This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആപേക്ഷികതാവാദം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

03:28, 23 ഫെബ്രുവരി 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ആപേക്ഷികതാവാദം

Relativism

അറിവിന്റെ ഒരു മേഖലയിലും പരിപൂർണവും കേവലവുമായ തത്ത്വമോ സത്യമോ ഇല്ല എന്നു പ്രതിപാദിക്കുന്ന തത്ത്വസംഹിത. നീതിശാസ്‌ത്രത്തിലോ വിജ്ഞാനസിദ്ധാന്തങ്ങളിലോ അതിഭൗതികവാദത്തിലോ മാത്രമല്ല, ഗണിതത്തിൽപോലും സാർവലൗകികവും ഏകരൂപവുമായ ഒരു മാനദണ്ഡം കണ്ടെത്തുക സാധ്യമല്ല എന്ന്‌ ഈ സിദ്ധാന്തം സമർഥിക്കുന്നു. പുരാതനഗ്രീസിലെ സോഫിസ്റ്റുകളാണ്‌ ആപേക്ഷികതാവാദം ആദ്യമായി ആവിഷ്‌കരിച്ചത്‌. അന്നുവരെ ഉണ്ടായിരുന്ന എല്ലാ സാർവലൗകികമാനദണ്ഡങ്ങളെയും സങ്കല്‌പങ്ങളെയും അവർ നിരസിച്ചു. ഒരു മനുഷ്യന്‍ ചെയ്യുന്നത്‌ തെറ്റെന്നോ ശരിയെന്നോ കല്‌പിക്കുവാന്‍ സഹായകമാകുന്ന രീതിയിലുള്ള വസ്‌തുനിഷ്‌ഠമായ ഒരു സത്യവും ഇല്ല എന്ന്‌ അവർ ശഠിച്ചു. സോഫിസ്റ്റുകളിൽ അഗ്രഗണ്യനായ പ്രാട്ടഗോറസ്‌ പറഞ്ഞത്‌ "മനുഷ്യനാണ്‌ എല്ലാറ്റിന്റെയും മാനദണ്ഡം' എന്നാണ്‌. ഇവിടെ മനുഷ്യന്‍ എന്ന പദംകൊണ്ട്‌ ഉദ്ദേശിച്ചിരിക്കുന്നത്‌ മനുഷ്യപ്രകൃതിയെ അല്ല; പ്രത്യുതവ്യക്തിയെയാണ്‌. എല്ലാക്കാര്യങ്ങളെയുംപറ്റി ഓരോരുത്തനും അവനവന്റേതായ അളവുകോൽ ഉണ്ടായിരിക്കും. അതിന്‌ അതീതമായി എല്ലാ മനുഷ്യരും അംഗീകരിക്കുന്ന ഒരു പൊതുമാനദണ്ഡം ഒന്നിനും ഒരിടത്തും ഇല്ല. പൗരാണിക ഗ്രീക്കുകാരുടെ ഈ ആപേക്ഷികതാവാദത്തിന്‌ സെന്‍സിസം(Sensism) എന്നു പേരുണ്ട്‌. ഗ്രീക്ക്‌-ആപേക്ഷികതാവാദം ഇന്ദ്രിയാധിഷ്‌ഠിതമായതുകൊണ്ടാണ്‌ അങ്ങനെ പറയുന്നത്‌. യുക്ത്യാധിഷ്‌ഠിതമായ അറിവിലല്ല അവർ വിശ്വസിച്ചിരുന്നത്‌. ആധുനിക ചിന്തകരിൽ അനുഭവസത്താവാദികളെല്ലാം തന്നെ ആപേക്ഷികതാവാദത്തിൽ വിശ്വസിക്കുന്നവരാണ്‌. ജോണ്‍ ലോക്ക്‌, ജോർജ്‌ ബെർക്ക്‌ലേ, ഡേവിഡ്‌ഹ്യൂം എന്നിവരെല്ലാം ആപേക്ഷികതാവാദം അങ്ങേയറ്റം അംഗീകരിച്ചിട്ടുണ്ട്‌. അനേകത്വവാദികളും (Pluralists) പ്രായോഗികതാവാദികളും (Pragmatists) താർക്കിക പ്രത്യക്ഷവാദികളും (Logical Positivists) ആപേക്ഷികതാവാദം പരിപൂർണമായി അംഗീകരിക്കുന്നവരാണ്‌. അറിവിന്റെ വിവിധ മേഖലകളിൽ ആപേക്ഷികതാവാദം സ്വാധീനം ചെലുത്തിയതിന്റെ ഫലമായിട്ടാണ്‌ നൈതിക-ആപേക്ഷികതാവാദം (Ethical Relativism), മതപരമായ ആപേക്ഷികതാവാദം (Religious Relativism), സാമൂഹിക-ആപേക്ഷികതാവാദം (Sociological Relativism) തുടങ്ങിയവ ഉടലെടുത്തത്‌. നൈതിക-ആപേക്ഷികതാവാദം മനുഷ്യർക്ക്‌ നന്‍മതിന്മകളെക്കുറിച്ചും, തെറ്റ്‌, ശരി എന്നിവയെക്കുറിച്ചും വ്യത്യസ്‌തങ്ങളായ മാനദണ്ഡങ്ങള്‍ ഉണ്ടെന്നു പറയുന്നു; മാത്രമല്ല, എല്ലാക്കാലത്തും സാധുതയുള്ള ഒരു സാന്‍മാർഗികമൂല്യം കണ്ടെത്താന്‍ സാധിക്കുകയില്ലെന്ന്‌ സിദ്ധാന്തിക്കുകയും ചെയ്യുന്നു. നൈതിക-ആപേക്ഷികതാവാദം അസ്‌തിത്വവാദികളുടെ (Existentialists) കൈയിൽ സാന്ദർഭികധർമം(Situational Ethics) എന്ന നിലയിൽ ഉരുത്തിരിഞ്ഞിരിക്കുന്നതായി കാണുന്നു. സാന്ദർഭികധർമമാകട്ടെ ഓരോ സന്ദർഭവും മറ്റൊരു സന്ദർഭത്തിൽനിന്നും വ്യത്യസ്‌തമാണെന്നും തന്‍മൂലം യുക്തിയുടെ സഹായത്താൽ ന്യായീകരിക്കപ്പെടാവുന്ന ഒരു തീരുമാനം അസാധ്യമായിത്തീരുന്നു എന്നുമാണ്‌ വാദിക്കുന്നത്‌. സാമൂഹിക-ആപേക്ഷികതാവാദികള്‍ ഭിന്ന ജനതയ്‌ക്ക്‌ വ്യത്യസ്‌തമായ പെരുമാറ്റരീതികളും പ്രവർത്തനമാർഗങ്ങളും ഉള്ളതുകൊണ്ട്‌ അവയെ വേർതിരിച്ച്‌ പഠിക്കണമെന്ന്‌ പ്രഖ്യാപിക്കുന്നു. മനുഷ്യന്റെ ചിന്താപ്രക്രിയയുടെ അസ്ഥിരവും ചലനാങ്ങകവും ആയ സ്വഭാവം വിശ്വാസത്തെ ഏറെ സ്വാധീനിക്കുന്നു എന്ന സങ്കല്‌പത്തിലാണ്‌ മതപരമായ ആപേക്ഷികതാവാദം നിലകൊള്ളുന്നത്‌.

ഭാരതത്തിൽ. ഭാരതീയദാർശനികരിൽ പലരും ആപേക്ഷികതാവാദത്തിന്റെ രൂപപരിണാമവികാസങ്ങള്‍ക്ക്‌ മാർഗനിർദേശം നല്‌കിയിട്ടുള്ളവരാണ്‌. ജൈനദർശനത്തിലും ബൗദ്ധദർശനത്തിലും സാംഖ്യദർശനത്തിലും ജ്ഞാനത്തിന്റെ ആപേക്ഷികതയെക്കുറിച്ചുള്ള പ്രതിപാദനങ്ങള്‍ ഉണ്ട്‌. നാം കാണുന്ന പ്രപഞ്ചത്തിന്‌ അതിലുള്ള സകലചരാചരങ്ങളെയും അപേക്ഷിച്ചുള്ള നിലനില്‌പു മാത്രമേയുള്ളു എന്ന്‌ വേദാന്തികള്‍ വിശ്വസിക്കുന്നു. ജ്ഞാനത്തിന്റെ ആപേക്ഷികതയെക്കുറിച്ചുള്ള ജൈനസിദ്ധാന്തത്തിന്‌ "സ്യാദ്‌വാദം' എന്നു പറയുന്നു; 'സ്യാത്‌' എന്നതിന്‌ ഒരുപക്ഷേ, ഒരു വിധത്തിൽ, ഒരു വീക്ഷണത്തിൽ എന്നൊക്കെ അർഥമുണ്ട്‌. ഒരു പ്രത്യേകവീക്ഷണത്തിൽ ഒരു വസ്‌തു നിലനില്‌ക്കുന്നുവെന്നും മറ്റൊരു തരത്തിലുള്ള വീക്ഷണത്തിൽ അതുനിലനില്‌ക്കുന്നില്ല എന്നും സ്യാദ്‌വാദം പ്രഖ്യാപിക്കുന്നു. ഈ സിദ്ധാന്തമനുസരിച്ച്‌ ഏതെങ്കിലും ഒരു വസ്‌തുവിന്റെ അസ്‌തിത്വത്തെപ്പറ്റി ഭാവാങ്ങകമായോ നിഷേധാങ്ങകമായോ ഒന്നും തീർത്തുപറയാന്‍ കഴിയില്ല. കേവലമായ സ്വീകരണവും കേവലമായ നിഷേധവും ഒരുപോലെ തെറ്റാണ്‌. "ഉണ്ട്‌, ഇല്ല' എന്നീ പ്രസ്‌താവനകള്‍ ഒരേ വീക്ഷണകോണിൽ നിന്നുകൊണ്ടല്ല നടത്തുന്നത്‌. ഒരു വസ്‌തുവിന്റെ ഒരു പ്രത്യേക അംശം ഒരു പ്രത്യേക സന്ദർഭത്തിൽ സത്യമായിരിക്കാം. മറ്റുചിലപ്പോള്‍ അതു തെറ്റാണെന്നും വരാം. ഇതു തെളിയിക്കാന്‍ വേണ്ടിയാണ്‌ ജൈനന്‍മാർ "ഒരാനയും ആറ്‌ അന്ധരും' എന്ന കഥ പറയാറുള്ളത്‌. ഓരോ അന്ധനും ആനയുടെ ഒരവയവം മാത്രം തപ്പിനോക്കി ആനയെ നിർവചിച്ചു. ഓരോരുത്തരും നേടിയ ജ്ഞാനം അയാളെ സംബന്ധിച്ചിടത്തോളം ശരിയായിരുന്നു. പക്ഷേ, അതു പൂർണ ജ്ഞാനമായിരുന്നില്ല. ഈ തത്ത്വമനുസരിച്ചാണ്‌ ജൈനന്‍മാർ മറ്റെല്ലാ ദർശനങ്ങളെയും വിലയിരുത്തുന്നത്‌. എല്ലാ ദർശനങ്ങളിലും സത്യാംശം ഉണ്ട്‌. പക്ഷേ, പൂർണമായ സത്യമില്ല. സത്യത്തിന്‌ അനേകം മുഖങ്ങളുണ്ട്‌. (നോ: അനേകാന്തവാദം). അത്‌ വ്യത്യസ്‌തരൂപങ്ങളിൽ പ്രകടമാണ്‌, അതുകൊണ്ട്‌ ഒന്നിനെയും പൂർണമായി അംഗീകരിക്കാനോ പൂർണമായി നിഷേധിക്കാനോ പാടില്ല. എല്ലാറ്റിനും ആപേക്ഷികതയുണ്ട്‌.

ബോധേന്ദ്രിയങ്ങളിൽകൂടി കിട്ടുന്ന ജ്ഞാനം ഏതുവിധത്തിലുള്ളതായാലും അത്‌ ആപേക്ഷികം മാത്രമാണെന്ന്‌ ചാർവാകന്‍ ഒഴികെയുള്ള ദാർശനികന്‍മാർ വിശ്വസിക്കുന്നു. നമ്മുടെ ഇന്ദ്രിയങ്ങള്‍ക്കുള്ള എല്ലാവിധപരിമിതികളും ഇന്ദ്രിയദ്വാരാ ലഭിക്കുന്ന ജ്ഞാനത്തിനും ഉണ്ടാകും. ഇന്ദ്രിയങ്ങള്‍വഴി ലഭിക്കുന്ന ജ്ഞാനം അവയുടെ പ്രകൃതിയെ ആശ്രയിച്ചിരിക്കും. ഉത്തരാധുനിക അപേക്ഷികതാവാദം. ഉത്തരാധുനിക പോസ്റ്റ്‌-കോളോണിയന്‍ ചിന്തകരും ആപേക്ഷികതാവാദത്തെക്കുറിച്ച്‌ ചർച്ച ചെയ്യുന്നുണ്ട്‌. വിശദാംശങ്ങളിൽ സാദൃശ്യങ്ങളുണ്ടെങ്കിലും, ഉത്തരാധുനികരുടെ കാഴ്‌ചപ്പാട്‌, ക്ലാസ്സിക്കൽ ആപേക്ഷിതാവാദത്തിൽനിന്നു ഭിന്നമാണ്‌. ക്ലാസ്സിക്കൽ ആപേക്ഷികതാനിദകള്‍ "നിരപേക്ഷ-ആത്യന്തിക സത്യ'ത്തെ നിരാകരിക്കുന്നുവെങ്കിലും സത്യം എങ്ങനെ ഉത്‌പാദിപ്പിക്കപ്പെടുന്നുവെന്ന ജ്ഞാനശാസ്‌ത്രപ്രശ്‌നം ഗൗരവമായി അഭിസംബോധന ചെയ്‌തിട്ടില്ല. ജ്ഞാനവും സത്യവും അടിസ്ഥാനവുമായി ചരിത്ര ഉത്‌പന്നങ്ങളാണന്ന പൂർവകല്‌പനയിൽ നിന്നാണ്‌ ഉത്തരാധുനിക ചിന്തകള്‍ തങ്ങളുടെ ആപേക്ഷിതാവാദ സിദ്ധാന്തങ്ങള്‍ ആവിഷ്‌കരിക്കുന്നത്‌. ഭിന്നചരിത്ര-സംസ്‌കാരിക സന്ദർഭങ്ങളിലാണ്‌ ജ്ഞാന പ്രക്രിയ നടക്കുന്നതും സത്യങ്ങള്‍ ഉത്‌പാദിപ്പിക്കപ്പെടുന്നതും. അതിനാൽ, ഒരു നിശ്ചിത ചരിത്ര സന്ദർഭത്തിന്റെ സൃഷ്‌ടിയായ "സത്യ'ത്തെ മറ്റൊരു സന്ദർഭത്തിന്റെ ധാരണകളുമായി താരതമ്യം ചെയ്യാനാവില്ലെന്നും ഒരു പ്രസ്‌താവനയ്‌ക്കോ അറിവിനോ "സത്യ'ത്തിന്റെ പദവി നൽകുന്നത്‌ പ്രസ്‌തുത സന്ദർഭത്തിന്റെ തന്നെ മൂല്യങ്ങളാണെന്നും ഉത്തരാധുനികർ സിദ്ധാന്തിക്കുന്നു. അതിനാൽ, വിവിധ ചരിത്ര-സാംസ്‌കാരിക സന്ദർഭങ്ങളുടെ ഉത്‌പന്നങ്ങളായ "സത്യ'ങ്ങളെ വിലയിരുത്താവുന്ന ചരിത്രനിരപേക്ഷവും സാർവലൗകികവുമായ മാനദണ്ഡങ്ങള്‍ നിലനിൽക്കുന്നില്ല. ജ്ഞാനോദയ-ആധുനികാനന്തര യൂറോപ്പ്‌ ഉത്‌പാദിപ്പിച്ച സിദ്ധാന്തങ്ങളെ സാർവലൗകിക സത്യങ്ങളായി കാണുന്ന സമീപനത്തെയാണ്‌ മുഖ്യമായും ഉത്തരാധുനിക ചിന്തകർ വിമർശന വിധേയമാക്കിയത്‌. (ഡോ. കെ. ശരച്ചന്ദ്രന്‍, സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍