This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആമ്പൽ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:59, 23 ഫെബ്രുവരി 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ആമ്പൽ

Water Lily-Nymphaea

ഒരു ദുർബലചിരന്തന ജലസസ്യം. നിംഫെയേസീ (Nymphaeaceae) കുടുംബത്തിൽ ഉള്‍പ്പെടുന്നു. 8 ജീനസ്സുകളിലായി 90-ഓളം സ്‌പീഷീസുകളുണ്ട്‌. എക്കലിലോ ചെളിമച്ചിലോ വേരൂന്നി, കനത്തതും മാംസളവുമായ കിഴങ്ങ്‌ മച്ചിന്റെ അടിഭാഗത്താക്കിയാണ്‌ ഇതു വളരുന്നത്‌. ഇല ജലനിരപ്പിലാണ്‌ കാണപ്പെടുക; ബാക്കിഭാഗങ്ങള്‍ ജലത്തിനുള്ളിലും. ഉഷ്‌ണമേഖലയിലും സമശീതോഷ്‌ണമേഖലയിലും ഉള്ള ശുദ്ധജലപ്പൊയ്‌കകളിലും മന്ദഗതിയിലൊഴുകുന്ന അരുവികളിലും ഈ നീർച്ചെടി സുലഭമായി വളരും. വസന്തകാലമാദ്യമാണ്‌ ആമ്പലിന്റെ വളർച്ചയ്‌ക്കു പറ്റിയ സമയം. ആമ്പൽ ലോകത്തിന്റെ മിക്കഭാഗങ്ങളിലും കാണപ്പെടുന്നു. എങ്കിലും ഉത്തരാർധഗോളത്തിലാണ്‌ സമൃദ്ധിയായുള്ളത്‌. നിംഫെയ ഒഡൊറേറ്റ (Nymphaea odorata) എന്ന്‌ ശാസ്‌ത്രനാമമുള്ള അമേരിക്കന്‍ വെള്ളാമ്പലിന്റെ പൂക്കള്‍ 7-12 സെ.മീ. വരെ വ്യാസത്തിൽ വളരാറുണ്ട്‌; വടക്കേ അമേരിക്കയിൽ കാണപ്പെടുന്ന നിംഫെയ റ്റ്യൂബറോസ (N. tuberosa)യ്‌ക്ക്‌ 23 സെ.മീ. വരെ വ്യാസമുള്ള പൂക്കള്‍ കാണപ്പെടുന്നു; യൂറിയേൽ (Euryale), ബാർക്ലേയ (Barclaya), വിക്‌റ്റോറിയ (Victoria) എന്നീ മൂന്നു ജീനസ്സുകള്‍ ഉഷ്‌ണമേഖലയിൽ കാണപ്പെടുന്നവയാണ്‌. ഇവയിൽ ആദ്യത്തെ രണ്ടിനം ഏഷ്യയിലും മൂന്നാമത്തേത്‌ തെക്കേ അമേരിക്കയിലും ധാരാളമായുണ്ട്‌. വിക്‌റ്റോറിയ റെജിയ (Victoria regia) എന്നയിനത്തിന്‌ 120-210 സെ.മീ. വ്യാസമുള്ള ഇലകളും 15-45 സെ.മീ. വ്യാസമുള്ള പൂക്കളുമുണ്ട്‌; ഇവ ആമസോണിലാണ്‌ കാണപ്പെടുന്നത്‌. കി.മീ.കളോളം ജലോപരിതലത്തെ മൂടിക്കൊണ്ട്‌ ഇവ പടർന്നുകിടക്കുന്നു. ന്യൂഫർ എന്ന ജീനസ്സിലെ ചെടികള്‍ ഉത്തരാർധഗോളത്തിലാണുള്ളത്‌. കാനഡയിൽ കാണപ്പെടുന്ന മഞ്ഞനിറമുള്ള ന്യൂഫർ അഡ്‌വീനയും (N. advena) പസിഫിക്‌തീരത്തുള്ള ന്യൂഫർ പോളിസെപാലമും (N. polysepalum) ഈ ജീനസ്സിൽ ഉള്‍പ്പെടുന്നു. കാബോംബ (Cabomba) എന്ന വ. അമേരിക്കന്‍ ജീനസ്സിലെ ചെടികളെ കൂടുതലായും അക്വേറിയങ്ങളിലാണ്‌ വളർത്തുന്നത്‌; ഇവയുടെ പൂക്കള്‍ ചെറുതാണ്‌. ബ്രസീനിയ ഷ്‌റീബറി (Brasenia schreberi) എന്ന ഒരിനം മാത്രമേ ഈ ജീനസ്സിലുള്ളു; ഇവ യൂറോപ്പൊഴികെ മറ്റെല്ലായിടത്തുമായി വ്യാപിച്ചുകിടക്കുന്നു. നെലംബിയം (Nelumbium) ജീനസ്സിൽ രണ്ട്‌ സ്‌പീഷീസുകളുണ്ട്‌. വെള്ളാമ്പൽ, രക്താമ്പൽ (ചെണ്ണാമ്പൽ), സീതാമ്പൽ (നീലാമ്പൽ), ചിറ്റാമ്പൽ, നെയ്‌താമ്പൽ (നെയ്‌തലാമ്പൽ, നെയ്യാമ്പൽ), അല്ലിയാമ്പൽ, മഞ്ഞാമ്പൽ എന്നിങ്ങനെ വിവിധതരത്തിലുള്ള ആമ്പലുകള്‍ ഭാരതത്തിലുണ്ട്‌. കൃത്രിമ ജലാശയങ്ങളിൽ ഇതിലും അധികം ഇനങ്ങള്‍ വളർത്തപ്പെടുന്നു.

ജലപ്പരപ്പിൽ കിടക്കുന്ന, ഹൃദയാകൃതിയോടുകൂടിയ ഇലകളും നീളമുള്ളതും സ്‌പോഞ്ചുപോലുള്ളതുമായ (spongy) പർണവൃന്തങ്ങളും അതുപോലുള്ള പുഷ്‌പവൃന്തങ്ങളും ജനിപത്രങ്ങള്‍ (carpels) െഒട്ടിച്ചേർന്ന അണ്ഡാശയവും ആമ്പലിന്റെ സവിശേഷതകളാണ്‌. നീളംകൂടിയ പർണ-പുഷ്‌പവൃന്തങ്ങള്‍ ജലത്തിലൊതുക്കി വളഞ്ഞുകിടക്കുന്നതുകൊണ്ട്‌ ജലചലനങ്ങള്‍ ഇലകളെയും പൂക്കളെയും ദോഷമായി ബാധിക്കുകയില്ല. പർണ-പുഷ്‌പവൃന്തങ്ങളിൽ അനേകം അനുദൈർഘ്യവായുമാർഗങ്ങള്‍ (air passages) കൊണാം. ഇലയുടെ മുകള്‍ഭാഗം മിനുസമുള്ളതും, മെഴുകുപോലുള്ള ഒരു പദാർഥംകൊണ്ടു പൂശിയതുമാണ്‌. ജലത്തോട്‌ ഉരുമ്മിക്കിടക്കുന്ന ഇലയുടെ അടിഭാഗം അമീബകളുടെ ആസ്ഥാനമാകുന്നു. ഇലകള്‍ ചിലപ്പോള്‍ ജലപ്പരപ്പിനു മീതേ ഉയർന്നുനില്‌ക്കാറുമുണ്ട്‌.

ആമ്പലിലകളുടെ നിറം സ്വതേ പച്ചയാണെങ്കിലും കൃത്രിമ ജലാശയങ്ങളിൽ വളർത്തുന്നവയിൽ പുള്ളികള്‍കൊണ്ട്‌ നിറഞ്ഞവയും വിവിധവർണാങ്കിതാവസ്ഥയിലുള്ളവയുമായ ഇലകള്‍ കാണാം. ആമ്പൽപ്പൂവ്‌. പുഷ്‌പങ്ങളിൽ ആമ്പൽപ്പൂവിന്‌ പ്രധാനപ്പെട്ട സ്ഥാനമുണ്ട്‌. ഇതിനു നേരിയ സുഗന്ധമുണ്ട്‌. ഗ്രീഷ്‌മകാലത്താണ്‌ സാധാരണ ആമ്പലുകള്‍ പുഷ്‌പിക്കുന്നതെങ്കിലും മറ്റ്‌ ഋതുക്കളിലും ചിലവ പൂക്കാറുണ്ട്‌. ചന്ദ്രാദയത്തിൽ ആമ്പൽപ്പൂവ്‌ വിടരുമെന്നാണ്‌ കവിസങ്കല്‌പം; അതുകൊണ്ട്‌ ചന്ദ്രനെ ആമ്പൽപ്പൂവിന്റെ ഭർത്താവായി കവികള്‍ വർണിക്കുന്നു. ആമ്പൽപ്പൂക്കള്‍ക്കു നിറവൈവിധ്യമുണ്ട്‌; കൃത്രിമജലാശയങ്ങളിൽ വളർത്തുന്നവയ്‌ക്കു പ്രത്യേകിച്ചും. വെളുപ്പ്‌, നീല, ചുവപ്പ്‌, മഞ്ഞ, റോസ്‌ എന്നിവയ്‌ക്കുപുറമേ, റോസും പിങ്കും കലർന്നതും, ഓറഞ്ചും ചുവപ്പും കലർന്നതും, താമ്രവും ചുവപ്പും കലർന്നതും, ഇളം നീലയും ചുവപ്പും കലർന്നതും, റോസും ചുവപ്പും കലർന്നതും ആയ പൂക്കളും കാണപ്പെടുന്നു.

കേരളത്തിൽ അത്തപ്പൂവിടലിൽ ആമ്പൽപ്പൂവിന്‌ ഒരു പ്രധാനസ്ഥാനമുണ്ടെങ്കിലും പൂജാദികർമങ്ങള്‍ക്ക്‌ ഇത്‌ ഉപയോഗിക്കപ്പെടാറില്ല. ഔഷധഗുണം. ആമ്പൽച്ചെടി ഔഷധവീര്യമുള്ളതാണ്‌; ഉത്തംസവർഗത്തിൽപെട്ടതാണ്‌ ആമ്പൽക്കിഴങ്ങും ആമ്പൽപ്പൂവും ആമ്പൽപ്പൊയ്‌കതന്നെയും. വാത-കഫങ്ങളെ കോപിപ്പിച്ചേക്കാമെങ്കിലും അതിസാരത്തിനും അർശസ്സിനും രക്തദോഷത്തിനും ജ്വരത്തിനും കൃമി രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും പൊതുവേ വൈദ്യവിധിപ്രകാരം ആമ്പൽച്ചെടി ഉപയോഗിക്കാറുണ്ട്‌. ഇതിനുംപുറമേ അമ്പലാമ്പലിന്റെയും (N. nymphaea) സീതാമ്പലിന്റെയും (N. stellata) പുഷ്‌പങ്ങള്‍കൊണ്ടുള്ള കഷായം ഹൃദ്‌രോഗങ്ങള്‍ക്ക്‌ ഔഷധമായി നിർദേശിക്കാറുണ്ട്‌. വെള്ളാമ്പലിന്റെ (N. lotus) പുഷ്‌പങ്ങള്‍ക്കു ബന്ധകഗുണമുണ്ടെന്നുതന്നെയല്ല, കോളറയ്‌ക്കും കരളിന്റെ അസുഖങ്ങള്‍ക്കും വൈദ്യവിധിപ്രകാരം അവ ഉപയോഗിക്കുകയും ചെയ്യാം. വെള്ളാമ്പലിന്റെ വിത്ത്‌ വിഷശമനത്തിന്‌ ഉപയോഗിക്കാവുന്നതാണ്‌.

രോഗങ്ങള്‍. ആമ്പൽച്ചെള്ള്‌ ആമ്പൽച്ചെടിയുടെ വലിയ ശത്രുവാണ്‌. ഇവ പൂക്കളും ഇലകളും കാർന്നുതിന്ന്‌ അവയിൽ നീളത്തിലുള്ള ദ്വാരങ്ങള്‍ ഉണ്ടാക്കും. മത്സ്യങ്ങള്‍ ഈ ചെള്ളുകളെ തിന്നൊടുക്കാറുണ്ട്‌. ഡി.ഡി.ടി. തളിച്ച്‌ ചെള്ളുകളെ നശിപ്പിക്കാവുന്നതാണ്‌. പരസ്‌പരം യോജിപ്പില്ലാതെ തവിട്ടുനിറത്തിൽ കാണുന്ന പാടുകള്‍ ആമ്പൽചെടിയെ ബാധിച്ചിട്ടുള്ള ഫംഗസ്‌ രോഗങ്ങളുടെ പ്രധാന ലക്ഷണമാണ്‌. ബോർഡോ മിശ്രിതം തുടങ്ങിയ ഫംഗസ്‌ സംഹാരികളാണ്‌ ഇതിനു പ്രതിവിധി. "മൊസെയ്‌ക്ക്‌' എന്ന വൈറസ്‌രോഗവും ആമ്പലുകള്‍ക്ക്‌ സാധാരണമാണ്‌. രോഗബാധയേറ്റ ചെടികളെ നശിപ്പിക്കുകയാണ്‌ ഇതിനുള്ള പ്രതിവിധി. (പ്രാഫ. സി.കെ.ഡി. പണിക്കർ)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%86%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%BD" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍