന്നുമില്ലാത്ത നവാബിന്റെ സ്ഥാനത്തേക്കുയർത്തി. വാലാജാഹ്‌ കകക എന്ന പേർ സ്വീകരിച്ച്‌ അസീമുദ്ദൗല സ്ഥാനം ഏറ്റെടുത്തു. 1819-ൽ അദ്ദേഹം അന്തരിച്ചു. അദ്ദേഹത്തെ പിന്തുടർന്ന വാലാജാഹ്‌ നാലാമനും അഞ്ചാമനും യഥാക്രമം 1825-ലും 1855-ലും നിര്യാതരായി. വാലാജാഹ്‌ ഢ സന്തതികളില്ലാതെ മരിച്ചതുകൊണ്ട്‌, വാലാജാഹ്‌ കക-ന്റെ രണ്ടാമത്തെ പുത്രനായ ആസിംജാഹിനെ നവാബിന്റെ പിന്‍ഗാമിയായി അംഗീകരിച്ചുവെങ്കിലും നവാബിന്റെ പദവി തുടർന്നു നല്‌കാന്‍ ഗവർണർ ജനറൽ ഡൽഹൗസിപ്രഭു വിസമ്മതിച്ചു. രാജ്യം ഇംഗ്ലീഷുകാർ ഏറ്റെടുക്കാനും നവാബിന്‌ പെന്‍ഷന്‍ നല്‌കാനുമായിരുന്നു തീരുമാനം. എന്നാൽ നവാബിന്റെ പദവി ഉപേക്ഷിച്ച്‌ പെന്‍ഷന്‍ സ്വീകരിക്കാന്‍ ആസിംജാഹ്‌ വിസമ്മതിച്ചു. ഈ വിവാദം വളരെക്കാലത്തേക്ക്‌ നീണ്ടുപോയെങ്കിലും ആർക്കാട്‌ നവാബിന്റെ പദവി ഗവണ്‍മെന്റ്‌ തുടർന്ന്‌ അംഗീകരിച്ചില്ല. നോ: കർണാട്ടിക്ക്‌ യുദ്ധങ്ങള്‍ (ഡോ. എ.പി. ഇബ്രാഹിംകുഞ്ഞ്‌)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍